Kerala
പരവൂർ: കായംകുളം ജംഗ്ഷനിൽ നിർമാണം പുരോഗമിക്കുന്ന റെയിൽവേ ഫൂട്ട് ഓവർബ്രിഡ്ജിന്റെ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ മൂന്ന് പ്രധാന ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടാൻ റെയിൽവേ തീരുമാനിച്ചു. ഇതോടെ കോട്ടയം വഴിയുള്ള യാത്രക്കാർക്ക് ഈ ട്രെയിനുകളുടെ സേവനം ലഭ്യമാകില്ല.
മംഗളൂരു സെൻട്രൽ – തിരുവനന്തപുരം എക്സ്പ്രസ് (16348): നാളെ മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ടൗണിനും കായംകുളത്തിനുമിടയിൽ ആലപ്പുഴ വഴി സർവീസ് നടത്തും. പിറവം റോഡ്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നീ സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ഈ ട്രെയിൻ ഒഴിവാക്കും. പകരം എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കും.
രാമേശ്വരം – തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344): നാളെ രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ടൗണിനും കായംകുളത്തിനുമിടയിൽ ആലപ്പുഴ വഴിയാകും സഞ്ചരിക്കുക. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര സ്റ്റോപ്പുകൾ ഉണ്ടായിരിക്കില്ല. പകരം എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.
നിലമ്പൂർ റോഡ് – തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസ് (16350): നാളെ നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിനും ആലപ്പുഴ വഴിയാകും സർവീസ് നടത്തുക. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി പകരം എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കും.
കായംകുളം ജംഗ്ഷനിൽ പുതിയ ഫുട്ട് ഓവർബ്രിഡ്ജിന്റെ ഗാംഗ്വേ ഗർഡറുകൾ സ്ഥാപിക്കുന്നതിനാണ് ട്രെയിനുകൾ വഴിതിരിച്ചുവിടുന്നത്. കോട്ടയം റൂട്ടിലെ സ്ഥിരം യാത്രക്കാർ നാളത്തെ ഈ മാറ്റം ശ്രദ്ധിക്കണമെന്ന് തിരുവനന്തപുരം ഡിവിഷൻ റെയിൽവേ അധികൃതർ അറിയിച്ചു.
Kerala
പരവൂർ: ട്രെയിൻ അപകടങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ റെയിൽവേ ശൃംഖലയിലുടനീളം സിഗ്നലിംഗ് സംവിധാനങ്ങളുടെ സമഗ്രമായ സുരക്ഷാ ഓഡിറ്റ് നടത്താൻ റെയിൽവേ ബോർഡ് ഉത്തരവിട്ടു.
സിഗ്നലിംഗ് ഇൻസ്റ്റലേഷനുകളിലെ പോരായ്മകൾ കണ്ടെത്താനും അവയുടെ വിശ്വാസ്യത ഉറപ്പാക്കാനുമാണ് ഈ നീക്കം. എല്ലാ സോണൽ റെയിൽവേ ജനറൽ മാനേജർമാരോടും ഇതിനായി മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാൻ റെയിൽവേ ബോർഡ് നിർദേശിച്ചു.
കഴിഞ്ഞ മൂന്നു വർഷത്തിനിടെയുണ്ടായ പല മാരകമായ അപകടങ്ങൾക്കും പാളം തെറ്റലുകൾക്കും കാരണം സിഗ്നലിംഗ് സംവിധാനങ്ങളിലെ തകരാറുകളാണെന്ന സംശയത്തെ തുടർന്നാണ് നടപടി.
2023 ജൂണിൽ ഒഡിഷയിലെ ബാലസോറിൽ കോറമണ്ടൽ എക്സ്പ്രസ് ഉൾപ്പെട്ട ദാരുണമായ അപകടത്തിൽ 290 പേർ മരിക്കുകയും 900 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സിഗ്നലുകൾ പച്ചയായിരുന്നിട്ടും ട്രെയിനുകൾ ലൂപ്പ് ലൈനിലേക്ക് പ്രവേശിച്ചതാണ് അന്ന് അപകടത്തിന് കാരണമായത്. ഇത്തരം വീഴ്ചകൾ ഭാവിയിൽ ഒഴിവാക്കുകയാണ് ഓഡിറ്റിലൂടെ ലക്ഷ്യമിടുന്നത്.
പുതുതായി കമ്മീഷൻ ചെയ്തതും നിലവിലുള്ളതുമായ സിഗ്നലിംഗ് സംവിധാനങ്ങൾ ഓഡിറ്റിൽ ഉൾപ്പെടുത്തും. അംഗീകൃത ഡ്രോയിംഗുകളും മാനദണ്ഡങ്ങളും പാലിച്ചാണോ ഇൻസ്റ്റലേഷനുകൾ നടത്തിയിട്ടുള്ളതെന്ന് പരിശോധിക്കും.
ഉപകരണങ്ങളുടെ ഗുണനിലവാരം, വയറിംഗ്, എർത്തിംഗ്, ബോണ്ടിംഗ് എന്നിവയ്ക്ക് പുറമെ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ പുറപ്പെടുവിച്ചിട്ടുള്ള സാങ്കേതിക നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ വിലയിരുത്തും. ഓഡിറ്റ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ തിരുത്തൽ നടപടികൾ ഉടൻ സ്വീകരിക്കും.
Kerala
പരവൂർ: ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ കരുത്തും വേഗതയും വർധിപ്പിച്ച് രാജ്യത്തെ 80 ശതമാനം റെയിൽവേ ട്രാക്കുകളും മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലുള്ള സെമി-ഹൈ സ്പീഡ് ട്രെയിൻ ഗതാഗതത്തിന് സജ്ജമായി.
തുടർച്ചയായ നവീകരണ പ്രവർത്തനങ്ങളിലൂടെ കൈവരിച്ച ഈ നേട്ടം വന്ദേ ഭാരത് എക്സ്പ്രസ് പോലുള്ള അതിവേഗ ട്രെയിനുകളുടെ സുഗമമായ ഓട്ടത്തിന് വഴിയൊരുക്കുമെന്നാണ് റെയിൽ മന്ത്രാലയത്തിന്റെ പ്രതീക്ഷ.
നേരത്തേ രാജ്യത്തെ 40 ശതമാനം പാതകളിൽ മാത്രമാണ് 110 കിലോമീറ്റർ വേഗത സാധ്യമായിരുന്നത്. ഇപ്പോഴിത് ഇരട്ടിയായി വർധിച്ചു. ഇതിനുപുറമെ മണിക്കൂറിൽ 130 കിലോമീറ്ററോ അതിൽ കൂടുതലോ വേഗതയിൽ ട്രെയിനുകൾ ഓടിക്കാവുന്ന ട്രാക്കുകളുടെ എണ്ണം ആറ് ശതമാനത്തിൽ നിന്ന് 23 ശതമാനമായി ഉയർന്നു. യാത്രാസമയം ഗണ്യമായി കുറയ്ക്കാനും ട്രെയിനുകളുടെ കൃത്യനിഷ്ഠ മെച്ചപ്പെടുത്താനും ഈ മാറ്റങ്ങൾ സഹായിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
2014 മുതൽ ഏകദേശം 55,000 കിലോമീറ്റർ ട്രാക്കുകൾ റെയിൽവേ പുതുക്കിപ്പണിതിട്ടുണ്ട്. ഇതിൽ 44,000 കിലോമീറ്ററിലും 260 മീറ്റർ നീളമുള്ള റെയിൽ പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പാളങ്ങൾ തമ്മിലുള്ള സന്ധികൾ (ജോയിന്റുകൾ) കുറയുന്നതിലൂടെ കൂടുതൽ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ സാധിക്കും. ട്രാക്കുകളുടെ അറ്റകുറ്റപ്പണിക്കായി ഉപയോഗിക്കുന്ന മെഷീനുകളുടെ എണ്ണം 2014-ലെ 748-ൽ നിന്ന് 2026-ൽ 1,785 ആയി വർധിപ്പിച്ചിട്ടുണ്ട്.
റെയിൽ പാളങ്ങൾക്കുള്ളിലെ അദൃശ്യമായ വിള്ളലുകൾ കണ്ടെത്താൻ അൾട്രാസോണിക് ഫ്ളോ ഡിറ്റക്ഷൻ പോലുള്ള നൂതന സാങ്കേതികവിദ്യകൾ 36.2 ലക്ഷം കിലോമീറ്ററുകളിൽ പരീക്ഷിച്ചു. ഇത് പാളങ്ങൾ പൊട്ടിയുണ്ടാകുന്ന അപകടങ്ങൾ 90 ശതമാനം വരെ കുറയ്ക്കാൻ സഹായിച്ചു. ജിപിഎസ് അധിഷ്ഠിത ഓസിലേഷൻ മോണിറ്ററിംഗ് സിസ്റ്റങ്ങൾ വഴി ട്രാക്കിലെ പരുക്കൻ ഭാഗങ്ങൾ കൃത്യമായി കണ്ടെത്താനും ഇപ്പോൾ സാധിക്കുന്നുണ്ട്.
ട്രെയിനുകളുടെ വേഗത വർധിക്കുന്ന സാഹചര്യത്തിൽ ട്രാക്കുകളിലേക്ക് കന്നുകാലികളും മനുഷ്യരും അതിക്രമിച്ചു കയറുന്നത് തടയാൻ 17,500 കിലോമീറ്റർ ദൂരത്തിൽ സുരക്ഷാ വേലികൾ സ്ഥാപിച്ചു.
പ്രധാനമായും 110 കിലോമീറ്ററിന് മുകളിൽ വേഗതയുള്ള റൂട്ടുകളിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, പോയിന്റുകളിലും ക്രോസിംഗുകളിലും കൂടുതൽ കരുത്തുള്ള സ്വിച്ചുകളും വെൽഡബിൾ സിഎംഎസ് ക്രോസിംഗുകളും സ്ഥാപിച്ചിട്ടുണ്ട്.
പ്രതിദിനം രണ്ട് കോടിയിലധികം യാത്രക്കാരുമായി 25,000-ത്തോളം ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേ സർവീസ് നടത്തുന്നത്. കൽക്കരി, ഇരുമ്പയിര്, ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയ ചരക്കുനീക്കത്തിനായി 1,37,000 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്കുകളാണ് ഉപയോഗിക്കുന്നത്.
വരും വർഷങ്ങളിൽ കൂടുതൽ ട്രാക്കുകൾ 130 കിലോമീറ്ററിലധികം വേഗതയിലേക്ക് ഉയർത്താനാണ് റെയിൽവേയുടെ പദ്ധതിയെന്നും മന്ത്രാലയം വ്യക്തമാക്കി.
Kerala
പരവൂർ: ലോക്കോ പൈലറ്റുമാരുടെയും ഗാർഡുമാരുടെയും വിശ്രമകേന്ദ്രങ്ങളായ റണ്ണിംഗ് റൂമുകളിൽ പാചകവാതക സിലിണ്ടറുകൾക്കു പകരം പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷനുകൾ സ്ഥാപിക്കാൻ റെയിൽവേ മന്ത്രാലയം ഉത്തരവിട്ടു.
അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്തെ എല്ലാ സോണുകളിലെയും റണ്ണിംഗ് റൂമുകളിൽ ഈ മാറ്റം പൂർത്തിയാക്കാനാണ് നിർദേശം.പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയെത്തുടർന്ന് എൽപിജി ഇറക്കുമതിയിലും വിതരണത്തിലുമുണ്ടാകുന്ന തടസങ്ങൾ റെയിൽവേയുടെ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനാണ് ഈ നടപടി.
സിലിണ്ടറുകൾ എത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും തടസമില്ലാത്ത പാചകവാതക വിതരണം ഉറപ്പാക്കാനും പിഎൻജി സഹായിക്കും.
തീവണ്ടി ഗതാഗതം സുഗമമായി നടത്തുന്നതിന് ലോക്കോ പൈലറ്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൃത്യസമയത്ത് ഭക്ഷണം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
24 മണിക്കൂറും പ്രവർത്തിക്കുന്ന റണ്ണിംഗ് റൂമുകളിൽ സിലിണ്ടറുകൾ തീർന്നുപോകുന്നത് പലപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. പിഎൻജി കണക്ഷൻ വരുന്നതോടെ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകും.
ദീർഘദൂര യാത്രകൾക്കിടയിൽ ജീവനക്കാർക്ക് രാത്രി തങ്ങാനും ഭക്ഷണം കഴിക്കാനുമുള്ള പ്രധാന ഇടങ്ങളാണ് റണ്ണിംഗ് റൂമുകൾ.
Kerala
പരവൂർ: റെയിൽവേയുടെ ജനപ്രിയ ട്രെയിനായ ജനശതാബ്ദി എക്സ്പ്രസുകൾ അത്യാധുനിക സൗകര്യങ്ങളോടെ അടിമുടി മാറുന്നു.
യാത്രക്കാർക്കു മികച്ച യാത്രാസുഖവും സുരക്ഷയും ഉറപ്പാക്കുന്നതിനായി നിലവിലുള്ള ഐസിഎഫ് കോച്ചുകൾക്കു പകരം അത്യാധുനിക എൽഎച്ച്ബി കോച്ചുകൾ ഉൾപ്പെടുത്തി ട്രെയിനുകൾ നവീകരിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബർബിൽ - ഹൗറ റൂട്ടിലെ ജനശതാബ്ദി എക്സ്പ്രസ് ഉടൻതന്നെ പുത്തൻ കോച്ചുകളുമായി സർവീസ് ആരംഭിക്കും.
ജർമൻ സാങ്കേതികവിദ്യയിൽ നിർമിച്ച എൽഎച്ച്ബി കോച്ചുകൾ പരമ്പരാഗത കോച്ചുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമാണ്. അപകടസമയങ്ങളിൽ കോച്ചുകൾ ഒന്നിനുമുകളിൽ ഒന്നായി കയറില്ല എന്ന പ്രത്യേകത ആഘാതത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചു നിർമിച്ചതിനാൽ ഭാരം കുറഞ്ഞ ഈ കോച്ചുകൾക്ക് ഉയർന്ന വേഗത കൈവരിക്കാനും സാധിക്കും.
മികച്ച ശബ്ദ ഇൻസുലേഷൻ സംവിധാനമുള്ളതിനാൽ കോച്ചിനുള്ളിൽ ശബ്ദവും കുലുക്കവും കുറവായിരിക്കും എന്നതും യാത്രക്കാർക്ക് വലിയ ആശ്വാസമാകും.യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് വിപുലമായ മാറ്റങ്ങളാണ് ഇന്റീരിയറിൽ വരുത്തിയിരിക്കുന്നത്.
Kerala
പരവൂര്‍: ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമായ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് ഇട്ടു. സര്‍വീസ് ആരംഭിച്ചത് മുതല്‍ ഇതുവരെ ഒരു ലക്ഷം ട്രിപ്പുകളിലായി 9.1 കോടിയിലധികം യാത്രക്കാര്‍ വന്ദേ ഭാരതിനെ ആശ്രയിച്ചതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 3.98 കോടി യാത്രക്കാരാണ് ഈ ട്രെയിനുകളില്‍ സഞ്ചരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് (2.97 കോടി) 34 ശതമാനത്തോളം വര്‍ധനയാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്.
2019 ഫെബ്രുവരിയില്‍ ന്യൂഡല്‍ഹി-വാരണാസി റൂട്ടില്‍ തുടക്കമിട്ട വന്ദേ ഭാരത് ഇന്ന് രാജ്യം മുഴുവന്‍ വ്യാപിച്ചിരിക്കുകയാണ്. 73 ലക്ഷം യാത്രക്കാര്‍ സഞ്ചരിച്ച ന്യൂഡല്‍ഹി-വാരണാസി റൂട്ടാണ് ഇപ്പോഴും ഏറ്റവും തിരക്കേറിയതായി തുടരുന്നത്. ന്യൂഡല്‍ഹി-കത്ര റൂട്ടില്‍ 56 ലക്ഷം പേരും ദക്ഷിണേന്ത്യയിലെ പ്രധാന റൂട്ടായ സെക്കന്തരാബാദ്-വിശാഖപട്ടണത്തില്‍ 48 ലക്ഷം പേരും ചെന്നൈ-മൈസൂരു റൂട്ടില്‍ 36 ലക്ഷം പേരും യാത്ര ചെയ്തു.
ദീര്‍ഘദൂര യാത്രയ്ക്കായി 2026 ജനുവരിയില്‍ പശ്ചിമ ബംഗാളിനും അസമിനും ഇടയില്‍ ആരംഭിച്ച വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങി ആദ്യ മൂന്ന് മാസത്തിനുള്ളില്‍ തന്നെ ഒരു ലക്ഷത്തിലധികം യാത്രക്കാര്‍ സ്ലീപ്പര്‍ സര്‍വീസ് പ്രയോജനപ്പെടുത്തി.
