തെലിസൺ ഒറെലിയനും വിവാദമായ നോവലിന്റെ പുറംചട്ടയും.
പാരീസ്: ഫ്രഞ്ച് സാഹിത്യരംഗത്ത് തരംഗമായി മാറിയ പ്രമുഖ കനേഡിയൻ-ഹെയ്തിയൻ എഴുത്തുകാരൻ തെലിസൺ ഒറെലിയന്റെ ആദ്യ നോവൽ നിർമിത ബുദ്ധി ഉപയോഗിച്ചാണ് എഴുതിയതെന്ന ആരോപണം ഫ്രാൻസിൽ വലിയ വിവാദങ്ങൾക്ക് വഴിവച്ചു.
ഒറെലിയന്റെ ‘C’était ça ou mourir’ (അതായിരുന്നു വഴി, അല്ലെങ്കിൽ മരണം) എന്ന പുസ്തകം ‘ഫ്രഞ്ച് നോവൽ പുരസ്കാരം’സ്വന്തമാക്കുകയും പ്രശസ്തമായ ‘ഗോൺകോർട്ട്’അവാർഡിന്റെ ഫൈനലിൽ എത്തുകയും ചെയ്തിരുന്നു. നോവൽ പൂർണമായും എഐ ഉപയോഗിച്ചാണു നിർമിച്ചതെന്ന് ആരോപിച്ച് ‘ബാലൻസ് ടൺ ക്ലോഡ് ’എന്ന ഗ്രൂപ്പ് രംഗത്തെത്തുകയായിരുന്നു .
‘പാൻഗ്രാം’എന്ന എഐ ഡിറ്റക്ഷൻ സോഫ്റ്റ്വേർ ഉപയോഗിച്ചു പരിശോധിച്ചപ്പോൾ പുസ്തകത്തിലെ ഭൂരിഭാഗവും എഐ നിർമിതമാണെന്നു തെളിഞ്ഞതായാണ് ഇവരുടെ അവകാശവാദം.
എന്നാൽ ആരോപണങ്ങൾ എഴുത്തുകാരൻ തെലിസൺ ഒറെലിയനും അദ്ദേഹത്തിന്റെ പബ്ലിഷറായ ‘ഗ്രാസെ’യും പൂർണമായും തള്ളി. ""ഞാൻ ചെറുപ്പം മുതലേ സാഹിത്യത്തെ പ്രണയിക്കുന്നയാളാണ്.
കരീബിയൻ പാരാമ്പര്യവും ശൈലിയുമാണ് എഴുത്തിലുള്ളത്, യന്ത്രങ്ങളെ ആശ്രയിക്കേണ്ട കാര്യം എനിക്കില്ല'' -ഒറെലിയൻ വ്യക്തമാക്കി. 2019ൽ തന്നെ ഈ നോവലിന്റെ ആദ്യരൂപം എഴുതിക്കഴിഞ്ഞിരുന്നുവെന്നും ആരോപണങ്ങൾക്കെതിരേ നിയമപരമായി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Controversy French LiteraryWorld AI Novel Written Allegations ThelissonAurelien