എം.എ.ബേബി,മമതാ ബാനർജി
ന്യൂഡൽഹി: പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ വൈര്യം മറന്ന് സിപിഎമ്മും തൃണമൂൽ കോൺഗ്രസും തമ്മിൽ അടുക്കുന്നു. സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയും ചർച്ചനടത്തിയതായി റിപ്പോർട്ടുകളുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചണിനിരക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ അസാധാരണമായ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ അടിയന്തര യോഗം ചേരണമെന്ന് അഭ്യർഥിച്ച് ബുധനാഴ്ച എം.എ.ബേബി മമത ബാനർജി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് കത്തയച്ചിരുന്നു.
ഇതിനുപിന്നാലെയാണ് ഇരുപാർട്ടികളും തമ്മിലുള്ള ചർച്ചകൾക്ക് വേഗമേറിയത്. എം.എ. ബേബിയുടെ കത്ത് മമതയ്ക്ക് ലഭിച്ചതിനു പിന്നാലെ തൃണമൂലിന്റെ രാജ്യസഭാകക്ഷി നേതാവ് ഡെറിക് ഒബ്രിയനും സിപിഎം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസും തമ്മിൽ സംസാരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് മമതയും ബേബിയും ഫോണിൽ സംസാരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് തൃണമൂൽ കോൺഗ്രസിൽ ഈ പുതിയ രാഷ്ട്രീയ നീക്കം. പാർട്ടിയിലെ പിളർപ്പിനു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചിരുന്നു.
Tags : M.A.Baby Mamata Banerjee Cpim Trinamool Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash