Kerala
കൊച്ചി: അങ്കമാലിയിലേക്ക് സ്പിരിറ്റ് കടത്താനായി തനിക്ക് വാഗ്ദാനം ചെയ്തിരുന്നത് 50,000 രൂപയാണെന്ന് അറസ്റ്റിലായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി രതീഷിന്റെ മൊഴി. ഓണവിപണി ലക്ഷ്യമിട്ട് വ്യാജ മദ്യം നിര്‍മിക്കാനായി സൂക്ഷിച്ചിരുന്ന 1,248 ലിറ്റര്‍ സ്പിരിറ്റ് അങ്കമാലി എക്സൈസ് ബുധനാഴ്ച പിടികൂടിയിരുന്നു.
അറസ്റ്റിലായ കൂട്ടാളി പറവൂര്‍ സ്വദേശി രാജേഷിന്റെ നിര്‍ദേശ പ്രകാരമാണ് കര്‍ണാടകയില്‍ നിന്ന് സ്പിരിറ്റ് കടത്തിക്കൊണ്ടു വന്നതെന്നും രതീഷ് മൊഴി നല്കി.
കോതകുളങ്ങര ഭാഗത്ത് പൂട്ടിക്കിടന്നിരുന്ന ഹോളോബ്രിക്സ് ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അങ്കമാലി എക്സൈസ് ഇന്‍സ്പെക്ടറും സംഘവും നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്.
ഒരു ലോഡ് സ്പിരിറ്റ് എത്തിക്കുമ്പോള്‍ 50,000 രൂപയാണ് ലഭിച്ചിരുന്നത്. ഹോളോബ്രിക്സ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ബൈജുവിനെയും പ്രധാന പ്രതിയായ രാജേഷിനെയും കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ബുധനാഴ്ച പിടികൂടിയ ലോഡിന് പുറമെ മറ്റൊരു ലോഡും പ്രതികള്‍ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. സ്പിരിറ്റ് കടത്ത് തടയുന്നതിനായി പരിശോധനകളും എക്സൈസ് കര്‍ശനമാക്കിയിട്ടുണ്ട്.
Kerala
മാള: ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിൽ നടക്കുന്ന സിബിഎസ്ഇ സൗത്ത് ഇന്ത്യ സോൺ 2 സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടാം ദിനത്തിൽ അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനത്തെത്തി.
പെൺകുട്ടികളുടെ വിഭാഗത്തിലെ 60 ഇനങ്ങൾ പൂർത്തിയായപ്പോഴാണ് 107 പോയിന്റുമായി വിശ്വജ്യോതി പബ്ലിക് സ്കൂൾ മുന്നിട്ടുനിൽക്കുന്നത്.
97 പോയിന്റുമായി ബംഗളൂരു കൊമ്പാപുര ജെയിൻ ഹെറിറ്റേജ് സ്കൂൾ രണ്ടാം സ്ഥാനത്തും 77 പോയിന്റുമായി ബംഗളൂരു വൊന്നപ്പെണ്ണു ഡൽഹി പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനത്തുമാണ്.
അണ്ടർ 11 ഗേൾസ് വിഭാഗത്തിൽ ബംഗളൂരു സൗന്ദര്യ സെൻട്രൽ സ്കൂളിലെ എസ്. പവനി വ്യക്തിഗത ചാമ്പ്യനായി. 50 മീറ്റർ ബാക്ക്സ്ട്രോക്ക്, 50 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ മെഡ്ലേ ഇനങ്ങളിൽ ഒന്നാം സ്ഥാനംനേടിയ മികച്ച പ്രകടനമാണ് പവനിക്കു വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്തത്.
Kerala
കൊച്ചി: അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട. 110 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാനക്കാര്‍ പിടിയിൽ. ട്രെയിന്‍ മാര്‍ഗം ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്ന സംഘമാണ് പിടിയിലായത്. കോഴിക്കോട് കൊടുവള്ളിയില്‍ 36 ഗ്രാം എംഡിഎംഐയുമായി മൂന്നുപേര്‍ പിടിയിലായി.
ഈ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് ഇന്ന് പുലര്‍ച്ചെ അങ്കമാലിയില്‍ നടന്നത്. കറുകുറ്റി റെയില്‍വേ സ്റ്റേഷനു മുന്നില്‍ നടത്തിയ പരിശോധനയില്‍ 110 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാര്‍ പിടിയിലാവുകയായിരുന്നു.
എക്സൈസ് അങ്കമാലി റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായിരുന്നു പരിശോധന. ഒഡീഷാ സ്വദേശികളായ നാലു പേരാണ് പാക്കറ്റുകളില്‍ ആക്കി ട്രാവല്‍ ബാഗുകളില്‍ കഞ്ചാവ് കടത്തിയത്. ബാലഭദ്ര ധരുവ, ലക്ഷ്മണ് പത്ര, തരാശ്വര്‍ പത്ര, പ്രദീപ് ഗഡ്ഡേ എന്നിവരാണ് പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് ചില്ലറ വില്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് എക്സൈസ്.
കഞ്ചാവ് കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെയും മുഖ്യ കണ്ണികളെയും കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു.
NRI
അബുദാബി:അങ്കമാലി മുനിസിപ്പാലിറ്റിയിലെയും സമീപ പ്രദേശങ്ങളിലെ 13 പഞ്ചായത്തുകളിലെയും പ്രവാസികളെ ഉൾക്കൊള്ളുന്ന അങ്കമാലി എൻആർഐ അസോസിയേഷൻ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
ലതീഷ് ചുള്ളി (പ്രസിഡന്റ്), സുരേഷ് പരമേശ്വരൻ (ജനറൽ സെക്രട്ടറി), പ്രകാശ് ജെയ്സൺ (ട്രഷറർ), ജിനു കെ. പാപ്പച്ചൻ (വൈസ് പ്രസിഡന്റ്), ഫിമി ഫ്രാൻസിസ് (വൈസ് പ്രസിഡന്റ്), ഷാജു വർഗീസ് (ജോയിന്റ് സെക്രട്ടറി), മാർട്ടിൻ തോമസ് (ജോയിന്റ് ട്രഷറർ) എന്നിവരെയും 30 അംഗ ഭരണസമിതിയെയും തെരഞ്ഞെടുത്തു.
പ്രസിഡന്റ് ജോജോ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ മാർട്ടിൻ തോമസ്, നീതു ലതീഷ് എന്നിവർ സംസാരിച്ചു .
Kerala
കൊച്ചി: അങ്കമാലി മൂക്കന്നൂരില്‍ നിന്നും മലമ്പാമ്പിനെയും മുട്ടകളും പിടികൂടി. മൂക്കന്നൂര്‍ പഞ്ചായത്തില്‍ ഏഴാം വാര്‍ഡിലെ കാളാര്‍കുഴി ആറാട്ടുപുഴ ഭാഗത്ത് തോട് ശുചീകരണത്തിനിടെയാണ് മലമ്പാമ്പിനെ പിടികൂടിയത്. നിരവധി മുട്ടകളും കണ്ടെടുത്തു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ ഉടനെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി പാമ്പിനെയും മുട്ടകളെയും കൊണ്ടുപോയി. മൂക്കന്നൂര്‍, കറുകുറ്റി ഭാഗത്തുള്ള വീടുകളിലെ കോഴിക്കൂടില്‍ നിന്നും അതിരാവിലെ മലമ്പാമ്പിനെ പിടികൂടിയതും ഈയിടെയാണ്. സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
Kerala
കൊച്ചി: അങ്കമാലിയിൽ നിയന്ത്രണംവിട്ട കാർ അപകടത്തിൽപെട്ട് നാലുപേർക്ക് പരിക്ക്. എംസി റോഡിൽ മോണിംഗ് സ്റ്റാര്‍ കോളജിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ കോളജിന്റെ മതില് ഇടിച്ച് തകര്‍ക്കുകയും, മറ്റൊരു കാറില്‍ ഇടിക്കുകയും ചെയ്തു.
അങ്കമാലിയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേന വാഹനങ്ങള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. രണ്ടു മാസം മുമ്പ് മോണിംഗ് സ്റ്റാര്‍ കോളജിലെ വിദ്യാര്‍ഥിയുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നതും ഈ പ്രദേശത്താണ്. വാഹനങ്ങളുടെ അമിത വേഗവും വളവുകളുമാണ് അപകടത്തിന് ഇടയാക്കുന്നത്.
Kerala
കൊച്ചി: 12 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശികളായ റൈഫുള്‍ മൊണ്ടാല്‍, പര്‍വേസ് മൊണ്ഡൽ എന്നിവരാണ് അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടിയിലായത്. ബംഗാളില്‍ നിന്നും കൊണ്ടു വന്ന കഞ്ചാവ് രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു.
ഇന്ന് രാവിലെ ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ അങ്കമാലിയില്‍ എത്തിയ പ്രതികളെ പോലീസും ഡാന്‍സാഫും സാഹസികമായാണ് പിടികൂടിയത്. പശ്ചിമ ബംഗാളില്‍ നിന്നും ട്രെയിൻ മാര്‍ഗം ചെന്നൈയില്‍ എത്തി അവിടെ നിന്നാണ് ഇവര്‍ കേരളത്തിലേക്ക് എത്തിച്ചത്.
ആലുവ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് ലഹരിയുമായി എത്തുന്നവര്‍ അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.
Kerala
കൊച്ചി: അങ്കമാലിയില്‍ വിദ്യാര്‍ഥികളടക്കം 13 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. ബസ് കാത്തുനിന്നവരെയും വിദ്യാര്‍ഥികളെയും ഹരിതകര്‍മ സേനാംഗങ്ങളെയും തെരുവുനായ കടിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് ബാക്കിയുള്ളവര്‍ ചികിത്സ തേടിയത്. കാലിനും കൈകള്‍ക്കുമാണ് പരിക്കേറ്റത്. ഉച്ചയോടെ നായയെ പിടികൂടി. നായയെ പരിശോധനയ്ക്കായി മണ്ണുത്തി വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി. കടിയേറ്റവര്‍ക്ക് ചികിത്സാ സഹായം ഉള്‍പ്പെടെ ഉറപ്പു വരുത്തുമെന്ന് അങ്കമാലി നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.
Kerala
കൊച്ചി: എറണാകുളം അങ്കമാലിയിൽ 400 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. മൂന്ന് ആസാം സ്വദേശികളാണ് കാറിൽ ഹെറോയിൻ കടത്തുന്നതിനിടെ പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഹെറോയിൻ വാഹനത്തിന്റെ രഹസ് അറയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്. വാഹനവും പ്രതികളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അങ്കമാലി കെഎസ്ആർടിസി പരിസരത്ത് വച്ചാണ് പ്രതികൾ അറസ്റ്റിലായത്.
