പ്രതീകാത്മക ചിത്രം
ചണ്ഡിഗഡ്: ഹരിയാനയിലെ ഗുരുഗ്രാം ഭർത്താവിന്റെ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. ഡൽഹി ഷാലിമാർ വില്ലേജ് സ്വദേശി ദീപയാണ് (30) മരിച്ചത്. സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്തെത്തി.
ഡൽഹി ജനക്പുരി സ്വദേശി ജിതേന്ദ്രയും ദീപയും തമ്മിലുള്ള വിവാഹം 2018 മാർച്ചിലാണ് നടത്തിയത്. ഇവർക്ക് എട്ട് വയസുള്ള ഒരു കുട്ടിയുണ്ട്. വിവാഹത്തിനു ശേഷം ദമ്പതികൾ തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നും പിന്നീട് ഗുരുഗ്രാമിലേക്ക് താമസം മാറുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ ആറു മാസമായി ജിതേന്ദ്ര ദീപയെ നിരന്തരം ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി യുവതിയുടെ പിതാവ് ആരോപിക്കുന്നു. ജിതേന്ദ്ര സ്ഥിരമായി സുഹൃത്തുക്കളെ വീട്ടിലേക്ക് മദ്യപാനത്തിനായി ക്ഷണിച്ചുവരുത്തുകയും മദ്യപിച്ച ശേഷം ദീപയെ സുഹൃത്തുക്കളുടെ മുന്നിൽ വച്ച് അപമാനിക്കുകയും ചെയ്യുമായിരുന്നു. ദീപയെ ശാരീരികമായി മർദിക്കുകയും ക്രൂരമായി പെരുമാറുകയും ചെയ്തതിനെ തുടർന്നാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി യുവതി ജീവനൊടുക്കിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് ദീപയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലിസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Deepika BreakingNews Husband Friend