ദേവ്ദത്ത് പടിക്കൽ ബൗണ്ടറി നേടുന്നു.
കൊളംബോ: ശ്രീലങ്ക ഇലവന് എതിരായ ത്രിദിന പരിശീലന മത്സരത്തില്‍ ഇന്ത്യയുടെ ദേവ്ദത്ത് പടിക്കലിനു സെഞ്ചുറി.
രണ്ടാംദിനം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് എടുത്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കന്‍ ഇലവന് 363/8 എന്ന സ്കോറില്‍ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തിരുന്നു.
മൂന്നാം നമ്പര്‍
നേരിട്ട രണ്ടാം പന്തില്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ (0) പുറത്തായതോടെ മൂന്നാം നമ്പറില്‍ ദേവ്ദത്ത് പടിക്കല്‍ ക്രീസില്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും പരിക്കിനെത്തുടര്‍ന്ന് പുറത്തിരുന്നപ്പോള്‍ റണ്‍സ് നേടാനുള്ള ഉത്തരവാദിത്വം മലപ്പുറത്തു വേരുകളുള്ള ദേവ്ദത്ത് ഏറ്റെടുത്തു.
സെഞ്ചുറി നേടിയതിനു പിന്നാലെ റിട്ടയര്‍ ചെയ്തെങ്കിലും രണ്ടാംദിനത്തിന്റെ അവസാന മണിക്കൂറില്‍ വീണ്ടും തിരിച്ചെത്തി. 164 പന്തില്‍ 18 ഫോറിന്റെ അകമ്പടിയോടെ 142 റണ്‍സുമായി ദേവ്ദത്ത് ക്രീസില്‍ തുടരുന്നു.
ഈ ഇന്നിംഗ്സിലൂടെ ഇന്ത്യന്‍ ടീമിന്റെ മൂന്നാം നമ്പര്‍ ബാറ്റിംഗ് സ്ഥാനത്തിനു പൂര്‍ണമായ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് ദേവ്ദത്ത്. 121 പന്തിലായിരുന്നു പടിക്കലിന്റെ സെഞ്ചുറി.
ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ (40), രവീന്ദ്ര ജഡേജ (63 റിട്ടയേര്‍ഡ് ഹര്‍ട്ട്) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍, ഋഷഭ് പന്ത് (2), ധ്രുവ് ജുറെല്‍ (1) എന്നിവര്‍ വേഗം മടങ്ങി. മാനവ് സുത്താര്‍ (41), ഗുര്‍ണൂര്‍ ബ്രാര്‍ (36 നോട്ടൗട്ട്), സാരന്‍ഷ് ജയിന് (22 റിട്ടയേര്‍ഡ് ഹര്‍ട്ട്) എന്നിവരും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു. പരമ്പരയിലെ ആദ്യ ടെസ്റ്റ് 15നാണ്.
Tags : DevdattPatil Century Cricket SriLanka Test Sports