Kerala
കൊച്ചി: അങ്കമാലി അയ്യമ്പുഴ ചുള്ളിയില്‍ പെരുമ്പാമ്പിനെ പിടികൂടി. കണ്ണമ്പുഴ ഫ്രാന്‍സിസിന്റെ വീട്ടില്‍ നിന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പെരുമ്പാമ്പിനെ പിടികൂടിയത്.
ചൊവ്വാഴ്ച രാത്രിയിലാണ് വീട്ടില്‍ പെരുമ്പാമ്പ് എത്തിയത്. ഉടന്‍ തന്നെ വീട്ടുകാര്‍ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
കല്ലു കെട്ടിനുള്ളിലേക്ക് കയറിപ്പോയ പാമ്പിനെ അത് പൊളിച്ചാണ് പിടികൂടിയത്.
Kerala
കൊച്ചി: അങ്കമാലിയിൽ കഴിഞ്ഞ ദിവസം 62 കിലോ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് മയക്കു മരുന്ന് മാഫിയ തലവൻ അറസ്റ്റിൽ. നോർത്ത് പറവൂർ കരുമാലൂർ മാഞ്ഞാലി മക്കനായി ഭാഗത്ത് കൂവപ്പുറത്ത് വീട്ടിൽ അബ്ദുൽ ജബ്ബാറിനെ (റൊണാൾഡൊ ജബ്ബാർ 46)യാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇടനിലക്കാരെ ഉപയോഗിച്ച് ഒഡീഷ, പശ്ചിമ ബംഗാൾ, ആസാം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് വൻ വിൽപ്പന നടത്തുന്ന കേസിലെ മുഖ്യ കണ്ണിയാണ് ഇയാൾ എന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് ഉൾപ്പടെ ഇരുപതോളം കേസിലെ പ്രതിയാണ്.
ഒളിച്ചു താമസിക്കുകയായിരുന്ന ഈരാറ്റുപേട്ടയിലെ വാടക വീട് വളഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. ആഡംബര കാറിൽ മയക്കുമരുന്ന് കടത്തിയ കാസർഗോഡ് സ്വദേശി ഹനീഫിനെ കഴിഞ്ഞ ദിവസം അങ്കമാലിയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഒഡീഷ്യയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നത് അബ്ദുൾ ജബ്ബാറിന് വേണ്ടിയായിരുന്നു. ജബ്ബാർ പറഞ്ഞതനുസരിച്ചാണ് കാറുമായി ഒഡീഷയിലേക്ക് പോയത്. 31 പാക്കറ്റുകളിലായി കാറിന്റെ പിൻസീറ്റിലെ പ്രത്യേക അറയിലൊളിപ്പിച്ച് ഈരാറ്റുപേട്ടയിലെത്തിക്കുകയായിരുന്നു ലക്ഷ്യം.
കടത്തുന്നതിനിടയിൽ അങ്കമാലി ടിബി ജംഗ്ഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. കഞ്ചാവ് കടത്തുന്നതിനുപയോഗിച്ച പ്രതികളായ രണ്ടു പേരുടെ കാറും കസ്റ്റഡിയിലെടുത്തു.
Kerala
കൊച്ചി: അങ്കമാലിയിൽ 550 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. ഫോർട്ട് കൊച്ചി സ്വദേശികളായ മുഹ്സിൻ (മൂസിൻ 28), മുഹമ്മദ് സഹിൽ (25) എന്നിവരാണ് പിടിയിലായത്. റൂറൽ ജില്ലാ ഡാൻസാഫും അങ്കമാലി പോലീസും ചേർന്നാണ് ഇരുവരെയും പിടികൂടിയത്.
പ്രതികൾ ബംഗളൂരുവിൽ നിന്നും രാസ ലഹരി വാങ്ങി ബൈക്കിൽ വാണിയംപാറ വരെ സഞ്ചരിച്ചു. തുടർന്ന് ടാക്സി കാറിൽ അവിടെ നിന്നും കൊച്ചി സിറ്റിയിൽ വില്പന നടത്തുന്നതിനായി പോകുന്ന വഴി അങ്കമാലിയിൽ വച്ച് സാഹസികമായി വണ്ടി തടഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഫ്ലാസ്ക്കിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് ഒളിപ്പിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്. സിറ്റിയിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണിവർ എന്ന് പൊലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.
ഡാൻസാഫ് ടീമിനൊപ്പം, ഡിവൈഎസ്പി മാരായ ജെ. ഉമേഷ് കുമാർ, ബാബുക്കുട്ടൻ, അങ്കമാലി ഇൻസ്പെക്ടർ എ. രമേഷ്, എസ്ഐമാരായ കെ.പി. വിജു, എം.എസ്. ബിജിഷ്, എൻകെ ശ്യാം, ലാൻസി ദാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Kerala
മൂവാറ്റുപുഴ: അങ്കമാലി-എരുമേലി ശബരിപാതയിലൂടെ 2032ഓടെ ട്രെയിൻ ഗതാഗതസൗകര്യം ലഭ്യമാകുമെന്ന് ശബരിപാത ആക്ഷന്‍ കൗണ്‍സില്‍ ഫെഡറേഷന് ജനറല്‍ കണ്‍വീനറും മുന്‍ എംഎല്‍എയുമായ ബാബു പോള്‍.
