പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാർച്ച്
കൊച്ചി: പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം അഴുകിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കേരളത്തിലെ ആരോഗ്യ മേഖലയെ യുഡിഎഫ് സര്‍ക്കാര്‍ തളര്‍ത്തി, ഫ്രീസറിന് സ്‌പോണ്‍സര്‍ ഇല്ലേ എന്ന മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്.
പറവൂര്‍ പരുവതുരുത്ത് സ്വദേശിനിയുടെയും തൃശൂര്‍ കൈപ്പമംഗലം സ്വദേശിയുടെയും മൃതദേഹങ്ങളാണ് ഫ്രീസര്‍ കേടായതിനെ തുടര്‍ന്ന് അഴുകിയത്. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ആരോഗ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു.
സംഭവം വിവാദമായതോടെ ആശുപത്രിയിലേക്ക് ആറ് പുതിയ ഫ്രീസറുകള്‍ എത്തിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ ഡിഎംഒ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഡിവൈഎഫ്‌ഐ പറവൂര്‍ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് സംസ്ഥാന സെക്രട്ടറി എം. വിജിന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് സജേഷ് കുമാര്‍, ജില്ലാ സെക്രട്ടറി നിഖില്‍ ബാബു, ജില്ലാ പ്രസിഡന്‍റ് ബിബിന്‍ വര്‍ഗീസ്, ബ്ലോക്ക് സെക്രട്ടറി സി.ബി. ആദര്‍ശ്, സിപിഎം ഏരിയ സെക്രട്ടറി ടി.വി. നിധിന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍ ശ്രേഷ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
Tags : Protest Mortuary Decomposing Paravur DYFI