ഏഷ്യൻ ഗെയിംസ് കബഡിയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ ആഹ്ളാദം.
നഗോയ: ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യയ്ക്ക് പൊൻതിളക്കം. വനിതകൾക്ക് പിന്നാലെ പുരുഷ ടീമും സ്വർണം സ്വന്തമാക്കി. ആവേശം അവസാന മിനിറ്റ് വരെ നീണ്ട ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഇറാനെ 40-34 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഏഷ്യൻ ഗെയിംസ് പുരുഷ കബഡി ചരിത്രത്തിൽ ഇന്ത്യ നേടുന്ന ഒമ്പതാം സ്വർണമെഡലാണിത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇറാൻ കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ 18-17 എന്ന സ്കോറിന് ഇറാനായിരുന്നു മുന്നിൽ നിൽന്നിരുന്നത്. എന്നാൽ രണ്ടാം പകുതിയിൽ ക്യാപ്റ്റൻ സുനിൽ കുമാറിന്റെയും അർജുൻ ദേശ്വാളിന്റെയും തകർപ്പൻ പ്രകടനത്തോടെ ഇന്ത്യ മത്സരം തിരികെ പിടിക്കുകയായിരുന്നു.
അസ്ലം, അർജുൻ ദേശ്വാൾ എന്നിവരുടെ മിന്നൽ റെയ്ഡിംഗും സുമിത്, രാഹുൽ എന്നിവരുടെ പ്രതിരോധ മികവും ചേർന്ന് കളി ഇന്ത്യയുടെ കൈപ്പിടിയിലാക്കി. മത്സരം തീരാൻ രണ്ട് മിനിറ്റ് മാത്രം ബാക്കിനിൽക്കെ ഒമ്പതു പോയിന്റിന്റെ കൂറ്റൻ ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു.ഒടുവിൽ 40-34 എന്ന വ്യക്തമായ മാർജിനിൽ വിജയം ഉറപ്പിക്കുകയായിരുന്നു.
നേരത്തെ വനിതാ ഫൈനലിലും ഇറാനെ കീഴടക്കി ഇന്ത്യ സ്വർണം നേടിയിരുന്നു. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം നാലായി. വനിതാ ഫൈനലിൽ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ ഇറാനെ 37-34ന് കീഴടക്കിയത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും രണ്ടാം പകുതിയിൽ നിർണായക നീക്കങ്ങളിലൂടെ ഇന്ത്യ വിജയം സ്വന്തമാക്കി.
ഗെയിംസിന്റെ ഏഴാം ദിനത്തിൽ പുരുഷന്മാരുടെ മാരത്തണിലും ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കി. വ്യക്തിഗത മികച്ച സമയമായ രണ്ട് മണിക്കൂർ 11 മിനിറ്റ് 37 സെക്കൻഡിൽ ഫിനിഷ് ചെയ്ത സാവൻ ബർവാൾ വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസ് പുരുഷ മാരത്തണിൽ 44 വർഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. മികച്ച പ്രകടനത്തോടെ താരം ദേശീയ റിക്കാർഡും സ്വന്തമാക്കി.
Tags : AsianGames India Kabaddi IndianKabaddi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash