പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മലബാർ,മാവേലി എക്സ്പ്രസുകളിലടക്കം അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. മാവേലി എക്സ്പ്രസിലും മലബാർ എക്സ്പ്രസിലും ഓരോ സ്ലീപ്പർ ക്ലാസ് കോച്ചുകളാണ് സ്ഥിരമായി അനുവദിച്ചത്.
മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ്(16603) സെപ്റ്റംബർ 30 മുതൽ അധിക കോച്ചുമായാകും സർവീസ് നടത്തുക. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിൽ(16604) ഒക്ടോബർ ഒന്നാം തീയതി മുതലും അധികമായി ഒരു സ്ലീപ്പർ കോച്ചുണ്ടാകും.
ഒരു സ്ലീപ്പർ കോച്ച് കൂടി അനുവദിച്ചതോടെ ആകെ 10 സ്ലീപ്പർ കോച്ചുകളുമായാകും മാവേലി എക്സ്പ്രസിന്റെ സർവീസ്. ഒരു എസി ഫസ്റ്റ് ക്ലാസ് കം ടൂ ടയർ, ഒരു എസി ടൂ ടയർ, അഞ്ച് എസി ത്രീ ടയർ, അഞ്ച് ജനറൽ സെക്കൻഡ് ക്ലാസ്, ഭിന്നശേഷിക്കാർക്കായി രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളും മാവേലി എക്സ്പ്രസിലുണ്ട്.
16630 മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിൽ സെപ്റ്റംബർ 28 മുതൽ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് കൂടി അനുവദിച്ചിട്ടുണ്ട്. 16629 തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് സെപ്റ്റംബർ 29 മുതലും അധിക കോച്ചുമായി സർവീസ് നടത്തും. ഇതോടെ മലബാർ എക്സ്പ്രസിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണവും പത്തായി.
ചെന്നൈ സെൻട്രൽ-തിരുവനന്തപുരം-ചെന്നൈ സെൻട്രൽ(22207/22208) ട്രെയിനിൽ രണ്ട് എസി ത്രീ ടയർ കോച്ചുകളും അധികമായി അനുവദിച്ചു. ഒക്ടോബർ രണ്ട്, നാല് തീയതികൾ മുതൽ അധിക കോച്ചുകളുമായാകും ട്രെയിനിന്റെ സർവീസ്.
Tags : Railway allocates additional coaches Malabar Maveli Express trains