പ്രതീകാത്മക ചിത്രം
കോഴിക്കോട്: സംസ്ഥാനത്ത് ആത്മഹത്യകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്നു കണക്കുകള്‍.കേരള സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യകളില്‍ 37.42 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
2015 ല്‍ 7,692 പേര് ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. 2026 ലേക്ക് എത്തുമ്പോള്‍ അത് 10,571 ആയി വര്‍ധിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്.
മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികളിലും കൗമാരക്കാരിലും ആത്മഹത്യാ പ്രവണത ഭയപ്പെടുത്തുന്ന രീതിയില്‍ ഉയരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.18 മുതല്‍ 29 വയസ് വരെയുള്ള പ്രായപരിധിയില്‍ 1,739 ആത്മഹത്യകളാണു റിപ്പോര്‍ട്ട് ചെയ്തത്.
30-44 വയസ് വരെയുള്ള പ്രായപരിധിയില്‍ 2,512 ഉം 45-59 വയസ് വരെയുള്ള പ്രായപരിധിയില്‍ 2981, 60 വയസിനു മുകളില്‍ 2,986 പേരുമാണ് ജീവനൊടുക്കിയത്.
പഠനസമ്മര്‍ദം, പ്രണയ പരാജയങ്ങള്‍, സോഷ്യല്‍ മീഡിയയുടെ അമിത സ്വാധീനം, ലഹരി ഉപയോഗം, മാനസികമായ ഒറ്റപ്പെടല്‍ എന്നിവയാണു കുട്ടികളെയും കൗമാരക്കാരെയും ഇത്തരം കടുംകൈകളിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങളായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
Tags : Suicide Statistics indicate increase Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash