സവിൻ , അക്ഷയ്, വൈഷ്ണവ് , അദ്വൈത്
കാലാവസ്ഥ വ്യതിയാനത്തെ മറികടന്ന് വീടുകളിലെ ചൂടും തണുപ്പും നിയന്ത്രിക്കാൻ ഉപകരിക്കുന്ന കോന്പോസിറ്റ് വിൻഡോ കണ്ടുപിടിത്തവുമായി എൻജിയറിംഗ് ബിരുദധാരികളായ നാല് യുവാക്കൾ. കിളിമാനൂർ തട്ടത്തുമല വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ കാന്പസിലെ പൂർവവിദ്യാർഥികളും ബിടെക് മെക്കാനിക്കൽ ബിരുദധാരികളുമാണ് ഈ നാലുപേർ.
അഞ്ചൽ സ്വദേശി എം.എസ്. വൈഷ്ണവ്, നെടുമങ്ങാട് സ്വദേശി എ.ആർ. അക്ഷയ്, ആറ്റിങ്ങൽ സ്വദേശി ബി.ടി. അദ്വൈത്, കിളിമാനൂർ സ്വദേശി എസ്. സവിൻ എന്നിവരാണീ നാൽവർ. കോളജിലെ അധ്യാപകനായ സജിത്ത് കൃഷ്ണന്റെ മേൽനോട്ടത്തിലായിരുന്നു ഇവരുടെ പരീക്ഷണവിജയം. കോന്പോസിറ്റ് വിൻഡോ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്ന നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഈ യുവാക്കൾ.
കോന്പോസിറ്റ് വിൻഡോയുടെ പ്രത്യേകത എന്താണെന്ന് ടീം ലീഡർ വൈഷ്ണവ് വിവരിക്കുന്നത് ഇങ്ങനെ: ചൂട് കാലങ്ങളിൽ വീട്ടിലെ മുറികളിൽ ഉൾപ്പെടെ തണുപ്പ് ലഭ്യമാക്കുന്നതാണ് കോന്പോസിറ്റ് വിൻഡോ. തണുപ്പുകാലങ്ങളിൽ വീട്ടിനകത്ത് ചൂടും ഈ വിൻഡോയിലൂടെ ലഭ്യമാകും.
പകൽസമയങ്ങളിൽ സൂര്യന്റെ ചൂട് തടഞ്ഞ് പ്രകാശം മുറികൾക്കുള്ളിലേക്ക് ലഭ്യമാക്കുന്ന പ്രവർത്തനമാണ് കോന്പോസിറ്റ് വിൻഡോ നൽകുന്നത്. "തെർമൽ പെർഫോമൻസ് ഓഫ് ഗ്ലാസ് വിൻഡോ അസോസിയേറ്റഡ് വിത്ത് മെറ്റീരിയൽ’ എന്നാണ് കോന്പോസിറ്റ് വിൻഡോയുടെ പൂർണനാമം.
മൂന്നടി ഉയരവും അഞ്ചടി വീതിയുമുള്ള നാല് പാളികളുള്ള ഗ്ലാസ് ജനലാണ് കോന്പോസിറ്റ് വിൻഡോ. രണ്ട് ഗ്ലാസുകൾക്കിടയിൽ പാരഫിൻ വാക്സ് വച്ച് രാസപ്രവർത്തനത്തിലൂടെയാണ് കോന്പോസിറ്റ് വിൻഡോ ചൂടുകാലങ്ങളിൽ തണുപ്പും, തണുപ്പു കാലങ്ങളിൽ ചൂടും വീട്ടിനകത്തേക്ക് ആഗിരണം ചെയ്യുന്നത്. ഈ വിൻഡോ സ്ഥാപിച്ചാൽ വീട്ടിനകത്ത് 26 ഡിഗ്രിയിൽ കുടുതൽ ചൂടുണ്ടാകില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ നിർദേശങ്ങളനുസരിച്ചാണ് ക്രമീകരണങ്ങളെന്നാണ് യുവാക്കൾ അവകാശപ്പെടുന്നത്. സോൾഡ് പാരഫിൻ, ലിക്വിഡ് പാരഫിൻ സംയോജിപ്പിച്ചാണ് വിൻഡോ സജ്ജീകരിച്ചിരിക്കുന്നത്.
Tags : power bath shower Amazing machines eco friendly inventions