ഷോൺ ജോർജ്
തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുകൾ രാഷ്ട്രീയ ആയുധമാക്കുന്നതിൽ നിന്ന് തൽക്കാലം പിന്നോട്ടുപോകാൻ ബിജെപി നേതൃത്വം. ബിജെപി നേതാക്കളുടെ ഉൾപ്പടെ പ്രമുഖരുടെ പേരുകൾ കർത്തയുടെ ഡയറിയിലുണ്ട്.
അതിനാൽ ഇത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന ആശങ്കയാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയത്. ഇതോടെ ഷോൺ ജോർജിന്റെ വെളിപ്പെടുത്തലുകൾ ഏറ്റെടുത്ത് സംസ്ഥാനവ്യാപകമായി പ്രചാരണം നടത്തേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപി. ഷോണിന്റെ നടപടിയെ പരസ്യമായി തള്ളിപ്പറയാനും നേതൃത്വം തയാറായിട്ടില്ല.
എന്നാൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണ വിജയനെയും മാത്രം കേന്ദ്രീകരിച്ച് മാസപ്പടി ആരോപണങ്ങളിൽ രാഷ്ട്രീയ ആക്രമണം ശക്തമാക്കാനാണ് നിലവിലെ നീക്കം. ഇഡി കത്തിലെ പരാമർശങ്ങൾ ഉയർത്തിക്കാട്ടിയാകും ഇനി പ്രധാനമായും പ്രചാരണം. ഡയറി വിവാദത്തിൽ നിന്ന് ശ്രദ്ധ മാറ്റി ഇഡി കത്തിലെ പരാമർശങ്ങളിൽ കേന്ദ്രീകരിച്ച് പ്രതിരോധം തീർക്കാനാണ് ബിജെപി ശ്രമം.
ഷോൺ ജോർജ് ഏകപക്ഷീയമായി ഡയറിയിലെ വിവരങ്ങൾ പുറത്തുവിട്ടതിൽ പാർട്ടി വൃത്തങ്ങളിൽ കടുത്ത അമർഷമുണ്ടെന്നാണ് സൂചന. വാർത്താസമ്മേളനത്തിലൂടെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഡയറിയിൽ പരാമർശിക്കപ്പെട്ട ബിജെപി നേതാക്കളുടെ പേരുകളും പുറത്തുവന്നത് നേതൃത്വത്തിന് പുതിയ തലവേദനയായി.
ശശിധരൻ കർത്തയുടെ ഡയറിയിൽ യുഡിഎഫ്, എൽഡിഎഫ് നേതാക്കളുടെ പേരുകളുണ്ടെന്ന വിവരങ്ങളാണ് ഷോൺ ജോർജ് പുറത്തുവിട്ടത്. എന്നാൽ ഷോൺ പുറത്തുവിടാതിരുന്ന ബിജെപി നേതാക്കളുടെ പേരുകളും പിന്നീട് പുറത്തുവന്നതോടെ ഇത് പാർട്ടിക്കു തന്നെ വിനയായി മാറിയിരിക്കുകയാണ്. അതേസമയം പാർട്ടിയിലെ ഒരു വിഭാഗം ഷോൺ ജോർജിനെതിരെ തിരിയുന്നതായും റിപ്പോർട്ടുകളുണ്ട്.
Tags : KarthaDiary SasidharanKartha ShonGeorge Masappadi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash