ന്യൂഡൽഹി: നൂതന സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന വാഹനങ്ങൾക്കു സൈബർ സുരക്ഷയും സോഫ്റ്റ്വേർ അപ്ഡേറ്റ് മാനേജ്മെന്റും നിർബന്ധമാക്കുന്നതു സംബന്ധിച്ച നിയമം കർശനമാക്കാൻ കേന്ദ്രസർക്കാർ.
കംപ്യൂട്ടറൈസ്ഡ് സംവിധാനങ്ങളുള്ള പുതിയ മോഡൽ വാഹനങ്ങൾ മോഷണം പോകുന്നത് തടയുന്നതിനും ഇത്തരം വാഹങ്ങൾ നേരിടുന്ന സൈബർ സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതിനുമാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഇടപെടൽ.
ലെവൽ-3 അല്ലെങ്കിൽ അതിനു മുകളിലുള്ള ഓട്ടോമേറ്റഡ് ഡ്രൈവിംഗ് സാങ്കേതികവിദ്യയും ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റുമുള്ള യാത്രാ-വാണിജ്യ വാഹനങ്ങൾക്കും ട്രാക്ടറുകൾക്കും ഈ സൈബർ സുരക്ഷാ നിയമങ്ങൾ ബാധകമായിരിക്കും.
മെഴ്സിഡസ് ബെൻസ് എസ് ക്ലാസ്, ഔഡി എ8, ബിഎംഡബ്ല്യു 7 സീരീസ് തുടങ്ങിയ ഉയർന്ന സാങ്കേതികവിദ്യയുള്ള പുതിയ മോഡൽ വാഹങ്ങൾക്ക് ഒക്ടോബർ മുതലും നിലവിലുള്ള മോഡലുകൾക്ക് അടുത്ത ഏപ്രിൽ മുതലും പുതിയ ചട്ടങ്ങൾ നിർബന്ധമാക്കും.
സ്മാർട്ട്ഫോണുകൾക്കു സമാനമായി ഡീലർഷിപ്പുകളിൽ പോകാതെതന്നെ വൈ ഫൈ അല്ലെങ്കിൽ മൊബൈൽ നെറ്റ്വർക്കുകൾ വഴി സിസ്റ്റം അപ്ഡേറ്റുകൾ നേരിട്ടു ലഭ്യമാക്കുന്ന ഒടിഎ (ഓവർ ദി എയർ) സാങ്കേതികവിദ്യയുള്ള വാഹനങ്ങൾക്ക് 2028 ഏപ്രിലിനും ഒക്ടോബറിനുമിടയിൽ നിയമം ബാധകമായി തുടങ്ങും.
മറ്റു സോഫ്റ്റ്വേർ അപ്ഡേറ്റ് സംവിധാനമുള്ള വാഹനങ്ങൾക്ക് 2029 ഒക്ടോബറോടെയാകും നിയമം ബാധകമായി തുടങ്ങുക.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി മാനേജ്മെന്റ് സിസ്റ്റം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ റിമോട്ടായി നിയന്ത്രിക്കപ്പെടുന്നതിലൂടെ ഉണ്ടാകാനിടയുള്ള സുരക്ഷാ വീഴ്ചകൾ തടയാൻ കൂടുതൽ സുരക്ഷിതമായ കോഡിംഗ് ഉറപ്പാക്കണമെന്ന് വാഹനനിർമാതാക്കൾക്കു സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ബാറ്ററി സംവിധാനം ഉപയോഗിച്ച് ചെറിയ ദൂരം ഓടുന്ന ഇ-റിക്ഷകൾ ഫോണിലെ ബ്ലൂടൂത്ത് സംവിധാനം ഉപയോഗിച്ച് പുറത്തുനിന്നും സ്വിച്ച് ഓഫാക്കാൻ സാധിക്കുമെന്ന് അടുത്തിടെയാണു കണ്ടെത്തിയത്.
ഇ-റിക്ഷ ഡ്രൈവർമാരെ കബളിപ്പിക്കാനെന്നോണം ഇത്തരത്തിൽ നിരവധി ഇ-റിക്ഷകൾ ഓടിക്കൊണ്ടിരിക്കെ ഓഫായതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണു വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.