സാമൂഹ്യ മാധ്യമങ്ങൾ
ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകളും ഉള്ളടക്കങ്ങളും നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ഏജൻസികൾ കർശന നടപടികളിലേക്ക്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ സമൂഹമാധ്യമ കമ്പനികൾക്ക് നൽകിയത് ലക്ഷക്കണക്കിന് നിർദേശങ്ങളാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹയോഗ് പോർട്ടൽ വഴി ദിവസേന ആയിരക്കണക്കിന് ഉത്തരവുകളാണ് കമ്പനികൾക്ക് ലഭിക്കുന്നത്.
ശരാശരി പ്രതിദിനം 1,275 ഉത്തരവുകൾ, അതായത് ഓരോ 68 സെക്കൻഡിലും ഒരു ഉത്തരവ് എന്ന തോതിലാണ് ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര ഏജൻസികൾ കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ എല്ലാ സർക്കാർ ഏജൻസികളെയും ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ടാണ് സഹയോഗ് പോർട്ടൽ പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാരിന് പുറമെ സംസ്ഥാന സർക്കാരുകൾക്കും ഈ പോർട്ടൽ വഴി സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ അഭ്യർഥിക്കാം.
ഡൽഹി ജന്തർമന്തറിൽ നടന്ന സമരങ്ങളുടെ സമയത്ത് ഇത്തരം സർക്കാർ ഉത്തരവുകളുടെ എണ്ണത്തിൽ വർദ്ധനവാണ് ഉണ്ടായത്. വിദ്യാർഥി പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും വ്യാപകമായതോടെയാണ് നടപടികൾ കർശനമാക്കിയത്.
വിവരസാങ്കേതിക നിയമത്തിലെ സെക്ഷൻ 79(3)(ബി) പ്രകാരമാണ് സഹയോഗ് പോർട്ടൽ വഴി ഇത്തരം ഉത്തരവുകൾ നൽകുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവിടങ്ങളിൽ നിന്നും 1,95,000 പോസ്റ്റുകൾ നീക്കം ചെയ്യാൻ വിവിധ സർക്കാർ ഏജൻസികൾ മെറ്റയ്ക്ക് റിക്വസ്റ്റ് നൽകിയിട്ടുണ്ട്.
ആകെ ലഭിച്ച ഉത്തരവുകളിൽ ഒരു ലക്ഷത്തോളവും മെറ്റയുടെ കീഴിലുള്ള ഇൻസ്റ്റാഗ്രാമിനാണ് ലഭിച്ചത്. വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് ഇൻസ്റ്റാഗ്രാം പ്രധാന പ്രചാരണ ഉപാധിയായതാണ് ഇതിന് കാരണം. ഏകദേശം 80,000-ത്തോളം പോസ്റ്റുകൾ പിൻവലിക്കാനുള്ള നിർദേശങ്ങൾ ഫേസ്ബുക്കിനും ലഭിച്ചു. വീഡിയോകളടക്കമുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ യൂട്യൂബിന് 15,000-ത്തോളം ഉത്തരവുകളും ലഭിച്ചിട്ടുണ്ട്.
ഓരോ ഔദ്യോഗിക അഭ്യർഥനയിലും സമാനമായ ഉള്ളടക്കമുള്ള നൂറുകണക്കിന് പോസ്റ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. മെറ്റയുടെ ഓട്ടോമേറ്റഡ് സംവിധാനം ഈ സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള പോസ്റ്റുകൾ സ്വയം കണ്ടെത്തുകയും നീക്കം ചെയ്യുകയും ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
എന്നാൽ, ഈ ഓട്ടോമേറ്റഡ് സംവിധാനം പലപ്പോഴും അശ്രദ്ധമായോ തെറ്റായോ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഇടയാക്കുന്നുണ്ടെന്നും, പിന്നീട് ചില ഘട്ടങ്ങളിൽ കമ്പനികൾക്ക് ഇതിൽ ഖേദം പ്രകടിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
Tags : Deepika BreakingNews SocialMedia