വോട്ടര്‍പട്ടിക ക്രമക്കേടില്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ ന്യൂഡല്‍ഹിയില്‍ നടക്കുന
മുംബൈ: വോട്ടര്‍പട്ടിക ക്രമക്കേടില്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ ന്യൂഡല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പ്രക്ഷോഭത്തിന് വലിയ പ്രാധാന്യം നല്കി രാജ്യാന്തര മാധ്യമങ്ങള്‍. ബിബിസി, സിഎന്‍എന്‍, എഎഫ്പി, റോയിട്ടേഴ്സ്, അല്‍ ജസീറ, ദ വാഷിംഗ്ടണ്‍ പോസ്റ്റ്, സൗത്ത് ചൈന മോണിംഗ് പോസ്റ്റ് തുടങ്ങി മിക്ക രാജ്യാന്തര മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണു പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രക്ഷോഭകര്‍ക്കെതിരേയുള്ള പൊലിസ് നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനാധിപത്യ നേതാവെന്ന പ്രതിച്ഛായയ്ക്കു മങ്ങലേല്പിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ദുര്‍ബലമായിരുന്ന പ്രതിപക്ഷം വീണ്ടും സജീവമാകുന്ന കാഴ്ചയാണു കാണുന്നതെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലസ്ഥാനം കനത്ത സുരക്ഷാകോട്ടയായി മാറിയിരിക്കുയാണെന്നും അധികൃതര്‍ അമിതമായി ബലപ്രയോഗം നടത്തിയപ്പോള്‍, അതിശക്തമായ രീതിയിലാണ് യുവജനങ്ങള്‍ അതിനെ പ്രതിരോധിച്ചതെന്നും പത്രം ചൂണ്ടിക്കാട്ടി
നേരത്തേ സമരക്കാരെ അപകീര്‍ത്തിപ്പെടുത്തിയും രാജ്യദ്രോഹികള്‍ എന്നു മുദ്രകുത്തിയും പ്രതിഷേധങ്ങളുടെ വീര്യം കെടുത്താന്‍ മോദി അനുകൂലികള്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ ഇത്തവണ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകള്‍ സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍, പ്രക്ഷോഭകരെ മുമ്പത്തെപ്പോലെ നേരിടാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരേ ജനരോഷം ആളിപ്പടരുകയാണെന്ന് ദ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാരിനുമേല്‍ മുമ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊന്നും ഇത്ര വലിയ പ്രഹരമേല്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ലെന്നും പത്രം ചൂണ്ടിക്കാട്ടി.
വോട്ടര്‍പട്ടികയില്‍നിന്ന് 13 കോടിയോളം പേരുകള്‍ നീക്കം ചെയ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് പ്രതിഷേധം കനത്തതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതുവരെ നേരിട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഗുരുതരമായ രാഷ്ട്രീയ വെല്ലുവിളികളിലൊന്നാണിതെന്നും ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ഇതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും വലിയ പ്രതിസന്ധിയാണ് ഈ പ്രക്ഷോഭമെന്ന് ദോഹ ആസ്ഥാനമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. തൊഴിലില്ലായ്മ, ചോദ്യപേപ്പര്‍ ചോര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ക്കപ്പുറം തെരഞ്ഞെടുപ്പു സംവിധാനത്തെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് സമരം വ്യാപിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
വോട്ടര്‍ പട്ടികയില്‍ വരുത്തിയ ക്രമക്കേടുകള്‍ക്കെതിരേയുള്ള ഈ പ്രക്ഷോഭം മോദി സര്‍ക്കാരിന് കടുത്ത തലവേദന സൃഷ്ടിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ന്യൂനപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് പട്ടികയില്‍ മാറ്റങ്ങള്‍ വരുത്തിയതെന്ന പ്രതിപക്ഷ ആരോപണങ്ങളും റോയിട്ടേഴ്സ് വിശദീകരിക്കുന്നുണ്ട്. ജര്‍മന്‍ മാധ്യമമായ ഡോയ് ഷെ വെല്ലെ, ഫിനാന്‍ഷ്യല്‍ ടൈംസ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങളും പൊലിസ് ഏര്‍പ്പെടുത്തിയ അഭൂതപൂര്‍വമായ നിയന്ത്രണങ്ങളെയും പ്രതിപക്ഷ പ്രതിഷേധങ്ങളെയും വിശദമായിത്തന്നെ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന യുവജന പ്രക്ഷോഭത്തിനുനേരേ പൊലിസ് അഴിച്ചുവിട്ട കടുത്ത അടിച്ചമര്‍ത്തലും അതിക്രമങ്ങളും ആഗാളതലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. യുഎന്‍ മനുഷ്യാവകാശ സമിതി, ആംനസ്റ്റി ഇന്റര്‍നാഷണല്‍, റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ്, കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് തുടങ്ങിയ അന്താരാഷ്ട്ര മനുഷ്യാവകാശ-മാധ്യമ സ്വാതന്ത്ര്യ സംഘടനകള്‍ കടുത്ത ഭാഷയിലാണ് പൊലിസ് നടപടിയെ അപലപിച്ചത്.
എന്നാല്‍ യുഎന്‍ മനുഷ്യാവകാശ സമിതിയുടെ ഇടപെടലില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കടുത്ത വിമർശനത്തോടെയാണ് പ്രതികരിച്ചത്. യുഎന്‍ മനുഷ്യാവകാശ വിഭാഗത്തിന്റേത് കടുത്ത പക്ഷപാതപരമായ സമീപനവും രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിലുള്ള അംഗീകരിക്കാനാകാത്ത ഇടപെടലുമാണെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Foreign media not easy to suppress.