ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: ഇറാൻ മുന്നോട്ടുവെച്ച ഏഴുദിന വെടിനിർത്തൽ നിർദേശം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരാകരിച്ചതായി റിപ്പോർട്ട്. നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ആക്രമണം പുനരാരംഭിക്കുമെന്ന സൂചനയും ട്രംപ് നൽകിയതായാണ് റിപ്പോർട്ടുകൾ.
ഖത്തർ മുഖേനയാണ് ഇറാൻ ഏഴുദിന വെടിനിർത്തലിനുള്ള നിർദേശം യുഎസിന് കൈമാറിയത്. ലെബനൻ ഉൾപ്പെടെ പശ്ചിമേഷ്യയിലെ എല്ലാ യുദ്ധമുഖത്തും ഏഴുദിവസത്തേക്ക് ആക്രമണം നിർത്തിവയ്ക്കണമെന്നാണ് പ്രധാന വ്യവസ്ഥ. ഇറാന്റെ മരവിപ്പിച്ച വിദേശ ആസ്തികളിൽ കുറഞ്ഞത് 1,200 കോടി ഡോളർ വിട്ടുനൽകുക, ഇറാന്റെ എണ്ണയ്ക്കുള്ള യുഎസ് ഉപരോധം പിൻവലിക്കുക, ഇറാനെതിരായ യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും നിർദേശത്തിലുണ്ട്.
വെടിനിർത്തലിന്റെ ഏഴാം ദിവസം ഹോർമുസ് കടലിടുക്ക് തുറക്കാമെന്നാണ് ഇറാന്റെ നിലപാട്. അതോടെ കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം ഏഴ് ദിവസത്തിനകം സാധാരണ നിലയിലാക്കാമെന്നും ഇറാൻ യുഎസിനെ അറിയിച്ചിട്ടുണ്ട്. ഖത്തർ മുഖേന ഏഴുദിന പദ്ധതി യുഎസിന് കൈമാറിയതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സ്ഥിരീകരിച്ചിരുന്നു.
അമേരിക്ക ഉപാധികൾ അംഗീകരിക്കണമെന്നാണ് ഇറാന്റെ ആവശ്യം. ബലപ്രയോഗത്തിനും ഭീഷണികൾക്കും മുന്നിൽ വഴങ്ങില്ലെന്നും സമ്മർദത്തിന് കീഴിൽ ഇറാൻ പരമാധികാരം അടിയറവെക്കില്ലെന്നും അരാഗ്ചി വ്യക്തമാക്കി. ഇനി തീരുമാനം യുഎസിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
Tags : Donald Trump Ceasefire Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash