വേസ്റ്റ് ഓയിൽ ഉപയോഗിച്ചുള്ള കുക്കിംഗ് സ്റ്റൗവിന്റെ പ്രവർത്തനം വിശദീകരിക
യുദ്ധകാലത്ത് ഗ്യാസ് ക്ഷാമത്തിൽ പാചകം ബുദ്ധിമുട്ടിലാകുമോ എന്ന ആശങ്കയ്ക്ക് പരിഹാരമായിട്ടാണ് വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളജിലെ ഐടിഐ ട്രെയിനികൾ തങ്ങളുടെ ഒരു കണ്ടുപിടിത്തത്തെ പരിഷ്കരിച്ചത്.
പപ്പടം, മത്സ്യ-മാംസം, ചിപ്സ്, എണ്ണക്കടികൾ തുടങ്ങിയവ വറുത്ത വേസ്റ്റ് ഓയിൽ ഉപയോഗിച്ച് സ്റ്റൗ കത്തിക്കുക എന്നതാണ് ആശയം. എംഎംവി ഡിപ്പാർട്ട്മെന്റിലെ മിടുക്കർ രൂപകല്പന ചെയ്ത സ്റ്റൗ ക്ലിക്കായി- ഒരു ലിറ്റർ വേസ്റ്റ് ഓയിൽകൊണ്ട് അഞ്ചുമണിക്കൂർ വരെ സ്റ്റൗ കത്തിക്കാമെന്ന് തെളിയിച്ച് ഇവർ കൈയടിയും നേടി.
കോവിഡ് കാലത്താണ് ഇവർ ഈ ആശയത്തിന് ആദ്യം രൂപംകൊടുത്തത്. ഇപ്പോൾ ആ മാതൃക കൂടുതൽ പരിഷ്കരിച്ച് അവതരിപ്പിക്കുകയായിരുന്നു. ഒരു സീറോ ബജറ്റ് അടുപ്പ് എന്ന നിലയിലാണ് ഇതിനെ കാണുന്നത്. വേസ്റ്റ് സാമഗ്രികൾകൊണ്ട് പാചകം നടക്കും. പുകപ്രശ്നമില്ല. വേസ്റ്റ് ഓയിൽ സ്റ്റോർ ചെയ്യാനുള്ള പാത്രം, ഓയിൽ കടന്നുവരുന്നത് നിയന്ത്രിക്കാനുള്ള വാൾവ്, സ്റ്റൗവിന്റെ ഫ്രെയിം, ചെറിയ പൈപ്പ്, ബർണർ, റെഗുലേറ്റർ, ഒരു ചെറിയ ഫാൻ തുടങ്ങിയവയാണ് ആവശ്യമുള്ള നിർമാണ സാമഗ്രികൾ. ഇതിനെല്ലാംകൂടി പരമാവധി ചെലവ് 1200 രൂപ.
ബാറ്ററിയുടെയോ വൈദ്യുതിയുടെയോ സഹായത്താൽ തീ കൂട്ടാം. വേസ്റ്റ് ഓയിൽ സ്റ്റൗ എന്നാണ് ഇതിന് പേരിട്ടിട്ടുള്ളത്. ടീം ലീഡറായ സാൻജോയുടെ നേതൃത്വത്തിൽ കെ.കെ. കാർത്തിക്, ജെ. അമൽ, ആൽവിൻ ഷൈജു, അൻവിൻ വിൻസന്റ്, മുഹമ്മദ് അബൂബക്കർ, എ. അൻസിൽ, അബ്ദുൾ മുഹീസ്, സ്മിതിൻ, ആദർശ്, മുഹമ്മദ് റിനീഫ, എസ്. മുഹമ്മദ് ഷാമിൽ, വി. വിശാഖ്, ടോം ജെ. തയ്യിൽ, ജഗൻ, ഗൗതം എന്നിവരടങ്ങുന്ന സംഘമാണ് ഈ കണ്ടുപിടിത്തത്തിനു പിന്നിൽ.
ഇവർക്ക് പ്രോത്സാഹനവും പിന്തുണയുമായി കോളജ് ഡയറക്ടർ ഫാ. ഡോ. മാത്യു ഇല്ലത്തുപറന്പിൽ, ജോയിന്റ് ഡയറക്ടർ ഫാ. സജോ അറയ്ക്കൽ, ഐടിഐ പ്രിൻസിപ്പൽ ജോണ് ശെൽവരാജ്, അധ്യാപകരായ ജോബിൻ ജോസ്, കെ.എം. ഷാജു, ജോമോൻ കെ. ജോണി എന്നിവരും വിദ്യാർഥി കൂട്ടായ്മയും ഒപ്പമുണ്ടായിരുന്നു.
പാചകരംഗത്ത് ജനപ്രീതി നേടിയ റോക്കറ്റ് സ്റ്റൗവിന്റെ പരിഷ്കരിച്ച മോഡലും ഇവരുടെ ഭാവനയിലുണ്ട്. ഏതാനും പൈപ്പ് കഷണങ്ങളുടെ സംയോജനത്തിൽ വായു കടക്കുംവിധമാണ് ഈ അടുപ്പുനിർമാണം. റേസിംഗ് കാർ, കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന മിക്സി, ഭീമൻ സൈക്കിൾ, സ്പ്രേയിംഗ് ഡ്രോൺ, ഈർക്കിൽ ചൂലുണ്ടാക്കുന്ന യന്ത്രം തുടങ്ങിയവയെല്ലാം സെന്റ് മേരീസിലെ ഐടിഐ ട്രെയിനികൾ നിർമിച്ചിരുന്നു. പാലക്കാട് രൂപതയ്ക്കു കീഴിലാണ് വള്ളിയോട് പോളിടെക്നിക് കോളജ് പ്രവർത്തിക്കുന്നത്.
Tags : oil stove power technology Amazing machines eco friendly inventions