ഡോ. ശ്യാമപ്രസാദ് മുഖർജി, പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: ഡോ. ശ്യാമപ്രസാദ് മുഖർജിയെപ്പോലെ ബൗദ്ധികത, പൊതുസേവനം, ധാർമിക ബോധം എന്നിവയുടെ സന്തുലിതമായ സങ്കലനം ഇത്രയധികം ആഴത്തിൽ പ്രതിഫലിപ്പിച്ച നേതാക്കൾ ആധുനിക ഇന്ത്യയിൽ വളരെ ചുരുക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ധീരതയുടെയും മാതൃഭൂമിയോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെയും എക്കാലത്തെയും മികച്ച മാതൃകയാണ് മുഖർജിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ 125-ാം ജന്മവാർഷികം ഇന്ന് ആചരിക്കുകയാണ്.
വിധി ഡോ. മുഖർജിക്കു മുന്നിൽ സമ്പദ്സമൃദ്ധിയുടെ പാത തുറന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ മനഃസാക്ഷി അദ്ദേഹത്തെ നയിച്ചത് ത്യാഗത്തിന്റെയും ദേശീയ സേവനത്തിന്റെയും വഴിയിലേക്കാണ്. കൊളോണിയലിസം, വർഗീയത, മാനുഷിക വെല്ലുവിളികൾ എന്നിവയ്ക്കെതിരേ അദ്ദേഹം പോരാടി.
ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ പൊതുജീവിതത്തെ നിർവചിച്ച ഏതെങ്കിലും ആദർശം ഉണ്ടെങ്കിൽ അത് ഇന്ത്യയുടെ അവിഭാജ്യതയായിരുന്നു. പശ്ചിമ ബംഗാൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കാൻ വിഭജനത്തിന്റെ അശാന്തി നിറഞ്ഞ നാളുകളിൽ അദ്ദേഹം ഉറച്ചുനിന്നു.
ഒരു വ്യക്തിയുടെ അന്തിമത്യാഗം രാഷ്ട്രീയത്തിനതീതമായി ദേശീയ സ്മൃതിയുടെ ഭാഗമായി മാറിയ നിമിഷമായിരുന്നു ഡോ. മുഖർജിയുടെ അവസാന യാത്ര. താൻ വിശ്വസിച്ച ലക്ഷ്യത്തിനുവേണ്ടിയാണ് ഡോ. മുഖർജി സ്വയം ബലി നൽകിയതെന്ന് ആചാര്യ വിനോബ ഭാവെ പറയുകയുണ്ടായി.
വർഷങ്ങൾക്കുശേഷം, 2019ൽ 370, 35(എ) വകുപ്പുകൾ റദ്ദാക്കിയത് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് നൽകിയ ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലിയായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡോ. മുഖർജി ഇന്ത്യക്കും ഇന്ത്യൻ മൂല്യങ്ങൾക്കുമാണ് പ്രഥമ പരിഗണന നൽകിയിരുന്നത്.
കോൺഗ്രസ് പാർട്ടി സർവവ്യാപിയായിരുന്ന കാലത്ത് നമ്മുടെ സാംസ്കാരിക വേരുകളോട് ചേർന്നുനിൽക്കുന്നതോടൊപ്പം ഇന്ത്യയുടെ പുരോഗതിക്കായി സംസാരിക്കാൻ ബദൽ ശബ്ദം ഉയരേണ്ടത് ഏറെ അനിവാര്യമാണെന്ന് തോന്നിയതിന്റെ ഫലമായിരുന്നു ഭാരതീയ ജനസംഘത്തിന്റെ രൂപീകരണം.
ഇന്ത്യയുടെ ആദ്യത്തെ വ്യവസായ-വിതരണ മന്ത്രിയെന്ന നിലയിലുള്ള ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ കാലാവധി, വികസനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എത്രത്തോളം സമഗ്രവും മാനുഷികവുമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതായിരുന്നു. പുതുതായി സ്വാതന്ത്ര്യം നേടിയ ഒരു രാഷ്ട്രത്തിന് അന്തസും അവസരങ്ങളും ആത്മവിശ്വാസവും തിരികെ നൽകാനുള്ള മാർഗമായാണ് അദ്ദേഹം വ്യവസായത്തെ വീക്ഷിച്ചത്.
ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം സംവാദങ്ങളെയും ചർച്ചകളെയും പണ്ടുമുതലേ ആഘോഷമാക്കിയിട്ടുള്ളതാണ്. ഡോ. മുഖർജി ഈ ജനാധിപത്യ മനോഭാവം ഉൾക്കൊണ്ട വ്യക്തിയായിരുന്നെന്ന് മോദി ഓർമിച്ചു. മാനുഷിക പരിഗണനകളാലുള്ള പ്രവർത്തനങ്ങളിലും ഡോ. മുഖർജി ഏറെ ശ്രദ്ധേയനായിരുന്നു.
വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോൾ, അദ്ദേഹം അത്രമേൽ ആഴത്തിൽ വിശ്വസിച്ചിരുന്ന കരുത്തുറ്റതും അവിഭാജ്യവും ആത്മവിശ്വാസമുള്ളതും കാരുണ്യമുള്ളതുമായ ഇന്ത്യ കെട്ടിപ്പടുക്കാൻ ഓരോ ദിവസവും പരിശ്രമിക്കുക എന്നതാണ് നാം അദ്ദേഹത്തിന് നൽകുന്ന ഏറ്റവും മികച്ച ശ്രദ്ധാഞ്ജലിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നത്തെ യുവാക്കൾ ഈ അവസരത്തിനൊത്തുയർന്ന് കൃത്യമായി അതു ചെയ്യുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
Tags : Dr. Shyama Prasad Mukherjee life dedicated Narendra Modi