്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാ വശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽനിന്ന്.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ സംഘടനകൾ ഒന്നടങ്കം തെരുവിലിറങ്ങി.
യൂത്ത് കോൺഗ്രസ്, ഇടതുപക്ഷ സംഘടനകളായ ഐസ, എസ്എഫ്ഐ എന്നിവയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ശക്തമായ പ്രതിഷേധപ്രകടനങ്ങൾ നടന്നു. സമരം ചെയ്ത നേതാക്കളെയും പ്രവർത്തകരെയും പൊലിസ് കസ്റ്റഡിയിലെടുത്തു. വരുംദിവസങ്ങളിലും രാജി ആവശ്യമുയർത്തി പ്രക്ഷോഭം ശക്തമാക്കുമെന്ന വ്യക്തമായ സൂചന നൽകുന്നതായിരുന്നു വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധം.
പൊലിസ് ബാരിക്കേഡ്
ഗ്യാനേഷ് കുമാറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സിപിഐ (എംഎൽ) നേതാവ് ദീപങ്കർ ഭട്ടാചാര്യ, ഐസ ദേശീയ അധ്യക്ഷ നേഹ ബോറ, മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, സാമൂഹ്യപ്രവർത്തകരായ അഞ്ജലി ഭരദ്വാജ്, യോഗേന്ദ്ര യാദവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സമരത്തിന് അനുമതി നിഷേധിച്ച പൊലിസ്, സ്ഥലം ബാരിക്കേഡുകൾ വച്ച് കെട്ടിയടച്ചു.
തടസങ്ങൾ മറികടന്ന് ജന്തർ മന്തറിലേക്കെത്തിയ പ്രതിഷേധക്കാരെ അകത്തുകടക്കാൻ അനുവദിക്കാതെ പൊലിസ് തടഞ്ഞു. തുടർന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേഹ ബോറ, അഞ്ജലി ഭരദ്വാജ് തുടങ്ങിയ വനിതാനേതാക്കളെ വലിച്ചിഴച്ചാണ് ബസിലേക്കു മാറ്റിയത്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ചില മാധ്യമപ്രവർത്തകരെയും പൊലിസ് കസ്റ്റഡിയിലെടുത്തു. സ്ഥലം പൂർണമായി ഒഴിപ്പിച്ചശേഷം കസ്റ്റഡിയിലെടുത്തവരെ കഞ്ചാവല, സമയ്പുർ ബാദ്ലി, ഭവാന, നരേല തുടങ്ങിയ നഗരപ്രാന്തങ്ങളിലെ പൊലിസ് സ്റ്റേഷനുകളിലേക്ക് മാറ്റുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു.
മുഖംമൂടിയണിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധം
ഗ്യാനേഷ് കുമാറിന്റെ മുഖംമൂടിയും ധരിച്ച് വേറിട്ട പ്രതിഷേധവുമായാണ് യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങിയത്. പ്രതീകാത്മകമായി ഗ്യാനേഷ് കുമാറിന്റെ മുഖംമൂടിയണിഞ്ഞ വ്യക്തിയുടെ കൈകളിൽ വിലങ്ങണിയിച്ചായിരുന്നു സമരം.
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ആസ്ഥാനത്തുനിന്ന് ജന്തർ മന്ദറിലേക്ക് നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന മാർച്ച് ആരംഭിച്ച് നൂറ് മീറ്റർ പിന്നിട്ടപ്പോഴേക്കും പൊലിസ് ബാരിക്കേഡ് വച്ച് തടയുകയും നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
എസ്എഫ്ഐയുടെ മിന്നൽ പ്രതിഷേധം
രാജ്യസഭാ എംപിമാരായ എ.എ. റഹീം, വി. ശിവദാസൻ എന്നിവരെ മുൻനിർത്തി എസ്എഫ്ഐ നടത്തിയ മിന്നൽ പ്രതിഷേധവും അറസ്റ്റിൽ കലാശിച്ചു. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിൽനിന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ ആസ്ഥാനത്തേക്കു നീങ്ങിയ മാർച്ച് കമ്മിഷനു മുന്നിലെ പ്രധാന റോഡിൽ പൊലിസ് തടഞ്ഞു.
തുടർന്ന് എംപിമാരുൾപ്പെടെ അമ്പതോളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മോത്തിനഗർ, ദ്വാരക, ഡൽഹി കന്റോൺമെന്റ് എന്നീ പൊലിസ് സ്റ്റേഷനുകളിലേക്ക് മാറ്റിയ ഇവരെ രാത്രിയോടെ വിട്ടയച്ചു.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ യുവജന സംഘടനകളുടെയും രാഷ്ട്രീയ കക്ഷികളുടെയും പ്രതിഷേധം ശക്തമായതിനു പിന്നാലെ ഡൽഹിയിലെ തെരഞ്ഞെടുപ്പു കമ്മിഷൻ ഓഫീസിനു മുന്നിലെ സുരക്ഷ ശക്തമാക്കി. ബാരിക്കേഡുകൾ നിരത്തിയതിനു പുറമെ പ്രധാന കവാടത്തിനു മുന്നിൽ നൂറിലധികം പൊലിസുകാരെയും സായുധസേനാംഗങ്ങളെയും വിന്യസിച്ചു.
Tags : GyaneshKumar Opposition ChiefElectionCommissioner AISA SFI YouthCongress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash