വവ്വാലുകൾ.
പ്രേതകഥകളിൽ രക്തദാഹിയായി എത്തുന്ന വവ്വാലുകൾ ഇപ്പോൾ നിത്യജീവിതത്തിലും ഭീതിയുടെ പ്രതീകമാണ്. നിപ എന്ന മഹാവ്യാധിക്കുശേഷമാണ് ആളുകൾ വവ്വാലുകളെ ഭയത്തോടെ കാണാൻ തുടങ്ങിയത്. മാത്രമല്ല, തങ്ങൾ സാധാരണ കാണാറുള്ള വവ്വാലുകൾ മാരക വൈറസുകളെ വഹിക്കുന്നവയാണെന്നും അപകടകാരികളാണെന്നും സാധരണക്കാരുടെ അറിവിലേക്കെത്തുന്നതും നിപയ്ക്കുശേഷമാണ്. എന്നാൽ, ഈ പറക്കുന്ന സസ്തനിയുടെ ഉത്ഭവം എവിടെയാണെന്ന് അറിയാമോ?
അതു യൂറോപ്പിലാണ്! 6.5 കോടി വർഷങ്ങൾക്കു മുൻപ്! ആഫ്രിക്ക, ഏഷ്യ അല്ലെങ്കിൽ വടക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് വവ്വാലുകൾ ഉത്ഭവിച്ചതെന്ന മുൻ ധാരണകളെ തിരുത്തുന്നതാണു പുതിയ പഠന റിപ്പോർട്ട്. ശാസ്ത്ര മാസികയായ 'നേച്ചറിൽ' പ്രസിദ്ധീകരിച്ച പഠനം, വവ്വാലുകളുടെ പരിണാമ ചരിത്രത്തെക്കുറിച്ചു പുതിയ വിവരങ്ങൾ നൽകുന്നു.
'Bat1K' എന്ന അന്താരാഷ്ട്ര കൂട്ടായ്മയുടെ ഭാഗമായി 64 രാജ്യങ്ങളിൽനിന്നുള്ള 137 ഗവേഷകർ ചേർന്നാണു പഠനം നടത്തിയത്. നിലവിലുള്ള 103 തരം വവ്വാലുകളുടെ ജീനോമുകളും, വംശനാശം സംഭവിച്ചവയുടെ 44 തരം ഫോസിലുകളും വിശകലനം ചെയ്താണു ഗവേഷകർ വവ്വാലുകളുടെ 'ഫാമിലി ട്രീ' പുനഃസൃഷ്ടിച്ചത്. ഗവേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ അദ്ഭുതപ്പെടുത്തുന്നതാണ്.
ഭൂഖണ്ഡങ്ങളുടെ ചലനവും ഫോസിലുകളുടെ കാലപ്പഴക്കവും ഡിഎൻഎ വിവരങ്ങളും സമഗ്രമായി വിശകലനം ചെയ്തപ്പോൾ, വവ്വാലുകളുടെ പൂർവികർ ലേറ്റ് പാലിയോസീൻ കാലഘട്ടത്തിൽ (ഏകദേശം 6.5 കോടി വർഷങ്ങൾക്കു മുൻപ്) യൂറോപ്പിലാണു ജീവിച്ചിരുന്നതെന്നു ശാസ്ത്രജ്ഞർ കണ്ടെത്തി. വവ്വാലുകളുടെ പറക്കാനുള്ള ശേഷിയും ശബ്ദതരംഗങ്ങൾ ഉപയോഗിച്ചു വഴി കണ്ടെത്തുന്ന രീതിയും (എക്കോലൊക്കേഷൻ) ഇവയുടെ പരിണാമത്തിന്റെ ആദ്യഘട്ടങ്ങളിൽതന്നെ ഉയർന്നുവന്നതാണെന്നു പഠനം വ്യക്തമാക്കുന്നു. 'വിയൽസിയ' എന്ന പ്രാചീന വവ്വാലിന്റെ ഫോസിൽ പരിശോധിച്ചതിൽനിന്ന് ഇവയ്ക്ക് എക്കോലൊക്കേഷൻ ശേഷിയുണ്ടായിരുന്നുവെന്നു ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞു.
ലോകമെമ്പാടുമായി നിലവിലുള്ള സസ്തനികളുടെ അഞ്ചിലൊന്നു ഭാഗവും (1,500-ലേറെ വർഗങ്ങൾ) വവ്വാലുകളാണ്. വവ്വാലുകൾ എങ്ങനെയാണ് ഇത്രയും വൈവിധ്യമാർന്ന ജീവിവർഗമായി പരിണമിച്ചതെന്നു കൃത്യമായി മനസിലാക്കാൻ പുതിയ പഠനം സഹായകമാണെന്നു ഗവേഷകർ പറയുന്നു.
Tags : EnviormentNews Europe Nature Bats BatK LatePaleocene Echolocation Vielasia