“നമുക്കും അവനോടൊപ്പം പോയി മരിക്കാം” (യോഹ. 11:16) എന്നു പറഞ്ഞുകൊണ്ട്, ഭയചകിതരായിരുന്ന മറ്റ് അപ്പസ്തോലന്മാരെ ധൈര്യപ്പെടുത്തിയ തോമാശ്ലീഹ സുവിശേഷസന്ദേശം ഭാരത ജനതയ്ക്കു നൽകുന്നതിനായി ഇവിടെ വരികയും എഡി 72ൽ ചെന്നൈക്കടുത്തുള്ള ചിന്നമലയിൽ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. തോമാശ്ലീഹയുടെ പ്രേഷിതപ്രവർത്തനത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഏറ്റവും വലിയ തെളിവുകളിലൊന്നാണ് മാർതോമ്മാ പാരന്പര്യത്തിൽ ജീവിക്കുന്ന ഭാരതത്തിലെ സഭാ സമൂഹങ്ങൾ. സീറോമലബാർ സഭയെ സംബന്ധിച്ച് ജൂലൈ മൂന്ന് ആത്മീയ സ്വത്വത്തിന്റെ ദിവസമാണ്. അതുകൊണ്ടുതന്നെയാണ് ദുക്റാന തിരുനാൾ സീറോമലബാർ സഭാ ദിനമായും ആഘോഷിക്കുന്നത്.
ഉത്ഥിതനായ ഈശോ തങ്ങൾക്കു പ്രത്യക്ഷനായി എന്നു മറ്റ് അപ്പസ്തോലന്മാർ പറഞ്ഞതു വിശ്വസിക്കാതെ തനിക്കും ഗുരുവിനെ കാണണമെന്നു ശ്ലീഹ വാശിപിടിക്കുന്ന രംഗം വളരെ ഹൃദയസ്പർശിയാണ്. തോമാശ്ലീഹയുടെ ഈ സംശയം നിഷേധാത്മകമായ സമീപനമല്ല. ആദ്യം സംശയിച്ച തോമസ് പിന്നീട് വിശ്വാസത്തിന്റെ ധീരസാക്ഷിയായി മാറുന്നു. സംശയത്തിൽനിന്നു വിശ്വാസത്തിലേക്കും അന്വേഷണത്തിൽനിന്നു സാക്ഷ്യത്തിലേക്കും ശിഷ്യത്വത്തിൽനിന്നു രക്തസാക്ഷിത്വത്തിലേക്കും തോമാശ്ലീഹ നടത്തിയ യാത്രയാണ് ഓരോ ക്രൈസ്തവന്റെയും ആത്മീയയാത്ര. അതുകൊണ്ടാണ് “തോമായുടെ അവിശ്വാസം മറ്റുള്ള ശിഷ്യരുടെ വിശ്വാസത്തേക്കാൾ നമ്മുടെ വിശ്വാസത്തിന് കൂടുതൽ ഉപകാരപ്രദമായി” എന്നു മഹാനായ വിശുദ്ധ ഗ്രിഗറി മാർപാപ്പ പറഞ്ഞത്.
സത്യാന്വേഷികളാകണം
ഇന്നത്തെ തലമുറ സംശയങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും നടുവിലാണ് ജീവിക്കുന്നത്. നിർമിതബുദ്ധിയുടെയും വിവരവിപ്ലവത്തിന്റെയും ഈ കാലഘട്ടം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പ ‘മാനവമഹത്വം’ എന്നപേരിൽ സാർവത്രിക സഭയ്ക്കു നൽകിയ ആദ്യത്തെ ചാക്രികലേഖനം ലോകശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. മനുഷ്യനിൽ ദൈവം നിക്ഷേപിച്ചിരിക്കുന്ന മഹത്വത്തിന്റെ അടിസ്ഥാനത്തിൽ, സാങ്കേതികവിദ്യ മനുഷ്യനുവേണ്ടിയാണെന്നും അതിനാൽത്തന്നെ മനുഷ്യൻ സാങ്കേതികവിദ്യയുടെ അടിമയാകരുത് എന്നതുമാണ് ഈ ചാക്രികലേഖനത്തിന്റെ അടിസ്ഥാനദർശനം. പരിശുദ്ധ പിതാവ് ഇപ്രകാരം പറയുന്നു: “മനുഷ്യന്റെ അന്തസ് അവന്റെ കഴിവുകളെയോ സന്പത്തിനെയോ സാമൂഹികസ്ഥാനത്തെയോ ആശ്രയിച്ചല്ല; അതു ദൈവത്തിന്റെ സ്നേഹത്തിൽനിന്നുള്ള ദാനമാണ്” (മാനവമഹത്വം, 50). മനുഷ്യന്റെ അന്തസും മഹത്വവും സംരക്ഷിച്ചുകൊണ്ട് നീതിയുടെയും സാഹോദര്യത്തിന്റെയും ലോകം പണിയുക എന്നത് ഓരോ തലമുറയുടെയും ദൗത്യമാണെന്നും ചാക്രികലേഖനം വ്യക്തമാക്കുന്നു.
ഇന്നത്തെ മാധ്യമ-ഡിജിറ്റൽ സംസ്കാരം മനുഷ്യഹൃദയങ്ങളിൽ ധ്രുവീകരണവും വിരോധവും വർധിപ്പിക്കുന്നതിനാൽ സത്യത്തെ അന്വേഷിക്കുകയും വിവേകപൂർണമായ കൂട്ടായ തീരുമാനങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യേണ്ടത് ക്രൈസ്തവരുടെ അടിയന്തര ഉത്തരവാദിത്വമാണെന്ന് മാർപാപ്പ ഓർമിപ്പിക്കുന്നു. അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് സത്യത്തെ മൂടിവയ്ക്കുന്ന ഈ കാലഘട്ടത്തിൽ, മാർ തോമാശ്ലീഹയെപ്പോലെ സത്യാന്വേഷികളാകാൻ നമുക്കും സാധിക്കണം.
സോഷ്യൽ മീഡിയ വിവിധ ജീവിതമേഖലകളിൽ സഹായകമാണെന്നതിൽ തർക്കമില്ല. എന്നാൽ, വ്യാജവാർത്തകളും വിദ്വേഷപ്രചാരണങ്ങളും അപവാദങ്ങളും ബോധപൂർവം പ്രചരിപ്പിക്കപ്പെടുന്ന ഇടംകൂടിയാണിത് എന്നതു യാഥാർഥ്യമാണ്. മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതും നിഷ്കളങ്കരെ ഉപദ്രവിക്കുന്നതും അസത്യം പ്രചരിപ്പിക്കുന്നതുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉണ്ടാക്കുകയും അവ വിവേചനമില്ലാതെ ഫോർവേഡ് ചെയ്യുകയും ചെയ്യുന്പോൾ, ‘കൊല്ലരുത്’ എന്ന അഞ്ചാം പ്രമാണമാണു ലംഘിക്കുന്നത്. അറിയാത്ത കാര്യം അന്വേഷിക്കാനും നന്മയല്ലാത്തവ പ്രോത്സാഹിപ്പിക്കാതിരിക്കാനും തിന്മയെ എതിർത്തു തോൽപ്പിക്കാനും ആവശ്യമായ വിവേചനശക്തിയും ജാഗ്രതയും ഇന്നു നമുക്കാവശ്യമാണ്.
ഇന്നു നമ്മുടെ സമൂഹത്തിൽ പാവപ്പെട്ടവരും സ്വാധീനമില്ലാത്തവരും അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ട്. പ്രായമായ മാതാപിതാക്കൾ പലപ്പോഴും മക്കളുടെ ക്രൂരതയ്ക്ക് ഇരയാകുന്നു. കുടുംബങ്ങളിലും സമൂഹത്തിന്റെ വിവിധതലങ്ങളിലും ബന്ധങ്ങൾക്കു വിള്ളൽ വീഴുന്പോൾ മുറിവേൽക്കപ്പെടുന്നത് നീതിയുടെയും ന്യായത്തിന്റെയും പക്ഷത്തു നിൽക്കുന്നവരാണ്. വളർന്നുവരുന്ന കുട്ടികളുടെയിടയിൽ വർധിച്ചുവരുന്ന അക്രമം ആശങ്കകളുയർത്തുന്നു.
ലഹരിയുടെ ഉപയോഗവും അതുവഴിയുള്ള അക്രമങ്ങളും സമൂഹത്തിന്റെ സുസ്ഥിതിയെത്തന്നെ അപകടത്തിലാക്കുന്നു. ഇവിടെയെല്ലാം മനുഷ്യന്റെ മഹത്വം നഷ്ടപ്പെടുത്തുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്. പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്യുന്നതുപോലെ മനുഷ്യന്റെ അഹങ്കാരത്തിന്റെയും താൻപോരിമയുടെയും പ്രതീകമായ ബാബേൽ ഗോപുരങ്ങൾ തകർത്തുകളഞ്ഞ് നീതിയും സമാധാനവും നിലനിൽക്കുന്ന ദൈവ-മനുഷ്യ നഗരത്തിന്റെ നിർമിതിക്കായി ഓരോരുത്തരും അവരവരുടെ പ്രവർത്തനമേഖലകളിൽ ജാഗ്രതയോടെ വർത്തിക്കേണ്ടിയിരിക്കുന്നു (മാനവമഹത്വം, 1).
നിർഭയ സുവിശേഷ പ്രഘോഷണം
നമ്മുടെ പിതാവിന്റെ ധീരമായ മാതൃക പിന്തുടർന്ന് ഈശോയുടെ സുവിശേഷം നിർഭയം പ്രഘോഷിക്കാൻ നമുക്ക് കടമയുണ്ട്. നമ്മുടെ സഭാ മക്കൾ സുവിശേഷത്തിന്റെ ശുശ്രൂഷകരായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്നു എന്നതോർത്ത് ദൈവത്തിനു നന്ദി പറയാം. നമ്മുടെ സഭ ഈ അടുത്ത കാലങ്ങളിൽ സുവിശേഷ പ്രഘോഷണ മേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങളെ ഈയവസരത്തിൽ അനുസ്മരിക്കാൻ ആഗ്രഹിക്കുന്നു.
വൈദികരോടും സമർപ്പിതരോടുമൊപ്പം ധാരാളം അല്മായപ്രേഷിതരും സുവിശേഷ പ്രഘോഷണത്തിൽ വ്യാപൃതരാണ് എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. നമ്മുടെ സഭയിലെ അല്മായരുടെ സുവിശേഷ പ്രഘോഷണ സംരംഭങ്ങൾ ഏകോപിപ്പിക്കുന്നതിന് സഭാതലത്തിൽ ‘ജീവൻ ജ്യോതി’ എന്ന മുന്നേറ്റം ആരംഭിച്ച കാര്യവും ഈയവസരത്തിൽ സന്തോഷത്തോടെ അറിയിക്കുന്നു. നമുക്കു സാധിക്കുന്ന വിധത്തിലെല്ലാം എല്ലാ പ്രേഷിത സംരംഭങ്ങളെയും സഹായിക്കുകയും അവയുടെ ഫലപ്രാപ്തിക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യാം.
ഹൊസൂർ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ മൈലാപുരിൽ മാർതോമാശ്ലീഹയുടെ കബറിടം സ്ഥിതിചെയ്യുന്ന സാന്തോം കത്തീഡ്രലിന്റെ സമീപം നമുക്കു സ്വന്തമായി ഒരു തീർഥാടനകേന്ദ്രം തയാറായിക്കൊണ്ടിരിക്കുന്നു. ഇതിനു നേതൃത്വം നൽകിയ ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപറന്പിലിനെയും രൂപത മുഴുവനെയും അഭിനന്ദിക്കുന്നു. നമ്മുടെ പിതാവായ മാർതോമാശ്ലീഹയുടെ കബറിടത്തിനടുത്ത് നമുക്കൊരു ആരാധനാസ്ഥലം ഉണ്ടാകുക എന്ന വലിയ സ്വപ്നം പൂർത്തീകരിക്കാൻ നമ്മുടെ എല്ലാ ഇടവകകളും സാധിക്കുന്ന വിധത്തിൽ സഹകരിക്കണമെന്നും അഭ്യർഥിക്കുന്നു.
തോമാശ്ലീഹായിലൂടെ നമുക്കു പകർന്നുകിട്ടിയ ഈശോയിലുള്ള വിശ്വാസത്തിന് ജീവിതംകൊണ്ടു സാക്ഷ്യം നൽകാൻ ഈ കാലഘട്ടത്തിൽ നമുക്ക് സാധിക്കണം. ഇന്നത്തെ സാഹചര്യത്തിൽ എല്ലാവരും ശാരീരികമായി രക്തം ചിന്തി കർത്താവിനു സാക്ഷ്യം നൽകാൻ വിളിക്കപ്പെടുന്നില്ല. എന്നാൽ, സഭയിലും സമൂഹത്തിലും കുടുംബങ്ങളിലും മറ്റെല്ലാ ജീവിതസാഹചര്യങ്ങളിലും സത്യത്തിന്റെയും നീതിയുടെയും വിശ്വാസത്തിന്റെയും ക്ഷമയുടെയും എളിമപ്പെടലിന്റെയും ദൈനംദിന രക്തസാക്ഷിത്വം ഈ കാലഘട്ടം നമ്മിൽനിന്ന് ആവശ്യപ്പെടുന്നുണ്ട്. ബാബേൽ ഗോപുരങ്ങൾ പണിയുന്നവരാകാതെ ദൈവവും മനുഷ്യനും ഒരുമിച്ചു വസിക്കുന്ന നഗരങ്ങൾ സഭയിലും സമൂഹത്തിലും കുടുംബങ്ങളിലും നിർമിക്കുന്ന കർത്താവിന്റെ ശില്പികളായി നമുക്കു മാറാം.