പ്രതീകാത്മക ചിത്രം
ചണ്ഡീഗഡ്: കാമുകിയെ വിവാഹം കഴിക്കാൻ 21 വയസുവരെ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ട പൊലിസ് ഹെഡ് കോൺസ്റ്റബിളിനെ 18കാരനായ മകൻ വെടിവച്ചുകൊന്നു. ചണ്ഡീഗഡ് പൊലിസ് ആസ്ഥാനത്തെ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന നിതിൻ സിംഗാണ് മകൻ അർമാന്‍റെ വെടിയേറ്റു മരിച്ചത്.
സെക്ടർ 22-ലെ പൊലിസ് ക്വാർട്ടേഴ്സിൽ തലയ്ക്ക് വെടിയേറ്റ നിലയിലാണ് നിതിൻ സിംഗിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് നാടൻ തോക്ക് പൊലിസ് പിടിച്ചെടുത്തു.
പിതാവിനെ വെടിവച്ചതിനു പിന്നാലെ അർമാൻ അമ്മയുടെ കഴുത്തു ഞെരിച്ചും അപായപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ പിടിയിൽനിന്ന് രക്ഷപ്പെട്ട അമ്മ മട്ടുപ്പാവിലേക്ക് ഓടിക്കയറി അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു.
കൃത്യത്തിനുശേഷം പുറത്തുനിന്നാരോ വന്ന് പിതാവിനെ വെടിവച്ചതാണെന്ന് വരുത്തിത്തീർക്കാൻ പ്രതി ശ്രമിച്ചതായി അയൽവാസികൾ മൊഴി നൽകി.
കാമുകിയെ ഉടനടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അർമാൻ മാതാപിതാക്കളെ നിരന്തരം സമ്മർദത്തിലാക്കിയിരുന്നു. എന്നാൽ 21 വയസ് തികഞ്ഞതിനുശേഷം മാത്രമേ വിവാഹം നടത്തൂ എന്ന് മാതാപിതാക്കൾ നിലപാടെടുത്തു.
ഇതേച്ചൊല്ലിയുണ്ടായ തർക്കവും വിവിധ ആവശ്യങ്ങൾക്കായി പണം ആവശ്യപ്പെട്ട് വഴക്കുണ്ടാക്കിയതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് ഉദ്യോഗസ്ഥൻ സുദേഷ് കുമാർ അറിയിച്ചു.
Tags : Married Policeman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash