ജമാഅത്ത് ഇസ്ലാമി പ്രവർത്തകർ ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കറാച്ചിയിൽ നടത്തിയ പ്രകടനം.
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തികതകർച്ച അനുഭവിക്കുന്ന പാക്കിസ്ഥാനിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയും നികുതിയും കുത്തനേ കൂട്ടിയതിൽ ജനരോഷം ആളിക്കത്തുകയാണ്. ജമാ അത്തെ ഇസ്ലാമി തലവൻ ഹാഫിസ് നയീമുർ റഹ്മാന്റെ ആഹ്വാനപ്രകാരം ആരംഭിച്ച പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിച്ചു.
റാവൽപിണ്ടിയടക്കമുള്ള നഗരങ്ങളിൽ പതിനായിരങ്ങളാണു തെരുവിലിറങ്ങിയത്. തന്ത്രപ്രധാനമായ കാരക്കോറം ഹൈവേ പ്രതിഷേധക്കാർ ഉപരോധിച്ചു. റാവൽപിണ്ടിയിലെ മുറീ റോഡിലുള്ള ലിയാഖത് ബാഗിൽ വൻ റാലി നടന്നു. 475 ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രതിഷേധങ്ങൾ നടന്നതായി നേതാക്കൾ അറിയിച്ചു.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കാത്ത സാഹചര്യത്തിലും ഇന്ധനനികുതി കൂട്ടിയതിനെതിരേ തൊഴിലാളികളും വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രക്ഷോഭകരെ ഉടൻ മോചിപ്പിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.
കൂടാതെ, ബലൂചിസ്ഥാനിലും ഖൈബർ പാക്തുംഖ്വയിലും സായുധ കലാപങ്ങളും പാക് അധീന കാഷ്മീരിൽ സർക്കാരിനെതിരേ ജനകീയ പ്രക്ഷോഭവും രൂക്ഷമാണ്. വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ മാധ്യമങ്ങൾക്കുമേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഭരണകൂടം.
സൈനിക ആസ്ഥാനം നിയന്ത്രിക്കുന്ന സർക്കാർ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഇസ്ലാമാബാദിലെ ഓഫീസിലിരിക്കുന്നുണ്ടെങ്കിലും വിദേശനയം, ആഭ്യന്തരസുരക്ഷ, ഭരണപരമായ നിർണായക തീരുമാനങ്ങൾ എന്നിവയെല്ലാം റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തുനിന്നാണ് നിർണയിക്കപ്പെടുന്നത്.
1947ൽ സ്വാതന്ത്ര്യം നേടിയശേഷം 1958, 1969, 1977, 1999 എന്നീ വർഷങ്ങളിലായി നാലുതവണയാണ് പാക്കിസ്ഥാനിൽ സൈനിക അട്ടിമറി നടന്നിട്ടുള്ളത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനുശേഷം പൂർണനിയന്ത്രണം ഏറ്റെടുത്ത സൈന്യം ഭരണഘടനാപരമായ മാറ്റങ്ങളിലൂടെയാണോ അതോ നേരിട്ടുള്ള പട്ടാള നിയമത്തിലൂടെയാണോ അധികാരം പിടിച്ചെടുക്കുകയെന്നതു വരുംദിവസങ്ങളിൽ വ്യക്തമാകും.
Tags : Oil Burning Pakistan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash