ലെയോ പതിനാലാമൻ മാർപാപ്പ
പാരീസ്: ശാസ്ത്രത്തെയും നിർമിതബുദ്ധിയെയും ലാഭത്തിനുവേണ്ടി മാത്രം ഉപയോഗിക്കുന്ന പ്രവണത ആശങ്കാജനകമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. നാലു ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിനായി പാരീസിലെത്തിയ മാർപാപ്പ എലീസി കൊട്ടാരത്തിൽ ഭരണാധികാരികളെയും നയതന്ത്ര പ്രതിനിധികളെയും സിവിൽ സമൂഹത്തെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.
ജീനുകളിലെ മാറ്റങ്ങൾ, വാടകഗർഭധാരണം, അവയവക്കച്ചവടം, സ്വന്തം മരണം സ്വയം നിശ്ചയിക്കാനുള്ള അവസരമൊരുക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലേക്ക് സാങ്കേതികവിദ്യ വഴിമാറരുതെന്ന് മാർപാപ്പ മുന്നറിയിപ്പ് നൽകി. യന്ത്രങ്ങളുടെ ലോകത്ത് മാനവികത നഷ്ടപ്പെടാതിരിക്കാൻ ധാർമികമായ തിരിച്ചറിവ് വളർത്തുന്ന വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്നും മാർപാപ്പ പറഞ്ഞു. മനുഷ്യജീവനെ പരസ്പര ബഹുമാനത്തോടെ സംരക്ഷിക്കുക എന്നത് ഏവരുടെയും കടമയാണെന്നും അദ്ദേഹം ഉദ്ബോ ധിപ്പിച്ചു.
സമീപകാലത്തു ഫ്രാൻസ് ദയാവധവും അപരസഹായ ത്തോടെയുള്ള സ്വയംഹത്യയും നിയമവിധേയമാക്കിയിരുന്നു. ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ്, സ്പെയിൻ എന്നിവയ്ക്കുശേഷം ഇതു നടപ്പിലാക്കുന്ന അഞ്ചാമത്തെ യൂറോപ്യൻ രാജ്യമാണ് ഫ്രാൻസ്. ഈ പശ്ചാത്തലത്തിലാണ് ജീവന്റെ സംരക്ഷണത്തിനായുള്ള മാർപാപ്പയുടെ ആഹ്വാനം.
ശക്തിയുടെ സന്തുലിതാവസ്ഥയല്ല സമാധാനമെന്നും അതു നീതിയിലൂടെയും സംവാദത്തിലൂടെയും നിർമിച്ചെടുക്കേണ്ടതാണെന്നും പറഞ്ഞ മാർപാപ്പ, ആണവായുധങ്ങൾ നിരോധിക്കണമെന്നും പശ്ചിമേഷ്യയിലെ യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ഫ്രാൻസ് മുന്നിൽ നിൽക്കണമെന്നും അഭ്യർഥിച്ചു.
ഫ്രാൻസിലെ കടുത്ത മതനിരപേക്ഷതയെക്കുറിച്ച് പരാമർശിക്കവെ, യഥാർഥ മതനിരപേക്ഷത എന്നതു പൊതുമണ്ഡലത്തിൽനിന്ന് മതത്തെ ഒഴിവാക്കലല്ലെന്നും പൊതുനന്മയ്ക്കായി ഭരണകൂടവും മതസ്ഥാപനങ്ങളും തമ്മിൽ തുറന്ന സംവാദത്തിലേർപ്പെടുകയാണു വേണ്ടതെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി. വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവകാരുണ്യ പാരമ്പര്യം പിന്തുടർന്ന് ഫ്രഞ്ച് കത്തോലിക്കാ സമൂഹം നടത്തുന്ന സാമൂഹിക സേവനങ്ങളെ മാർപാപ്പ അഭിനന്ദിച്ചു.
നൂറ്റാണ്ടുകളായി ലോകത്തിന്റെ സംസ്കാരത്തിനും കലയ്ക്കും ചിന്തകൾക്കും വെളിച്ചം വീശിയ ഫ്രഞ്ച് പാരമ്പര്യത്തെ അദ്ദേഹം പ്രകീർത്തിച്ചു. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രഖ്യാപിത മുദ്രാവാക്യമായ ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നത് സുവിശേഷ സന്ദേശങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന സാർവത്രിക ധാർമിക മൂല്യങ്ങളാണെന്ന് മാർപാപ്പ അനുസ്മരിച്ചു.
2019ലെ തീപിടിത്തത്തിൽ തകർന്ന നോത്ര് ദാം കത്തീഡ്രലിന്റെ പുനർനിർമാണം അദ്ഭുതകരമായ സാങ്കേതിക നേട്ടമാണെന്നു വിശേഷിപ്പിച്ച മാർപാപ്പ, അതിനായി പ്രവർത്തിച്ച ശില്പികളെയും വിദഗ്ധരെയും പ്രത്യേകം അഭിനന്ദിച്ചു. ‘തകർന്നുപോയെന്നു കരുതുന്ന ഒന്ന് പരസ്പര സഹകരണത്തിലൂടെ എങ്ങനെയെല്ലാം പുനർജനിക്കാം എന്നതിന്റെ തെളിവാണ് നോത്ര് ദാമിന്റെ പുനരുത്ഥാനം’ -മാർപാപ്പ കൂട്ടിച്ചേർത്തു.
Tags : Humanity Pope LeoXIV Machines Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash