തിരുവനന്തപുരം: മാസപ്പടി കേസിൽ സസ്പെൻഷനിലായ കോട്ടയത്തെ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. അശോക് കുമാർ ഉൾപ്പെടെയുള്ളവരുടെ അനധികൃത സ്വത്തു സന്പാദനത്തിൽ അടക്കം വിജിലൻസ് പരിശോധന തുടങ്ങി.
വിജിലൻസ് എറണാകുളം സ്പെഷൽ സെൽ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സസ്പെൻഷൻ ഉത്തരവിറങ്ങിയതിനു പിന്നാലെ വിജിലൻസ് ഇവരുടെ മുഴുവൻ നടപടികളിലും രഹസ്യ പരിശോധന തുടങ്ങിയിരുന്നു.ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്തു സന്പാദനം സംബന്ധിച്ചു പരിശോധന നടത്തണമെന്ന് അഭ്യർഥിച്ച് എക്സൈസ് കമ്മീഷണർ, കഴിഞ്ഞ ദിവസം വിജിലൻസ് ഡയറക്ടർക്ക് കത്തു നൽകിയിരുന്നു.
ബാറുടമകളിൽ നിന്ന് മാസപ്പടികൈപ്പറ്റിയെന്ന പരാതിയിൽ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്.അശോക് കുമാറിനെ കൂടാതെ കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫിസർ എം.മാനുവൽ, പ്രവീണ്‍ ശിവാനന്ദ്, ചങ്ങനാശേരി എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർമാരായ ലാലു തങ്കച്ചൻ, ടി. സന്തോഷ്, ചങ്ങനാശേരി എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫിസർ കെ.ഷിജു, ചങ്ങനാശേരി എക്സൈസ് സർക്കിൾ ഓഫിസിലെ സിവിൽ എക്സൈസ് ഓഫീസർ എ.എസ്.വിശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.