Sports
ബെർഗാമൊ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിക്കിന് ഗംഭീര ജയം. ചൊവ്വാഴ്ച നടന്ന ആദ്യ പാദ പ്രീക്വാർട്ടർ ഫൈനലിൽ അറ്റലാന്റയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്തു.
ബയേൺ മ്യൂണിക്കിന് വേണ്ടി മൈക്കൽ ഒലിസെ രണ്ട് ഗോളുകളും ജോസിപ് സ്റ്റാനിസിക്ക്, സെർജി നാബ്രി, നിക്കോളാസ് ജാക്ക്സൺ, ജമാൽ മുസിയാള എന്നിവർ ഓരോ ഗോൾ വീതം നേടി. മരിയോ പസാലിക്ക് ആണ് അറ്റലാന്റയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ഈ മാസം 18നാണ് രണ്ടാം പാദ പ്രീക്വാർട്ടർ. മ്യൂണിക്കിലെ അലയൻസ് അരീനയാണ് വേദി.
District News
മലപ്പുറം: ചെമ്മങ്കടവ് പിഎംഎസ്എ എംനഎ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 25-ാമത് ദേശീയ സിക്സസ് ഹോക്കി മത്സരം സമാപിച്ചു.സ്കൂളിലെ കായികാധ്യാപകനായിരുന്ന പി.എൻ. കുഞ്ഞിമമ്മു, പ്രധാനാധ്യാപകനായിരുന്ന യു. ആലിക്കുട്ടി എന്നിവരുടെ സ്മരണാർഥമാണ് മത്സരം സംഘടിപ്പിച്ചുവരുന്നത്.
ഫൈനലിൽ മലപ്പുറം ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ചെമ്മങ്കടവ് പിഎംഎസ്എ എംഎ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. ഇരുപതോളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പൂനെ, ചെന്നൈ ടീമുകളെ പരാജയപ്പെടുത്തിയാണ് ഇവർ ഫൈനലിലെത്തിയത്.
സമാപനച്ചടങ്ങിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി നിർവഹിച്ചു. പിടിഎ പ്രസിഡന്റ് പി.പി. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുമൈല വരിക്കോടൻ, വാർഡംഗം കെ.വി. മുഹമ്മദ് മുസ്തഫ, പി.ടി.എ. വൈസ് പ്രസിഡന്റ് പി.പി. മൈസൂണ്‍ റിയാസ്, സ്കൂൾ മാനേജർ എൻ.കെ. അബ്ദദുൾ റഹൂഫ്, പ്രിൻസിപ്പൽ ബിജു സഖറിയാസ്, പ്രധാനാധ്യാപകൻ സി.എച്ച്. ഇബ്രാഹിം, കായികാധ്യാപകൻ ഡോ. യു. മുഹമ്മദ് ഷറഫുദ്ദീൻ റസ് വി, അധ്യാപകരായ എൻ.കെ. മുജീബ് റഹിമാൻ, അബ്ദുറഹൂഫ് വരിക്കോടൻ, പ്രവീണ്‍ പൂവത്തിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Sports
തിരുവനന്തപുരം: ഓൾ ഇന്ത്യ പോലീസ് ക്ലസ്റ്റർ 2025-26 ൽ ബാസ്കറ്റ് ബാളിൽ കേരള പോലീസ് ടീം ചാമ്പ്യന്മാർ. വനിതാ ടീം സ്വർണ മെഡലും പുരുഷ ടീം വെള്ളി മെഡലും നേടി.
ഉത്തർപ്രദേശ് പോലീസായിരുന്നു ഫൈനലിൽ എതിരാളികൾ. വനിതാ ടീം രാജസ്ഥാൻ പോലീസിനെ (71-46) തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്.
പഞ്ചാബ് പോലീസിനെ (76-60) തോൽപ്പിച്ചായിരുന്നു പുരുഷ ടീമിന്റെ ഫൈനൽ പ്രവേശനം.
Sports
വാഴക്കുളം: കാർമൽ ട്രോഫിക്കുവേണ്ടിയുള്ള പ്രഥമ അഖില കേരള ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ വാഴക്കുളം കാർമൽ പബ്ലിക് സ്കൂളും സീനിയർ പെൺകുട്ടികളിൽ കോഴിക്കോട് പ്രോവിഡൻസ് ജിഎച്ച്എസ്എസും ചാമ്പ്യന്മാരായി.
ഇരു വിഭാഗത്തിലും കൊരട്ടി ലിറ്റിൽ ഫ്ലവർ എച്ച്എസ്എസാണ് റണ്ണറപ്പ്. സീനിയർ ആൺകുട്ടികളുടെ ഫൈനലിൽ കാർമൽ 84-82 ന് വിജയിച്ചപ്പോൾ സീനിയർ പെൺകുട്ടികളുടെ പോരാട്ടത്തിൽ 57-44 എന്ന സ്കോറിനായിരുന്നു പ്രോവിഡൻസിന്റെ വിജയം.
സബ്ജൂണിയർ ആൺകുട്ടികളുടെ വിഭാഗത്തിലും കാർമലാണു ജേതാക്കൾ. ഫൈനലിൽ തലശേരി സെന്റ് ജോസഫ് എച്ച്എസ്എസിനെയാണു പരാജയപ്പെടുത്തിയത് (66-32).
കേരള ബാസ്കറ്റ് ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പി.സി. ആന്റണി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. തോമസ് മഞ്ഞക്കുന്നേൽ, കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോൺസൺ വെട്ടിക്കുഴിയിൽ, വൈസ് പ്രിൻസിപ്പൽ ഫാ. ബിഖിൽ അരഞ്ഞാണിയിൽ, ബാസ്കറ്റ് ബോൾ പരിശീലകൻ ഡോ. പ്രിൻസ് കെ. മറ്റം തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
മരങ്ങാട്ടുപിള്ളി: പതിനായിരത്തിലേറെ കലാപ്രതിഭകൾ മാറ്റുരച്ച സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ ഓവറോൾ കിരിടം മലബാർ സഹോദയയ്ക്ക്. 1635 പോയിന്റ് നേടിയാണ് മലബാറിന്റെ മുന്നേറ്റം.
1612 പോയിന്റുള്ള തൃശൂർ സഹോദയയാണ് രണ്ടാം സ്ഥാനത്ത്. തൃശൂർ സെൻട്രൽ സഹോദയ 1563 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. 1554 പോയിന്റുമായി കൊച്ചിയും 1538 പോയിന്റുമായി കൊച്ചി മെട്രോയും തുടർ സ്ഥാനങ്ങളിലുണ്ട്. ആതിഥേയരായ കോട്ടയം സഹോദയ 1529 പോയിന്റ് നേടി ആറാം സ്ഥാനത്തെത്തി.
Sports
മൂവാറ്റുപുഴ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന എംജി യൂണിവേഴ്സിറ്റി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂവാറ്റുപുഴ നിര്‍മല കോളജ് ചാമ്പ്യന്മാര്. ലീഗ് റൗണ്ടിലെ മൂന്നു മത്സരങ്ങളില്‍നിന്ന് ഏഴു പോയിന്റുമായാണ് നിര്‍മല കോളജ് ചാമ്പ്യന്മാരായത്.
യൂണിവേഴ്സിറ്റിയിലെ 150 കോളജുകള്‍ തമ്മില്‍ നോര്‍ത്ത്, സൗത്ത് സോണുകളായി നടന്ന മത്സരത്തില്‍ മുന്നിലെത്തിയ നാല് ടീമുകളായിരുന്നു ലീഗ് മത്സരത്തിൽ പങ്കെടുത്തത്.
ആദ്യമത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ മഹാരാജാസ് കോളജിനെ നിർമല കോളജ് 2-1ന് പരാജയപ്പെടുത്തി. തുടര്‍ന്നു നടന്ന മത്സരത്തില്‍ ബസേലിയോസ് കോളജിനെ 3-2ന് പരാജയപ്പെടുത്തിയും അവസാന ലീഗ് മത്സരത്തില്‍ കോതമംഗലം എംഎ കോളജിനോടു സമനില (1-1) വഴങ്ങുകയും ചെയ്തതോടെയാണു നിർമല കോളജ് ചാന്പ്യൻമാരായത്. നിര്‍മല കോളജിലെ അദിന് ബിജു ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡും നിര്‍മലയുടെ ക്യാപ്റ്റന്‍ സി. ഫര്ഹാന് മികച്ച ഗോള്‍ കീപ്പര്‍ അവാര്‍ഡും കരസ്ഥമാക്കി.
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് നിര്‍മല കോളജ് എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാരാകുന്നത്. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എംജി യൂണിവേഴ്സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു.
Sports
തിരുവനന്തപുരം: ആദ്യദിനങ്ങളിലെ ഒപ്പത്തിനൊപ്പമുളള കുതിപ്പിനു പിന്നാലെ ഇന്നലെ ഒറ്റയാന് മുന്നേറ്റം നടത്തിയ കടകശേരി ഐഡിയലിന് അത് ലറ്റിക്സില്‍ വ്യക്തമായ മേധാവിത്വം. കഴിഞ്ഞ സ്കൂള്‍ മീറ്റിലെ ചാമ്പ്യന്‍ സ്കൂളായ ഐഡിയല്‍ ആറു സ്വര്‍ണവും ഏഴു വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 52 പോയിന്റുമായി പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സിന് ആറു സ്വര്‍ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ 38 പോയിന്റുകള്‍. പാലക്കാട് വടവന്നൂര്‍ എംവിഎച്ച്എസ് അഞ്ച സ്വര്‍ണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവുമായി 37 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.
സ്പോര്‍ട്സ് സ്കൂള്‍ വിഭാഗത്തില്‍ ആറ സ്വര്‍ണവും അഞ്ച വെള്ളിയും മൂന്നു വെങ്കലവുമായി 48 പോയിന്റോടെ തിരുവനന്തപുരം ജിവി രാജ ബഹുദൂരം മുന്നിലാണ്്. രണ്ടാമതുളള കൊല്ലം സായിക്ക് ഒരു സ്വര്‍ണവും ഒരു വെള്ളിയും ഉള്‍പ്പെടെ എട്ടുപോയിന്റ്. ഒരു സ്വര്‍ണവുമായി സിഎച്ച്എസ് വയനാട് മൂന്നാം സ്ഥാനത്തുമുണ്ട്.
അത്ലറ്റിക്സില് ചാമ്പ്യന്‍ ജില്ലയ്ക്കായി പാലക്കാടും മലപ്പുറവും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. 20 സ്വര്‍ണവും 13 വെള്ളിയും എട്ടു വെങ്കലവുമായി 162 പോയിന്റോടെ പാലക്കാട് ഒന്നാം സ്ഥാനത്തു നില്ക്കുമ്പോള് 14 സ്വര്‍ണവും 19 വെള്ളിയും 21 വെങ്കലവുമായി 155 പോയിന്റോടെ മലപ്പുറം തൊട്ടു പിന്നിലുണ്ട്. എട്ടു സ്വര്‍ണവും ഒമ്പത് വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ 75 പോയിന്റുമായി കോഴിക്കോടാണ് പട്ടികയില്‍ മൂന്നാമത്. ഇന്നലെ ട്രാക്കില്‍ പിറന്ന ഏക റിക്കാര്‍ഡ് തിരുവനന്തപുരം ജിവി രാജ സ്കൂളിലെ ശ്രീഹരി കരിക്കന്‍ സ്വന്തമാക്കി
1600 കടന്ന് ആതിഥേയര്‍
ഓവറോള്‍ കിരീടപ്പോരാട്ടത്തില്‍ തിരുവനന്തപുരത്തിന് എതിരാളികളില്ല. ഓവറോള്‍ കിരീടം ഉറപ്പിച്ച തിരുവനന്തപുരം. 182 സ്വര്‍ണവും 129 വെള്ളിയും 156 വെങ്കലവുമായി 1610 പോയിന്റിലെത്തി. 84 സ്വര്‍ണവും 44 വെള്ളിയും 87 വെങ്കലവുമായി 769 പോയിന്റോടെ തൃശൂര്‍ രണ്ടാമതും 56 സ്വര്‍ണവും 73 വെള്ളിയും 78 വെങ്കലവുമായി 695 പോയിന്റ് നേടി പാലക്കാട് മൂന്നാമതുമുണ്ട്.
