Kerala
തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന തീവ്ര മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ ഇന്നലെ വരെ 31 പേർക്ക് ജീവൻ നഷ്ടമായതായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി.
വിവിധ അപകടങ്ങളിൽ 24 പേർക്ക് പരിക്കേൽക്കുകയും നാലു പേരെ കാണാതാവുകയും ചെയ്തു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന 408 ക്യാന്പുകളിലായി കഴിയുന്നത് 41,939 പേരാണ്.
കനത്ത മഴയിലും അതിശക്തമായ കാറ്റിലും സംസ്ഥാനത്ത് ഇതുവരെ 74 വീടുകൾ പൂർണമായും 784 വീടുകൾ ഭാഗികമായും തകർന്നു.
District News
കോഴഞ്ചേരി: ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയിലെ കാർഷിക മേഖലയ്ക്കു വൻ നാശനഷ്ടം. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകർക്കാണ് ഏറെ നഷ്ടം സംഭവിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തേത്തുടർന്ന് ജില്ലയിൽ ഇതേവരെ 12 കോടി രൂപയുടെ നാശനഷ്ടം കാർഷിക മേഖലയിൽ ഉണ്ടായതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.
ജൂലൈ 31 മുതൽ ഇന്നലെ വരെയുള്ള കാലവർഷക്കെടുതിയിൽ സംഭവിച്ച നഷ്ടങ്ങളുടെ കണക്കാണിത്. വെള്ളം ഇറങ്ങാത്ത പല മേഖലകളിലും നഷ്ടത്തിന്റെ കണക്കെടുപ്പ് പൂർണമായിട്ടില്ല. ജില്ലയിൽ 53 കൃഷിഭവനുകളുടെ പരിധിയിലെ കർഷകർക്കാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്. ഇതേവരെ 425 ഹെക്ടറിൽ കൃഷിനാശം ഉണ്ടായതായും 6294 കർഷകർകരുടെ വിളകൾ വെള്ളം കയറി നശിച്ചതായുമാണ് കണക്കുകൾ.
റാന്നി, കോന്നി, ആറന്മുള, തിരുവല്ല, പന്തളം, ഇരവിപേരൂർ, മല്ലപ്പള്ളി എന്നിവിടങ്ങളിലാണ് കർഷകർക്ക് കൂടുതൽ വിളനാശം ഉണ്ടായത്. കാർഷിക വിളകൾക്കുള്ള നാശനഷ്ടങ്ങളും കർഷകർക്ക് സംഭവിച്ച സാമ്പത്തിക നഷ്ടങ്ങളും സംബന്ധിച്ച് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജില്ലാ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. വാഴ, റബർ , കിഴങ്ങ് വർഗങ്ങൾ, കപ്പ, തെങ്ങ്, കുരുമുളക്, ഇഞ്ചി, വെറ്റില , കമുക്, കരിമ്പ് , ചക്ക എന്നീ പ്രധാന വിളകളാണ് ഏറ്റവും കൂടുതൽ നശിച്ചത്. ഓണത്തോടനുബന്ധിച്ച് വിളവെടുപ്പ് ലക്ഷ്യമിട്ട് കുടുംബശ്രീ യൂണിറ്റുകളും മറ്റും നടത്തിവന്ന പൂക്കൃഷിക്കും വ്യാപകമായ നാശമുണ്ടായി. ഓണവിപണിയിലെത്തേണ്ട ഏത്തവാഴക്കുലകളും പലയിടങ്ങളിലായി നശിച്ചു. വെള്ളം കയറിയും ഏത്തവാഴകൾക്ക് വ്യാപകമായ നാശമുണ്ടായി. പടിഞ്ഞാറൻ മേഖലയിൽ ദിവസങ്ങളായി തുടരുന്ന വെള്ളക്കെട്ടിലായ ഏത്തവാഴകളും നശിച്ചു തുടങ്ങി.
സീഡ്ഫാമുകൾക്കും നഷ്ടം
പന്തളം ഫാമിൽ വെള്ളം കയറി അഞ്ച് എച്ച്പി മോട്ടോർ, അഞ്ച് ഏക്കറിലെ കരിമ്പ് കൃഷി, പതിനായിരത്തോളം പാകിയ വിത്ത് തേങ്ങകൾ, 6750 ടിഷ്യൂ കൾച്ചർ വാഴ തൈകൾ, 34500 പച്ചക്കറി തൈകൾ എന്നിവയും നശിച്ചു.
പുല്ലാട് പ്രവർത്തിക്കുന്ന സ്റ്റേറ്റ് സീഡ് ഫാമിൽ 300 കുരുമുളക് വള്ളികൾ, 01. ഹെക്ടറിലെ ചെണ്ടുമല്ലി , ഉദ്യാന സസ്യങ്ങൾ, 0.2 ഹെക്ടറിലെ കിഴങ്ങ് വിളകൾ, 0.6 ഹെക്ടറിലെ വാഴ, 0.4 ഹെക്ടറിലെ പച്ചക്കറി കൃഷി, 3.2 ഹെക്ടറിൽ ഉള്ള നെൽകൃഷി എന്നിവയും വെള്ളം കയറി അഴുകിയതായി ഫാം ഓഫീസർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
തിരുവല്ല ബ്ലോക്ക് പരിധിയിലെ വിവിധ പാടശേഖരങ്ങളിലായി ഒരു മോട്ടർഷെഡ്, 26 എസ് വിഎഎഫ്, 22 പെട്ടിപ്പറ മോട്ടർ, ഒരു പമ്പ് സെറ്റ്, മീറ്റർ ബോർഡ് - 1, പെട്ടിപ്പറ-2 എന്നിവയും വെള്ളം കയറി നശിച്ചവയിൽപ്പെടും.
Kerala
കോട്ടയം: ഈ മാസത്തിലെ ആദ്യ ആറുദിനങ്ങളിൽ സംസ്ഥാനത്തു പെയ്തിറങ്ങിയത് റിക്കാർഡ് മഴ. ഈമാസം ഒന്നുമുതൽ ആറ് വരെയുള്ള ദിവസങ്ങളിൽ 235.9 മില്ലിമീറ്റർ മഴയാണു സംസ്ഥാനത്ത് പെയ്തത്. 106 മില്ലിമീറ്റർ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം കാലവർഷത്തിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ ലഭിക്കേണ്ടത്. എന്നാൽ ഇക്കുറി 123 ശതമാനം അധികമഴയാണ് സംസ്ഥാനത്തു പെയ്തത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം, ഓഗസ്റ്റ് മാസം സംസ്ഥാനത്ത് ലഭിക്കേണ്ട മുഴുവൻ മഴയുടെയും 51 ശതമാനവും ആദ്യ ആറ് ദിവസംകൊണ്ട് ലഭിച്ചു. സംസ്ഥാനത്തു മിന്നൽപ്രളയം രൂക്ഷമാകുന്നതിന് പ്രധാന കാരണമായത് ഈ അധികമഴയാണ്.
മുന്നിൽ കോഴിക്കോട്
ഓഗസ്റ്റിലെ ആദ്യ ആറുദിനങ്ങളിൽ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ്. 115.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടയിടത്ത് 326.5 മില്ലിമീറ്റർ മഴയാണു കോഴിക്കോട്ട് ലഭിച്ചത്. 182 ശതമാനം അധികമഴയാണിത്. കണ്ണൂരാണ് തൊട്ടുപിന്നിൽ. 320.3 മില്ലിമീറ്റർ മഴയാണു കണ്ണൂരിൽ പെയ്തത്. കാസർഗോഡ് ജില്ലയിൽ 271.6 മില്ലിമീറ്റർ മഴ ലഭിച്ചു.
പത്തനംതിട്ടയിൽ പെരുമഴ
പ്രളയം ഏറ്റവുമധികം ബാധിച്ച പത്തനംതിട്ടയിൽ ഇക്കുറി റിക്കാർഡ് മഴയാണു ഓഗസ്റ്റിലെ ആദ്യ ആറുദിവസങ്ങളിൽ ലഭിച്ചത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം 70.2 മില്ലിമീറ്റർ മഴയാണ് ഈ ദിവസങ്ങളിൽ ജില്ലയിൽ ലഭിക്കേണ്ടത്. എന്നാൽ, ഇക്കുറി 315.9 മില്ലിമീറ്റർ മഴയാണു ലഭിച്ചത്. 350 ശതമാനം അധികമഴയാണു പത്തനംതിട്ടയിൽ പെയ്തത്. ജില്ലയിൽ ഓഗസ്റ്റിൽ ലഭിക്കേണ്ട മൊത്തം മഴയുടെ 88 ശതമാനവും ആദ്യത്തെ ആറുദിനങ്ങളിൽത്തന്നെ ലഭിച്ചു.
കോട്ടയം ജില്ലയിൽ 92 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 258.3 മില്ലിമീറ്റർ മഴ പെയ്തു. ആലപ്പുഴയിലാകട്ടെ 73.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 168.7 മില്ലിമീറ്റർ മഴയാണു ലഭിച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുൻപ് നൽകിയ യെല്ലോ അലർട്ടിന് പകരം തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുതുക്കി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. അടുത്ത 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ലഭിക്കാവുന്ന മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ പലയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയും രൂക്ഷമായിട്ടുണ്ട്. പുഴകളിലും അണക്കെട്ടുകളിലും ജലനിരപ്പ് വേഗത്തിൽ ഉയരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങളിലുള്ളവരും പുഴയോരങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. മോശം കാലാവസ്ഥയും കടൽക്ഷോഭവും നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് പൂർണമായും വിലക്കിയിട്ടുണ്ട്. കൂടാതെ മലയോര മേഖലകളിലേക്കുള്ള വിനോദസഞ്ചാരവും രാത്രികാല യാത്രകളും പൂർണമായും ഒഴിവാക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
മഴക്കെടുതികൾ നേരിടുന്നതിനും അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കുമായി എല്ലാ ജില്ലകളിലും താലൂക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റാനുള്ള നടപടികൾ ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് 1070, 1077 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും വ്യാജ പ്രചാരണങ്ങളിൽ വീഴാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിച്ച് ജാഗ്രത പാലിക്കണമെന്നും സർക്കാർ അറിയിച്ചു.
Kerala
കൊച്ചി: മൂവാറ്റുപുഴയിലെ വീടുകളില്‍ വീണ്ടും വെള്ളം കയറി. കൊച്ചങ്ങാടി, ഇല്യാഹിയ നഗര്‍ എന്നിവിടങ്ങളില്‍ വെള്ളം ഇറങ്ങിയ ശേഷം വൃത്തിയാക്കിയതിന് പിന്നാലെയാണ് വീണ്ടും വെള്ളം കയറിയിരിക്കുന്നത്. പ്രദേശത്തെ ഒമ്പത് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ഞായറാഴ്ച മഴ കുറഞ്ഞതോടെ കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം കയറിയ വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിയിരുന്നു. ഇതോടെയാണ് ആളുകള്‍ എത്തി വൃത്തിയാക്കിയ ശേഷം താമസം തുടങ്ങിയത്. എന്നാല്‍ പുലര്‍ച്ചെ അഞ്ചോടെ വീണ്ടും വെള്ളം കയറുകയായിരുന്നു.
രാത്രി ശക്തമായ മഴ വന്നതോടെ മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും വെള്ളം കയറുകയായിരുന്നു. അതേസമയം, എറണാകുളം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. മൂവാറ്റുപുഴയാറിലെയും തൊടുപുഴയാറിലെയും കാളിയാറിലെയും പെരിയാറിലെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.
Kerala
കോട്ടയം: ജില്ലയില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. മീനച്ചിലാറ്റിലടക്കമുള്ള നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ വീണ അറിയിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. റവന്യൂ , പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളും വിവിധ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മൈക്ക് അനൗണ്‍സ്മെന്റും അനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണം. ചേര്‍ത്തല-കുമരകം-കോട്ടയം റോഡില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളില്‍ ജില്ലാതലത്തിലും താലൂക്ക് തലത്തിലും ഉള്ള കണ്ട്രോള് റൂമുകളുമായി ബന്ധപ്പെടണം.
ജില്ലാ കണ്ട്രോള് റൂം, കളക്ടറേറ്റ് -94465 62236
താലൂക്ക് കണ്ട്രോള് റൂമുകള്‍:
കോട്ടയം- 85479 85727
ചങ്ങനാശേരി- 9496014587
മീനച്ചില്‍- 9496686325
കാഞ്ഞിരപ്പള്ളി- 9495265800
വൈക്കം- 9496174871
മൃഗസംരക്ഷണ വകുപ്പ് - 04812 564623, 9447418095
Kerala
തിരുവല്ല: പമ്പ, മണിമല ആറുകളില്‍ നിന്ന് വെള്ളം ഒഴുകിയെത്തിയതോടെ അപ്പര്‍കുട്ടനാട് മേഖലയില്‍ സ്ഥിതിഗതികള്‍ രൂക്ഷം. കുറ്റൂര്‍, നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലും തിരുവല്ല നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിലും രൂക്ഷമായ പ്രളയക്കെടുതികള്‍ നേരിടുകയാണ്.
ഒട്ടുമിക്ക വീടുകളിലും വെള്ളം കയറിയതോടെ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. എംസി റോഡിലും തിരുവല്ല - അമ്പലപ്പുഴ പാതയിലും ഗതാഗതം മുടങ്ങി. തിരുവല്ല താലൂക്കിലെ ഒട്ടുമിക്ക ഗ്രാമീണ റോഡുകളിലും വെള്ളം കയറി.
നെടുമ്പ്രം പടാരത്തില്‍ പടിമുതല്‍ എന്‍സി ജംഗ്ഷന് വരെ ഉള്ള ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനേ തുടര്‍ന്നാണ് ഗതാഗതം നിലച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് പമ്പ, മണിമല നദികള്‍ ചേര്‍ന്ന് ഒഴുകുന്ന നദിയില്‍ നിന്നും റോഡിലേക്ക് വെള്ളം ഇരച്ച് എത്തിയത്. റോഡ് വക്കിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കെഎസ്ആര്‍ടിസി അടക്കമുള്ള ഗതാഗത സംവിധാനം നിലച്ചിരിക്കുകയാണ്.
എംസി റോഡില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി പതിവായി വെള്ളം കയറുന്ന ഭാഗമാണ് ഇത്. എംസി റോഡില്‍ തിരുമൂലപുരത്തിനും കുറ്റൂരിനുമിടയില് റോഡില്‍ രണ്ട് അടിയോളം ഉയരത്തില്‍ വെള്ളം കയറിയതിനേ തുടര്‍ന്ന് ഇതുവഴി വാഹന ഗതാഗതം തടസപ്പെട്ടു.
കൂറ്റൂര് - തെങ്ങേലി റോഡ്, ,ആറാട്ടുകടവ് -തിരുവന്‍വണ്ടൂര്‍ റോഡ് ,ഓതറ - മംഗലം റോഡ് താലൂക്കിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ഒട്ടുമിക്ക പ്രധാന റോഡുകളും വെള്ളത്തിനടിയില്‍ ആയതോടെ ഗതാഗതം നിലച്ചിരിക്കുകയാണ്. റെയില്‍വേയുടെ അടിപാതകളായ ഇരുവള്ളിപ്ര ,കുറ്റൂര്‍ എന്നീ വിടങ്ങളില്‍ വെള്ളം കയറി കിടക്കുന്നതുമൂലം കറ്റോട് തിരുമൂലപുരം റോഡിലും കൂറ്റൂര് വള്ളംകുളം റോഡിലും ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
നൂറുകണക്കിന് കുടുംബങ്ങള്‍ ആണ് താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ജനങ്ങള്‍ ഒഴിഞ്ഞുപോയ പല വീടുകളിലും വെള്ളം കയറി കിടക്കുകയാണ്.കൂടാതെ വെള്ളം പറമ്പുകളില്‍ കയറി കിടക്കുന്നതുമൂലും നാണ്യവിളകള്‍ ഏറെയും നശിച്ചു. വെള്ളം ഇറങ്ങിയാലേ നഷ്ടങ്ങളുടെ കണക്ക് എടുക്കാന്‍ കഴുകയുള്ളു. വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി തഹസില്‍ദാര്‍ ജോബിന് കെ.ജോര്‍ജിന്റെ നേതൃത്യത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Kerala
കോട്ടയം: കോട്ടയം ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളപ്പൊക്കവും ഗതാഗത തടസവും രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ പ്രധാന പാതകളിലൂടെയുള്ള ഗതാഗതം ഭാഗികമായോ പൂര്‍ണമായോ തടസപ്പെട്ടിരിക്കുകയാണ്.
പ്രധാന പാതകളിലെ ഗതാഗത തടസം
പാലാ - ഈരാറ്റുപേട്ട റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഈ റൂട്ടിലെ വാഹനഗതാഗതം കടുത്ത പ്രതിസന്ധിയിലാണ്. കോട്ടയം - കുമരകം - ചേര്‍ത്തല റോഡില്‍ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയതോടെ ഈ വഴിയുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്.
കോട്ടയം - ഇറഞ്ഞാല്‍ റോഡില്‍ വെള്ളക്കെട്ട് മൂലം ഗതാഗതം സാധിക്കില്ല. അയര്‍ക്കുന്നം റൂട്ടുകള്‍ അയര്‍ക്കുന്നത്തേക്ക് പോകുന്ന റോഡുകളിലും വെള്ളം കയറിയ നിലയിലാണ്. ഏറ്റുമാനൂര്‍ - മണര്‍കാട് റോഡില്‍ നാലുമണിക്കാറ്റില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
വെള്ളം കയറിയ പ്രദേശങ്ങള്‍
പാലാ, ഈരാറ്റുപേട്ട, നാട്ടകം, അയ്മനം, തിരുവാര്‍പ്പ്, പേരൂര്‍, ആര്‍പ്പൂക്കര എന്നീ താഴ്ന്ന പ്രദേശങ്ങളും പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പുതുപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
യാത്ര നിരോധിച്ചു
ചേര്‍ത്തല-കുമരകം-കോട്ടയം റോഡില്‍ വെള്ളംകയറിയ സാഹചര്യത്തില്‍ ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
മതപഠന സ്ഥാപനങ്ങളും ട്യൂഷൻ സെന്ററുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. അതേസമയം ഇന്ന് നടക്കേണ്ട സെറ്റ്, ഹയർ സെക്കൻഡറി തുല്യത പരീക്ഷകൾ മാറ്റി. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല പരീക്ഷയും പിന്നീട് നടക്കും.
ഇടുക്കിയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള കായിക ക്ഷമത പരീക്ഷ ചൊവ്വ, ബുധൻ തീയതികളിൽ നടത്താൻ പിഎസ്സി നിശ്ചയിച്ചിരുന്നത് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്സി അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്നുണ്ടാകുന്ന കാർഷിക വിളനാശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കൃഷിവകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു.
മഴക്കെടുതി മൂലമുണ്ടാകുന്ന കൃഷിനാശം സംബന്ധിച്ച വിവരങ്ങൾ കർഷകർക്ക് അതത് ജില്ലകളിലെ കൺട്രോൾ റൂമുകളിൽ അറിയിക്കാം.
പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട അടിയന്തര സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സാങ്കേതിക നിർദേശങ്ങൾ നൽകുന്നതിനും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.
കൃഷിനാശത്തിന് ധനസഹായം ലഭിക്കുന്നതിനായി കർഷകർക്ക് കൃഷി വകുപ്പിന്റെ AIMS പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇതിനായി www.aims. kerala.gov. in ൽ ലോഗിൻ ചെയ്ത് കൃഷിഭൂമിയുടെയും നാശനഷ്ടം സംഭവിച്ച വിളകളുടെയും വിവരങ്ങൾ രേഖപ്പെടുത്തി ബന്ധപ്പെട്ട കൃഷിഭവനിലേക്ക് അപേക്ഷ നൽകണം.
കൂടുതൽ വിവരങ്ങൾക്ക് www.aims.ke rala.gov.in, www.keralaagric ulture.gov.in വെബ്സൈറ്റുകൾ സന്ദർശിക്കുകയോ ബന്ധപ്പെട്ട ജില്ലാതല കൺട്രോൾ റൂമുകളിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് കൃഷി ഡയറക്ടറേറ്റ് അറിയിച്ചു.
കൺട്രോൾ റൂം നമ്പർ
തിരുവനന്തപുരം: 9383470086, 9383470700, കൊല്ലം: 9383470318, 9383470770, ആലപ്പുഴ: 9383470561, 9383471108, കോട്ടയം: 9383470704, 9383471300, പത്തനംതിട്ട: 9383470499, 9383470900, എറണാകുളം: 9383471150, 9383471500, ഇടുക്കി: 9383470821, 9383471400, തൃശൂർ: 9383473242, 9383471600, പാലക്കാട്: 9383471457, 9383471700, മലപ്പുറം: 9383471618, 9383471800, കോഴിക്കോട്: 9383471779, 9383471900, വയനാട്: 9383471912, 9383472442, കണ്ണൂർ: 9383472028, 9383472300, കാസർഗോഡ്: 9383471961, 9383472400.
Business
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിൽ ലഭിക്കേണ്ട മഴയിൽ വലിയ തോതിലുണ്ടായ കുറവ് തോട്ടവിളകളെ ഗുരുരതമായി ബാധിക്കും. കാർഷിക ഗവേഷണ കേന്ദ്രങ്ങൾ നൽകുന്ന റിപ്പോർട്ട് പ്രകാരം തോട്ടവിളകളിൽ ഏറ്റവും കൂടുതൽ ബാധിക്കുക കുരുമുളക് ഉത്പാദനത്തെയാവും.
കാലവർഷത്തിൽ തുടർച്ചയായി പെയ്തിറങ്ങുന്ന മഴയാണ് കുരുമുളകുതിരിയിൽ കൂടുതൽ മണിപിടിത്തമുണ്ടാക്കുന്നത്. എന്നാൽ ഇക്കുറി കാലവർഷത്തിൽ ലഭിക്കേണ്ട മഴയിലെ കുറവ് കുരുമുളക് ഉത്പാദനത്തിൽ വലിയ ഇടിവുണ്ടാക്കും.ഏലം ഉത്പാദനവും ഇടിഞ്ഞേക്കും
ഏലം ഉത്പാദനത്തിലും വലിയ ഇടിവിനു സാധ്യത. ഇടുക്കി, വയനാട് ജില്ലകളിൽ ഏലത്തോട്ടങ്ങളിൽ കായ്പിടിത്തം വളരെക്കുറവാണ്. ഈ വർഷം ഏലം വിളവെടുപ്പ് വൈകാനും സാധ്യതയുണ്ട്. നാളികേര ഉത്പാദനത്തേയും മഴക്കുറവ് കൂടുതൽ പ്രതികൂലമായി ബാധിക്കും. എന്നാൽ ഇക്കൊല്ലത്തെ മഴക്കുറവിനെ തുടർന്നുള്ള നാളികേര ഉത്പാദനക്കുറവ് വരുംവർഷങ്ങളിലാവും വ്യക്തമായി പ്രതിഫലിക്കുക. ഏപ്രിൽ, മേയ് മാസങ്ങളിൽ കൃഷിയിറക്കി ഡിസംബർ, ജനുവരി മാസങ്ങളിൽ വിളവെടുക്കുന്ന വാഴകൃഷിയെയും മഴക്കുറവ് പ്രതികൂലമായി ബാധിക്കും. മഴയെ മാത്രം ആശ്രയിച്ചാണ് ഈ മാസങ്ങളിൽ വാഴകൃഷിയിറക്കുന്നത്.
സംസ്ഥാനത്തെ ഗ്രൗണ്ട് വാട്ടർ റീചാർജിംഗിന്റെ 65 ശതമാനവും ലഭിക്കുന്നത് കാലവർഷത്തിലെ മഴയിലൂടെയാണ്. ഇക്കുറി മഴ കുറഞ്ഞതോടെ കിണറുകളിലേയും മറ്റുജല സംഭരണികളിലെയും വെള്ളം വേഗത്തിൽ കുറയാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇത് ഡിസംബർ, ജനുവരി മാസങ്ങളിൽ തന്നെ വലിയ തോതിൽ ജലക്ഷാമത്തിനുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നു. നിലവിൽ സംസ്ഥാനത്ത് ലഭിക്കേണ്ടതിന്റെ 35 ശതമാനത്തിലധികം മഴക്കുറവാണുള്ളത്.
നെൽകൃഷിക്കും ഭീഷണി
പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ റിസർവോയറുകളിൽനിന്നു ലഭിക്കുന്ന വെള്ളം ഉപയോഗിച്ചാണ് നെൽകൃഷി ഇറക്കുന്നത്. ഈ പ്രദേശത്ത് മഴ കുറഞ്ഞാൽ നെൽകൃഷിയെയും അത് ബാധിക്കും. ഫലവൃക്ഷങ്ങൾക്കും വൻതോതിൽ വെള്ളം ആവശ്യമാണ്.
മഴക്കുറവ് തോട്ടം വിളകളുടെ ഉത്പാദനത്തെ ദീർഘകാല അടിസ്ഥാനത്തിൽ ബാധിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. വരും മാസങ്ങളിൽ കൂടുതൽ മഴ പെയ്താൽ മാത്രമേ നിലവിലെ മഴക്കമ്മി കുറയ്ക്കാൻ സാധിക്കുകയുള്ളൂ.
Kerala
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം പെയ്തു തുടങ്ങി രണ്ടു മാസമാകുന്പോഴും മഴക്കുറവിൽ വലഞ്ഞ് കേരളം.
ജൂണ്‍ ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് 34 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കർക്കടകം തുടങ്ങിയിട്ടും കാലവർഷം കാണാമറയത്ത് തുടരുകയാണ്. മഴക്കുറവ് രൂക്ഷമായതോടെ കാർഷിക മേഖല പ്രതിസന്ധിയിലാണ്. ഓണക്കാല വിളവെടുപ്പ് ലക്ഷ്യമിട്ടുള്ള കാർഷിക വിളകളെയെല്ലാം മഴക്കുറവ് സാരമായി ബാധിച്ചു. ഇതോടെ ഈ ഓണക്കാലത്ത് വിപണയിൽ വിലക്കയറ്റം രൂക്ഷമാകാനുള്ള സാധ്യതയുമേറി.
സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമവും രൂക്ഷമായി തുടരുകയാണ്. വേനൽ കടുത്തതോടെ വറ്റിവരണ്ട പല ജല സ്രോതസുകളിലും ജലനിരപ്പ് ഇനിയും മതിയായ അളവിൽ ഉയർന്നിട്ടില്ല. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ വൈദ്യുതി ഉത്പാദന മേഖലയും പ്രതിസന്ധിയിലായിരിക്കുകയാണ്.
Kerala
കോട്ടയം: കാലവർഷം ഒന്നര മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് 32 ശതമാനം മഴക്കുറവ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാലവർഷത്തിൽ ലഭിക്കേണ്ട മഴയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ ഒന്ന് മുതൽ ജൂലൈ 15 വരെയുള്ള ഒന്നര മാസം സംസ്ഥാനത്ത് 973 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഈ വർഷം ലഭിച്ചതാകട്ടെ 659.8 മില്ലിമീറ്റർ മഴ മാത്രമാണ്. 2025ൽ ഈ കാലയളവിൽ 15 ശതമാനം മാത്രം മഴക്കുറവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇക്കൊല്ലം ഇത്രയധികം കുറവുണ്ടായത്.
മഴക്കുറവ് കൂടുതൽ തെക്കൻകേരളത്തിൽ
കാലവർഷം ഒന്നര മാസം പിന്നിടുമ്പോൾ കൂടുതൽ മഴ ലഭിച്ചത് കോഴിക്കോട്ടാണ്. 1043 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. ലഭിക്കേണ്ട മഴയിൽ 21 ശതമാനം കുറവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. കാസർഗോഡ് ജില്ലയിലും 1000 മില്ലിമീറ്റർ മഴ ഇക്കാലയളവിൽ ലഭിച്ചു. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്. 393.5 മില്ലിമീറ്റർ മഴമാത്രമാണ് കൊല്ലത്ത് ലഭിച്ചത്. തിരുവനന്തപുരത്ത് 403 മില്ലിമീറ്റർ മഴയും.
കാലവർഷക്കാറ്റ് ദുർബലം
സംസ്ഥാനത്തെ മലയോരജില്ലകളായ ഇടുക്കിയിലും വയനാട്ടിലും ഇക്കുറി ആകെ ലഭിക്കേണ്ട മഴയുടെ പകുതിപോലും ലഭിച്ചിട്ടില്ല. ഇടുക്കിയിൽ ഒന്നര മാസത്തിനിടെ ലഭിക്കേണ്ടത് 1121 മില്ലിമീറ്റർ മഴയാണെങ്കിൽ ലഭിച്ചതാകട്ടെ വെറും 491.5 മി.മീ. മാത്രം. 56ശതമാനം മഴക്കുറവാണ് ഇടുക്കിയിൽ മാത്രമുണ്ടായത്. വയനാട്ടിലാകട്ടെ 1143.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 463.3 മി.മീ മാത്രമാണ് ലഭിച്ചത്. 59 ശതമാനം മഴക്കുറവാണ് വയനാട്ടിൽ ഉണ്ടായത്.
കാലവർഷക്കാറ്റ് പൊതുവേ ദുർബലമായതിനാലാണ് മലയോരജില്ലകളിൽ മഴ കുറഞ്ഞതെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളം പറഞ്ഞു. എൽനിനോ പ്രതിഭാസത്തെ തുടർന്നാണ് സംസ്ഥാനത്തും മഴയിൽ കുറവുണ്ടായത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. കാറ്റ് അനുകൂലമായാൽ 18ന് ശേഷം വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്.
താപനില ഉയരുന്നു
മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും താപനില ഉയരുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സാധാരണ താപനിലയേക്കാൾ രണ്ട് ഡിഗ്രി സെൽഷസ് മുതൽ 4.9 ഡിഗ്രി സെൽഷസ് വരെ വർധിച്ചിട്ടുണ്ട്.
മുൻ വർഷങ്ങളിൽ ജൂൺ ഒന്ന് മുതൽ ജൂലൈ 15 വരെയുള്ള കാലയളവിലെ മഴക്കുറവ് ശതമാനത്തിൽ
വർഷം
2025
2024
2023
2022
2021
2020
ശതമാനം
15%
20%
35%
19%
33 %
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. എട്ട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും എറണാകുളം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. അടുത്ത ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഇതേതുടർന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ രണ്ട് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അതേസമയം ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥ മോശമായതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ മാസത്തിലും സാധാരണയേക്കാള്‍ കുറവ് മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്‍ നിനോ സാഹചര്യം തുടരുന്നതാണ് ഇതിന് കാരണമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
എൽ നിനോ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല. തുടര്‍ന്നുള്ള കാലവര്‍ഷ മാസങ്ങളില്‍ എല്‍നിനോ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ ഇപ്പോള്‍ ന്യൂട്രല്‍ (Neutral) സ്ഥിതിയിലാണ് തുടരുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉള്‍പ്പെടെയുള്ള ആഗോള കാലാവസ്ഥാ മോഡലുകളുടെ പ്രവചനപ്രകാരം, ന്യൂട്രല്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ സ്ഥിതി മുഴുവന്‍ കാലവര്‍ഷ സീസണിലും തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് 12 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ അഞ്ച് വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
അതേസമയം കാലവർഷം അടുത്ത നാല് ദിവസത്തിനുള്ള കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മേയ് 30 മുതൽ ജൂൺ മൂന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും നിർദേശമുണ്ട്.
Kerala
തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. മേയ് 14 മുതൽ 16 വരെ ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്.
ഈ ആഴ്ച അവസാനത്തോടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
തെക്കുപടിഞ്ഞാറൻ ഉൾക്കടലിൽ ന്യൂനമർദം നിലനിൽക്കുന്നുണ്ടെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം കൂടുതൽ ശക്തിപ്പെടാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 14, 15 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിനും കേരളാ തീരത്തോടുചേർന്നുള്ള ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ കേന്ദ്രം മുതൽ തെക്കൻ തമിഴ്നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ന്യൂനമർദപാത്തി നിലനിൽക്കുന്നു. ഇത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് കാരണമാകും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമായി തുടരും. ഞായറാഴ്ച ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച മൂന്ന് ജില്ലകളിലും ചൊവ്വാഴ്ച നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനെ തുടർന്നാണിത്. ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ മെയ് 11ഓടെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാൻ സാധ്യതയുണ്ട്. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലർട്ടുള്ളത്.
ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
International
കാബൂൾ: കനത്ത മഴയും മഞ്ഞുവീഴ്ചയും തുടർന്ന് അഫ്ഗാനിസ്ഥാനിൽ 61പേർ മരിച്ചു. 110പേർക്ക് പരിക്കേറ്റു. നിരവധി പ്രവിശ്യകളിലെ പ്രധാന റോഡുകളിൽ വൈദ്യുതിയും തടസപ്പെട്ടു.
