അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നവതി ആഘോഷ സമാപനസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശ
അങ്കമാലി: അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികളും ചികിത്സാസംവിധാനങ്ങളും സജ്ജമായ കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഹെൽത്ത് ഡെസ്റ്റിനേഷനാക്കുകയെന്നതു സർക്കാരിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ (എൽഎഫ്) ആശുപത്രിയുടെ നവതി ആഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫ് ഉൾപ്പടെ വിദേശ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യസേവനത്തിന് ആശ്രയിക്കാവുന്ന ഇടമായി കേരളത്തെ മാറ്റിയെടുക്കാനാകും. അതിനുള്ള സാധ്യതകൾ ഇവിടെയുണ്ട്. അങ്കമാലിയെ കാഴ്ചയുടെ നഗരമാക്കിയ ആതുരാലയമാണ് എൽഎഫ്.
വെളിച്ചത്തിലേക്കു നയിക്കുകയെന്നത് ദൈവനിയോഗമാണ്. ആതുരശുശ്രൂഷാ മേഖലയിൽ എൽഎഫ് പോലുള്ള ആശുപത്രികൾ സമൂഹത്തെ വെളിച്ചത്തിലേക്കു കൈപിടിക്കുകയാണ്. 90 വർഷക്കാലം ആശുപത്രിയുടെ വളർച്ചയിൽ പങ്കു വഹിച്ചവർക്കെല്ലാം നവതി ആഘോഷം അഭിമാനമുഹൂർത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിച്ചു. കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തി.
മന്ത്രിമാരായ റോജി എം. ജോണ്‍, വി.ഇ. അബ്ദുള്‍ ഗഫൂര്‍, അതിരൂപത വികാരി ജനറാൾമാരായ ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. ഡോ. ആന്റോ ചേരാംതുരുത്തി, എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, മുൻ ഡയറക്ടർ മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ, എംഎൽഎമാരായ അൻവർ സാദത്ത്, മനോജ് മൂത്തേടൻ, ഷിബു തെക്കുംപുറം, സനീഷ്കുമാർ ജോസഫ്, ഉമ തോമസ്, അങ്കമാലി ബസിലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ, നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ, വൈസ് ചെയർമാൻ വിൽസൻ മുണ്ടാടൻ, പ്രതിപക്ഷനേതാവ് ടി.വൈ. ഏലിയാസ്, കൗൺസിലർ ബിജി റെജി, മെഡിക്കൽ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫ്, ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജോയിന്റ് ഡയറക്ടർ ഫാ. വർഗീസ് പൊന്തേന്പിള്ളി എന്നിവർ പ്രസംഗിച്ചു.
നവതിയോടനുബന്ധിച്ച് ആരംഭിച്ച ഏർലി ഡിറ്റക്ഷൻ സെന്ററും (സീക്ക്) ട്രോമ കെയർ യൂണിറ്റും സമ്മേളനത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എൽഎഫിൽ സേവനം ചെയ്ത മുതിർന്ന ഡോക്ടർമാരായ ഡോ. ഇട്ടീര, ഡോ. ഇ.ജെ. മാണി, ഡോ. ജോസഫ് കെ. ജോസഫ്, ഡോ. ജെ.കെ. മുക്കാടൻ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.

കച്ചവട താത്പര്യങ്ങളെ മാറ്റിനിർത്തിയുള്ള ധീരമായ നിലപാടിലുറച്ച് മുന്നോട്ടുനീങ്ങിയതാണ് എൽഎഫ് ആശുപത്രിയെ അങ്കമാലിയുടെ നക്ഷത്ര ശോഭയാക്കുന്നതെന്ന് മേജർ ആർച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന ആശുപത്രിയായി എൽഎഫ് എന്ന അമ്മത്തണൽ 90 വർഷത്തെ പ്രയാണം പൂർത്തിയാക്കിയെന്നത് എറണാകളം-അങ്കമാലി അതിരൂപതയ്ക്കും സഭയ്ക്കാകെയും അഭിമാനകരമാണെന്നും മാർ തട്ടിൽ പറഞ്ഞു.
Tags : HealthDestination Kerala ChiefMinister VDSatheesan LFHospital Angamaly Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash