പാരീസിലെ നോത്ര് ദാം കത്തീഡ്രലിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പ റോഡിനിരുവശവും തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.
പാരീസ്: നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് പാരീസിൽ പ്രൗഢഗംഭീര വരവേല്പ്. 2008ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നടത്തിയ സന്ദർശനത്തിനുശേഷം, നീണ്ട 18 വർഷങ്ങൾക്കുശേഷമാണ് ഒരു മാർപാപ്പ ഫ്രാൻസിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്.
പാരീസ് ഓർലി വിമാനത്താവളത്തിൽ പ്രാദേശികസമയം ഇന്നലെ രാവിലെ പത്തിന് എത്തിയ മാർപാപ്പയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിൽ ഔദ്യോഗിക സൈനിക ബഹുമതികളോടെയാണു സ്വീകരിച്ചത്. സ്വീകരണച്ചടങ്ങ് നടക്കുന്പോൾ ഫ്രാൻസിലെ എല്ലാ കത്തോലിക്കാ പള്ളികളിലും ഏഴു മിനിറ്റ് നേരം മണികൾ മുഴക്കി മാർപാപ്പയ്ക്ക് സ്വാഗതമോതി.
സ്വീകരണത്തിനുശേഷം പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസി കൊട്ടാരത്തിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി. തുടർന്ന് രാഷ്ട്രീയ-സാമൂഹിക നയതന്ത്ര പ്രമുഖരെ അഭിസംബോധന ചെയ്ത മാർപാപ്പ, ആഗോള സമാധാനത്തിലും സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും കാത്തുസൂക്ഷിക്കേണ്ട ധാർമികതയെക്കുറിച്ച് ശക്തമായ സന്ദേശം നൽകി.
ഇന്നലെ വൈകുന്നേരം യുനെസ്കോ ആസ്ഥാനം, നോത്ര് ദാം കത്തീഡ്രൽ എന്നിവിടങ്ങൾ മാർപാപ്പ സന്ദർശിച്ചു. വൈകുന്നേരം നാലിന് നഗരത്തിലെ പ്രധാന വീഥികളിലൂടെ നോത്ര് ദാം കത്തീഡ്രലിലേക്കു പോപ്പ് മൊബീലിൽ യാത്ര ചെയ്ത മാർപാപ്പയെ ഒരുനോക്കു കാണാൻ ജനലക്ഷങ്ങളാണ് റോഡിനിരുവശവും തടിച്ചുകൂടിയത്. ഈ സമയത്ത് പാരീസ് നഗരത്തിലെ എല്ലാ പള്ളികളിലും മണികൾ മുഴങ്ങി.
വൈകുന്നേരം 5.15ന് നോത്ര് ദാം കത്തീഡ്രലിൽ വൈദികർക്കും സന്യസ്തർക്കുമൊപ്പം സായാഹ്ന നമസ്കാരത്തിൽ പങ്കെടുത്ത മാർപാപ്പ, തുടർന്ന് കത്തീഡ്രലിനു മുന്നിൽ ജനങ്ങളെ അഭിസംബോധന ചെയ്തു. രാത്രി 7.30 മുതൽ 11 വരെ സെന്റ് ഡെനിസിലെ ‘സ്റ്റാഡ് ഡി ഫ്രാൻസ്’ സ്റ്റേഡിയത്തിൽ നടന്ന യുവജന പ്രാർഥനാസംഗമത്തിലും മാർപാപ്പ പങ്കെടുത്തു. ഒരു ലക്ഷത്തോളം യുവജനങ്ങളാണ് പ്രാർഥനാസംഗമത്തിൽ പങ്കെടുത്തത്.
ഇന്നു തിരക്കിട്ട പരിപാടികളാണു മാർപാപ്പയ്ക്കുള്ളത്. രാവിലെ ഒന്പതിന് പാരീസിലെ കത്തോലിക്കാ സന്നദ്ധ സംഘടന സംഘടിപ്പിക്കുന്ന ചടങ്ങിൽ അഭയാർഥികളും കുടിയേറ്റക്കാരുമായും മാർപാപ്പ സംവദിക്കും. ഉച്ചകഴിഞ്ഞ് നഗരത്തിലെ കോൺകോർഡ് ചത്വരത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. ആറു ലക്ഷത്തോളം ആളുകളാണ് വിശുദ്ധ കുർബാനയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Tags : GrandWelcome Pope Paris LeoXIV Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash