പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: എയർ ഇന്ത്യ നിർബന്ധമാക്കിയ ലഹരിപരിശോധനയിൽ രണ്ടു പൈലറ്റുമാർക്കുകൂടി പോസിറ്റീവ് ഫലം. ഇതോടെ വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകൾ കൈമാറി. മൂത്രസാന്പിളുകളിൽ നടത്തിയ പ്രാഥമിക പരിശോധയിലാണു ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇതോടെ ഇരുവരെയും ജോലിയിൽനിന്നു താത്കാലികമായി മാറ്റിനിർത്തി.
കഴിഞ്ഞയാഴ്ച ഫൂക്കറ്റിൽനിന്ന് ഡൽഹിയിലേക്കു വന്ന എയർ ഇന്ത്യ വിമാനം പെട്ടെന്ന് 300 അടിയോളം താഴേക്കു പതിക്കുകയും 17 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ ക്യാപ്റ്റൻ ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ചിരുന്നു.
വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം ഉറക്കഗുളിക കഴിച്ചിരുന്നെന്നും ഇതാണു പരിശോധനയിൽ പോസിറ്റീവായതെന്നുമാണ് പൈലറ്റ് അന്വേഷണസംഘത്തിനു നൽകിയ വിശദീകരണം. എന്നാൽ, വിമാനത്തിനുള്ളിൽ ഇയാളുടെ പെരുമാറ്റം സംബന്ധിച്ച് ക്രൂ അംഗങ്ങൾ പരാതി നൽകിയിരുന്നു.
ഈ സംഭവത്തിനു പിന്നാലെയാണ് യാത്രക്കാരുടെ വിശ്വാസ്യത തിരികെപ്പിടിക്കാൻ കഴിഞ്ഞ 13 മുതൽ എല്ലാ പൈലറ്റുമാരും ലഹരിപരിശോധനയ്ക്കു വിധേയരാക്കാൻ ആവശ്യപ്പെട്ട് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നിർദേശം നൽകിയത്.
Tags : AirIndia Pilots Test Narcotics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs