മന്ത്രി കിരണ്‍ റിജിജു, രാഹുല്‍ ഗാന്ധി (ഫയൽ ചിത്രം)
ന്യൂഡല്‍ഹി: പാര്‍ലമെന്റിനു പിന്നാലെ പുറത്തും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും തമ്മില്‍ വാക്പോര് തുടരുന്നു.
സ്ത്രീകളുടെ അഭിപ്രായസ്വാതന്ത്ര്യം കുറയുന്നതിന്റെ പേരില്‍ രാഹുല്‍ നടത്തിയ വീഡിയോ പരാമര്‍ശത്തിനു പിന്നാലെയാണ് വനിതാ സംവരണ ബില്ലും മണ്ഡല പുനര്‍നിര്‍ണയവും ബന്ധിപ്പിച്ചതിനെച്ചൊല്ലി ഇരുവരും ഇന്നലെ വീണ്ടും കൊന്പുകോർത്തത്.
സ്ത്രീകള്‍ക്കു കൂടുതല്‍ അഭിപ്രായസ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ രാഹുല്‍ ഇന്നലെ സമൂഹമാധ്യമത്തിലൂടെ പുറത്തിറക്കിയിരുന്നു. രാഹുലിന്റെ ഈ വീഡിയോ പങ്കുവച്ച് , പ്രതിപക്ഷനേതാവിന്റെ നിലപാടില്‍ പ്രകടമായ മാറ്റമുണ്ടായതായി മന്ത്രി അഭിപ്രായപ്പെട്ടു.
ഇതൊരു നല്ല സന്ദേശമായി തോന്നുന്നു. സ്ത്രീകളുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂല മാറ്റം വന്നിരിക്കുന്നു. അതിനാല്‍ വനിതാ സംവരണ ബില്ലിനെ കോണ്‍ഗ്രസ് നിരുപാധികം പിന്തുണയ്ക്കണമെന്നും റിജിജു ആവശ്യപ്പെട്ടു.
രണ്ടു മണിക്കൂറിനുള്ളില്‍ രാഹുലിന്റെ മറുപടിയെത്തി. 2023ല്‍ത്തന്നെ കോണ്‍ഗ്രസ് പിന്തുണയോടെ വനിതാ സംവരണ ബില്‍ പാസാക്കിയതാണെന്ന് റിജിജുവിനെ രാഹുല്‍ ഓര്‍മിപ്പിച്ചു.
മൂന്നു വര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ടതു നടപ്പിലാക്കിയില്ല? എന്തിനാണിപ്പോള്‍ അനാവശ്യമായി അതിനെ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധിപ്പിക്കുന്നത്? യാതൊരു നിബന്ധനകളുമില്ലാതെ 2023ല്‍ പാസാക്കിയ വനിതാ സംവരണ നിയമം നടപ്പിലാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
നേരത്തേ, മണ്ഡല പുനര്‍നിര്‍ണയവും വനിതാ സംവരണവുമായി ബന്ധപ്പെട്ട രണ്ടു ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാസാക്കുന്നതിന് സഹകരിക്കണമെന്നഭ്യര്ഥിച്ചു രാഹുലുമായി റിജിജു ചര്‍ച്ച നടത്തിയിരുന്നു.
രാജ്യത്തിന്റെ രാഷ്ട്രീയക്രമംതന്നെ തകര്‍ക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തെ എതിര്‍ക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി. ഭരണഘടനാഭേദഗതികള്‍ പാസാക്കാനാവശ്യമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷം എന്ഡിഎയ്ക്കില്ല.
Tags : RahulGandhi KirenRijiju Parliament WarofWords Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash