ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ഓസ്ട്രേലിയൻ താരങ്ങളുടെ ആഹ്ലാദം
ലണ്ടൻ: 2026 വനിതാ ടി20 ലോകകിരീടം സ്വന്തമാക്കി ഓസ്ട്രേലിയ. ലോർഡ്സിൽ ലടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഓസീസ് കിരീടം സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ 17.1 ഓവറിൽ മറികടന്നു. 64 റൺസെടുത്ത വിക്കറ്റ് കീപ്പർ ബെത് മൂണിയുടെയും 48 റൺസെടുത്ത ഫീബ ലിച്ച്ഫീൽഡിന്റെയും മികവിലാണ് ഓസീസ് ലക്ഷ്യം മറികടന്നത്.
ഇംഗ്ലണ്ടിന് വേണ്ടി ഷാർലറ്റ് ഡീനും ലോറൻ ബെല്ലും സോഫി എക്ലെസ്റ്റോണും ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 150 റൺസെടുത്തത്. ക്യാപ്റ്റൻ നാറ്റ് സിവർ-ബ്രണ്ടിന്റെ അർധ സെഞ്ചുറിയുടെയും ഫ്രെയ കെംപിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. നാറ്റ് സിവർ 58 റൺസാണെടുത്തത്. ഫ്രെയ കെംപ് 44 റൺസും അലിസ് കാപ്സി 23 റൺസുമെടുത്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മൊളിനെക്സും ലൂസി ഹാമിൽടണും കിം ഗാർത്തും അന്നബെൽ സതർലൻഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഓസ്ട്രേലിയയുടെ ഏഴാം കിരീടം നേട്ടമാണിത്. 2010, 2012, 2014, 2018, 2020, 2023 എന്നീ വർഷങ്ങളിലും ഓസ്ട്രേലിയ കിരീടം നേടിയിട്ടുണ്ട്.