ഈ റൂട്ടില്‍ 100 ശതമാനത്തിലധികം ഒക്യുപന്‍സി നിരക്ക് കൈവരിക്കാന്‍ സാധിച്ചതായും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ആധുനിക സൗകര്യങ്ങളും വേഗതയും വന്ദേ ഭാരതിനെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ട്രെയിന്‍ സര്വീസുകളിലൊന്നാക്കി മാറ്റിയിരിക്കുകയാണ്.
CAREER DEEPIKA
സെക്കന്ദരാബാദ് ആസ്ഥാനമായ സൗത്ത് സെൻട്രൽ റെയിൽവേയുടെ വിവിധ വർക്ക്ഷോപ്/ഡിവിഷനുകളിൽ 2,801 അപ്രന്റിസ് അവസരം.
ഏപ്രിൽ 11 വരെ ഓൺലൈനായി അപേക്ഷിക്കാം. സൗത്ത് സെൻട്രൽ റെയിൽവേയുടെ പരിധിയിൽ വരുന്ന തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഉള്ളവർക്കാണ് അവസരം.
ഒഴിവുള്ള ട്രേഡുകൾ: എസി മെക്കാനിക്, കാർപെന്റർ, സിഒപിഎ, ഡീസൽ മെക്കാനിക്, ഇലക്ട്രീഷൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്, മെഷിനിസ്റ്റ്, എംഎംടിഎം, മോട്ടർ മെക്കാനിക്, പെയിന്റർ, വെൽഡർ.
യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും. പ്രായം: 15-24. സ്റ്റൈപൻഡ്: ചട്ടപ്രകാരം.
www.scr.indianrailways.gov.in
സെൻട്രൽ റെയിൽവേ: 51 അപ്രന്റിസ്
മുംബൈ ആസ്ഥാനമായ സെൻട്രൽ റെയിൽവേയുടെ വിവിധ വർക്ക് ഷോപ്പ്/യൂണിറ്റുകളിൽ 51 അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. ഏപ്രിൽ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള ട്രേഡുകൾ: സ്റ്റെനോഗ്രാഫർ, ഫിറ്റർ (എൻജിനിയറിംഗ്), മേസൺ, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എസി.
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി) അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്സിവിടി).
പ്രായം: 15-24.സ്റ്റൈപൻഡ്: 9600.
www.rrccr.com
Kerala
കൊല്ലം: തെന്മല ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങിമരിച്ചു. തമിഴ്നാട് വിരുദനഗര്‍ സ്വദേശിയും റെയില്‍വേ ഉദ്യോഗസ്ഥനുമായ തവമണി (34) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെ തെന്മല പരപ്പാര്‍ ഡാം റിസര്‍വോയറിന് സമീപമുള്ള കളക്കുന്നിലായിരുന്നു സംഭവം. തമിഴ്നാട്ടില്‍ നിന്ന് മുപ്പതംഗ വിനോദ സഞ്ചാര സംഘത്തോടൊപ്പമാണ് തവമണി തെന്മലയിലെത്തിയത്.
കളക്കുന്നില്‍ ജീപ്പ് സവാരിക്ക് എത്തിയ സംഘം റിസര്‍വോയറിലെ കാഴ്ചകള്‍ കാണുന്നതിനിടയില്‍ തവമണിയും മറ്റൊരാളും വെള്ളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദ്ദേശം അവഗണിച്ചാണ് ഇറങ്ങിയത്.
അപകടത്തില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ ചാടി രണ്ടുപേരെയും കരയ്ക്കെത്തിച്ചു. ഒപ്പമുള്ളയാളെ രക്ഷിക്കാനായെങ്കിലും തവമണിയുടെ ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തെന്മല സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രയിനു കീഴിലുള്ള സൗത്ത് സ്റ്റാർ റെയിലും ടൂർ ടൈംസും ചേർന്ന് ഭൂട്ടാനിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും സമ്മർ സ്പെഷൽ ടൂർ സംഘടിപ്പിക്കുന്നു.
ഏപ്രിൽ 25ന് ആരംഭിക്കുന്ന 14 ദിവസം നീളുന്ന യാത്രയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ഭൂട്ടാനിലെയും പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കും. ഇതിനായി മൂന്നു പാക്കേജുകളാണുള്ളത്. ഗാങ്ടോക്, ഡാർജിലിംഗ് തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടുന്നതാണ് ഒന്നാമത്തെ പാക്കേജ്.
രണ്ടാമത്തെ പാക്കേജ് ഗുവാഹത്തി, ഷില്ലോംഗ്, ചിറാപുഞ്ചി, മൗലിനോംഗ്, ഡൗകി എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ളതാണ്. ഭൂട്ടാനിലെ തിന്പു, പുനാഖ, പാറോ, ചെലെ ലാ പാസ് എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉൾപ്പെടുന്നതാണ് മൂന്നാമത്തെ പാക്കേജ്.
ഇൻഷ്വറൻസ്, ഹോട്ടലുകളിലെ താമസസൗകര്യം, കാഴ്ചകൾ കാണാൻ പോകുന്നതിനുള്ള വാഹനങ്ങൾ, ദക്ഷിണേന്ത്യൻ വിഭവങ്ങൾ എന്നിവ ലഭിക്കും. രാത്രി താമസം, ലഗേജുകൾ സൂക്ഷിക്കാനുള്ള സൗകര്യം, എൽടിസി, എൽഎഫ്സി സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. പാക്കേജ് നിരക്കുകൾക്കും മറ്റു വിവരങ്ങൾക്കും: 7305858585. വെബ്സൈറ്റ്: www.tourtimes.in
Kerala
കൊച്ചി: ശബരി പാത നിര്‍മാണം പുനരാരംഭിച്ചെന്നു റെയില്‍വേ ഹൈക്കോടതിയെ അറിയിച്ചു.
ദക്ഷിണ റെയില്‍വേ, സംസ്ഥാന സര്‍ക്കാര്‍, ഇടുക്കി ജില്ലാ കളക്ടര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറേഷന് സെക്രട്ടറി ജിജോ പനച്ചിനാനി ഹൈക്കോടതിയില്‍ 2019 ല്‍ നല്കിയ ഹര്‍ജിയിലാണു വിശദീകരണം.
ശബരി റെയില്‍ പദ്ധതി മരവിപ്പിച്ചതു മാറ്റിയെന്നും പദ്ധതിക്കുവേണ്ടിയുള്ള സ്ഥലമെടുപ്പ് നടപടികള്‍ പുനരാരംഭിച്ചെന്നും റെയില്‍വേയും സംസ്ഥാനസര്‍ക്കാരും കോടതിയെ അറിയിച്ചു. ശബരി റെയില്‍ പദ്ധതി എത്രയും വേഗത്തില്‍ നടപ്പാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
National
ബംഗളൂരു: കന്നഡ ഭാഷയെ ഒഴിവാക്കി പരീക്ഷ നടത്തിയതിലുള്ള പ്രതിഷേധം മൂലം സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ റിക്രൂട്ട്മെന്റ് പരീക്ഷ അനിശ്ചിതമായി നീട്ടിവച്ചു.
പരീക്ഷ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം നടത്തിയതാണു ഭാഷാവാദികളായ കർണാടക രക്ഷണ വേദികയെ പ്രകോപിപ്പിച്ചത്. കന്നഡയിലും പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് പരീക്ഷാകേന്ദ്രങ്ങളിൽ സംഘടന പ്രതിഷേധിച്ചു.
Kerala
പറവൂർ: തിരുവനന്തപുരം ഡിവിഷനിൽ ഇന്ന് കായംകുളം കോട്ടയം റൂട്ടിൽ ട്രെയിനുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ.
ഇന്ന് ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന 16525 ബംഗളൂരു ഐലൻഡ് എക്സ്പ്രസിന് ശേഷം കോട്ടയം ഭാഗത്തേക്ക് സർവീസ് നടത്തുന്നത് 16304 വഞ്ചിനാട് എക്സ്പ്രസ് മാത്രമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വഞ്ചിനാട് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന സമയം വൈകുന്നേരം 5.45 ആയിരിക്കും. ഇന്ന് വഞ്ചിനാടിനു ശേഷം തിരുവനന്തപുരം, കൊല്ലം ഭാഗത്തുനിന്നും കോട്ടയത്തേക്കുള്ള അടുത്ത സർവീസ് ഞായർ പുലർച്ചെ 05.15ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന 20634 വന്ദേഭാരത് എക്സ്പ്രസ് ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു.
മാവേലിക്കര ചെങ്ങന്നൂർ ട്രാക്കിൽ അറ്റകുറ്റപ്പണികൾ (സ്റ്റീൽ ഗിർഡർ മാറ്റുന്നതുമായി ബന്ധപ്പെട്ട്) 14 മണിക്കൂർ നിയന്ത്രണമാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. ഇന്നു വൈകുന്നേരം നാല് മുതൽ നാളെ പുലർച്ചെ ആറുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്കുശേഷം തിരുവനന്തപുരത്തുനിന്നുള്ള 16525 ഐലൻഡ്, 16310 കായംകുളം - എറണാകുളം മെമു, 66316 കൊല്ലം - കോട്ടയം മെമു, 16304 വഞ്ചിനാട് എന്നിവ മാത്രമായിരിക്കും ഇന്ന് കോട്ടയം സ്റ്റേഷനിൽ തെക്കൻ ജില്ലകളിൽ നിന്ന് ഉച്ചയ്ക്ക് ശേഷം എത്തിച്ചേരുക.
ഇന്നു രാത്രി 09.05ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന 66310 കൊല്ലം - എറണാകുളം മെമു റദ്ദാക്കി. മധുര ഗുരുവായൂർ എക്സ്പ്രസ് ഇന്ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. ഗുരുവായൂർ - മധുര എക്സ്പ്രസ് നാളെ കൊല്ലത്ത് നിന്നാണ് സർവീസ് ആരംഭിക്കുക. ഇന്നു പുലർച്ചെ കേരളത്തിൽ എത്തിച്ചേരുന്ന ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് നാളെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. ഇന്നു രാത്രി 8.05ന് കോട്ടയത്തുനിന്നാണ് ഈ ട്രെയിൻ ചെന്നൈക്ക് പുറപ്പെടുന്നത്. തിരുവനന്തപുരം സെൻട്രലിനും കോട്ടയത്തിനും ഇടയിൽ ഈ ട്രെയിൻ സർവീസ് നടത്തുന്നതല്ല.
നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് ഇന്ന് കായംകുളം വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. തിരുവനന്തപുരം - ചെന്നൈ മെയിൽ, ശ്രീ ഗംഗാനഗർ എക്സ്പ്രസ്, ബംഗളൂരു ഹംസഫർ, മലബാർ എക്സ്പ്രസ്, വിവേക് എക്സ്പ്രസ്, അമൃത എക്സ്പ്രസ്, നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്, മംഗലാപുരം എക്സപ്രസ് എന്നിവ ഇന്ന് ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക.
Kerala
പരവൂർ: ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിനുകൾ വഴി തിരിച്ച് വിടുകയും ഭാഗികമായി റദ്ദാക്കുകയും ചെയ്യുമെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു.
12674 തിരുവനന്തപുരം സെൻട്രൽ - ഡോ. എം. ജി. ആർ. ചെന്നൈ സൂപ്പർ ഫാസ്റ്റ് മെയിൽ നാളെ ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ സ്റ്റോപ്പുകൾ അന്ന് ഒഴിവാക്കി. പകരം ആലപ്പുഴ, ചേർത്തല, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
22503 കന്യാകുമാരി - ദിബ്രുഗഡ് വിവേക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസും നാളെ ആലപ്പുഴ വഴിയായിരിക്കും ഓടുക. കായംകുളം, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Kerala
പരവൂർ: കേരളത്തിന് പുതുതായി ഒരു മെമു ട്രെയിൻ സർവീസ് കൂടി അനുവദിച്ച് റെയിൽവേ. പാലക്കാട് -പൊള്ളാച്ചി റൂട്ടിലാണ് പുതിയ ട്രെയിൻ ഓടുക. ട്രെയിൻ ആരംഭിക്കാൻ തീരുമാനിച്ച വിവരം റെയിൽവേ മന്ത്രി അശ്വിനി വൈഷണവ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ഔദ്യോഗികമായി അറി യിച്ചിട്ടുണ്ട്.
ഈ ട്രെയിൻ എന്നു മുതലായിരിക്കുമെന്നും സമയക്രമം സംബന്ധിച്ചുള്ള വിവരവും ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. മാർച്ച് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാലു പുതിയ ട്രെയിനുകളുടെ ഉദ്ഘാടനം നിർവഹിക്കുന്നുണ്ട്. അതിനോടൊപ്പം പുതിയ മെമുവിന്റെ ഉദ്ഘാടനവും നടത്താനാണ് സാധ്യത.
മംഗലാപുരം- തിരുനെൽവേലി എക്സ്പ്രസ്, മംഗലാപുരം-രാമേശ്വരം എക്സ്പ്രസ്, നാഗർകോവിൽ - ചെർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ്, കോയമ്പത്തൂർ - ധൻബാദ് അമൃത് ഭാരത് എക്സ്പ്രസ് എന്നിവയാണ് 11ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ ട്രെയിനുകൾ.
Kerala
പരവൂർ: ചെന്നൈ റെയിൽവേ ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നത് കാരണം കേരളം വഴി സർവീസ് നടത്തുന്ന വിവിധ ട്രെയിനുകൾക്ക് യാത്രയ്ക്കിടയിൽ കാലതാമസം നേരിടുമെന്ന് അധികൃതർ അറിയിച്ചു.
22644 പട്ന- എറണാകുളം ജംഗ്ഷൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ 12ന് 50 മിനിറ്റ് വൈകും. 22504 ദിബ്രുഗ്രഡ്- കന്യാകുമാരി വിവേക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് 11ന് ആരംഭിക്കുന്ന യാത്രയിൽ വഴിയിൽ 40 മിനിറ്റ് വൈകും. 22645 ഇൻഡോർ- തിരുവനന്തപുരം നോർത്ത് അഹല്യനഗരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഒമ്പതിന് 50 മിനിറ്റ് വൈകും.
13351 ധൻബാദ്- ആലപ്പുഴ എക്സ്പ്രസ് ഏഴ്, 14 തീയതികളിൽ കുറഞ്ഞത് 35 മിനിറ്റെങ്കിലും വൈകും. 06547 എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിൻ 18ന് ആരംഭിക്കുന്ന ഒരു മണിക്കൂർ 15 മിനിറ്റിലധികം വൈകും.
16526 കെഎസ്ആർ ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് 25ന് ആരംഭിക്കുന്ന യാത്രയിൽ 30 മിനിറ്റിൽ അധികവും വൈകും. ചില ട്രെയിനുകൾ ഇപ്പോൾ സൂചിപ്പിച്ചിട്ടുള്ള സമയത്തേക്കാൾ കൂടുതൽ വൈകാനും സാധ്യതയുണ്ടെന്ന് അധികൃതർ സൂചിപ്പിച്ചു.
Kerala
കോഴിക്കോട്: കേരള പോലീസിന്റെ ‘പോൽ’ ആപ്പുമായി ചേർന്ന് റെയില്‍വേ. യാത്രക്കാര്‍ക്കു സുരക്ഷിത യാത്രയൊരുക്കുക എന്നതാണ് ലക്ഷ്യം. ട്രെയിൻ യാത്രയ്ക്കിടെ ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു സുരക്ഷിതയാത്ര ഉറപ്പുനൽകിയാണു പോൽ ആപ്പിൽ ‘റെയിൽ മൈത്രി’ സേവനം ഉൾപ്പെടുത്തിയത്.
ട്രെയിൻ യാത്രക്കാർക്കായി മൊബൈൽ ഫോണിൽ റെയിൽവേ പോലീസ് അഞ്ചു സേവനങ്ങളാണ് ഒരുക്കിയത്. യാത്രക്കാരുടെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഇനി ‘റെയിൽ മൈത്രി’ സർവീസ് ഉപയോഗിക്കാം.
ഒറ്റയ്ക്കു യാത്ര ചെയ്യുന്നവർ കോച്ച് നന്പർ, ട്രെയിനിന്റെ വിശദാംശം, യാത്രക്കാരുടെ ഫോട്ടോ എന്നിവ ‘റെയിൽ മൈത്രി’ സർവീസ് വഴി പങ്കുവച്ചാൽ റെയിൽവേ പോലീസിന്റെ കൺട്രോൾ റൂം മുഖേന ഇവരെ നിരീക്ഷിക്കും.
സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ രഹസ്യമായി പോലീസുമായി പങ്കുവയ്ക്കൽ, യാത്രയ്ക്കിടെ സാധനങ്ങൾ നഷ്ടപ്പെട്ടാൽ അതിന്റെ അന്വേഷണം, തുടർ വിവരങ്ങൾ പങ്കുവയ്ക്കൽ തുടങ്ങിയവയും ഇതിലൂടെ സാധ്യമാണ്. ട്രെയിനിലോ പാളത്തിലോ പ്ലാറ്റ്ഫോമിലോ അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ പോലീസിനെ അറിയിക്കാനും ആപ്പിലൂടെ സാധിക്കും. രണ്ടു മാസത്തിനുള്ളിൽ കൂടുതൽ ജനങ്ങളിലേക്കു റെയിൽ മൈത്രി സേവനം എത്തിക്കുക എന്നതാണു ലക്ഷ്യം.
ഇതുമായി ബന്ധപ്പെട്ട് റെയിൽവേ പോലീസിന്റെ നേതൃത്വത്തിൽ ട്രെയിനിൽ ബോധവത്കരണ ക്ലാസുകൾ നടത്തുന്നുണ്ട്. പ്ലേ സ്റ്റോറിൽ ലഭ്യമായ പോൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇതിൽനിന്നു ‘റെയിൽ മൈത്രി’ സേവനം ഉപയോഗിക്കാം.
National
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനക്ഷമതയും യാത്രക്കാരുടെ സൗകര്യങ്ങളും വർധി പ്പിക്കുന്നതിനായി ബൃഹത്തായ പരിഷ്കരണ നടപടികളുമായി കേന്ദ്ര സർക്കാർ. 'ഇന്ത്യൻ റെയിൽവേ റിഫോം പുഷ്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ട്രെയിൻ കോച്ചുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനും റെയിൽവേയുടെ വരുമാനം വർധിപ്പിക്കുന്നതിനായി ചരക്ക് നീക്കം വേഗത്തിലാക്കുന്നതിനുമാണ് മുൻഗണന നൽകുന്നത്.
യാത്രക്കാരുടെ ദീർഘകാലമായുള്ള പരാതികൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ശുചിത്വ പരിപാടികൾ. സ്ലീപ്പർ, എസി കോച്ചുകൾക്ക് പുറമെ സാധാരണക്കാർ യാത്ര ചെയ്യുന്ന ജനറൽ കോച്ചുകളിലെ ശുചിത്വത്തിനും ഇനി വലിയ പ്രാധാന്യം നൽകും.
ട്രെയിനുകളിലെ ശുചിമുറികൾ കൂടുതൽ വൃത്തിയായും ദുർഗന്ധമില്ലാതെയും സൂക്ഷിക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കും. യാത്രയ്ക്കിടയിൽ കൃത്യമായ ഇടവേളകളിൽ ശുചിമുറികൾ വൃത്തിയാക്കാൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കും.
യാത്രക്കാർക്ക് ശുചിത്വമില്ലാത്ത ഭാഗങ്ങളെക്കുറിച്ച് തത്സമയം പരാതി നൽകാനും അത് വേഗത്തിൽ പരിഹരിക്കാനുമുള്ള സംവിധാനങ്ങൾ കൂടുതൽ കർശനമാക്കും. റെയിൽവേയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ ചരക്ക് നീക്കത്തിൽ വലിയ മാറ്റങ്ങളാണ് വരുന്നത്.
കൂടുതൽ ഉത്പന്നങ്ങൾ റെയിൽവേ വഴി എത്തിക്കാൻ വ്യാപാരികൾക്ക് സൗകര്യമൊരുക്കും. ഇതിനായി ചരക്ക് ട്രെയിനുകളുടെ വേഗതയും ലഭ്യതയും വർധിപ്പിക്കും. ചരക്കുകൾ വേഗത്തിൽ കൈമാറാൻ പ്രധാന സ്റ്റേഷനുകൾക്ക് സമീപം അത്യാധുനിക ലോജിസ്റ്റിക് ഹബ്ബുകൾ സ്ഥാപിക്കും.
National
മുംബൈ: വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ പാമ്പിനെ തുറന്നുവിട്ട യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭാലെയെ ആണ് സെൻട്രൽ റെയിൽവേ ആർപിഎഫ് ഉദ്യോഗസ്ഥർ ഇന്ന് അറസ്റ്റ് ചെയ്തത്. മുംബൈ-സോലാപുർ വന്ദേ ഭാരത് എക്സ്പ്രസിൽ ഡിസംബർ 27-നായിരുന്നു സംഭവം.
സി-16 കോച്ചിലെ ശുചിമുറിയ്ക്കുള്ളിലാണ് പാമ്പിനെ കണ്ടത്. പിന്നാലെ റെയിൽവേ ജീവനക്കാർ ശുചിമുറി പൂട്ടുകയും കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. ട്രെയിൻ സോലാപുറിലെത്തിയതിന് പിന്നാലെ പാമ്പിനെ പിടികൂടി.
ആർപിഎഫ് നടത്തിയ വിശദമായ അന്വേഷത്തിന് പിന്നാലെയാണ് ജഗനെ ഇന്ന് പിടികൂടാനായത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ സിസിടിവി ദൃശ്യങ്ങളും പോലീസിന് സഹായകമായി. കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.
National
ന്യൂഡൽഹി: കേരളത്തിൽ റെയിൽവേ വികസനത്തിന്റെ ഭാഗമായി പാത ഇരട്ടിപ്പിക്കലിനും പാത നിവർത്തലിനും ഡിപിആർ തയാറാക്കുന്നതിനുള്ള സർവേകൾക്ക് അനുമതി നൽകിയതായി റെയിൽവേ മന്ത്രാലയം.
160 കിലോമീറ്റർ വേഗതയിൽ കൂടുതൽ റെയിൽവേ ഗതാഗതം സാധ്യമാക്കുന്നതിനായി വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിനായുള്ള സർവേകൾക്കാണ് അനുമതി.
സർവേകൾക്ക് അനുമതി ലഭിച്ച പദ്ധതികൾ ചുവടെ: ഷൊർണൂർ-മംഗളൂരു മൂന്നും നാലും പാതകൾ (307 കിലോമീറ്റർ), കോയന്പത്തൂർ-ഷൊർണൂർ മൂന്നും നാലും പാതകൾ (99 കിലോമീറ്റർ), ഷൊർണൂർ-എറണാകുളം മൂന്നാം പാത (106 കിലോമീറ്റർ), എറണാകുളം-കായംകുളം മൂന്നാംപാത (കോട്ടയം വഴി 115 കിലോമീറ്റർ), കായംകുളം-തിരുവനന്തപുരം മൂന്നാം പാത (105 കിലോമീറ്റർ), തിരുവനന്തപുരം -നാഗർകോവിൽ മൂന്നാംപാത (71 കിലോമീറ്റർ), തുറവൂർ-അന്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ (46 കിലോമീറ്റർ).
Kerala
പരവൂർ: തിരുനെൽവേലിയിൽനിന്ന് മുംബൈ ലോകമാന്യ തിലക് ടെർമിനസിലേക്ക് സർവീസ് നടത്തുന്ന പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ച് റെയിൽവേ.
നിലവിൽ ഈ ട്രെയിനിൽ 16 എൽഎച്ച്ബി കോച്ചുകളാണ് ഉണ്ടായിരുന്നത്. കോച്ചുകളുടെ എണ്ണം 22 ആയാണു വർധിപ്പിച്ചിട്ടുള്ളത്. തീരുമാനം ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ വരും.
Kerala
തിരുവനന്തപുരം: ഹ്രസ്വദൂര തീവണ്ടി ടിക്കറ്റ് എടുക്കാനും സീസണ് ടിക്കറ്റ് സേവനങ്ങൾക്കും വ്യാപകമായി ഉപയോഗിക്കുന്ന റെയിൽവേയുടെ മൊബൈൽ ആപ്പായ യുടിഎസിന്റെ കാലാവധി ഈ മാസം അവസാനത്തോടെ കഴിയും. പകരം സംയോജിത റെയിൽ ആപ്പായ റെയിൽ വണ്ണിൽ ഇത്തരം ബുക്കിംഗ് സൗകര്യങ്ങൾ ലഭ്യമാകുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
ആദ്യഘട്ടമായി സീസണ് ടിക്കറ്റ് അനുവദിക്കുക, പുതുക്കുക, പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കുക, റെയിൽ പണനിക്ഷേപ വാലറ്റ് എന്നീ സൗകര്യങ്ങൾ മാർച്ച് ഒന്നു മുതൽ നിർത്തും. എന്നാൽ യുടിഎസ് ആപ്പ് തുടർന്നും പ്രവർത്തിക്കും.
ആപ്പിലെ റെയിൽ വാലറ്റിൽ ബാക്കിയുള്ള തുക നഷ്ടമാകില്ല. പാസ്വേർഡും മറ്റു സൗകര്യങ്ങളും ഉപയോഗിച്ച് തന്നെ റെയിൽ വണ്‍ ആപ്പിൽ ഇവ ലഭ്യമാകും. റെയിൽവേ ടിക്കറ്റുകൾ റിസർവേഷൻ ഉൾപ്പെടെ പ്രധാനപ്പെട്ട എല്ലാ സേവനങ്ങളും ഇപ്പോൾ ഇതിൽ ലഭ്യമാണ്.
ട്രെയിനുകളുടെ സമയം അറിയാനുള്ള സൗകര്യങ്ങൾ, ടിക്കറ്റുകൾ എടുക്കാനും കാൻസൽ ചെയ്യാനുള്ള സൗകര്യങ്ങൾ, ട്രെയിനുകളുടെ സമയവിവരം, ടിക്കറ്റ്, പി എൻ ആർ സ്റ്റാറ്റസ് പരിശോധന തുടങ്ങിയവയെല്ലാം റെയിൽ വണ്ണിൽ ലഭ്യമാകുമെന്നും അതു ഡൗണ്‍ലോഡ് ചെയ്യണമെന്നും റെയിൽവേയുടെ പത്രക്കുറിപ്പിൽ അറിയിച്ചു.
Leader Page
തിരുവനന്തപുരം: ശബരി റെയില്‍പാത വീണ്ടും ചര്‍ച്ചയാകുമ്പോള്‍ കാല്നൂറ്റണ്ടിലേറെ നീണ്ട ഒരു ജനതയുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
1997-98 റെയില്‍വേ ബജറ്റില്‍ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയില്‍ പാത കേരളത്തിന്റെ സമഗ്ര വികസനത്തിനും ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും സഹായകരമായ സുപ്രധാന പദ്ധതിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമല തീര്‍ഥാടകര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന പാതയായിരിക്കും ഇത്. ഇപ്പോള്‍ തീര്‍ഥാടകര്‍ ചെങ്ങന്നൂരില്‍ ഇറങ്ങിയാണ് ബസ് മാര്‍ഗവും മറ്റുമായി ശബരിമലയിലെത്തുന്നത്.
ശബരി പാത യാഥാര്‍ഥ്യമാകുന്നതോടെ മധ്യകേരളത്തിന്റെ മുഖച്ഛായതന്നെ മാറുമെന്നുറപ്പ്. എറണാകുളം ജില്ലയിലെ അങ്കമാലി മുതല്‍ കോട്ടയം ജില്ലയിലെ എരുമേലി വരെ 111 കിലോമീറ്ററില്‍ വിഭാവനം ചെയ്യുന്നതാണ് ശബരി റെയില്‍ പാത.
അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണ് പാതയിലെ നിര്‍ദിഷ്ട 14 സ്റ്റേഷനുകള്‍.
അങ്കമാലി-എരുമേലി ശബരി റെയില്‍ പദ്ധതിക്കായി കഴിഞ്ഞ ദിവസം 1,900 കോടി രൂപ കിഫ്ബി വഴി നല്കാന് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെയാണ് ശബരി റെയില്‍ എന്ന സ്വപ്ന പദ്ധതി വീണ്ടും ചര്‍ച്ചയാകുന്നത്. 1997-98 റെയില്‍വേ ബജറ്റില്‍ വിഭാവനം ചെയ്ത പദ്ധതി തുടര്‍ നടപടികളില്ലാതെ ഇഴഞ്ഞുനീങ്ങുന്ന കാഴ്ചയാണ് പതിറ്റാണ്ടുകളായി നാം കണ്ടത്. ബജറ്റില്‍ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതു മുതല്‍ ഭൂമി ഏറ്റെടുക്കുന്നതിലെ തടസങ്ങള്‍ വരെ ശബരി പാതയ്ക്കു തിരിച്ചടിയായി.
ശബരിപാത പൂര്‍ത്തിയാകുന്നതോടെ അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, എരുമേലി തുടങ്ങിയ പ്രധാന പട്ടണങ്ങള്‍ ട്രെയിന്‍ മാര്‍ഗം ബന്ധിപ്പിക്കപ്പെടുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ വളര്‍ച്ചയിലേക്കു നയിക്കും. പദ്ധതി നാലു ജില്ലകളിലെ മലയോര മേഖലകളുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും യാത്രാവേഗത്തിനും സമഗ്ര പുരോഗതിക്കും വലിയ ഊര്‍ജം പകരുകയും ചെയ്യും.
വിനോദസഞ്ചാര മേഖലയിലും വന്‍ കുതിച്ചുചാട്ടമായിരിക്കും ഉണ്ടാകുക. മൂന്നാര്‍, അടിമാലി, ആനച്ചാല്‍, ഭൂതത്താന്‍കെട്ട്, രാമക്കല്‍മേട്, പാഞ്ചാലിമേട്, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, തേക്കടി, ഗവി, വാഗമണ്‍ തുടങ്ങിയ മേഖലകളിലേക്കു പോകുന്ന വിനോദസഞ്ചാരികള്‍ക്ക് ഈ പാത ഗുണകരമാകും. വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലുമുള്ളവര്‍ക്ക് കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അനായാസം എത്തിച്ചേരാന്‍ സാധിക്കും.
ദേശീയ പാതയും എംസി റോഡും റെയില്‍വേ സ്റ്റേഷനുമുള്ള അങ്കമാലിയില്‍ നിന്നാണ് ശബരി റെയില്‍ പാത ആരംഭിക്കുന്നത്. ഇതിനടുത്തായാണ് നെടുമ്പാശേരി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ശബരി പാത പൂര്‍ത്തിയാകുന്നതോടെ വിവിധ ഗതാഗത സൗകര്യങ്ങളുടെ ഒരു ഹബ്ബായി അങ്കമാലി മാറും. ഇത് വാണിജ്യ വ്യവസായ മേഖലകളിലും വന്‍ മുന്നേറ്റമുണ്ടാക്കും.
ശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടി ഒട്ടേറെ തീര്‍ഥാടകര്‍ എത്തുന്ന കേന്ദ്രമാണ്. അടുത്തായി മലയാറ്റൂര്‍ പള്ളിയും സ്ഥിതി ചെയ്യുന്നു. ഈ കേന്ദ്രങ്ങളിലേക്ക് തീര്‍ഥാടകര്‍ക്ക് അനായാസം എത്തിച്ചേരാന്‍ സാധിക്കും. പ്ലൈവുഡ് വ്യവസായ മേഖലയായ പെരുമ്പാവൂരില്‍ വികസനത്തിന് പുതിയസാധ്യതകളായിരിക്കും ശബരി പാത തുറക്കുക. ചരക്കു നീക്കം വേഗത്തിലാകുന്നതോടെ വ്യവസായത്തില്‍ വന്‍ ഉണര്‍വുണ്ടാകും.
പെരുമ്പാവൂരിനും കോതമംഗലത്തിനും ഇടയിലുള്ള ഓടക്കാലി വഴിയാണ് ശബരി പാത കടന്നുപോകുക. ഈ മേഖലയിലെ സാധാരണ ജനജീവിതം പാത വരുന്നതോടെ അനായാസമാകും. കോതമംഗലം ടൗണില്‍ നിന്നും രണ്ടര കിലോമീറ്ററോളം അകലെയാണ് ശബരി പദ്ധതിയില്‍ കോതമംഗലം റെയില്‍വേ സ്റ്റേഷന് വിഭാവനം ചെയ്യുന്നത്. ഇടുക്കി ജില്ലയില്‍ നിന്നുള്ള ജനങ്ങളുടെ സാമൂഹ്യ കാര്‍ഷിക സാമ്പത്തിക മേഖലയ്ക്ക് ഈ സഞ്ചാര പാത ഉണര്‍വേകും. മൂന്നാര്‍ ഉള്‍പ്പെടെയുള്ള ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു പോകുന്നവര്‍ക്ക് ഇവിടെ ഇറങ്ങാം.
മൂവാറ്റുപുഴ വഴിയാണ് ശബരി പാത കടന്നു പോകുന്നത്. വാഴക്കുളത്ത് കല്ലൂര്ക്കാടിനു സമീപമാണ് പാതയുടെ സ്റ്റേഷന് വിഭാവനം ചെയ്തിരിക്കുന്നത്. പൈനാപ്പിൾ കൃഷിയിലൂടെ പ്രശസ്തമായ മൂവാറ്റുപുഴയ്ക്ക് ഇത് പുതിയ സാധ്യതകള്‍ തുറക്കും. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിള്‍ എത്തിക്കുന്നതിന് പാത സഹായകമാകും. തുടര്‍ന്നുള്ള തൊടുപുഴ സ്റ്റേഷന് ഇടുക്കി ജില്ലയിലെ ആദ്യ റെയില്‍വേ സ്റ്റേഷനാകും. ഇത് ജില്ലയുടെ സമഗ്ര വികസന പാതകൂടിയാകും.
കരിങ്കുന്നം, രാമപുരം, സ്റ്റേഷനുകള്‍ വരെയാണ് ഇതുവരെ സ്ഥലം അളന്ന് പാതയ്ക്കായി കല്ലിട്ടിട്ടുള്ളത്. തുടര്‍ന്നുള്ള സ്റ്റേഷനുകളായ ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി സ്റ്റേഷനുകളില്‍ ഇതുവരെ സര്‍വേ നടന്നിട്ടില്ല.
National
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ അവഗണനയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
3795 കോടി രൂപയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്തെക്കാൾ പത്തിരട്ടി തുകയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്ന ഇ. ശ്രീധരന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ റെയിൽ വികസനത്തെക്കുറിച്ച് അദ്ദേഹത്തോട് ചർച്ച നടത്തിയിരുന്നു. കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ വരുമെന്നും അശ്വിനി വൈഷ്ണവ് ഉറപ്പ് പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ റെയിൽവേ മന്ത്രി തയാറായില്ല. കേരളത്തിൽ അതിവേഗ റെയിൽ പാത എപ്പോൾ വരുമെന്ന ചോദ്യത്തിനും മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല.
District News
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ ജില്ലയിലെ രണ്ടാമത്തെ സ്റ്റേഷനാക്കി ഉയര്‍ത്തുമെന്ന വാക്കുപാലിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി തയാറാകണമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
സുരേഷ് ഗോപി ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ച വേളയില്‍ രണ്ടാമത്തെ സ്റ്റേഷനാക്കി ഉയര്‍ത്തുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഇതിനു വിരുദ്ധമായിട്ടാണ് ഇപ്പോള്‍ മന്ത്രി സംസാരിക്കുന്നത്. അമൃത് ഭാരത് പദ്ധതിയുടെ അടുത്ത സ്കീമില്‍ ഇരിങ്ങാലക്കുട സ്റ്റേഷന് വരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉറപ്പുനല്‍കിയിരുന്നു. റെയില്‍വേ സ്റ്റേഷന് വികസനത്തിനാവശ്യമായ സ്ഥലമടക്കമുള്ള സൗകര്യങ്ങള്‍ വേഗത്തില്‍ നടത്തിത്തരാന്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ട മന്ത്രി അബ്ദുള്‍ റഹ്മാനും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ജില്ലയില്‍ രണ്ടാംസ്ഥാനത്തുനില്‍ക്കുന്ന സ്റ്റേഷനായിട്ടുകൂടി വേണ്ടത്ര പരിഗണന ഇരിങ്ങാലക്കുടയ്ക്ക് കിട്ടുന്നില്ല. കോവിഡുകാലത്ത് നിര്‍ത്തലാക്കിയ ട്രെയിനുകളില്‍ മൂന്ന് ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിക്കാമെന്ന് എംപി പറയുകയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കുകയും ചെയ്തു. ഇതില്‍ പാലരുവിക്കുമാത്രമാണ് സ്റ്റോപ്പനുവദിച്ചത്. രാത്രി 11.30 കഴിഞ്ഞാല്‍ രാവിലെ ആറുവരെ ഒരു ട്രെയിനും ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്പില്ല.
കാലങ്ങളായി ജനപ്രതിനിധികളും റെയില്‍വേയും ഇരിങ്ങാലക്കുടയെ തഴയുകയാണെന്ന് അസോസിയേഷന് കുറ്റപ്പെടുത്തി. അതിനാല്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ച് ഇരിങ്ങാലക്കുടയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കേന്ദ്രമന്ത്രി നടപടിയെടുക്കണമെന്നും പ്രസിഡന്റ് ഷാജു ജോസഫ് ആവശ്യപ്പെട്ടു.
Kerala
പരവൂർ: രാജ്യത്ത് വരും മാസങ്ങളിൽ കൂടുതൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാൻ റെയിൽവേ മന്ത്രാലയ തീരുമാനം. ഇതിന്റെ ഭാഗമായി 24 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളാണ് ഇനി നിർമിക്കുക. ഇത്തരത്തിലുള്ള 50 റേക്കുകൾ ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ചെന്നൈ ഐസിഎഫിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുമുണ്ട്.ഇപ്പോൾ രാജ്യത്ത് സർവീസ് ആരംഭിച്ചത് 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനാണ്. ഈ സെമി ഹൈസ്പീഡ് ട്രെയിനിൽ 11 തേർഡ് ഏസി, നാല് സെക്കന്‍ഡ് ഏസി, ഒരു ഫസ്റ്റ് ക്ലാസ് ഏസി കോച്ചുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഐസിഎഫിൽ രൂപകൽപ്പന ചെയ്ത് ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിൽ നിർമിച്ച ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഹൗറയ്ക്കും കാമാഖ്യക്കും മധ്യേയുള്ള റൂട്ടിലാണ് സർവീസ് നടത്തുന്നത്. ഇതിനു ലഭിച്ച വൻ സ്വീകാര്യതയാണ് 24 കോച്ചുകളുള്ള വന്ദേ സ്ലീപ്പർ ട്രെയിനുകൾ എത്രയും വേഗം നിർമിച്ച് ട്രാക്കിലിറക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.
ഇതു കൂടാതെ ചെന്നൈ ഐസിഎഫിൽ മുംബൈയിലെ സബർബൻ റെയിൽവേക്ക് വേണ്ടി 15 കോച്ചുകളുള്ള ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് ട്രെയിനുകളും നിർമിക്കുമെന്നും അധികൃതർ പറഞ്ഞു. അമൃത് ഭാരത് ട്രെയിനുള്ളുടെ മൂന്നാംപതിപ്പിന്റെ നിർമാണ പ്രവർത്തങ്ങൾക്ക് മുന്നോടിയായുള്ള പ്രാരംഭ നടപടികളും ഐസിഎഫിൽ ആരംഭിച്ചിട്ടുണ്ട്.
Kerala
മലപ്പുറം: സിൽവർ ലൈനിന് ബദലായി അതിവേഗ റെയിൽപാതയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് മെട്രോമാൻ ഇ. ശ്രീധരൻ.
അതിവേഗ റെയിലിന്റെ ഡിപിആർ തയാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽനിന്ന് വാക്കാലുള്ള അനുമതി ലഭിച്ചെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം കേന്ദ്ര റെയിൽവേ മന്ത്രാലയം ഉത്തരവിറക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീധരൻ പറഞ്ഞു.
നഞ്ചൻകോട് റെയിൽപാത സംബന്ധിച്ച് റെയിൽവേ മന്ത്രിയെ കാണാനെത്തിയപ്പോഴാണ് ഇതുസംബന്ധിച്ച് ധാരണയായത്. പദ്ധതികൾ തയാറാക്കിവരികയാണ്. ഫെബ്രുവരി രണ്ടിന് പൊന്നാനിയിൽ ഓഫീസ് തുടങ്ങും.
ഡിപിആർ തയാറാക്കാൻ ഡിഎംആർസിയെയാണ് ചുമതലപ്പെടുത്തുകയെന്ന് ശ്രീധരൻ പറഞ്ഞു. ഡിഎംആർസിയുടെ മുഖ്യ ഉപദേശകനെന്ന നിലയിലാണ് ശ്രീധരൻ ഡിപിആർ ഏറ്റെടുക്കുക. ഒന്‍പത് മാസത്തിനുള്ളിൽ ഡിപിആർ പൂർത്തിയാക്കാനാകുമെന്നും ശ്രീധരൻ പറഞ്ഞു.
Kerala
മലപ്പുറം: അതിവേഗ റെയിൽപാത യാഥാർഥ്യമായാൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ പാതയിൽ 22 സ്റ്റേഷനുകളാകും ഉണ്ടാവുകയെന്ന് ഇ. ശ്രീധരൻ പറഞ്ഞു.
റെയിൽവേ സാന്നിധ്യമില്ലാത്ത മലപ്പുറം, കൊട്ടാരക്കര എന്നിവിടങ്ങളിലൂടെ അതിവേഗപാത കടന്നുപോകും. 3.15 മണിക്കൂറിൽ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്താൻ സാധിക്കും. രണ്ടര മണിക്കൂറിനുള്ളിൽ കോഴിക്കോട്ടും എത്താം. ഓരോ അഞ്ച് മിനിറ്റിലും ട്രെയിനുണ്ടാകും.
പദ്ധതിയുടെ പ്രതീക്ഷിത ചെലവ് കിലോമീറ്ററിന് ഏകദേശം 200 കോടി രൂപയാണ്. 86,000 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇത് ലക്ഷം കോടി വരെ ഉയരാം. ജിഎസ്ടിയും മറ്റു തീരുവകളും ഒഴിവാക്കിയുള്ള കണക്കാണിത്.
എട്ട് കോച്ചിൽ 560 പേർക്ക് യാത്ര ചെയ്യാം. 200 കിലോമീറ്ററായിരിക്കും പരമാവധി വേഗം. 20-25 കിലോമീറ്റർ പരിധിയിൽ സ്റ്റേഷനുകൾ വരും. കെ-റെയിലിൽ ഇത് 40-80 കിലോമീറ്ററായിരുന്നു. ബിസിനസ്, ഫസ്റ്റ് ക്ലാസ്, ജനറൽ കോച്ചുകൾ ട്രെയിനിലുണ്ടാകും. നാല് വർഷത്തിനകം പദ്ധതി തീർക്കാനാകും.
തിരുവനന്തപുരം സെൻട്രൽ, എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം, ആലുവ, നെടുന്പാശേരി, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം, കരിപ്പൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ എന്നിവിടങ്ങളിലാകും സ്റ്റേഷനുകൾ ഉണ്ടാവുക. ഏഴുപത് ശതമാനവും ഉയരപ്പാതയായതിനാൽ സ്ഥലമേറ്റെടുപ്പ് കുറവായിരിക്കും. 20 ശതമാനം ടണലായിരിക്കും.
കേന്ദ്രബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
തുടക്കത്തിൽ കണ്ണൂർ വരെയാണെങ്കിലും ഭാവിയിൽ കാസർഗോഡ്, മംഗളൂരു, മുംബൈ വരെ പാത നീട്ടാനാകും. കാസർഗോട്ടുനിന്ന് പ്രതീക്ഷിക്കുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം കുറവായതിനാലാണ് നിലവിൽ കണ്ണൂർ വരെയാക്കിയത്. 70 ശതമാനം എലവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയുമാണ്. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാകും കടന്നുപോവുക. സ്റ്റാൻഡേഡ് ഗേജിലാകും നിർമാണം. അതേസമയം, ഗുഡ്സ് ട്രെയിനുകൾക്ക് സർവീസുണ്ടാകില്ല. ഇപ്പോഴുള്ള പാതയുമായി കണക്ഷൻ ഉണ്ടാകില്ല. അഞ്ചുവർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാകും.
നിലവിൽ ട്രെയിനുകളുടെ എസി ചെയർ കാറുകളുടെ ഒന്നര മടങ്ങാണ് യാത്രാനിരക്ക് പ്രതീക്ഷിക്കുന്നത്. ആവശ്യമെങ്കിൽ ഓരോ അഞ്ച് മിനിറ്റിലും ട്രെയിനുകൾ ഓടിക്കാം. ഡൽഹിയിലെ റാപ്പിഡ് റെയിൽ ട്രാൻസിറ്റിനും സമാനമായ ട്രെയിനുകൾ ഉപയോഗത്തിലുണ്ട്. കോച്ചുകൾ ഇന്ത്യയിൽതന്നെ നിർമിക്കാനാകും. രാജ്യത്തെ അതിവേഗ റെയിൽ ശൃംഖല വ്യാപിക്കുന്പോൾ അത്തരം ട്രെയിനുകൾക്ക് ഈ പാതയിലൂടെ സഞ്ചരിക്കാം.
കുറഞ്ഞ തോതിലേ ഭൂമി ഏറ്റെടുക്കേണ്ടതുള്ളൂ. തുരങ്കപാതയുള്ളയിടങ്ങളിൽ ഭൂമി ഏറ്റെടുക്കേണ്ട. എലവേറ്റഡ് പാതയുള്ളയിടങ്ങളിൽ 20 മീറ്റർ വീതിയിൽ ഭൂമി മതി. നിർമാണത്തിനുശേഷം നിബന്ധനകളോടെ കൃഷിക്കോ മേച്ചിൽപ്പുറത്തിനോവേണ്ടി ഉടമകൾക്ക് പാട്ടത്തിന് ഭൂമി തിരികെ നൽകാം. അതിനാൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള എതിർപ്പ് കുറയും. കൊങ്കണ്‍ റെയിൽവേ മാതൃകയിൽ പാതയ്ക്ക് ധനസഹായം ലഭിക്കും. റെയിൽവേയുടെ 51 ശതമാനം വിഹിതവും സംസ്ഥാനത്തിന്റെ 49 ശതമാനം വിഹിതവും ഉൾപ്പെടുന്ന ഒരു സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കും. ഭൂമിയുടെ ചെലവ് സബോർഡിനേറ്റ് കടം വഴിയായിരിക്കുമെന്ന് ശ്രീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്നും എല്ലാ സ്ഥാനങ്ങളിൽനിന്നും വിരമിച്ചിരിക്കുകയാണെന്നും ഇ. ശ്രീധരൻ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു.
Kerala
പരവൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്ത തലസ്ഥാന നഗരത്തെ ദക്ഷിണേന്ത്യയിലെ പ്രധാന മൂന്ന് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് പ്രതിവാര ട്രെയിനുകള്‍ 27 മുതലും തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ നാളെ മുതലും സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
തിരുവനന്തപുരത്തുനിന്നു ചെന്നൈ താംബരം, ചെര്‍ലപ്പള്ളി (ഹൈദരാബാദ്) എന്നിവിടങ്ങളിലേക്കും നാഗര്‍കോവിലില്‍ നിന്നു തിരുവനന്തപുരം വഴി മംഗളൂരു ജംഗഷനിലേക്കുമാണ് അമൃത് ഭാരത് സര്‍വീസുകള്‍.താംബരം-തിരുവനന്തപുരം സെന്‍ട്രല്‍ ട്രെയിന്‍ 28ന് വൈകുന്നേരം അഞ്ചിന് താംബരത്തുനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരത്ത് എത്തും. തിരികെ തിരുവനന്തപുരത്തുനിന്ന് 29ന് രാവിലെ 10.40ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.45ന് താംബരത്ത് എത്തും. തിരുവനന്തപുരം നോര്‍ത്ത് - ചെര്‍ലപ്പള്ളി ട്രെയിന്‍ 27ന് രാവിലെ 7.15ന് ചെര്ലപ്പള്ളിയില്നിന്നു പുറപ്പെട്ട് 28ന് ഉച്ച കഴിഞ്ഞ് 2.45ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. 28ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് വൈകുന്നേരം 5.30നാണ് ട്രെയിന്‍ തിരികെ പുറപ്പെടുക.
29ന് രാത്രി 11.30ന് ചെര്‍ലപ്പള്ളിയില്‍ എത്തും. നാഗര്‍കോവിലില്‍ നിന്നു തിരുവനന്തപുരം വഴി മംഗളൂരു ജംക്ഷനിലേക്കുള്ള ട്രെയിന്‍ 27ന് രാവിലെ 11.40ന് പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് മംഗളൂരുവില്‍ എത്തും. 1.10നാണ് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തുക. വര്‍ക്കല ശിവഗിരി, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, കാസര്‍ഗോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
28ന് രാവിലെ എട്ടിന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.25ന് തിരുവനന്തപുരത്തും 10.05ന് നാഗര്‍കോവിലിലും എത്തും. ഇന്നു മുതല്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. തൃശൂര്‍ - ഗുരുവായൂര്‍ പ്രതിദിന പാസഞ്ചര്‍ 26ന് വൈകുന്നേരം 6.10ന് ഗുരുവായൂരില്‍നിന്ന് പുറപ്പെട്ട് 6.50ന് തൃശൂരില്‍ എത്തും. തിരികെ തൃശൂരില്‍നിന്ന് രാത്രി 8.10ന് പുറപ്പെട്ട് 8.45ന് ഗുരുവായൂരില്‍ എത്തും.11 ജനറല്‍ കോച്ചുകളും എട്ട് സ്ലീപ്പര്‍ കോച്ചുകളും വീതമാണ് അമൃത് ഭാരത് സര്‍വീസുകള്‍ക്കുള്ളത്.
1740 പേര്‍ക്കു യാത്ര ചെയ്യാന്‍ കഴിയും. മികച്ച ഇന്റീരിയര്‍, ജനറല്‍ കോച്ചുകളിലും കുഷന് സീറ്റുകള്‍, സിസിടിവി കാമറകള്‍, അഗ്നിരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. അന്ത്യോദയ ട്രെയിനുകളിലെ പോലെ പ്രത്യേക നിരക്കാണ് അമൃത് ഭാരത് ട്രെയിനുകള്‍ക്കും. ജനറല്‍ കോച്ചില്‍ 50 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്കു 35 രൂപയും സ്ലീപ്പര്‍ ക്ലാസില്‍ 200 കിലോമീറ്റര്‍ വരെ 149 രൂപയുമാണു അടിസ്ഥാന ടിക്കറ്റ് നിരക്ക്.
Kerala
പരവൂർ: സംസ്ഥാനത്ത് ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ട അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് നിരവധി സവിശേഷതകൾ.
എസി കോച്ചുകൾ ഇല്ലാത്ത സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് എന്നതാണ് ഏറ്റവും വലിയ സവിശേഷത. അമൃത് ഭാരത് എക്സ്പ്രസ് പ്രധാനമായും നോൺ-എസി സ്ലീപ്പർ, ജനറൽ ക്ലാസുകൾ മാത്രമുള്ള ദീർഘദൂര ട്രെയിനുകളാണ്.
800 കിലോമീറ്ററിലധികം ദൂരമുള്ള അല്ലെങ്കിൽ 10 മണിക്കൂറിലധികം യാത്രാസമയമുള്ള നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക എന്നുള്ളതാണ് അമൃത് ഭാരതിലൂടെ റെയിൽവേ ലക്ഷ്യം വയ്ക്കുന്നത്. ഇത്തരം ട്രെയിനുകളുടെ മുന്നിലും പിന്നിലും ഓരോ ലോക്കോമോട്ടീവുകൾ ഘടിപ്പിച്ചിരിക്കും. നിലവിൽ 22 കോച്ചുകളാണ് ഉള്ളത്, ഇതിൽ 10 സ്ലീപ്പർ കോച്ചുകളും 10 ജനറൽ കോച്ചുകളും രണ്ട് പാഴ്സൽ വാനുകളും ഉൾപ്പെടുന്നു.
സിസിടിവി കാമറകൾ, ബയോ വാക്വം ടോയ്ലറ്റുകൾ, സെൻസർ അധിഷ്ഠിത വാട്ടർ ടാപ്പുകൾ, ചാർജിംഗ് പോയിന്റുകൾ, റീഡിംഗ് ലൈറ്റുകൾ എന്നിവ ഇതിലുണ്ട്. യാത്രയ്ക്കിടയിലുള്ള കുലുക്കം ഒഴിവാക്കുന്നതിനായി ‘സെമി-പെർമനന്റ് കപ്ലറുകൾ’ ഉപയോഗിച്ചിരിക്കുന്നു.
1,000 കിലോമീറ്ററിന് ഏകദേശം 500 രൂപയാണ് സ്ലീപ്പർ ക്ലാസ് നിരക്ക്. കൂടാതെ അമൃത് ഭാരതിൽ സ്ലീപ്പർ ക്ലാസിൽ ആർഎസി ടിക്കറ്റുകൾ ഉണ്ടാകില്ല; ടിക്കറ്റുകൾ കൺഫേം ആകുകയോ വെയ്റ്റിംഗ് ലിസ്റ്റിൽ ആകുകയോ ചെയ്യും.
Kerala
പരവൂർ: ചരക്കുനീക്കത്തിനു ‘ട്രക്ക്സ് ഓൺ ട്രെയിൻസ്’ എന്ന പേരിൽ പുതിയ സേവനം പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ.
സമർപ്പിത ചരക്ക് ഇടനാഴികളിലൂടെ പ്രത്യേകം പരിഷ്കരിച്ച് നിർമിച്ച ഫ്ലാറ്റ് വാഗണുകളിൽ ലോഡ് ചെയ്ത ട്രക്കുകൾ കൊണ്ടുപോകാൻ അനുവദിക്കുന്നതാണ് ഈ സേവനം. ഇതുവഴി ദീർഘവും തിരക്കേറിയതുമായ ഹൈവേ യാത്രകൾ ട്രക്കുകൾക്ക് ഒഴിവാക്കാൻ കഴിയും. മാത്രമല്ല, അതിവേഗം ചരക്കുകൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാനും സാധിക്കുമെന്ന നേട്ടവുമുണ്ട്.
നിലവിൽ വെസ്റ്റേൺ റെയിൽവേയിലെ സമർപ്പിത ചരക്ക് ഇടനാഴിയിൽ ന്യൂറെവാരിക്കും ന്യൂ പാലൻപുരിനും മധ്യേയാണ് ട്രക്ക്സ് ഓൺ ട്രെയിൻസ് (ടിഒടി) സേവനം ആരംഭിച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനം പുരോഗമിക്കുന്നത് അനുസരിച്ച് ഇത് കൂടുതൽ സോണുകളിലേക്കു വ്യാപിപ്പിക്കാനാണു റെയിൽവേ ലക്ഷ്യമിടുന്നത്.
ന്യൂ പാലൻപുർ - ന്യൂ റെവാരി ഇടനാഴിയിൽ ഇപ്പോൾ ആരംഭിച്ചിട്ടുള്ള സേവനം ഏകദേശം 636 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. ഇത് റോഡ് വഴിയുള്ള എൻഡ് ടു എൻഡ് ഗതാഗത സമയം 30 മണിക്കൂറിൽനിന്ന് ടിഒടി സേവനം വഴി 12 മണിക്കൂറായി കുറയ്ക്കാൻ സാധിക്കും. ഇതു സമയവും ലോജിസ്റ്റിക്സ് ചെലവും കുറയ്ക്കുമെന്നാണു റെയിൽവേയുടെ വിലയിരുത്തൽ. മാത്രമല്ല, ആൾക്കാരുടെ വിശ്വാസ്യത വർധിക്കുമെന്നും അധികൃതർ കണക്കുകൂട്ടുന്നു. ഇതുകൂടാതെ ഹൈവേ ഗതാഗതത്തിൽ അനുദിനം സംഭവിക്കുന്ന അനിശ്ചിതത്വങ്ങളിൽനിന്നു ദീർഘദൂര ചരക്കുനീക്കത്തെ സംരക്ഷിക്കാനും പുതിയ സേവനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.
ടിഒടിയുടെ പ്രധാന ആകർഷണം അതിന്റെ ലളിതവും മത്സരാധിഷ്ഠിതവുമായ വിലനിർണയ ഘടനയാണ്. സുതാര്യമായ ഭാര സ്ലാബുകളിലാണ് ചരക്കുകൾക്ക് ചാർജ് ഈടാക്കുന്നത്.
25 ടൺ വരെയുള്ള ട്രക്കുകൾക്ക് ഒരു വാഗണിന് 25, 543 രൂപയാണ് ജിഎസ്ടി അടക്കമുള്ള നിരക്ക് 25 മുതൽ 45 വരെ ടണ്ണിന് 29, 191 രൂപയും 45 മുതൽ 58 വരെ ടണ്ണിന് 32,000 രൂപയുമാണ് ഈടാക്കുന്നത്. ക്ഷീരമേഖലയെ കൂടുതൽ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി പാൽ ടാങ്കറുകളിൽനിന്നു ജിഎസ്ടി ഈടാക്കുന്നുമില്ല.
Kerala
പരവൂർ: ദക്ഷിണ റെയില്‍വേയുടെ പരിധിയിൽ വിവിധ ട്രെയിനുകള്‍ക്ക് 109 സ്റ്റോപ്പുകള്‍ പുതുതായി അനുവദിച്ച് ഉത്തരവിറങ്ങി.
കേരളത്തില്‍ 24 സ്റ്റോപ്പുകളാണ് അനുവദിച്ചത്. ഈ മാസം 26 മുതല്‍ ചെന്നൈ-എഗ്മോര്‍ എക്സ്പ്രസിന് അമ്പലപ്പുഴയിലും എറണാകുളം-കായംകുളം മെമുവിന് ഏറ്റുമാനൂരിലും നിലമ്പൂര്‍-കോട്ടയം എക്സ്പ്രസിന് തുറവൂരിലും വല്ലപ്പുഴയിലും മധുര-ഗുരുവായൂര്‍ എക്സ്പ്രസിന് ചെറിയനാടും തൃശൂര്‍-കണ്ണൂര്‍ എക്സ്പ്രസിന് കണ്ണൂര്‍ സൗത്തിലും തൂത്തുക്കുടി-പാലക്കാട് പാലരുവി എക്സ്പ്രസിനു കിളികൊല്ലൂരിലും ചെന്നൈ-പാലക്കാട് എക്സ്പ്രസിന് കൊല്ലങ്കോടും സ്റ്റോപ്പുകള്‍ അനുവദിച്ചു.
27 മുതല്‍ നാഗര്‍കോവില്‍-ഗാന്ധിധാം എക്സ്പ്രസിന് പരപ്പനങ്ങാടിയിലും പുനലൂര്‍-മധുര എക്സ്പ്രസിന് ബാലരാമപുരത്തും എറണാകുളം-പൂന എക്സ്പ്രസിന് വടകരയിലും സ്റ്റോപ്പ് ഉണ്ടാകും. 28 മുതല്‍ നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസിന് ധനുവച്ചപുരത്തും പൂനൈ എറണാകുളം എക്സ്പ്രസിന് വടകരയിലും ഹിസാര്‍-കോയമ്പത്തൂര്‍ എക്സ്പ്രസിന് തിരൂരിലും പുതുതായി സ്റ്റോപ്പ് ഉണ്ടാകും.
29 മുതല്‍ തിരുവനന്തപുരം നോര്‍ത്ത്-ഭാവ്നഗര്‍ എക്സ്പ്രസിന് വടകരയിലും 31 മുതൽ കോയമ്പത്തൂര്‍-ഹിസാര്‍ എക്സ്പ്രസിന് തിരൂരിലും സ്റ്റോപ്പുകളുണ്ടാകും. ഫെബ്രുവരി രണ്ട് മുതല്‍ തിരുവനന്തപുരം-വെരാവല്‍ എക്സ്പ്രസിന് പരപ്പനങ്ങാടിയിലും വടകരയിലും പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.
Kerala
പരവൂർ: കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകളും പ്രതിവാര ട്രെയിനുകൾ ആയി ഓടും. ഇവയുടെ സമയക്രമം റെയിൽവേ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്ത് നാളെ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രേ മോദി ട്രെയിനുകളുടെ ഉദ്ഘാടനം നിർവഹിക്കും.
താംബരം - തിരുവനന്തപുരം ട്രെയിൻ ബുധനാഴ്ചകളിൽ വൈകുന്നേരം 5.30 ന് താംബരത്തുനിന്ന് പുറപ്പെട്ട് വ്യാഴം രാവിലെ എട്ടിന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരികെയുള്ള സർവീസ് വ്യാഴം രാവിലെ 10.40ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് അന്നുതന്നെ രാത്രി 11.45ന് താംബരത്ത് എത്തും. നാഗർകോവിൽ, തിരുനെൽവേലി, മധുര വഴിയാണ് സർവീസ് നടത്തുക.
ഹൈദരാബാദ് - തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) അമൃത് ഭാരത് എക്സ്പ്രസ് ചൊവ്വാഴ്ചകളിൽ രാവിലെ 7.15ന് ഹൈദരാബാദിലെ ചർലപ്പള്ളിയിൽനിന്ന് പുറപ്പെട്ട് ബുധൻ ഉച്ചകഴിഞ്ഞ് 2.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്കട്രെയിൻ ബുധനാഴ്ചകളിൽ വൈകുന്നേരം 5.30ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് വ്യാഴം രാത്രി 11.30ന് ചർലപ്പള്ളിയിൽ എത്തും. കൊല്ലം, കോട്ടയം, തൃശൂർ, സേലം വഴിയാണ് സർവീസ്.
നാഗർകോവിൽ - മംഗളൂരു ജംഗ്ഷൻ അമൃത് ഭാരത് ട്രെയിൻ ചൊവ്വാഴ്ചകളിൽ രാവിലെ 11.30ന് നാഗർകോവിലിൽനിന്ന് പുറപ്പെട്ട് ബുധൻ പുലർച്ചെ അഞ്ചിന് മംഗളൂരുവിൽ എത്തും. തിരികെയുള്ള സർവീസ് ബുധൻ രാവിലെ എട്ടിന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് അന്നുതന്നെ രാത്രി 10.05ന് നാഗർകോവിലിൽ എത്തും. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ വഴിയാണ് സർവീസ് നടത്തുക.
Kerala
പരവൂർ: കേരളത്തിനു പുതുതായി ഒരു പാസഞ്ചർ ട്രെയിൻ അനുവദിച്ച് റെയിൽവേ. തൃശൂർ- ഗുരുവായൂർ റൂട്ടിൽ പ്രതിദിന പാസഞ്ചർ (56115 /56116) ട്രെയിനാണ് അനുവദിച്ചത്. ഏറ്റവും അനുയോജ്യമായ ദിവസം മുതൽ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേയുടെ അറിയിപ്പിൽ പറയുന്നു.
ഗുരുവായൂരിൽനിന്ന് വൈകുന്നേരം 6.10 ന് പുറപ്പെടുന്ന ട്രെയിൻ 6.50 ന് തൃശൂരിൽ എത്തും. തിരികെയുള്ള സർവീസ് തൃശൂരിൽനിന്നു രാത്രി 8.10 ന് പുറപ്പെട്ട് 8.45 ന് ഗുരുവായൂരിൽ എത്തും.
Kerala
പരവൂർ: സംസ്ഥാനത്ത് 15 ട്രെയിനുകൾക്കു വിവിധ സ്റ്റേഷനുകളിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്.
തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്റ്റോപ്പുകൾ ഉടൻ പ്രാബല്യത്തിലാകുമെന്നാണ് വിവരം. ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസിന് അമ്പലപ്പുഴയിൽ സ്റ്റോപ്പ് അനുവദിച്ചു. നിലമ്പൂർ റോഡ് - കോട്ടയം എക്സ്പ്രസ് തുവ്വൂർ, വലപ്പുഴ സ്റ്റേഷനുകളിൽ നിർത്തും. മധുരൈ-ഗുരുവായൂർ എക്സ്പ്രസ് ചെറിയനാട് സ്റ്റേഷനിൽ നിർത്തും. തിരുവനന്തപുരം സെൻട്രൽ - വെരാവൽ എക്സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു.
നാഗർകോവിൽ - ഗാന്ധിധാം പ്രതിവാര എക്സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷനിൽ നിർത്തും. ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസിന് പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകും. നാഗർകോവിൽ-കോട്ടയം എക്സ്പ്രസ്: ധനുവച്ചപുരം സ്റ്റേഷനിൽ നിർത്തും.
തൃശൂർ - കണ്ണൂർ എക്സ്പ്രസ്: കണ്ണൂർ സൗത്ത് സ്റ്റേഷനിൽ നിർത്തും. പുനലൂർ-മധുരൈ എക്സ്പ്രസ്: ബാലരാമപുരം സ്റ്റേഷനിലും നിർത്തും. തൂത്തുക്കുടി-പാലക്കാട് പാലരുവി എക്സ്പ്രസ്: കിളികൊല്ലൂർ സ്റ്റേഷനിൽ നിർത്തും.
തിരുവനന്തപുരം നോർത്ത്(കൊച്ചുവേളി ) - ഭാവ്നഗർ എക്സ്പ്രസ്, 22149, 22150 എറണാകുളം-പുണെ എക്സ്പ്രസ് എന്നിവ വടകര സ്റ്റേഷനിൽ നിർത്തും.
എറണാകുളം-കായംകുളം മെമുവിന് ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകും. ഹിസാർ-കോയമ്പത്തൂർ എക്സ്പ്രസ് തിരൂർ സ്റ്റേഷനിൽ നിർത്തും. ചെന്നൈ സെൻട്രൽ - പാലക്കാട് എക്സ്പ്രസ് കൊല്ലങ്കോട് സ്റ്റേഷനിൽ നിർത്തും. നിലമ്പൂർ റോഡ് ഷൊർണൂർ മെമു തുവ്വൂർ സ്റ്റേഷനിൽ നിർത്തുമെന്നും അറിയിപ്പിൽ പറയുന്നു.
Kerala
തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയായിലെ തീപിടിത്തത്തിന്റെ നഷ്ടം കണക്കാക്കാനുള്ള പരിശോധനകൾ ഇന്നും ചൊവ്വാഴ്ചയുമായി നടക്കും.
കത്തിനശിച്ച വാഹനങ്ങളുടെ കാലപ്പഴക്കം കണ്ടെത്താനുള്ള പരിശോധനയാണ് ആദ്യം നടക്കുക. അതിനുശേഷമേ വാഹനങ്ങളുടെ നിലവിലെ വില നിശ്ചയിക്കാനാകൂ. പരിശോധനകൾക്ക് ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ നേതൃത്വം നല്‍കും. തീ പിടിത്തത്തിനുള്ള യഥാർഥ കാരണം കണ്ടെത്താനുള്ള പരിശോധനകൾ പോലീസിന്റെയുംകൂടെ സഹായത്തോടെ നിർവഹിക്കും.
നന്പർ പ്ലേറ്റുകളടക്കം കത്തിപ്പോയതിനാൽ വാഹനങ്ങളുടെ ചേസ് നമ്പർ പരിശോധിച്ച് രജിസ്ട്രേഷൻ നമ്പർ കണ്ടെത്തിവേണം കാലപ്പഴക്കം നിർണയിക്കാൻ. മൂന്നൂറോളം വാഹനങ്ങൾ കത്തിനശിച്ചെന്നാണു പ്രാഥമിക നിഗമനം.
തീപിടിത്ത അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇത്രയും വാഹനങ്ങളുടെ ചേസ് നന്പർ പരിശോധിക്കാൻ രണ്ടുദിവസമെങ്കിലും വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനങ്ങൾ കത്തിനശിച്ചവരുടെ പരാതികൾ ഇനിയും ലഭിക്കാനുണ്ട്. അതിനുശേഷമേ യഥാർഥ നഷ്ടം കണക്കാക്കാനാകൂ. തുടർന്ന് റെയിൽവേ സാമഗ്രികളുടെ നഷ്ടവും റെയിൽവേയുടെകൂടെ സഹായത്തോടെ കണക്കാക്കും.
പാർക്കിംഗ് കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളുലൊന്നിനു തീപിടിച്ചതിനു പിന്നാലെ മറ്റു വാഹനങ്ങളിലേക്കു പടർന്നെന്നും പാർക്കിംഗ് കേന്ദ്രത്തിന് അടുത്തുള്ള റെയിൽവേ ഇലക്ട്രിക് ലൈനിലുണ്ടായ തീപ്പൊരു മൂടിയിട്ടിരുന്ന വാഹനത്തിൽ പതിച്ച് തീപിടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികളുടെ മൊഴികളുണ്ട്. ഇത് പോലീസ് പരിശോധിക്കും.
റെയിൽവേ ഇലക്ട്രിക് ലൈനിൽനിന്ന് നിയമപ്രകാരം പാലിക്കേണ്ട അകലം പാർക്കിംഗ് ഏരിയയ്ക്ക് ഇല്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഇതു വിശദമായി പരിശോധിക്കും. പാർക്കിംഗ് കരാർ, പാർക്കിംഗ് ഏരിയായിൽ ഒരുക്കിയിരുന്ന സുരക്ഷാ സംവിധാനങ്ങൾ, തീപിടിത്തം തടയാനായി ജീവനക്കാർക്കു പരിശീലനം നല്‍കിയിട്ടുണ്ടോ തുടങ്ങിയവയും പരിശോധനയുടെ ഭാഗമാകും.
തീപിടിത്ത സാഹചര്യങ്ങൾ ഒഴിവാക്കാൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ എല്ലാ നിർമാണ പ്രവർത്തനങ്ങളും സമഗ്രമായി പരിശോധിക്കാനും പദ്ധതിയുണ്ട്. റെയിൽവേ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് പരാതിയുയർന്ന സാഹചര്യത്തിലാണിത്.
റെയിൽവേ സ്റ്റേഷനിലെ താത്കാലികമായുള്ളതടക്കമുള്ള നിർമാണങ്ങൾ നിയമാനുസൃതമാണോയെന്നും സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെയെന്നു പരിശോധന നടത്താൻ കോർപറേഷൻ സെക്രട്ടറി തൃശൂർ റെയിൽവേ സ്റ്റേഷൻ മാനേജർക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്.
Kerala
മാവേലിക്കര: തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിന്റെ പൂർണ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
ഏകദേശം 500 ൽ അധികം ബൈക്കുകൾ പൂർണമായും കത്തിനശിച്ചതിന് റെയിൽവേ ഭരണകൂടത്തിന്റെയും കരാറുകാരുടെയും ഗുരുതര അനാസ്ഥയാണ് കാരണം. ഹെവി ലോഡ് ഇലക്ട്രിക് ലൈനിന് നേരെ താഴെയായി, മെറ്റൽ ഷീറ്റ് കവർ ഉപയോഗിച്ച് പാർക്കിംഗ് ഷെഡ് നിർമിച്ചതും, അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാതിരുന്നതുമാണ് അപകടത്തിന് വഴിവച്ചതെന്നും കൊടിക്കുന്നിൽ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
യാത്രക്കാർ റെയിൽവേ ഏകപക്ഷീയമായി നിശ്ചയിച്ച ഭാരിച്ച പാർക്കിംഗ് ഫീസ് അടച്ചുകൊണ്ടാണ് സ്റ്റേഷനിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തിൽ, വാഹനങ്ങൾ കത്തി നശിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് റെയിൽവേയ്ക്കും കരാറുകാരർക്കും കൈയൊഴിയാൻ ഒരിക്കലും കഴിയില്ല. പണമടച്ച് സേവനം ഉപയോഗിക്കുന്ന യാത്രക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് റെയിൽവേയുടെ നിയമപരവും നൈതികവുമായ ബാധ്യതയാണ്.
ഇലക്ട്രിക് ലൈനുകളുടെ കീഴിൽ അപകടകരമായ രീതിയിൽ പാർക്കിംഗ് ഷെഡുകൾ അനുവദിച്ചതും, ആവശ്യമായ ഇൻസുലേഷൻ, ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഒരുക്കാതിരുന്നതും ഗുരുതര വീഴ്ചയാണ്. ഇതുമൂലം ആയിരക്കണക്കിന് ഇരുചക്രവാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിരിക്കുകയാണ്. അതിന്റെ പൂർണ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കണം.
ഈ ഗുരുതര സംഭവത്തിൽ ഉന്നതതല നടപടി സ്വീകരിക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന റെയിൽവേ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരെ കർശന നടപടി സ്വീകരിക്കണം.
അതോടൊപ്പം, ബൈക്കുകളുടെ ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം അടിയന്തരമായി നൽകണം. ഇനിയും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ, റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ് കേന്ദ്രങ്ങളിൽ സമഗ്ര സുരക്ഷാ ഓഡിറ്റ് നടത്തുകയും, ഹെവി ലോഡ് ഇലക്ട്രിക് ലൈനുകൾക്ക് സമീപമുള്ള എല്ലാ അപകടകരമായ നിർമാണങ്ങളും ഉടൻ നീക്കം ചെയ്യുകയും വേണമെന്നും കൊടിക്കുന്നിൽ സുരേഷ് കുറിച്ചു.
National
ന്യൂഡൽഹി: ജനുവരി 14 മുതൽ മൂന്നു മാസത്തേക്കു റെയിൽവൺ ആപ്പ് വഴിയുള്ള ജനറൽ ടിക്കറ്റുകൾക്കു മൂന്നു ശതമാനം ഡിസ്കൗണ്ട് നൽകുമെന്നു റെയിൽവേ. ഓൺലൈൻ വഴിയാകണം പണമിടപാട്.
ആപ്പിലെ ആർ-വാലറ്റ് ഉപയോഗിച്ചുള്ള ജനറൽടിക്കറ്റുകൾക്ക് ഇപ്പോൾ മൂന്നുശതമാനം ഇളവ് നൽകുന്നുണ്ട്.
National
ചെന്നൈ: രാമേശ്വരം റെയിൽവെ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടി. റെയിൽവെ പോലീസാണ് കഞ്ചാവ് പിടികൂടിയത്. 10 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.
ഇന്ന് പുലർച്ചെയാണ് സംഭവം. ഭുവനേശ്വർ എക്പ്രസിലെ കോച്ചിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തുകയായിരുന്നു.
അഞ്ച് പാക്കറ്റുകളിലായാണ് കഞ്ചാവ് ഉണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം തുടരുന്നതായി റെയിൽവെ പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: യാത്രടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ഡിസംബർ 26 മുതൽ നിരക്ക് വർധന നിലവിൽ വരും. ഇതിലൂടെ 600 കോടി രൂപയുടെ അധിക വരുമാന വർധനവാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
215 കിലോ മീറ്ററിൽ കൂടുതലുള്ള യാത്രക്കാണ് ടിക്കറ്റ് നിരക്ക് വർധനയുണ്ടാവുക. പാസഞ്ചർ ട്രെയിനുകളിൽ ഒരു പൈസയും മെയിൽ/എക്സ്പ്രസ് നോൺ എസി, എസി കോച്ചുകളിലെ യാത്രകൾക്ക് കിലോ മീറ്ററിന് രണ്ട് പൈസയുമാവും വർധന.
215 കിലോ മീറ്റർ വരെയുള്ള യാത്രകൾക്ക് ടിക്കറ്റ് നിരക്കിൽ വർധന വരുത്തിയിട്ടില്ല. ഇതിന് പുറമേ നോൺ എസി കോച്ചിൽ 500 കിലോ മീറ്റർ യാത്ര ചെയ്യുന്നവർ 10 രൂപ അധികമായി നൽകണം.
മധ്യ-താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ സബർബൻ, സീസൺ ടിക്കറ്റ് നിരക്കുകൾ റെയിൽവേ വർധിപ്പിച്ചിട്ടില്ല.
2018ന് ശേഷം ഇന്ത്യയിൽ റെയിൽവേ നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും നടത്തിപ്പ് ചെലവ് വർധിച്ചതിനാലാണ് ഇപ്പോൾ ചാർജ് കൂട്ടുന്നതെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.
Kerala
തൃശൂര്‍: ക്രിസ്മസ്, ന്യൂ ഇയര്‍ സീസണ് പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയിൽവേ. ഈ മാസം 20 മുതല്‍ നാല് ശനിയാഴ്ചകളില്‍ വഡോദരയില്‍ നിന്ന് കോട്ടയത്തേക്ക് സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. വഡോദരയില്‍ നിന്ന് ശനിയാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി ഏഴിനാണ് കോട്ടയത്ത് എത്തുക.
ഞായറാഴ്ചകളില്‍ രാത്രി ഒമ്പതിന് കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് ചൊവ്വാഴ്ച രാവിലെ ആറരയ്ക്ക് വഡോദരയില്‍ എത്തും. കാസര്‍ഗോഡ്, കണ്ണൂര്‍, തലശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
തെലങ്കാനയിലെ ചെര്‍ലപ്പള്ളിയില്‍ നിന്ന് മംഗലൂരുവിലേക്ക് ഈ മാസം 24നും 28നും സ്പെഷല്‍ ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. ചെര്‍ലപ്പള്ളിയില്‍ നിന്ന് രാത്രി പതിനൊന്നരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ രണ്ടാം ദിവസം രാവിലെ 6.05ന് മംഗലൂരുവിലെത്തും.
26നും 30നും രാവിലെ 9.55ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് പിറ്റേന്ന് വൈകീട്ട് അഞ്ചിന് ചെര്‍ലപ്പള്ളിയിലെത്തും. കേരളത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.
Kerala
തൃശൂർ: കേരളത്തിലെ റെയിൽവേ വികസനത്തിന് 3,100 കോടി രൂപ നേരത്തേ അനുവദിച്ചിട്ടുണ്ടെന്നു റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി (പിഎസി) ചെയർമാൻകൂടിയായ പി.കെ. കൃഷ്ണദാസ്. തൃശൂർ റെയിൽവേ സ്റ്റേഷനുമാത്രം 460 കോടി രൂപ വകയിരുത്തി. വിമാനത്താവള മാതൃകയിലുള്ള നിർമിതി എട്ടു റെയിൽവേ സ്റ്റേഷനുകളിൽ നടപ്പാക്കും.
മംഗലാപുരം -ഷൊർണൂർ റെയിൽപ്പാത നാലുവരിയും ഷൊർണൂർ - എറണാകുളം പാത മൂന്നുവരിയും ഷൊർണൂർ- കന്യാകുമാരി പാത നാലുവരിയുമാക്കും. ട്രെയിന്റെ വേഗത്തിനു തടസംനിൽക്കുന്ന വളവും തിരിവുമുള്ള ട്രാക്കുകൾ നേരെയാക്കാൻ പ്രോജക്ട് സമർപ്പിച്ചിട്ടുണ്ട്.
വന്ദേഭാരതിൽ സ്ലീപ്പർക്ലാസ് കൊണ്ടുവരും. ഹ്രസ്വദൂരസർവീസിനുവേണ്ടി കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുന്നതിനുപകരം കൂടുതൽ മെമു ട്രെയിനുകൾ അനുവദിക്കും. ലെവൽക്രോസിനു പകരം ഓവർബ്രിഡ്ജ് സംവിധാനം നടപ്പാക്കും. ഇതിനായുള്ള ശ്രമങ്ങൾ സംസ്ഥാനസർക്കാർ വേണ്ടവിധം നടത്തിയിട്ടില്ലെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
Sports
ലക്നോ: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് രണ്ടാം റൗണ്ട് പോരാട്ടത്തില്‍ കേരളം ഇന്ന് റെയില്‍വേസിനെ നേരിടും. ആദ്യ മത്സരത്തില്‍ കേരളം 10 വിക്കറ്റിന് ഒഡീഷയെ കീഴടക്കിയിരുന്നു.
Kerala
പരവൂർ: ട്രെയിൻ യാത്രയിൽ ഉറങ്ങിപ്പോയാൽ യാത്രക്കാരനെ വിളിച്ചുണർത്താൻ സംവിധാനവുമായി റെയിൽവേ. ദീർഘദൂര ട്രെയിനുകളിൽ വിവിധ കാറ്റഗറികളിൽ റിസർവ് ചെയ്ത് യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ സംവിധാനം
നേരത്തേ തന്നെ പ്രാബല്യത്തിലുള്ള ഈ സംവിധാനം അധികം ആർക്കും അറിയില്ലെന്നതാണ് യാഥാർഥ്യം. പുലർച്ചെ മൂന്നിന് നിങ്ങൾക്ക് നിർദിഷ്ട സ്റ്റേഷനിൽ എത്തണം. വണ്ടി കൃത്യസമയത്ത് എത്തു മോ? ഉറങ്ങിപ്പോയാൽ സ്റ്റേഷൻ മിസ് ആകുമാ? ഇത്തരം ആശങ്കകൾ ഒന്നും ഇനി യാത്രക്കാർക്ക് വേണ്ട. റെയിൽവ തന്നെ നിങ്ങളെ ഇറങ്ങേണ്ട സ്റ്റേഷൻ എത്താറാകും മുമ്പ് കൃത്യമായി വിളിച്ചുണർത്തും.
രാത്രി യാത്രക്കാരിൽ ഭൂരിഭാഗം പേരും അനുഭവിക്കുന്ന ഏറ്റവും വലിയ ടെൻഷൻ ആണ് കണ്ണ് തുറക്കുമ്പോൾ ഇറങ്ങേണ്ട സ്റ്റേഷൻ കഴിഞ്ഞു പോയിട്ടുണ്ടാകും എന്നത്. ഇതിന് പരിഹാരമായി ഇന്ത്യൻ റെയിൽവേയുടെ ഹെൽപ്പ് ലൈൻ ടോൾഫ്രീ നമ്പരായ 139 ൽ ഒരു "ഡെസ്റ്റിനേഷൻ അലർട്ട്’ എന്ന സംവിധാനമുണ്ട്. യാത്രക്കാരന് ഇറങ്ങേണ്ട സ്റ്റേഷൻ എത്തുന്നതിന് 30 മിനിറ്റ് മുമ്പ് അവരുടെ ഫോണിലേക്ക് ഒരു ഓട്ടോമേറ്റഡ് വേക്കപ്പ് കോൾ വരുന്ന സംവിധാനമാണിത്.
ഇത് യാത്രക്കാരന് നിഷ്പ്രയാസം ആക്ടിവേറ്റ് ചെയ്യാം. ആദ്യം 139 എന്ന നമ്പരിലേക്ക് വിളിക്കുക. തുടർന്ന് മെനുവിൽ നിന്ന് ഡെസ്റ്റിനേഷൻ അലർട്ട് ഓപ്ഷൻ തെരഞ്ഞെടുക്കുക. സാധാരണയായി ഏഴ് ആണ് ഡെസ്റ്റിനേഷൻ ഓപ്ഷൻ നമ്പർ. തുടർന്ന് നിങ്ങളുടെ യാത്രാ ടിക്കറ്റിന്റെ പത്ത് അക്ക നമ്പർ നൽകി സ്ഥിരീകരിച്ചാൽ മാത്രം മതി. ഇത് കൂടാതെ എസ്എംഎസ് വഴി അലർട്ട് <പിഎൻആർ നമ്പർ> എന്ന് ടൈപ്പ് ചെയ്ത് 139 ലേക്ക് സന്ദേശം അയച്ചും ഈ സേവനം ആക്ടിവേറ്റ് ആക്കാം.
ഈ രണ്ട് രീതികളിൽ ഏതെങ്കിലും ആക്ടിവേറ്റ് ചെയ്ത് കഴിഞ്ഞാൽ നിങ്ങളൾക്ക് ഇറണ്ടേണ്ട സ്റ്റേഷൻ എത്തുന്നതിന് 30 മിനിറ്റ് മുമ്പ് ഫോണിലേക്ക് ഓട്ടോമേറ്റഡ് കോൾ വരും. നിങ്ങൾക്ക് ഇറങ്ങേണ്ട സ്റ്റേഷൻ എത്താറായി എന്നതാണ് അതിലെ ശബ്ദ സന്ദേശം. അതോടെ ഇറങ്ങേണ്ടതിനുള്ള തയാറാടുപ്പുകൾ യാത്രക്കാരന് സാവകാശവും ലഭിക്കും.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും പ്രായമായവർക്കും പുലർച്ചെ വിവിധ സ്റ്റേഷനുകളിൽ ഇറങ്ങേണ്ടവർക്കും ഈ സംവിധാനം ഏറെ പ്രയോജനകരമാണെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ (ഐആർസിറ്റിസി) അധികൃതർ വ്യക്തമാക്കി.
Kerala
കൊച്ചി: കേരളത്തിലെ ട്രെയിന്‍ യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി "ഓപ്പറേഷന് രക്ഷിത’യുമായി പോലീസ്. കേരള റെയില്‍വേ പോലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ആംഡ് പോലീസും സംയുക്തമായി നടത്തുന്ന ദൗത്യമാണിത്.
സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. ഇതിന്റെ ഭാഗമായി ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും സ്റ്റേഷന് പരിസരങ്ങളിലും റെയില്‍വേ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയും പരിശോധന കര്‍ശനമാക്കുകയും ചെയ്യും.
മദ്യപിച്ചോ മറ്റു ലഹരികള്‍ ഉപയോഗിച്ചോ റെയില്‍വേ സ്റ്റേഷന് കോമ്പൗണ്ടില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും പിടിക്കപ്പെട്ടാല്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ട്രെയിനുകളില്‍ മദ്യമോ മറ്റു ലഹരിയോ ഉപയോഗിച്ച് സ്ത്രീകള്‍ക്കും മറ്റു സഹയാത്രികര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും കണക്കിലെടുത്താണ് "ഓപ്പറേഷന് രക്ഷിത' നടപ്പിലാക്കിയിട്ടുള്ളത്
District News
പരവൂർ: വർക്കല സംഭവത്തി െ ന്റ പശ്ചാത്തലത്തിൽ ചെറിയ റെയിൽവേ സ്റ്റേഷനുകളിലും ലോക്കൽ പോലീസ് പരിശോധന നടത്താൻ നിർദേശം.തിരക്കേറിയ സമയങ്ങളിൽ ഇനി ലോക്കൽ പോലീസ് അവരുടെ അതിർത്തിയിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ പരിശോധനയ്ക്ക് എത്തും.രാവിലെ എട്ടിനും പത്തിനും മധ്യേയും വൈകുന്നേരം അഞ്ചിനും രാത്രി ഏഴിനും മധ്യേയും ഇത്തരത്തിലുള്ള പോലീസ് പരിശോധന നടത്തും. മാത്രമല്ല ചില പ്രധാന സ്റ്റേഷനുകളിൽ സ്ഥിരം ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കുന്ന കാര്യവും ലോക്കൽ പോലീസി െ ന്റ പരിഗണനയിലുണ്ട്.ഇത് കൂടാതെ ആർപിഎഫ് ഉദ്യോഗസ്ഥരും ചെറിയ സ്റ്റേഷനുകളിൽ ഇടവിട്ട് മിന്നൽ പരിശോധന നടത്തും.
ഇതി െ ന്റ ഭാഗമായി പോലീസി െ ന്റ സ്ഥിരം സാന്നിധ്യമില്ലാത്ത പ്രധാന സ്റ്റേഷനുകളിൽ ആർപിഎഫ് സംഘം എത്തി സ്ഥിതിഗതികൾ പരിശോധിക്കുകയുണ്ടായി. ഏതൊക്കെ ട്രെയിനുകൾ എത്തുമ്പോഴാണ് കൂടുതൽ യാത്രക്കാർ ഉള്ളത് എന്നത് അടക്കമുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ സ്റ്റേഷൻ മാസ്റ്റർമാരിൽ നിന്ന് ശേഖരിച്ചു.
പ്ലാറ്റ്ഫോം ടിക്കറ്റില്ലാതെ നിരവധി ആൾക്കാർ സ്റ്റേഷനുള്ളിൽ കയറി സ്ഥിരമായി തമ്പടിക്കുന്നതായി ആർപിഎഫി െ ന്റ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. യാചക സംഘങ്ങളാണ് ഇവരിൽ ഭൂരിഭാഗവും. ഇത്തരക്കാരെ സ്റ്റേഷൻ പരിസരത്ത് നിന്നും പ്ലാറ്റ്ഫോമുകളിൽ നിന്നും പൂർണമായും ഒഴിവാക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ട്രെയിനുകളിൽ റെയിൽവേ പോലീസിെ ന്റയും ആർപിഎഫിന്റെയും സംയുക്ത പരിശോധനകൾ നടന്നുവരികയാണ്.
ഇതിനായി ഇരു സേനകളിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ സ്റ്റേഷൻ കവാടത്തിലും ടിക്കറ്റ് കൗണ്ടറുകൾക്ക് മുന്നിലും പ്ലാറ്റ്ഫോമുകളിലും പരിശോധനകൾ കർശനമാക്കും.സ്റ്റേഷൻ പരിസരങ്ങളിൽ മദ്യപിച്ച നിലയിൽ കണ്ടെത്തിയാൽ അവരെ ഇനി മുതൽ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല എന്ന് മാത്രമല്ല ഇവർക്ക് എതിരെ കേസ് എടുക്കുകയും ചെയ്യും.
ട്രെയിനുകളിൽ മദ്യപിച്ച നിലയിൽ കണ്ടെത്തിയാൽ അവരെ പിടികൂടി ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനിൽ ഇറക്കും. പിന്നീട് ഇവരെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കേസെടുക്കാനാണ് തീരുമാനം. രാത്രി സർവീസ് നടത്തുന്ന ട്രെയിനുകളിൽ പരിശോധനാ സംഘത്തിൽ വനിതാ പോലീസി െ ന്റ സാന്നിധ്യം നിർബന്ധമായും ഉണ്ടാകണമെന്നും സംസ്ഥാന പോലീസ് മേധാവി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്.
District News
ആലുവ: തിരുവനന്തപുരത്ത് ട്രെയിനിൽ പെൺകുട്ടിക്ക് നേരെയുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനമെട്ടാകെ റെയിൽവെ സ്റ്റേഷനുകളിൽ റെയിൽവേ പോലീസിന്റെയും കേരള പോലീസിന്റെയും സംയുക്ത പരിശോധകൾ നടത്തി. ഇതിന്റെ ഭാഗമായി ആലുവ റെയിൽവേ സ്റ്റേഷനിലും പരിശോധന നടത്തി.
ഇൻസ്പെക്ടർ വേണുവിന്റെയും ഇ.കെ. അനിൽ കുമാറിന്റെയും നേതൃത്വത്തിലായിരുന്നു ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പരിശോധന. സംശയകരമായി കണ്ടവരുടെ ബാഗേജുകൾ പരിശോധിച്ചു.
ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതൽ എത്തുന്ന വിവേക് എക്പ്രസിൽ വന്നിറങ്ങിയ യാത്രക്കാരുടെ ബാഗേജുകൾ പരിശോധിച്ചു. യാത്രക്കാർക്കെതിരേ നടക്കുന്ന അതിക്രമങ്ങൾ തടയാൻ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പരിശോധന തുടരുമെന്നും പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനില്‍ നിന്ന് അക്രമി ചവിട്ടിതള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍. നിലവിൽ ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവില്‍ വെന്റിലേറ്ററിലാണ് ശ്രീക്കുട്ടി.
അതേസമയം ആരോഗ്യനില കൂടുതല്‍ വഷളാകാത്തതിനാല്‍ ഡോക്ടര്‍മാര്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ട്. രണ്ട് ദിവസം ഇതേ സ്ഥിതി തുടര്‍ന്നാല്‍ പതിയെ മെച്ചപ്പെടുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
അബോധാവസ്ഥയിലാണെങ്കിലും ഇടയ്ക്ക് കൈകാലുകള്‍ അനക്കാന്‍ ശ്രമിച്ചു. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറ് ഇളകി മറിഞ്ഞുള്ള ആക്സോണല്‍ ഇന്‍ജുറിയുണ്ടായെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.
Kerala
കൊച്ചി: സമയം രാത്രി 7.50. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എറണാകുളം-ഗുരുവായൂർ പാസഞ്ചർ ട്രെയിൻ എത്തി. ലേഡീസ് ഒൺലി കംപാർട്ട്മെന്റുകൾ രണ്ടെണ്ണമുണ്ട്. അതിലൊന്നിൽ ഏതാനും സീറ്റുകളിൽ സ്ത്രീകൾ. അതിലേക്ക് പ്ലാറ്റ്ഫോമിൽനിന്ന് ഇതരസംസ്ഥാനക്കാരായ ഏതാനും പുരുഷന്മാർ കയറി.
ലേഡീസ് കംപാർട്ട്മെന്റാണിതെന്നു പ്ലാറ്റ്ഫോമിൽനിന്ന് ചിലർ വിളിച്ചു പറയുന്നുണ്ടെങ്കിലും അതൊന്നും ഗൗനിക്കാതെ അവർ സീറ്റുകളിൽ ഇരുപ്പുറപ്പിച്ചു. കംപാർട്ട്മെന്റിലെ വനിതായാത്രക്കാർ പരാതിപ്പെടാൻ പോലീസിനെ തിരക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ അവർ ബഹളം വച്ചതോടെ പുരുഷയാത്രക്കാർ ഇറങ്ങിയോടി....!
ഇത് ഒരു ദിവസത്തെ അനുഭവമല്ലെന്നു രാത്രിയിലെ പാസഞ്ചറിൽ സ്ഥിരമായി യാത്ര ചെയ്യുന്ന സ്ത്രീകൾ പറയുന്നു. സൗമ്യ സംഭവത്തോടെയാണു രാത്രി ട്രെയിനുകളിൽ വനിതാ പോലീസിന്റെ സുരക്ഷ ശക്തമാക്കിയത്. ഏതാനും വർഷം ഇതു തുടർന്നെങ്കിലും മാസങ്ങളായി പോലീസ് സുരക്ഷ വല്ലപ്പോഴും മാത്രമാണെന്നാണു യാത്രക്കാരുടെ പരാതി.
സായുധരായ രണ്ടു വനിതാ പോലീസുകാരെ വനിതാ കംപാർട്ട്മെന്റുകളിൽ സുരക്ഷയ്ക്കു നിയോഗിക്കണമെന്ന് ഹൈക്കോടതി നിർദേശമുണ്ടായിരുന്നു. ട്രെയിനിൽ അപായബട്ടൺ, ഹെൽപ് ലൈൻ എന്നിവയും പ്രഖ്യാപനത്തിലൊതുങ്ങി.
വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കു മേരി സഹേലി പദ്ധതിയിലൂടെ 700 വനിതാ ഉദ്യോഗസ്ഥരെ ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിച്ചതായി റെയിൽവേ നേരത്തെ അറിയിച്ചിരുന്നെങ്കിലും കേരളത്തിലെ പാസഞ്ചർ ട്രെയിനുകളിൽ അതിന്റെ സേവനം എത്തിനോക്കിയിട്ടുപോലുമില്ല. കേരള എക്സ്പ്രസിൽ ശ്രീക്കുട്ടി (22) ആക്രമണത്തിനിരയായ സംഭവത്തിനുശേഷവും എറണാകുളത്തുനിന്നുള്ള രാത്രി പാസഞ്ചറുകളിലെ വനിതാ കംപാർട്ട്മെന്റുകളിൽ സ്ത്രീകളുടെ ആകുലതകളോടെയുള്ള യാത്ര തുടരുന്നു.
ഓർമയില്ലേ സൗമ്യയെ..!ഓർമയില്ലേ സൗമ്യയെ..!
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തുനിന്ന് ഷൊർണൂരിലേക്കു പുറപ്പെട്ട പാസഞ്ചർ ട്രെയിനിലെ യാത്രക്കാരി സൗമ്യ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത് ഇന്നും ട്രെയിൻ യാത്രക്കാരുടെ മനസിലെ സങ്കടമാണ്.
ഒരു കൈയില്ലാത്ത കൊടുംക്രിമിനൽ ഗോവിന്ദച്ചാമിയാണ് സൗമ്യയെ ആക്രമിച്ചു ട്രെയിനിൽനിന്നു തള്ളിയിട്ടത്. അഞ്ചു ദിവസത്തെ ചികിത്സയ്ക്കുശേഷം സൗമ്യ മരിച്ചു. ഗോവിന്ദച്ചാമിയെ ഹൈക്കോടതി വധശിക്ഷയ്ക്കു വിധിച്ചു. സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമാക്കി. അടുത്തിടെ കണ്ണൂർ സെൻട്രൽ ജയിൽനിന്നു ചാടിപ്പോയ ഗോവിന്ദച്ചാമിയെ പിന്നീട് പിടികൂടി. പ്രതി ഇപ്പോൾ വിയ്യൂർ ജയിലിലാണ്.
Kerala
പരവൂർ ( കൊല്ലം): പുതുതായി അനുവദിച്ച എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് എട്ടിനു രാവിലെ 8.15ന് വാരണാസിയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിക്കും. ഇതുമായി ബന്ധപ്പെട്ട് അന്ന് എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഉദ്ഘാടനസമ്മേളനം നടക്കും.
രാവിലെ 7.20ന് നടക്കുന്ന സമ്മേളത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയായി പങ്കെടുക്കും.
മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും. സർവീസ് ആരംഭിക്കുന്ന തീയതി സംബന്ധിച്ച അറിയിപ്പ് ഉടൻ പുറത്തിറങ്ങുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റു മൂന്ന് വന്ദേ ഭാരത് സർവീസുകളുടെ ഉദ്ഘാടനവും ചടങ്ങിൽ പ്രധാനമന്ത്രി നിർവഹിക്കും.
കേരളത്തിനു ലഭിക്കുന്ന മൂന്നാം വന്ദേഭാരത് ട്രെയിനാണിത്. അതേസമയം തിരുവനന്തപുരം ഡിവിഷനു കീഴിലെ നാലാം വന്ദേഭാരതാണെന്ന പ്രത്യേകതയുണ്ട്. കൂടാതെ കേരളത്തെയും കർണാടകയെയും തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ടാം വന്ദേഭാരതും എറണാകുളത്തുനിന്ന് സർവീസ് ആരംഭിക്കുന്ന ആദ്യ വന്ദേഭാരതുമാണ് ഈ ട്രെയിൻ. ബംഗളൂരു മലയാളികൾക്ക് ഏറെ ഉപകാരപ്പെടുന്ന ഈ സർവീസ് യാഥാർഥ്യമാകുന്നതോടെ 11 മണിക്കൂറോളം നീളുന്ന യാത്രാസമയം ഏകദേശം 8.40 മണിക്കൂറായി ചുരുങ്ങും.
ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറു ദിവസമാണ് എറണാകുളം - ബംഗളൂരു വന്ദേഭാരത് സർവീസ് നടത്തുക. ബംഗളൂരുവിൽനിന്ന് രാവിലെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തും.മടക്കയാത്രയിൽ ഉച്ചകഴിഞ്ഞ് 2.20ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11ന് ബംഗളൂരുവിൽ എത്തും.
എറണാകുളം - ബംഗളൂരു റൂട്ടിൽ കേരളത്തിലെ രണ്ട് സ്റ്റോപ്പുകൾ ഉൾപ്പെടെ ഏഴു സ്റ്റോപ്പുകളാണ് ഈ ട്രെയിനുള്ളത്. കേരളത്തിൽ തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലും തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കർണാടകയിലെ കൃഷ്ണരാജപുരം (കെ.ആർ പുരം) എന്നിവയാണ് മറ്റു സ്റ്റോപ്പുകൾ. ബംഗാർപേട്ട്, കുപ്പം, തിരുപ്പത്തൂർ വഴിയായിരിക്കും വന്ദേഭാരത് കടന്നുപോകുക.
Kerala
കൊച്ചി: തീര്‍ഥാടനകേന്ദ്രങ്ങള്‍ കോര്‍ത്തിണക്കിയുള്ള റെയില്‍വേയുടെ യാത്ര ദുരിതപൂര്‍ണമാണെന്ന പരാതിയിൽ തീര്ഥാടകന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്നു ജില്ല ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി.
എറണാകുളം മരട് സ്വദേശി കെ.ബി. സുരേഷ്ബാബു സതേണ്‍ റെയില്‍വേ, ഐആര്‍സിടിസി എന്നിവര്‍ക്കെതിരേ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. തീര്ഥാടകന് നേരിട്ട് നഷ്ടങ്ങള്‍ക്കും അസൗകര്യങ്ങള്‍ക്കും റെയില്‍വേ 73,500 രൂപ നഷ്ടപരിഹാരം നല്‍കാനാണു കോടതി ഉത്തരവ്.
2022 ഡിസംബറില്‍ കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ട് പുരി, വാരാണസി, ഗയ, കൊണാര്‍ക്ക് തുടങ്ങിയ എട്ട് തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് 11 ദിവസം കൊണ്ട് മടങ്ങിവരുമെന്നു പരസ്യം ചെയ്ത് തീര്‍ഥാടകരെ പങ്കെടുപ്പിച്ചു നടത്തിയ യാത്രയില്‍ ആദ്യാവസാനം നേരിട്ട അസൗകര്യങ്ങളും നഷ്ടങ്ങളും ചൂണ്ടിക്കാട്ടിയാണു പരാതിക്കാരന് കോടതിയെ സമീപിച്ചത്.
11 ദിവസത്തെ യാത്ര 20,500 രൂപയ്ക്ക് വാഗ്ദാനം ചെയ്ത ശേഷം ഒമ്പതു ദിവസത്തെ യാത്രയാക്കി ചുരുക്കി. 2022 ഡിസംബര്‍ പത്തിന് രാവിലെ കൊച്ചുവേളിയില്‍നിന്ന് ആരംഭിക്കേണ്ടിയിരുന്ന യാത്ര റെയില്‍വേയുടെ ഓപ്പറേഷണല്‍ പ്രശ്നങ്ങള്‍ കാരണം എറണാകുളം ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഉച്ചയ്ക്കു ശേഷമായി പുനഃക്രമീകരിച്ചിരുന്നു.
എന്നാല്‍, ചെന്നൈയില്‍ ഉണ്ടായ ചുഴലിക്കാറ്റ് കാരണം ട്രെയിന്‍ യാത്ര ഒരു ദിവസത്തിലധികം വൈകിയാണു പുറപ്പെട്ടത്. ട്രെയിന്‍ പുറപ്പെടുന്ന സമയം മാറ്റിയതിനെക്കുറിച്ച് യാത്രക്കാരെ യഥാസമയം അറിയിക്കുന്നതില്‍ ഐആര്‍സിടിസിക്ക് വീഴ്ച പറ്റി. സമയമാറ്റം സംബന്ധിച്ച് യാത്രക്കാര്‍ക്കു മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിരുന്നു എന്ന് തെളിയിക്കാന്‍ എതിര്‍കക്ഷികള്‍ യാതൊരു രേഖയും ഹാജരാക്കിയില്ല.
ട്രെയിന്‍ വൈകിയെത്തിയപ്പോള്‍ യാത്രക്കാര്‍ തിരക്കിട്ട് കയറിയതിനാല്‍ ട്രെയിന്‍ ശരിയായ രീതിയില്‍ വൃത്തിയാക്കാന്‍ സമയം ലഭിച്ചില്ല എന്നും എതിര്കക്ഷികള്തന്നെ സമ്മതിച്ചു. എത്തിച്ചേര്‍ന്ന സ്ഥലങ്ങളില്‍ സൗകര്യപ്രദമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിലടക്കം ഗുരുതര വീഴ്ച സംഭവിച്ചതായും യാത്രക്കാര്‍ക്കു രണ്ട് മണിക്കൂറോളം ബസിനുള്ളില്‍ കഴിയേണ്ടി വന്നതായും ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
പരാതിക്കാരനില്‍നിന്നു തീര്‍ഥയാത്രയ്ക്കായി ഈടാക്കിയ 20,500 രൂപ റെയില്‍വേ തിരികെ നല്‍കണം. കൂടാതെ പരാതിക്കാരനുണ്ടായ വിവിധ നഷ്ടങ്ങള്‍ക്ക് 50,000 രൂപയും കോടതി ചെലവിനത്തില്‍ 3000 രൂപയും 45 ദിവസത്തിനകം നല്‍കണമെന്ന് കോടതി ഉത്തരവ് നല്കി.
District News
കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയില്‍വേ ലൈന്‍ നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനമായി. പൊന്നുംവില നഷ്ടപരിഹാരം നല്കുന്നതിലേക്ക് സ്പെഷല്‍ തഹസില്‍ദാര്‍മാരെയും നിയമിക്കും.
മുന്‍പ് ഈ ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ശബരി റെയില്‍ പദ്ധതി മരവിപ്പിച്ചതോടെ പ്രവര്‍ത്തനം നിലച്ചിരുന്നു. 264 കോടി രൂപ ചെലവില്‍ അങ്കമാലിമുതല്‍ കാലടിവരെ നിര്‍മിച്ച പാതയും കാലടി റെയില്‍വേ സ്റ്റേഷനും ഒരു കിലോമീറ്റര്‍ നീളമുള്ള പെരിയാര്‍ റെയില്‍വേ പാലവും ഉപയോഗ ശൂന്യമായി കിടക്കുന്നു.
കാലടി മുതല്‍ പിഴക് വരെ 70 കിലോമീറ്റര്‍ അളന്നുതിരിച്ചു കല്ലിട്ടിട്ട് 27 വര്‍ഷമായിട്ടും ഭൂവുടമകളുടെ ദുരിതം ഇപ്പോഴും തുടരുകയാണ്. സ്ഥലം ഏറ്റെടുത്തുകൊടുത്താല്‍ വൈകാതെ പണി തുടങ്ങാം എന്ന് റെയില്‍വേ ഉറപ്പുനല്‍കിയിട്ടുണ്ട്.
പിഴക് മുതല്‍ എരുമേലിവരെ അന്തിമ അലൈന്മെന്റ് പൂര്‍ത്തിയാക്കി സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സാമൂഹികാഘാത പഠനവും പ്രദേശവാസികളുടെ യോഗവും ചേരേണ്ടതുണ്ട്. ഇതിലേക്ക് കാഞ്ഞിരപ്പള്ളിയിലും എരുമേലിയിലും ഓഫീസുകള്‍ തുറക്കേണ്ടതുണ്ട്.
Kerala
കൊല്ലം: ചെന്നൈ എഗ്മോറിൽ നിന്ന് രാവിലെ 10.20ന് പുറപ്പെടുന്ന 16127 ഗുരുവായൂർ എക്സ്പ്രസ് 30നും നവംബർ മൂന്നിനും 85 മിനിറ്റ് വൈകിയായിരിക്കും പുറപ്പെടുകയെന്ന് ഭക്ഷിണ റെയിൽവേ അറിയിച്ചു. ഇതേ ട്രെയിൻ നവംബർ ഒന്നിനും 50 മിനിറ്റ് വൈകിയായിരിക്കും ചെന്നൈയിൽ നിന്ന് ഗുരുവായൂർക്ക് പുറപ്പെടുക.
ഇത് കൂടാതെ നവംബർ മൂന്നിന് ഉച്ചയ്ക്ക് 1.15ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 166325 നിലമ്പൂർ റോഡ് - കോട്ടയം എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിക്കും. തൃപ്പൂണിത്തുറയ്ക്കും കോട്ടയത്തിനും മധ്യേ ഈ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
നവംബർ നാലിന് രാവിലെ 5.15ന് കോട്ടയത്തുനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16326 കോട്ടയം- നിലമ്പൂർ റോഡ് എക്സ്പ്രസ് നിർദിഷ്ട സമയമായ 5.34ന് കുറുപ്പന്തറയിൽ നിന്ന് പുറപ്പെടും. കോട്ടയത്തിനും കുറുപ്പന്തറയ്ക്കും മധ്യേ ഈ ട്രെയിൻ ഭാഗികമായി റദ്ദാക്കുമെന്നും അറിയിപ്പിൽ പറയുന്നു.
Kerala
പരവൂർ: കേരളത്തിന് മറ്റൊരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ കൂടി ലഭിക്കാൻ സാധ്യത. ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടാനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.
സർവീസ് ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നാണ്. ഏറെ താമസിയാതെ ഇക്കാര്യത്തിൽ പ്രഖ്യാപനം വരുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന വിവരം.
സർവീസ് ദീർഘിപ്പിച്ചാൽ വടക്കൻ കേരളത്തിൽ നിന്നുള്ളവർക്ക് ഗോവയിൽ എത്താൻ ഏറെ പ്രയോജനം ചെയ്യും. മാത്രമല്ല ഗോവയിലെ മലയാളി സമൂഹത്തിനും വേഗം കേരളത്തിലെത്താനും ഈ സർവീസ് വഴി സാധിക്കും.
ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (20645) ഗോവയിലെ മഡ്ഗാവിൽ നിന്ന് 437 കിലോമീറ്റർ 4.35 മണിക്കൂർ എടുത്താണ് മംഗളൂരു സെൻട്രലിൽ എത്തുന്നത്. ഗോവയിൽനിന്ന് വൈകുന്നേരം 6.10ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10.45നാണ് മംഗളൂരുവിൽ എത്തുന്നത്. കാർവാർ, ഉഡുപ്പി എന്നീ രണ്ട് സ്റ്റോപ്പുകൾ. ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ്.
Kerala
കണ്ണൂർ: വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് കണ്ടെത്തി. വളപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെയാണ് സംഭവം. പുലർച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്നഗർ ട്രെയിൻ കടന്നു പോകുന്നതിനിടെ ലോക്കോ പൈലറ്റാണ് സ്ലാബ് കണ്ടത്.
റെയിൽ ലൈനിന്റെ എർത്ത് കമ്പിക്ക് ഉപയോഗിക്കുന്ന സ്ലാബാണ് പാളത്തിൽ വച്ചത്. തുടർന്ന് അല്പനേരം ട്രെയിൻ നിർത്തിയിട്ടു. കൃത്യസമയത്ത് ട്രെയിൻ നിർത്താനായതിനാൽ വൻ അപകടമാണൊഴിവായത്. തുടർന്ന് റെയിൽവേ അധികൃതരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
District News
കടുത്തുരുത്തി: റെയില്‍വേയ്ക്കും സര്‍ക്കാരിനും കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് തടസവാദം ഉന്നയിച്ച് നാട്ടുകാരായ രണ്ടുപേര്‍ നല്‍കിയിരുന്ന ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയതോടെയാണ് മേല്‍പ്പാലത്തിനുള്ള വഴിതുറന്നത്. പരാതിക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ നിലനില്ക്കുന്നതല്ലെന്നു കണ്ടാണ് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, പി.എം. മനോജ് എന്നിവുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വാദം കേട്ട് കേസ് തള്ളിയത്.
മുമ്പ് സിംഗിള്‍ ബെഞ്ചും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. പൊതുജനത്തെ ബാധിക്കുന്ന പ്രശ്നമാണ് റെയില്‍വേ മേല്‍പ്പാലമെന്നും ഏതാനും വ്യക്തികള്‍ക്കുവേണ്ടി മേല്‍പ്പാലം നിര്‍മാണം ഉപേക്ഷിക്കാനാവില്ലെന്നും കോടതി നിരീഷിച്ചു. തുടര്‍ന്നാണ് പരാതിക്കാരായ കെ.ജെ. ജയിംസ്, അലക്സ് തയ്യില്‍ എന്നിവര്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
റെയില്‍വേയുടെ നയം അനുസരിച്ച് എല്ലാ ലെവല്‍ ക്രോസുകളും ഒഴിവാക്കി മേല്‍പ്പാലമോ, അടിപ്പാതയോ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ആലപ്പുഴ-മധുര മിനി ഹൈവേയില്‍ വരുന്ന റോഡിലാണ് കുറുപ്പന്തറ റെയില്‍വേ ഗേറ്റുള്ളത്. ഇവിടത്തെ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും റെയില്‍വേ ഗേറ്റില്‍ മേല്‍പ്പാലം നിര്‍മിക്കുക മാത്രമാണ് ഏകപരിഹാരമെന്നു കണ്ടെത്തിയിരുന്നു.
ആലപ്പുഴ-മധുര മിനി ഹൈവേയില്‍ കുറുപ്പന്തറയിലുള്ള റെയിവേയുടെ ലവല്‍ക്രോസില്‍ 2012-13ൽ ജോസ് കെ. മാണി എംപിയായിരിക്കെയാണ് മേല്‍പ്പാലം നിര്‍മാണം ബജറ്റില്‍ ഉള്‍പ്പെടുത്തുന്നത്.
2018ല്‍ കിഫ്ബിയില്‍നിന്നു സ്ഥലം ഏറ്റെടുക്കുന്നതിനും നിര്മാണത്തിനുവേണ്ടി മോന്‍സ് ജോസഫ് എംഎല്‍എ ഇടപെട്ട് 30.56 കോടി രൂപ അനുവദിച്ചു. തുടര്‍ന്ന് റെയില്‍വേ ആവശ്യപ്പെട്ട പ്രകാരം ജിഎഡി സമര്‍പ്പിക്കുകയും (ജനറല്‍ അറേഞ്ച്മെന്റ് ഡ്രോയിംഗ് ഇന്‍ കണ്‍സ്ട്രക്ഷന്‍ ഏരിയ) റെയില്‍വേ പദ്ധതി അംഗീകരിക്കുകയും ചെയ്തു.
പൊന്നുംവില നടപടി അനുസരിച്ചു നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥലവില, കെട്ടിടവില നിര്‍ണയവും നടത്തി. തുടര്‍ന്നാണ് രണ്ടു പേര് കോടതിയില്‍ കേസുമായെത്തുന്നത്. ഇതോടെ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ റെയില്‍വേയോട് തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഇതോടെ മേല്‍പ്പാലം നിര്‍മാണത്തിന്റെ നടപടികള്‍ തടസപ്പെടുകയായിരുന്നു.
സര്‍ക്കാരിനും റെയില്വേയ്ക്കുമൊപ്പം മാഞ്ഞൂര്‍ വികസനസമിതിയും മേല്‍പ്പാലം നിര്‍മാണം വേണമെന്ന ആവശ്യവുമായി കേസില്‍ കക്ഷിചേരുകയായിരുന്നുവെന്ന് സമിതി സെക്രട്ടറി വിന്‍സന്റ് ചിറയിലും വൈസ് ചെയര്മാന് ജോമോന് കുരുപ്പത്തടവും പറഞ്ഞു. 2024 ഫെബ്രൂവരി 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിച്ച മേല്‍പ്പാലങ്ങളുടെ കൂട്ടത്തില്‍ കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലവും ഉള്‍പ്പെട്ടിരുന്നു.
National
ദീർഘദൂര യാത്രകൾക്കു
ജൂലൈ ഒന്നുമുതൽ ചെലവേറും
ന്യൂഡൽഹി: ദീർഘദൂര യാത്രാടിക്കറ്റുകളുടെ നിരക്കുവർധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. എക്സ്പ്രസ് ട്രയിനുകളിൽ സ്ലീപ്പർ ക്ലാസുകളിൽ കിലോമീറ്ററിന് ഒരു പൈസ വീതവും എസി ക്ലാസുകളിൽ കിലോമീറ്ററിന് രണ്ട് പൈസ വീതവും ഉയർത്താനാണു തീരുമാനം. നോണ്‍ എസി മെയില്‍, എക്സ്പ്രസ് ട്രെയിനുകളിലെ യാത്രാനിരക്കാണു വർഷങ്ങൾക്കുശേഷം റെയിൽവേ വർധിപ്പിക്കുക. സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കിലോമീറ്റർ മീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും നിരക്കില്‍ മാറ്റമുണ്ടാകില്ലെന്നാണു സൂചന. സീസണ് ടിക്കറ്റുകളുടെ നിരക്കിലും വ്യത്യസമുണ്ടാകില്ല.
2014ലാണ് യാത്രനിരക്ക് അവസാനമായി റെയിൽവേ ഉയർത്തിയത്. 2019ൽ മെയിൽ എക്സ്പ്രസ് ട്രെയിനുകളിലെ ജനറൽ ടിക്കറ്റുകളിൽ കിലോമീറ്ററിന് രണ്ടുപൈസ വീതം വർധിപ്പിച്ചിരുന്നു.