ന്യൂഡൽഹി: കേരളമുൾപ്പെടെ അഞ്ചിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ശാന്തം. തെരഞ്ഞെടുപ്പു പ്രചാരണത്തിലേക്കു കടന്നതോടെ പല എംപിമാരുടെയും ഇരിപ്പിടം കാലിയാണ്.
അതിനാൽത്തന്നെ ലോക്സഭയിൽ തിങ്കളാഴ്ച പ്രതിഷേധങ്ങളൊന്നുമുണ്ടായില്ല. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി തടസപ്പെട്ട ചോദ്യോത്തരവേള സുഗമമായി നടന്നു. ശൂന്യവേളയിൽ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം കെ.സി. വേണുഗോപാൽ ഉന്നയിച്ചു. പശ്ചിമേഷ്യൻ സംഘർഷം, ഇന്ത്യയുടെ വിദേശ നയം, എൽപിജി ക്ഷാമം തുടങ്ങി വിവിധ വിഷയങ്ങളിൽ പാർലമെന്റ് കഴിഞ്ഞയാഴ്ച സ്തംഭിച്ചിരുന്നു.
പാർലമെന്റിൽ പ്രതിപക്ഷാംഗങ്ങൾ കൂടുതലുള്ള കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടിൽനിന്നുള്ള ഡിഎംകെയുടെയും ബംഗാളിൽനിന്നു തൃണമൂൽ കോണ്‍ഗ്രസിന്റെയും ഏതാനും അംഗങ്ങൾ മാത്രമാണ് തിങ്കളാഴ്ച സഭയിലെത്തിയത്.
സ്ഥാനാർഥി പട്ടിക സംബന്ധിച്ച ചർച്ച ഡൽഹിയിൽ നടക്കുന്നതിനാൽ കേരളത്തിലെ എംപിമാർ പലസമയങ്ങളിലായി സഭയിലെത്തി. എംപിമാർ മണ്ഡലങ്ങളിലേക്കു പ്രചാരണത്തിനു പോകുന്നതോടെ വരും ദിവസങ്ങളിലും പാർലമെന്റിലെ പ്രതിപക്ഷ ബെഞ്ച് ഏറെക്കുറെ ശൂന്യമായിരിക്കും. ഇതോടെ എൽപിജി പ്രതിസന്ധിയടക്കമുള്ള വിഷയത്തിൽ പാർലമെന്റിൽ സമരങ്ങളും പ്രതിഷേധങ്ങളും ഇല്ലാതാകും.
അതേസമയം, രാജ്യസഭയിൽ തിങ്കളാഴ്ച ശൂന്യവേളയിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ്, ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് തുടങ്ങിയവർ എൽപിജി ക്ഷാമം ഉന്നയിച്ച് കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചു.
Tags : Parliament announcement election protest