നിഖിലിന്റെ വീട്ടിൽ ഇഡി പരിശോധന നടത്തുമ്പോൾ കാവൽ നിൽക്കുന്ന സിആർപിഎഫ് ജവാൻമാർ.
കോഴിക്കോട്: മാസപ്പടി കേസിലെ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ച് ഇഡി. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിന്റെ ഫ്ലാറ്റിലടക്കം വിവിധയിടങ്ങളിൽ ഇഡി പരിശോധന തുടരുകയാണ്. മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്തായ നന്ദുലാലിന്റെ അപ്പാർട്ട്മെന്റിലും പരിശോധന നടക്കുന്നുണ്ട്.
കോഴിക്കോട് ഉൾപ്പെടെ എട്ട് ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിലേക്കാണ് നിലവിൽ അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
ഡിടിപിസി ഡെസ്റ്റിനേഷൻ കോഓർഡിനേറ്റർ നന്ദുലാൽ, സിപിഎം സെക്രട്ടേറിയറ്റ് അംഗവും സൊലൈസ് കമ്പനി ഉടമയുമായ നിഖിൽ, ഷൈജൽ, ഫൈജാസ് എന്നിവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തുന്നുണ്ട്.
എക്സാലോജിക്കിൽനിന്ന് പണം പുറത്തേക്ക് പോയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനായി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും മറ്റ് വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നിഖിൽ ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയായിരുന്നു.
നിലവിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന നിഖിൽ സൊലൈസ് കമ്പനിയുടെ ഉടമയാണ്. വീണയുടെ ഡയറിയിൽനിന്നാണ് നിഖിലിന്റെയും മറ്റ് മൂന്ന് പേരുടെയും വിവരങ്ങൾ ഇഡിക്ക് ലഭിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇവർ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളാണെന്ന് വീണ നൽകിയ മൊഴിയിലുണ്ട്.
Tags : Masappady Case ED Raid Enforcement Directorate Exalogic Veena Vijayan Pinarayi Vijayan Mohammed Riyas