പ്രശാന്ത് കിഷോർ
പാറ്റ്ന: ബിഹാറിൽ ഉടൻ നടക്കാനിരിക്കുന്ന ബങ്കിപ്പുർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ രാജിയെത്തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ റഫറണ്ടമായിരിക്കും ഉപതെരഞ്ഞെടുപ്പെന്ന് പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടു. പ്രശാന്ത് കിഷോറിനോടുള്ള നിലപാടിൽ കോൺഗ്രസും ആർജെഡിയും ആശയക്കുഴപ്പത്തിൽ തുടരുകയാണ്. ബിജെപി ശക്തികേന്ദ്രമാണെങ്കിലും പ്രശാന്ത് കിഷോറിന്റെ സാന്നിധ്യം മത്സരം കടുപ്പിക്കുമെന്നാണ് കോൺഗ്രസ് നേതാവ് ഋഷി മിശ്രയുടെ നിലപാട്.
രാഹുൽ ഗാന്ധിയെ കണ്ട് പിന്തുണ ഉറപ്പാക്കണമെന്ന് പ്രശാന്ത് കിഷോറിനോട് അദ്ദേഹം നിർദേശിക്കുകയും ചെയ്തു. അതേസമയം കോൺഗ്രസിന്റെ പിന്തുണയായി ഋഷി മിശ്രയുടെ വാക്കുകളെ പരിഗണിക്കാനാവില്ലെന്നായിരുന്നു ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരിയുടെ മറുപടി. രാഹുൽ ഗാന്ധിയുടേയോ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയോ പിന്തുണ സംബന്ധിച്ച നിലപാട് പറയണമെന്നും ആർജെഡി നേതാവ് പറഞ്ഞു.
Tags : Bihar by-elections Prashant Kishor contest