സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ തൃശൂർ മാജിക്ക് എഫ്സിക്ക് എതിരേ കണ്ണൂർ വാരിയേഴ്സിന്റെ ആസിയർ ഗോമസ് അൽവാരസ് ഗോൾ നേടുന്നു. -ദീപിക
കണ്ണൂർ: സൂപ്പർ ലീഗ് കേരള മൂന്നാം സീസണിൽ ആദ്യജയം കണ്ണൂർ വാരിയേഴ്സിന്. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഉദ്ഘാടനമത്സരത്തിൽ നിലവിലുള്ള ജേതാക്കളായ ആതിഥേയർ എതിരില്ലാത്ത ഒരു ഗോളിന് തൃശൂർ മാജിക് എഫ്സിയെ തോൽപ്പിച്ചു. 17-ാം മിനിറ്റിൽ സ്പാനിഷ് താരം അസിയർ ഗോമസാണ് വിജയഗോൾ കുറിച്ചത്.
തൃശൂര്‍ പ്രതിരോധതാരം ഹെൻറി മെൻഡോസ വരുത്തിയ പിഴവില്‍നിന്നായിരുന്നു ഗോളിന്റെ പിറവി. വീണുകിട്ടിയ പന്തുമായി കണ്ണൂരിന്റെ സെർബിയൻ താരം ബോഗ്ദൻ സ്റ്റാമെൻകോവിച്ച് ലൈനിലൂടെ ഓടിക്കയറി അസിയര്‍ ഗോമസിന് പന്തു കൈമാറി. ബോക്സിലുണ്ടായിരുന്നു അസിയര്‍ വലയിലേക്ക് കൃത്യമായി തൊടുത്തതോടെ ഗാലറിയിൽ ചെമ്പട ഇരമ്പി.
രണ്ടാം പകുതിയുടെ 56-ാം മിനിറ്റിൽ വാരിയേഴ്സിന്റെ സച്ചിന് സുനില്‍ സ്വന്തം പകുതിയില്‍നിന്ന് തൃശൂര്‍ പ്രതിരോധനിരയുടെ മുകളിലൂടെ ബോഗ്ദാനെ ലക്ഷ്യമാക്കി പന്ത് നല്കി. ബോഗ്ദാന്‍ ഒറ്റയ്ക്കു മുന്നേറി ബോക്സിന് അകത്തുനിന്ന് ഗോള്‍ ലക്ഷ്യമാക്കിയെങ്കിലും സൈഡ് നെറ്റില്‍ തട്ടി പന്ത് പുറത്തേക്കുപോയി.
ഇന്നു വൈകുന്നേരം ഏഴിന് കോഴിക്കോട് ഇഎംഎസ് കോർപറേഷന് സ്റ്റേഡിയത്തിൽ കാലിക്കട്ട് എഫ്സി തിരുവനന്തപുരം കൊമ്പന്‍സ് എഫ്സിയെ നേരിടും.
Tags : Champions SuperLeagueKerala Football Sports