ജെ. ചിഞ്ചു റാണി
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമായ മൃഗശാല മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ. ചിഞ്ചുറാണി ആവശ്യപ്പെട്ടു. വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല. തലസ്ഥാന നഗരത്തിലെത്തുന്നവർക്ക് ഏറെ പരിചിതവും പ്രിയപ്പെട്ടതുമായ ഈ സ്ഥാപനം നഗരത്തിൽനിന്ന് മാറ്റുന്നത് പൊതുതാൽപര്യത്തിന് ഗുണകരമാകില്ല.
മൃഗശാലയ്ക്ക് ആവശ്യമായ ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിനും മൃഗങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനും ശാസ്ത്രീയമായ നവീകരണമാണ് ആവശ്യം. സ്ഥലപരിമിതികളോ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകളോ ഉണ്ടെങ്കിൽ അവ പരിഹരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കണം. നിലവിലുള്ള സ്ഥാപനത്തെ ഇല്ലാതാക്കി മറ്റൊരിടത്തേക്ക് മാറ്റുന്നതിനു പകരം, ആധുനിക സൗകര്യങ്ങളോടെ മൃഗശാലയെ വികസിപ്പിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകേണ്ടത്.
മൃഗശാല വെറും മൃഗങ്ങളെ പ്രദർശിപ്പിക്കുന്ന ഇടമല്ല. പുതുതലമുറയ്ക്ക് പ്രകൃതിയെയും വന്യജീവികളെയും പരിചയപ്പെടുത്തുന്ന ഒരു ജീവിക്കുന്ന പഠനകേന്ദ്രം കൂടിയാണത്. അതുകൊണ്ടുതന്നെ അതിന്റെ ചരിത്രപരവും വിദ്യാഭ്യാസപരവുമായ പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
മൃഗശാലയുടെ വികസനത്തിനായി നേരത്തെ നടപ്പാക്കിയ പദ്ധതികളും അതിലൂടെ സൃഷ്ടിക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തി, വിദഗ്ധരുടെ അഭിപ്രായം തേടി സമഗ്രമായ നവീകരണ പദ്ധതി തയ്യാറാക്കണം. മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലും സന്ദർശകർക്ക് മികച്ച സൗകര്യങ്ങൾ ലഭിക്കുന്ന തരത്തിലുമുള്ള വികസനമാണ് വേണ്ടത്.
വന്യമൃഗങ്ങൾ പാർക്കുന്ന വനത്തിനു നടുവിലേക്ക് മൃഗശാല മാറ്റുന്നത് സാംക്രമികരോഗങ്ങളുടെ വ്യാപനത്തിനും കാട്ടുമൃഗങ്ങളുടെ ആരോഗ്യത്തിനും ഭീഷണിയാകുമെന്നും റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടു തന്നെ തലസ്ഥാനത്തിന്റെ പൈതൃകത്തിന്റെ ഭാഗമായ മൃഗശാലയെ മാറ്റിസ്ഥാപിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും അവർ പറഞ്ഞു.
Tags : zoo Move abandoned J. Chinchu Rani Animals