അങ്കമാലി മുതല്‍ കാലടി വരെയുള്ള പാതയുടെയും കാലടി റെയില്‍വേ സ്റ്റേഷന്റെയും പെരിയാര്‍ നദിക്കു കുറുകേയുള്ള പാലത്തിന്റെയും നിര്‍മാണം 2013ല്‍ പൂര്‍ത്തീകരിച്ചെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 12 വര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു.
പദ്ധതിച്ചെലവിന്റെ 50 ശതമാനം തുകയായ 1,900 കോടി കിഫ്ബി മുഖേന കേരളം അനുവദിക്കാന്‍ ഭരണാനുമതി നല്‍കുകയും പദ്ധതിക്കുവേണ്ടി ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.
ഒരു വര്‍ഷത്തിനുള്ളില്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ പദ്ധതിക്കാവശ്യമായ ഭൂമി നഷ്ടപരിഹാരം നല്കി ഏറ്റെടുത്ത് റെയില്‍വേയ്ക്കു കൈമാറുന്നതിനുള്ള നടപടികളാണ് റവന്യു വകുപ്പ് ഇതിനകം ആരംഭിച്ചിട്ടുള്ളത്.
കോട്ടയം ജില്ലയില്‍ ഈ ജോലി പൂര്‍ത്തീകരിക്കാന്‍ ഒന്നര വര്‍ഷമെടുത്തേക്കാം. ഭൂമി കൈമാറുന്നതനുസരിച്ച് റെയില്‍വേയുടെ നിര്‍മാണ വിഭാഗം പാത സ്ഥാപിക്കുന്നതിനും ആവശ്യമായ പാലങ്ങളുടെയും നിര്‍മാണം ആരംഭിക്കും.
അഞ്ചു വര്‍ഷത്തിനകം പാത കമ്മീഷന് ചെയ്യാനാകുംവിധം നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നാണ് റെയില്‍വേ നിര്‍മാണവിഭാഗം അറിയിച്ചിട്ടുള്ളതെന്നും ബാബു പോള്‍ പറഞ്ഞു.
Kerala
കൊച്ചി: മണ്‍സൂണിനുമുമ്പ് അങ്കമാലി - മണ്ണുത്തി ദേശീയപാതയില്‍ ഗതാഗതം സുഗമമാക്കാനുള്ള ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതായും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്.എല്‍. സുന്ദരേശന് അറിയിച്ചു.
കേന്ദ്രത്തിന്റെ ഉറപ്പ് രേഖപ്പെടുത്തിയ ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വിഷയം മേയ് 28ന് പരിഗണിക്കാന്‍ മാറ്റി.
അടിപ്പാതകളുടെ നിര്‍മാണം, സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണി എന്നിവയുടെ പുരോഗതി സംബന്ധിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ദേശീയപാത ശോച്യാവസ്ഥയില്‍ തുടരുമ്പോഴും തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് തുടരുന്നതിനെതിരേ കോണ്‍ഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് ഉള്‍പ്പെടെ നല്കിയ ഹര്‍ജികളാണു കോടതിയുടെ പരിഗണനയിലുള്ളത്.
District News
അങ്കമാലി: കേരളത്തിൽ പുതുവർഷക്കാലത്ത് പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ വൻ വികസനം നടന്നപ്പോൾ അതിന്റെ പ്രതിഫലനം അങ്കമാലി മണ്ഡലത്തിൽ ഉണ്ടാക്കാൻ കഴിയാത്ത ജനപ്രതിനിധിയാണ് ഇവിടെ പ്രതിനിധീകരിച്ചതെന്ന് എൽഡിഎഫ് സ്ഥാനാർഥി സാജു പോളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പത്രസമ്മേളനത്തിൽ സ്ഥാനാർഥിയും നേതാക്കളും കുറ്റപ്പെടുത്തി.
സർക്കാർ നയത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ചുനടന്ന വികസന പ്രവർത്തനങ്ങൾ മാത്രമാണ് നടന്നത്.
സ്വന്തം നിലയിൽ യാതൊരു ആസൂത്രണവും നടത്താത്ത എംഎൽഎ ഇപ്പോൾ എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ എല്ലാത്തിന്റെയും പിതൃത്വം ഏറ്റെടുക്കുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർഥി സാജു പോൾ, ഇലക്ഷൻ കമ്മിറ്റി കൺവീനർ അസ്വ. കെ.കെ. ഷിബു എന്നിവർ പറഞ്ഞു.
താൻ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന എംഎൽഎ ആയിരിക്കുമെന്ന് സാജു പോൾ വാഗ്ദാനം ചെയ്തു. മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ, സിപിഐ നേതാവ് എം. മുകേഷ്, ജനതാദൾ നേതാവ് ബെന്നി മൂഞ്ഞേലി, കോൺഗ്രസ്-എസ് നേതാവ് മാത്യൂസ് കോലഞ്ചേരി, സിപിഎം ജില്ലാ കമ്മറ്റിയംഗം സി.കെ. സലിംകുമാർ എന്നിവർ പങ്കെടുത്തു.
Kerala
കൊച്ചി: അങ്കമാലിയില്‍ ജാസ്ലിയ ജോണ്‍സന്റെ മരണത്തിന് ഇടയാക്കിയ വാഹനമോടിച്ച പ്രതി ഡോ. സിറിയക് പി. ജോണ്‍ പിടിയില്‍. വാഗമണ്ണില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയെ ഉടൻ അങ്കമാലി പോലീസിനു കൈമാറും.
സിറിയകിന്റെ പിതാവ് ജോര്‍ജ് മാത്യുവിനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ മകനെ ഒളിപ്പിച്ച കുറ്റത്തിനാണ് അങ്കമാലി പോലീസ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.
കേസിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും സിറിയക് ഒളിവിലായിരുന്നു. അപകടം നടന്ന ആറു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് സാധിച്ചിരുന്നില്ല. ഇതിനിടെ കോട്ടയം സെഷന്‍സ് കോടതിയില്‍ പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിന് സമീപത്തുവെച്ച് ജാസ്ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.
Kerala
കൊച്ചി: അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ 28ന് നടന്ന സംഭവത്തിൽ അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജാസ്ലിയാണ് മരിച്ചത്.
അതേസമയം കാർ ഓടിച്ച ഡോ. സിറിയക് പി. ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചു. കോട്ടയം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് നീക്കം.
മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. ഒളിവില്‍ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതില്‍ വ്യാപക വിമർശനം ഉയരുന്നുണ്ട്. സാങ്കേതിക വിദ്യ ഇത്രയധികം വളര്‍ന്നിട്ടും പ്രതിയെ പിടികൂടാൻ എന്താണ് ഇത്ര താമസമെന്നും ജാസ്ലിയായുടെ അച്ഛൻ ജോണ്സണ് ചോദിച്ചു.
District News
അങ്കമാലി : നഗരസഭയിൽ 2026-27ൽ മുൻ നീക്കിയിരിപ്പ് ഉൾപ്പെടെ 77,20,31, 970 രൂപയുടെ വരവും 75,50,44,648 രൂപയുടെ ചെലവും 1,69,87,322 രൂപയുടെ നീക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് ചെയർമാൻ വിൽസൻ മുണ്ടാടൻ അവതരിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ റീത്ത പോൾ അധ്യക്ഷയായിരുന്നു.
വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനു അഞ്ചു കോടിയാണ് മാറ്റിവച്ചിരിക്കുന്നത്. ആരോഗ്യ മേഖലയ്ക്കും തൊഴിലുറപ്പ് പദ്ധതികൾക്കും മാർക്കറ്റ് നവീകരണത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
മാർക്കറ്റ് നവീകരണത്തിന് അഞ്ച് കോടിയും നഗര സൗന്ദര്യവത്കരണത്തിന് 50 ലക്ഷവും ബജറ്റിൽ മാറ്റിവച്ചിട്ടുണ്ട്. ദുർബല വിഭാഗങ്ങൾക്ക് അപകട ഇൻഷ്വറൻസ്, ഭവന രഹിത കുടുംബങ്ങൾക്ക് ഭവന സമുച്ചയം, ഹാപ്പിനസ് പാർക്ക് നിർമാണം, ആരോഗ്യ പാതകൾ എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.
അറവ് ശാലയ്ക്ക് ഒരു കോടിയും പഴയ ഓഫീസ് കെട്ടിട നവീകരണത്തിന് 2.5 കോടിയും ആധുനിക ക്രിമിറ്റോറിയത്തിന് ഒരു കോടിയും വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം വാങ്ങുന്നതിന് അഞ്ചു കോടിയും ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ട്. നഗരസഭയ്ക്ക് മാസ്റ്റർ പ്ലാൻ തയാറാക്കൽ, നഗരസഭ പാർക്ക്, കളിസ്ഥലം തുടങ്ങിയ പദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
6.26 കോടി രൂപ ചെലവിൽ താലൂക്ക് ആശുപത്രി വിപുലീകരണം പൂർത്തിയായി വരുന്നു. മാലിന്യ നിർമാർജനം നഗര സൗന്ദര്യവൽക്കരണം, അങ്കണവാടികളുടെ നവീകരണം, പോക്ഷക ആഹാരവിതരണം, വയോമിത്രം, വയോജനക്ഷേമം നഗരസഭ ബഡ്സ് സ്ക്കൂൾ, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുടങ്ങിയ പദ്ധതികൾക്കും ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്. ബജറ്റിന്മേൽ ഇന്നു ചർച്ച നടക്കും.
Kerala
കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിപ്പോയി. കൂത്താട്ടുകുളം-കലൂർ ബസിന്റെ മുൻവശത്തെ ടയറാണ് ഓട്ടത്തിൽ ഊരിപ്പോയത്. മുളന്തുരുത്തി കാരിക്കോട് വച്ച് രാവിലെ ആറരയോടെയാണ് സംഭവം. എന്നാൽ വലിയ അപകടം വഴിമാറി.
40 ഓളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. യാത്രക്കാർക്കും ബസ് ജീവനക്കാർക്കും പരിക്കില്ല. കാലപ്പഴക്കം ചെന്ന ബസ് ആയതിനാലാവാം ടയർ ഊരിപ്പോകാൻ കാരണമായത് എന്നാണ് ബസ് ഡ്രൈവർ എം.കെ ബിജുമോൻ പറയുന്നത്.
District News
അങ്കമാലി: മെട്രോ റെയിൽ അങ്കമാലിയിലേക്ക് ദീർഘിപ്പിക്കുന്നതിന്റെ ഭാഗമായി കെ എം ആർ എൽ പ്രതിനിധികൾ നഗരസഭാ കോൺഫറൻസ് ഹാളിൽ വിശദീകരണയോഗം നടത്തി. നഗരസഭാ ചെയർപേഴ്സൺ റീത്ത പോളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചർച്ചയിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ വിൽസൺ മുണ്ടാടൻ, സ്ഥിരംസമിതി അധ്യക്ഷന്മാർ, കൗൺസിൽ അംഗങ്ങൾ. സെക്രട്ടറി, റസിഡന്റ്സ് അസോസിയേഷൻ, മർച്ചന്റ്സ് അസോസിയേഷൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
മെട്രോ റെയിൽ അങ്കമാലിയിലേക്ക് ദീർഘിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ, റയിൽവേ ലൈൻ കടന്നു പോകുന്ന സ്ഥലങ്ങൾ തുടങ്ങിയ കാര്യങ്ങൾ മെട്രോ റെയിൽ പ്രതിനിധികൾ വിശദീകരിച്ചു.
District News
അങ്കമാലി: നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ മാലിന്യ നിക്ഷേപം തടയുക, റോഡപകടങ്ങൾ കുറയ്ക്കുക, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ഇല്ലായ്മ ചെയ്യുക എന്നിവ ലക്ഷ്യമാക്കി സിസിടി വി കാമറ നിരീക്ഷണ പദ്ധതി ആരംഭിച്ചു.
50 ലക്ഷത്തോളം രൂപ ചെലവിട്ട് നടപ്പാക്കുന്ന ഈ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം കവരപ്പറമ്പ് കോൺവെന്റ് ജംഗ്ഷനിൽ കാമറകൾ സ്ഥാപിച്ചുകൊണ്ട് നഗരസഭ ചെയർപേഴ്സൺ അഡ്വ. ഷിയോ പോൾ നിർവഹിച്ചു.
ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ സിനി മനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പോൾ ജോവർ, ലക്സി ജോയ്, കൗൺസിലർമാരായ റീത്ത പോൾ, ലില്ലി ജോയ്, സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ, ക്ളീൻ സിറ്റി മാനേജർ ആർ. അനിൽ തുടങ്ങിയവർ പങ്കെടുത്തു.
ഹരിതകർമ സേനാംഗങ്ങൾക്ക് വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി സർക്കാർ നിശ്ചിത അളവിലുള്ള ബാഗുകളുടെ വിതരണോദ്ഘാടനവും നടത്തി.
District News
അങ്കമാലി: കിങ്ങിണി ഗ്രൗണ്ടിൽ നഗരസഭ ഒരുക്കിയിട്ടുള്ള അങ്കമാലി ഫെസ്റ്റ് 16 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. ഫെസ്റ്റിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
അരുമ പക്ഷികൾ, ഇഗുവാന, പാമ്പുകൾ, പഞ്ചവർണ തത്തകൾ എന്നിവയോടൊപ്പമുള്ള ഫ്രീ സെൽഫി കൗണ്ടർ, മനുഷ്യ റോബോട്ടുകൾ റോബോ നായകുട്ടികൾ എന്നിവ പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്.
സൂപ്പർ റിയാലിറ്റി ഡോം തീയേറ്റർ തയാറാക്കിയിട്ടുണ്ട്. ശനി ഞായർ മറ്റു അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 10 വരെയും മറ്റു പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെയുമാണ് ഫെസ്റ്റിന്റെ സമയം.
District News
അങ്കമാലി : നഗരസഭാ പരിധിയിലുള്ള കാന്‍സര്‍, കിഡ്നി, ശ്വാസകോശം, ഹൃദയ സംബന്ധമായ ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ നേടുന്ന 70 പേര്‍ക്ക് നഗരസഭ ചെയര്‍മാന്റെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്കി. 3-ാം ഘട്ടമാണ് ഈ ദുരിതാശ്വാസ നിധിയില്‍ നിന്നും ചെയർമാൻ സഹായം നല്‍കുന്നത്.
ധനസഹായ വിതരണം റോജി എം. ജോണ്‍ എം എൽ എ ഉദ്ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്മാന് അഡ്വ. ഷിയോ പോള്‍ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സിനി മനോജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജിത ഷിജോയ്, ഷൈനി മാര്ട്ടിന്, കൗണ്‍സിലര്‍മാരായ റീത്ത പോള്‍, എ.വി രഘു, ലിസി പോളി, ജാന്‍സി അരീക്കല്‍, സാജു നെടുങ്ങാടന്‍, ബാസ്റ്റിന് ഡി. പാറയ്ക്കല്‍, ജെസ്മി ജിജോ, മോളി മാത്യു, പി. എന്‍ ജോഷി, ലില്ലി ജോയി, ഗ്രേസി ദേവസി, നഗരസഭ സെക്രട്ടറി ജെയിന് വര്‍ഗീസ് പാത്താടന്‍, പി. ശശി എന്നിവര്‍ പ്രസംഗിച്ചു.
Kerala
കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. ആന്റണി- റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറ ആണ് മരിച്ചത്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വീട്ടിൽ കുഞ്ഞിന്റെ മാതാപിതാക്കളും മുത്തശ്ശിയുമാണുള്ളത്. സംഭവസമയം കുഞ്ഞിനെ മുത്തശ്ശിയുടെ അരികിൽ കിടത്തിയിരിക്കുകയായിരുന്നു. അടുക്കളയിലായിരുന്ന അമ്മ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ കഴുത്തിൽ മുറിവേറ്റ നിലയിൽ കണ്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിനു പിന്നാലെ അവശനിലയിലായ മുത്തശ്ശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് എന്ന സ്ഥിരീകരിക്കാത്ത വിവരം പുറത്തുവന്നിട്ടുണ്ട്.
District News
അങ്കമാലി: യൂദാപുരം തീർഥാടന കേന്ദ്രത്തിൽ ഊട്ടുതിരുനാളിന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ കൊടിയേറ്റി. വികാരി ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി, സഹവികാരി ഫാ. എബി ഫ്രാൻസീസ് ഡ്യൂറോം, ഫാ. മെർട്ടൻ ഡിസിൽവാ എന്നിവർ സഹകാർമികരായിരുന്നു. പൊതുപ്രസുദേന്തി വാഴ്ചയ്ക്ക് ഫാ. നെൽസൻ ജോബ് മുഖ്യകാർമികത്വം വഹിച്ചു. നാളെ വൈകിട്ട് ഗാന്ധി കവല ഭാഗത്തേക്ക് പ്രദക്ഷിണം നടക്കും. 29ന് വൈകിട്ട് അങ്കമാലി ടൗൺ ഭാഗത്തേക്ക് പ്രദക്ഷിണം നടക്കും.
ഊട്ടുതിരുനാൾ ദിനമായ 30ന് രാവിലെ 10.30- ന് ആർച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നേർച്ച ആശീർവദിച്ച് ഊട്ടുതിരുനാളിന്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് വിശുദ്ധ യൂദാതദവുസിന്റെ അത്ഭുത തിരുസ്വരൂപവുമായി വർഷത്തിലൊരിക്കൽ മാത്രമുള്ള അൾത്താര ചുറ്റി പ്രദക്ഷിണ നടക്കും. തിരുനാൾ ദിനത്തിൽ കുട്ടികൾക്കുള്ള ചോറൂട്ട് ഉണ്ടായിരിക്കും. ഊട്ടുതിരുന്നാൾ ദിനത്തിൽ രാവിലെ ആറു മുതൽ രാത്രി പത്തു വരെ ദിവ്യബലി ഉണ്ടായിരിക്കും. ഈ വർഷം രണ്ടര ലക്ഷം പേർക്കാണ് നേർച്ചസദ്യ നൽകുന്നത്.
തിരുനാൾ ആഘോഷ കമ്മിറ്റി കൺവീനർ ഹെർബർട്ട് ജെയിംസ്, ജോയിന്റ് കൺവീനർ ജോസ് മൈപ്പാൻ, ജനറൽ സെക്രട്ടറി ഒ.ജി. കിഷോർ, കൈക്കാരൻന്മാരായ കിഷോർ പാപ്പാളി, വില്യം പ്ലാസിഡ്, പബ്ലിസിറ്റി കൺവീനർ ടി.പി. ചാക്കോച്ചൻ, തിരുനാൾ പ്രസുദേന്തിമാരായ ഡോ. വർഗീസ് മൂലൻ, നോർബട്ട് ആന്റ് ജെയിൻ മേഴ്സി, അന്തപ്പൻ ജോർജ്, സജയ് യോഹന്നാൻ , രാജു ലൂക്കോസ്, ഡോ. പ്രിയങ്ക എഡിസൻ , സുബിൻ ആന്റണി എന്നിവർ കൊടിയേറ്റ് ചടങ്ങിൽ പങ്കെടുത്തു.
District News
അങ്കമാലി : ലിറ്റിൽ ഫ്ളവർ ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന നേത്ര വിഭാഗത്തിന്റെ(ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജി) വജ്രജൂബിലി ആഘോഷ സമാപനവും ആശുപത്രി സ്ഥാപകദിന പൊതുയോഗവും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
ആധുനിക നേത്രചികിത്സ സാധാരണക്കാർക്ക് ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇവിടുത്തെ നേത്രചികിത്സാ കേന്ദ്രം രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും സംസ്ഥാനത്തിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. ലിറ്റിൽ ഫ്ളവർ ആശുപത്രി അങ്കമാലിയെ കേരളത്തിന്റെ കാഴ്ചയുടെ തലസ്ഥാനമാക്കി മാറ്റിയെന്നും മലബാറുകാർക്ക് കാഴ്ചയുടെ അവസാന വാക്കാണ് ഈ ആശുപത്രിയെന്നും മാർ പാംപ്ലാനി പറഞ്ഞു.
എല്ലാ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുന്ന വിശാലമായ രീതിയിൽ നവീകരിച്ച ലാബ്, ലിറ്റിൽ ഫ്ളവർ ഡയഗ്നോസ്റ്റിക് ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം അതിരൂപത വികാരി ജനറാൾ മോൺ. ആന്റോ ചേരാന്തുരുത്തി നിർവഹിച്ചു.
ആശുപത്രി ഡയറക്ടറും നേത്രബാങ്ക് പ്രസിഡന്റുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, സെന്റ് ജോർജ് ബസിലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ, ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. വർഗീസ് പൊന്തേമ്പിള്ളി, അസി. ഡയറക്ടർ ഫാ. എബിൻ കളപ്പുരക്കൽ, ബെന്നി ബഹനാൻ എംപി, റോജി എം. ജോൺ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ അഡ്വ. ഷിയോ പോൾ, ഡെപ്യൂട്ടി മെഡിക്കൽ സുപ്രണ്ട് ഡോ. ജോൺ ഏബ്രഹാം, നേത്രചികിത്സാ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ്, വാർഡ് മെമ്പർ സാജു നെടുങ്ങാടൻ എന്നിവർ പ്രസംഗിച്ചു.
District News
അങ്കമാലി: അങ്കമാലി യൂദാപുരം തീർഥാടന കേന്ദ്രത്തിൽ ഊട്ടു നേർച്ചസദ്യയോടനുബന്ധിച്ച് വിതരണം ചെയ്യുന്നതിനുള്ള നേർച്ച പായസം തയാറാക്കുന്നതിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. വികാരി ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി , ഫാ. എബി ഫ്രാൻസീസ് ഡ്യൂറോം , ഫാ. മെർട്ടൻ ഡിസിൽവ എന്നിവർ ചേർന്ന് പായസവിഭവങ്ങൾ ആശീർവദിച്ചു.
എണ്ണായിരം ലിറ്റർ പായസമാണ് തയാറാക്കുന്നത്. ഈ വർഷം 25,000 നേർച്ച പാഴ്സലുകളും 25,000 ട്വിൻ പായസവും നൽകുന്നുണ്ട്.
മൂന്നു ലക്ഷത്തോളം പേർക്കാണ് നേർച്ചസദ്യ ഒരുക്കുന്ന 26ന് വൈകുന്നേരം നാലിന് പൊതു പ്രസുദേന്തി വാഴ്ച്ചയെതുടർന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ തിരുനാളിന് കൊടിയേറ്റും. 30നാണ് ഊട്ടു തിരുനാൾ.
District News
അങ്കമാലി: അങ്കമാലി ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി വജ്രജൂബിലിയിൽ. ലിറ്റിൽ ഫ്ലവർ ആശുപത്രിയോടനുബന്ധിച്ച് 1964 ൽ ആരംഭിച്ച നേത്ര ചികിത്സാ വിഭാഗത്തിലൂടെ കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ കാഴ്ചയുടെ ലോകത്ത് മികച്ച സേവനം സ്വന്തമാക്കിയവർ അനേകരാണെന്ന് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പറഞ്ഞു.
ഡോ എം.എസ്. ശുക്ല ആയിരുന്നു നേത്രചികിത്സാവിഭാഗത്തിൽ ആദ്യത്തെ ഡോക്ടർ. 1969 ൽ ഡോ.ടോണി ഫെർണാണ്ടസ് ചുമതലയേറ്റു. 1970 ൽ ഇന്ത്യയിൽ സ്വകാര്യമേഖലയിലെ ആദ്യ നേത്ര ബാങ്ക് എൽഎഫിൽ സ്ഥാപിക്കപ്പെട്ടു. ആദ്യ കണ്ണുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ , കണ്ണിനകത്തു ലെൻസ് വച്ചുള്ള സംസ്ഥാനത്തെ ആദ്യ ശസ്ത്രക്രിയ, സ്കൂൾ വിദ്യാർഥികൾക്കായി ആദ്യ നേത്രരക്ഷാപദ്ധതി എന്നിവ കേരളത്തിൽ ആദ്യം നടപ്പിലാക്കി. സൗജന്യ നേത്രചികിത്സാ ക്യാമ്പുകൾക്ക് തുടക്കം കുറിച്ചു.
2008 ൽ ഈ രംഗത്തെ നേട്ടങ്ങൾക്കു രാജ്യം ഡോ. ടോണി ഫെർണാണ്ടസിനു പത്മശ്രീ നൽകി ആദരിച്ചത് എൽഎഫിനുള്ള അംഗീകാരം കൂടിയായി. 1982 ല്‍ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി നേത്ര ചികിത്സാ വിഭാഗം സിബിഎം ഒഫ്താൽമിക് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ നാല് നിലകളുള്ള പ്രത്യേക കെട്ടിടത്തിലേക്ക് മാറി. 2012 ൽ എട്ടു നിലകളുള്ള പുതിയ ബഹുനില കെട്ടിടത്തിലേക്ക് നേത്ര ചികിത്സാകേന്ദ്രം മാറി.
ആഘോഷം നാളെ
അങ്കമാലി ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവും ആശുപത്രി സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനവും നാളെ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് നഴ്സിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും.
നവീകരിച്ച ലാബ്, ലിറ്റിൽ ഫ്ളവർ ഡയഗ്നോസ്റ്റിക് ആൻഡ് റിസർച്ച് സെന്റർ എന്നിവയുടെ ഉദ്ഘാടനം അതിരൂപത വികാരി ജനറാൾ ഫാ. ആന്റോ ചേരാംതുരുത്തി നിർവഹിക്കും.
റോജി എം. ജോൺ എംഎൽഎ, ബസലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ, നേത്രചികിത്സ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. നേത്രവിഭാഗത്തില്‍ 25 വര്‍ഷത്തില്‍ കൂടുതല്‍ സേവനമനുഷ്ഠിച്ചിട്ടുള്ളവരെ ആദരിക്കും.
Kerala
അങ്കമാലി: തുറവൂരില്‍ പട്ടാപ്പകല്‍ റോഡില്‍വച്ച് യുവതിക്ക് നേരെ പീഡനശ്രമം. സംഭവത്തില്‍ ഒഡീഷ സ്വദേശി സന്തനു ബിശ്വാലിനെ പോലീസ് അറസ്റ്റ് ചെയ്തു.
പണിമുടക്ക് ദിവസമായിരുന്ന ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. തുറവൂര്‍ ഭാഗത്തെ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങിയ 36-കാരിക്ക് നേരെയായിരുന്നു അതിക്രമം.
ഇവരെ റോഡിലേക്ക് തള്ളിയിട്ട ശേഷം വസ്ത്രങ്ങള്‍ വലിച്ച് അഴിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് ഇതുവഴി ബൈക്കില്‍ വന്നവര്‍ ഇടപെട്ടതോടെയാണ് യുവതി രക്ഷപെട്ടത്. പിന്നീട് ഇവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.