കൊച്ചി: കൈവശമുള്ള രണ്ടു ജോഡി ആനക്കൊമ്പുകളും ആനക്കൊമ്പില്‍ തീര്‍ത്ത 17 ശില്പങ്ങളും ക്രമപ്പെടുത്താന്‍ നടന് മോഹന്‍ലാല്‍ സമര്‍പ്പിച്ച അപേക്ഷയില്‍ നടപടികള്‍ വേഗത്തിലാക്കി വനംവകുപ്പ്. അനധികൃതമായി കൈവശംവച്ചിട്ടുള്ള വസ്തുക്കള്‍ ക്രമപ്പെടുത്താനുള്ള അവസരം വനംവകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതു പ്രയോജനപ്പെടുത്തിയാണ് മോഹന്‍ലാല്‍ അപേക്ഷ സമര്‍പ്പിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടിലെത്തി പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത് എവിടെനിന്നുലഭിച്ചുവെന്ന വിവരങ്ങള്‍ വനംവകുപ്പ് പരിശോധിച്ചു ശരിവച്ചുകഴിഞ്ഞാല്‍ നിയമപരമായി ആനക്കൊമ്പടക്കം എല്ലാ വസ്തുക്കളും മോഹന്‍ലാലിനു സൂക്ഷിക്കാം. ഇതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കാണു നടപടികളുടെ ചുമതല.തന്റെ കൈവശമുള്ള രണ്ടു ജോഡി ആനക്കൊമ്പുകളെക്കുറിച്ചും ആനക്കൊമ്പില്‍ തീര്‍ത്ത 13 കരകൗശല വസ്തുക്കളെക്കുറിച്ചുമുള്ള വിവരങ്ങളാണ് മോഹന്‍ലാല്‍ കൈമാറിയത്. ഈ വസ്തുക്കള്‍ എങ്ങനെ കൈവശം വന്നു എന്നതുസംബന്ധിച്ച വിശദീകരണങ്ങളും അദ്ദേഹം അധികൃതര്‍ക്കു നല്കി.
മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അന്ന് വനംവകുപ്പ് ഇവ കസ്റ്റഡിയിലെടുക്കുകയും ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ചെയ്തു.
പിന്നീട് മോഹന്‍ലാലിന് ഉടമസ്ഥാവകാശം ലഭിച്ചെങ്കിലും നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ ഹൈക്കോടതി ആ ഉടമസ്ഥാവകാശം റദ്ദാക്കുകയായിരുന്നു.ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് വന്യജീവി ഉത്പന്നങ്ങള്‍ കൈവശമുള്ളവര്‍ക്ക് അതു വെളിപ്പെടുത്താന്‍ വനംവകുപ്പ് പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
Tags : Elephant ivory case Forest department proceedings Mohanlal expedites