ഗെയിംസിലും തിരുവനന്തപുരം
ഗെയിംസ് ഇനങ്ങളില്‍ ആദ്യദിനം മുതല്‍ തിരുവനന്തപുരത്തിന്റെ സമ്പൂര്‍ണ ആധിപത്യമാണ്. ആകെയുള്ള 535 മത്സര ഇനങ്ങളില്‍ 448 എണ്ണം പൂര്‍ത്തിയായപ്പോള്‍ 102 സ്വര്‍ണം 61 വെള്ളി 107 വെങ്കലം എന്നിവയുമായി 908 പോയിന്റുമായി ആതിഥേയര്‍ ഒന്നാമത് നില്ക്കുമ്പോള് 58 സ്വര്‍ണം 63 വെള്ളി 70 വെങ്കലം എന്നിവയുമായി 646 പോയിന്റോടെ കണ്ണൂര്‍ രണ്ടാമതുണ്ട്. 65 സ്വര്‍ണം 31 വെള്ളി 64 വെങ്കലം എന്നിങ്ങനെ 595 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്താണ്. നീന്തല്‍ മത്സരങ്ങളില്‍ തിരുവനന്തപുരം ചാമ്പ്യന്‍ പട്ടം നേടിയിരുന്നു.
വീണയ്ക്ക് ഡബിള്‍ ഗോൾഡ്
തിരുവനന്തതപുരം: സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററിലും സ്വര്‍ണം സ്വന്തമാക്കിയ പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസിലെ കെ. വീണ ഇരട്ട സ്വര്‍ണത്തിന് അവകാശിയായി. 2:19.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വീണ 800 മീറ്ററില്‍ സ്വര്‍ണത്തിന് അവകാശിയായത്. 1500 മീറ്ററിലും വീണയ്ക്കായിരുന്നു സ്വര്‍ണം. 800ല്‍ കടകശേരി ഐഡിയലിലെ സൂസന് മേരി കുര്യാക്കോസ് വെള്ളിയും ആലപ്പുഴ കലവൂര്‍ സര്‍ക്കാര്‍ സ്കൂളിലെ അശ്വിനി വെങ്കലവും നേടി.
സീനിയര്‍ ആണ്‍കുട്ടികളില്‍ സിഎച്ച്എസ് വയനാട്ടിലെ സ്റ്റെഫിന് സാലു സ്വര്‍ണവും കൊല്ലം സായിയുടെ മെല്ബിന് ബിന്നി വെള്ളിയും സ്വന്തമാക്കി. ജൂണിയര്‍ ആണ്‍കുട്ടികളില്‍ രായിരിമംഗലം എസ്എംഎംഎച്ച്എസ്എസിലെ നൂറുള്‍ മദാനി ഒന്നാമതെത്തിയപ്പോള്‍ തിരുവനന്തപുരം ജിവി രാജയിലെ എ. ശിവപ്രസാദ് വെള്ളിയും കോതമംഗലം മാര്‍ ബേസിലിലെ ഡാനിയേല്‍ ഷാജി വെങ്കലവും നേടി. പെണ്‍കുട്ടികളില്‍ വടവന്നൂര്‍ വിഎംഎച്ച്എസിലെ നിവേദ്യ കലാധര്‍ ഒന്നാമതും കോട്ടയം മുണ്ടക്കയം ഈസ്റ്റ് സെന്റ് ആന്റണീസ് സ്കൂളിലെ അനന്യ പി. അജുമുദ്ദീന്‍ വെള്ളിയും ആലപ്പുഴ സെന്റ് ജോസഫ്സിലെ എയ്ഞ്ചല്‍ റോസ് ടിന്‍സി വെങ്കലവും സ്വന്തമാക്കി.