മേൽക്കൂര തകർന്നും ഹിമപാതങ്ങൾ ഉണ്ടായുമാണ് കൂടുതൽ മരണങ്ങളും സംഭവിച്ചത്. മധ്യ, വടക്കൻ പ്രവിശ്യകളിലാണ് കൂടുതൽ മരണങ്ങളും സംഭവിച്ചതെന്ന് അഫ്ഗാനിസ്ഥാന്റെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
458 വീടുകൾ ഭാഗികമായോ പൂർണമായോ തകർന്നുവെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി. മഞ്ഞുമൂടിയ റോഡുകളിലൂടെ അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
കാണ്ഡഹാറിൽ ബുധനാഴ്ചയുണ്ടായ ശക്തമായ കാറ്റിലും കനത്ത മഴയിലും വീടിന്റെ മേൽക്കൂര തകർന്നുവീണ് ആറ് കുട്ടികൾ മരിച്ചു.
അഫ്ഗാനിസ്ഥാനിലെ പ്രധാന റോഡുകളിലൊന്നായ സലാംഗ് ഹൈവേ അടച്ചിട്ടതായി പർവാൻ പ്രവിശ്യയിലെ അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ വടക്കൻ പ്രവിശ്യകളുമായുള്ള സുപ്രധാന ബന്ധമാണ് ഈ ഹൈവേ.
മധ്യ ബാമിയാൻ പ്രവിശ്യയിലെ ഒരു പർവതനിരയിൽ കുടുങ്ങിയ യാത്രക്കാർക്ക് രക്ഷാപ്രവർത്തകർ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. ഉസ്ബെക്കിസ്ഥാനിൽ നിന്ന് വൈദ്യുതി എത്തിക്കുന്ന ട്രാൻസ്മിഷൻ ലൈനിനും കേടുപാടുകൾ സംഭവിച്ചു.
കനത്ത മഞ്ഞുവീഴ്ചയും മഴയും കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കന്നുകാലികൾ കൊല്ലപ്പെടുകയും കടകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് മുതൽ 19-ാം തീയതി വരെ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.
അതേസമയം ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ. ഇതേ തുടർന്ന് തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും മൂന്ന് ദിവസം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം- കൊല്ലം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി ജില്ലയിൽ ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം തിങ്കളാഴ്ച സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.
ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
District News
ഇടുക്കി: മഴക്കെടുതിയിലുണ്ടായ നാശനഷ്ടം വിലയിരുത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ വകുപ്പുകളോടും ജില്ലാ വികസനസമിതി യോഗം നിർദേശിച്ചു. കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത മഴയും ഉരുൾപൊട്ടലും മൂലം വ്യാപക നാശനഷ്ടങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കൃഷിനാശം സംബന്ധിച്ച കണക്കെടുക്കാനും എഡിഎം ഷൈജു പി. ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു.
പല സ്ഥലത്തും റോഡുകളുടെ അരിക് ഇടിഞ്ഞുപോയിട്ടുള്ളതിനാൽ ഇത്തരം സ്ഥലങ്ങളിൽ അപകടസാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്ന ജോലി നടന്നുവരികയാണെന്ന് പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
എൻഎച്ച് 85ന്റെ നിർമാണവുമായി ബന്ധപ്പെട്ട് വലിയ യന്ത്രസാമഗ്രികൾ നിർത്തിയിട്ടിയിരിക്കുന്നതിനാൽ സീസണ് സമയത്ത് വലിയ രീതിയിൽ ഗതാഗതതടസം ഉണ്ടാകുന്നുണ്ടെന്ന പരാതിയിൽ എൻഎച്ച്എഐ അധികൃതരോട് റിപ്പോർട്ട് തേടും. ഇത്തരം സമയങ്ങളിൽ പ്രവൃത്തി നിർത്തിവയ്ക്കണമെന്ന് എ. രാജ എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
ഇടമലക്കുടിയിലെ നിർമാണം പൂർത്തിയാക്കാത്ത 58 വീടുകളുടെ ബലക്ഷമത സംബന്ധിച്ച് ടെക്നിക്കൽ കമ്മിറ്റി അടിയന്തരമായി പരിശോധന നടത്തും. കാലാവസ്ഥ പ്രതികൂലമായതിനാലാണ് പരിശോധന ആരംഭിക്കാൻ സാധിക്കാത്തതെന്ന് വനംവകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു. തമിഴ്നാട്ടിൽനിന്നു തൊഴിലാളികളെ കൊണ്ടുവരുന്ന വാഹനങ്ങൾ ആളുകളെ കുത്തിനിറച്ച് അതിവേഗത്തിലാണ് വരുന്നതെന്ന് പരാതിയുയർന്നു. ഇക്കാര്യത്തിൽ വാഹനങ്ങൾക്ക് ഫിറ്റ്നസ്, ലൈസൻസ് തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് മോട്ടോർ വാഹനവകുപ്പ് കർശനമായ പരിശോധന നടത്തും.
അനധികൃതമായി പ്രവർത്തിക്കുന്ന ഹോം സ്റ്റേകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയുടെ തദ്ദേശഭരണ സ്ഥാപനം തിരിച്ചുള്ള ലിസ്റ്റ് സ്ഥാപനങ്ങൾ ലഭ്യമാക്കി. അനധികൃതമായി പ്രവർത്തിക്കുന്ന ഹോം സ്റ്റേകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിന് ഇന്റേണൽ വിജിലൻസ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ അറിയിച്ചു.
തൊഴിൽവകുപ്പിന്റെ അതിഥി ആപ്പ് വഴി 27,973 പേർ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായി തൊഴിൽവകുപ്പ് അധികൃതർ അറിയിച്ചു. ഇതര സംസ്ഥാനത്തൊഴിലാളികളിൽ മദ്യം, ലഹരി വസ്തുക്കളുടെ ഉപയോഗം, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ സാമൂഹിക ജീവിതത്തെ സാരമായി ബാധിക്കുന്നതായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നു പരാതി ഉയർന്ന സാഹചര്യത്തിൽ തൊഴിൽ വകുപ്പ്, ആരോഗ്യ വകുപ്പ്, പോലീസ് എന്നിവരുടെ കർശനപരിശോധനയും നിയന്ത്രണവും ഉണ്ടാകും.
സ്ഥലം ലഭ്യമല്ലാതെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 61 അങ്കണവാടികൾക്ക് സ്ഥലം ലഭ്യമാക്കുന്നതിന് പ്രത്യേക യോഗം വിളിച്ചുചേർക്കാൻ യോഗം തീരുമാനിച്ചു.
District News
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. ഡാമിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് ജലനിരപ്പ് 139 അടി കവിഞ്ഞു. നിലവിൽ 13 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്.
സെക്കൻഡിൽ 9403 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരുമെന്നാണ് തമിഴ്നാട് വാട്ടർ അഥോറിറ്റി വ്യക്തമാക്കുന്നത്. ഒരു മീറ്ററിൽ നിന്ന് 1.5 മീറ്ററായി ഷട്ടറുകൾ ഉയർത്തേണ്ടി വരും.
സെക്കൻഡിൽ 10178 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. ഡാമിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന ജനവാസ മേഖലകളിൽ ആശങ്ക ഉയർന്നിട്ടുണ്ട്. താഴ്ന്ന് പ്രദേശങ്ങളിലൊക്കെ വെള്ളം ഉയർന്നു തുടങ്ങിയിട്ടുണ്ട്.
Chocolate
ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശം അന്റാർട്ടിക്കയിലെ ഉണങ്ങിയ താഴ്വര (ഡ്രൈ വാലീസ്) എന്ന പ്രദേശമാണ്. ഏകദേശം രണ്ടു ദശലക്ഷം വർഷങ്ങളായി ഇവിടെ മഴ പെയ്തിട്ടില്ല. വെള്ളമോ മഞ്ഞോ ഇല്ലാത്ത 4800 ചതുരശ്ര കിലോമീറ്റർ പ്രദേശമാണിത്. അതിനാൽത്തന്നെ ഇവിടെ മനുഷ്യവാസവുമില്ല.
ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഇന്ത്യയിലെ മേഘാലയ സംസ്ഥാനത്തിൽപ്പെട്ട മോസ്വിൻറം ഗ്രാമത്തിലാണ്. രണ്ടാംസ്ഥാനത്താകട്ടെ മേഘാലയയിലെതന്നെ ചിറാപുഞ്ചി ഗ്രാമവും. ലോകത്ത് ഏറ്റവും കൂടുതൽ മഴ പെയ്യുന്ന മാസ്വിൻറം ഗ്രാമത്തിൽ വർഷത്തിൽ ഏകദേശം 11,871 മില്ലിമീറ്റർ മഴ പെയ്യുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലെ പർവതവിതാനമായ ഖാസി പീഠഭൂമിയിലെ ഭൂമിശാസ്ത്രപരമായി പ്രത്യേകതകളുള്ള സ്ഥാനത്താണ് ഈ ഗ്രാമത്തിന്റെ കിടപ്പ് എന്നതിനാലാണ് അസാധാരണമായ മഴ ലഭിക്കുന്നത്.
എന്നാൽ ഇതുവരെ മഴ പെയ്യാത്തതും എന്നാൽ ജനങ്ങൾ താമസിക്കുന്നതുമായ ഭൂപ്രദേശവുമുണ്ട്. യെമനിലെ സനാ ഗവർണറേറ്റിൽപ്പെട്ട അൽ ഹുതെയ്ബ ഗ്രാമമാണിത്. സമുദ്രനിരപ്പിൽനിന്ന് 3,200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽ മഴയില്ലാത്തതിനാൽ എപ്പോഴും ചൂടാണെന്നു ധരിച്ചാൽ തെറ്റി. മലമുകളിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽ എപ്പോഴും നല്ല കാലാസ്ഥയാണ്. അതിനാൽത്തന്നെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രംകൂടിയാണിത്. മഴ പെയ്യണമെങ്കിൽ മേഘങ്ങൾ വേണമല്ലോ. എന്നാൽ, അൽ ഹുതെയ്ബ ഗ്രാമം സ്ഥിതിചെയ്യുന്നത് മേഘങ്ങൾക്കും മുകളിലാണ്. അതിനാലാണ് ഇവിടെ മഴ പെയ്യാത്തത്.
ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പത്തു പ്രദേശങ്ങൾ
1.മോസ്വിൻറം(മേഘാലയ, ഇന്ത്യ) 2. ചിറാപുഞ്ചി(മേഘാലയ) 3. ടുടെൻഡൊ(കൊളംബിയ) 4. ക്രോപ്പ് റിവർ (ന്യൂസിലൻഡ്) 5. ബിയൊകൊ ഐലൻഡ്(ഇക്വാറ്റൊറിയൽ ഗിനിയ) 6. ഡെബുൺഡ്ഷാ (ആഫ്രിക്ക) 7. ബിഗ് ബൊഗ് മായി(ഹവായ്) 8. പുകുകുയി (ഹവായ്), 9. മൗണ്ട് വെയ്യാലീൽ കൗയെ (ഹവായ്) 10. മൗണ്ട് എമെയ് (ചൈന).