ഇ20 പെട്രോള്‍ വിഷയം വിശദീകരിച്ചുകൊണ്ട് രാഹുൽഗാന്ധി എക്സില്‍ പങ്കുവച്ച ചിത്രം.
ന്യൂഡല്‍ഹി: എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ രാജ്യത്താകെ നിര്‍ബന്ധമാക്കിയതു വാഹനങ്ങളും ജനങ്ങളുടെ ജീവിതവും നശിപ്പിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഇ20 പെട്രോള്‍ ഗൗരവമേറിയ വിഷയമാണെന്നും ഇക്കാര്യം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇ20 യുമായി ബന്ധപ്പെട്ട വിഷയം വളരെ ഗൗരവമേറിയതാണ്. പരിപ്പില്‍ എന്തോ കുഴപ്പമുണ്ടെന്നു സാധാരണ പറയാറുണ്ട്. എന്നാലിവിടെ പരിപ്പ് മുഴുവന്‍ കറുത്തതാണ്” (ദാല്‍ മേം കുച്ച് കാലാ ഹേ, മഗര്‍ യഹാം പൂരീ ദാല്‍ ഹീ കാലീ ഹേ)-ഇ20 പെട്രോള്‍ നിര്‍ബന്ധമാക്കിയതില്‍ വന്‍ അഴിമതിയുണ്ടെന്ന സൂചനയോടെ രാഹുല്‍ പറഞ്ഞു. ഇ20 പെട്രോള്‍ നയത്തിനെതിരായ വിമര്‍ശനം ശക്തമാക്കിയ രാഹുല്‍ ഇന്നലെ എക്സില്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്.
വളരെയധികം അഴിമതി നടക്കുന്നതിനാല്‍ തനിക്കും പാര്‍ട്ടിക്കും സമര ക്രമീകരണം നടത്തേണ്ടതായി വന്നിരിക്കുകയാണെന്നും രാഹുല്‍ വ്യക്തമാക്കി. ക്രമീകരിക്കേണ്ട കാര്യങ്ങളുടെ പട്ടിക വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളെ കൊള്ളയടിക്കാനും അവരുടെ വാഹനങ്ങള്‍ നശിപ്പിക്കാനുമാണ് ഇ20 ഇന്ധന മിശ്രണ നയത്തിലൂടെ ലക്ഷ്യമിടുന്നത്. അക്ഷരാര്‍ഥത്തില്‍ ജനങ്ങളില്‍നിന്നു നേരിട്ടു പണം തട്ടിയെടുക്കുകയാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
ഇ20 പെട്രോള്‍ നിര്‍ബന്ധമാക്കിയതിനെതിരേ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തില്‍ ആം ആംദ്മി പാര്‍ട്ടിയും പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കേജരിവാള്‍ കഴിഞ്ഞദിവസം നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞിരുന്നു. എല്ലാ പമ്പുകളിലും ഉപഭോക്താക്കള്‍ക്കു ശുദ്ധമായ പെട്രോള്‍ കൂടി നല്‍കണമെന്ന് എഎപി ആവശ്യപ്പെട്ടു.
ഇ20 പെട്രോള്‍ ഉപയോഗം വാഹനങ്ങളുടെ റബര്‍ ഭാഗങ്ങള്‍ക്കും മറ്റും കേടു വരുത്തുമെന്ന് ആദ്യം പറഞ്ഞ വാഹന നിര്‍മാതാക്കളുടെ സംഘടനയായ (സിയാം- സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ്) പിന്നീടത് പിന്‍വലിച്ചു.
അതേസമയം, ഇ20 പെട്രോള്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സര്‍ക്കാരും എണ്ണക്കമ്പനികളും അവകാശപ്പെട്ടു. വാഹനങ്ങളുടെ മൈലേജ് അല്പം കുറയാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ടെങ്കിലും വ്യാപകമായ എന്ജിന് തകരാറുകള്‍ ഉണ്ടാകുമെന്ന വാദം തള്ളിക്കളഞ്ഞു.
Tags : RahulGandhi Intensifies Criticism E20PetrolPolicy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash