പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഓപ്പറേഷന് ഗ്രിപ്പിന്റെ ഭാഗമായി ഗുണ്ടകള്‍ക്കെതിരായ നടപടികള്‍ വേഗത്തിലാക്കി പോലീസ്. പോലീസ് തയാറാക്കിയ പട്ടികയില്‍ 1497 ഗുണ്ടകള്‍.
ഒരാഴ്ച മുമ്പേ രഹസ്യമായി പോലീസ് നീക്കം തുടങ്ങിയിരുന്നു. ഗുണ്ടകളുടെ സ്പോണ്സര്മാരെക്കുറിച്ചും ഇന്റലിജന്‍സിന് വിവരം ലഭിച്ചു. ജാമ്യം തേടി പുറത്തിറങ്ങിയ ശേഷം ഗുണ്ടാപ്രവര്‍ത്തനം ചെയ്യുന്നവരുടെ ജാമ്യം നിഷേധിക്കാന്‍ കോടതിയെ സമീപിക്കാനും പോലീസ് നീക്കമാരംഭിച്ചു.
സംസ്ഥാനത്തു തൃശൂരിലാണ് കൂടുതല്‍ ഗുണ്ടകളുള്ളത്. ഇവിടെ 453 ഗുണ്ടകളുണ്ട്. രണ്ടാം സ്ഥാനത്തുള്ള കൊല്ലത്ത് 327 ഗുണ്ടകളാണുള്ളത്. കാപ്പ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നതു 278 പേരാണ്. കാപ്പ പ്രകാരം നാടുകടത്തപ്പെട്ടവര്‍ 238 പേരും പിടികിട്ടാപ്പുള്ളികളായി വിലസി നടക്കുന്നവര്‍ 16 പേരുമാണ്. ഏറ്റവും കൂടുതല്‍ കാപ്പ കേസ് പ്രതികളുള്ള ജില്ല തിരുവനന്തപുരമാണ് -74 പേർ.
ഓപ്പറേഷന് ഗ്രിപ്പ് എന്ന പേരില്‍ സംസ്ഥാനവ്യാപക ഗുണ്ടാവേട്ട ആണ് കേരള പോലീസ് ആരംഭിച്ചത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് പുതിയ ഓപ്പറേഷന് നടത്തുന്നത്. അര്ജുന് ആയങ്കിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും കൊച്ചിയിലും കണ്ണൂരിലുമായി 21 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തലസ്ഥാനത്തെ ഗുണ്ടാ ബന്ധമുള്ളവര്‍, കാപ്പ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയവര്‍, റൗഡി ലിസ്റ്റില്‍ പെട്ടവര്‍ എന്നിവരുടെ സ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. ഇവരുമായി അടുപ്പമുള്ളവരും സഹായം നല്‍കുന്നവരും പോലീസിന്റെ നിരീക്ഷണത്തിലുണ്ട്.
ഗുണ്ടകളുടെ സ്പോണ്‍സര്‍മാരെക്കുറിച്ച് ഇന്റലിജന്‍സിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ശത്രുക്കളെ വിരട്ടാനും വകവരുത്താനും ഗുണ്ടകള്‍ക്കായി ചെലവാക്കുന്നത് കോടികളാണ്. മധ്യകേരളത്തിലെ വ്യവസായി ബംഗളൂരുവില്‍നിന്ന് ഗുണ്ടകളെ കൊണ്ടുവന്നതിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. വിദേശത്തേക്ക് ഗുണ്ടകളെ അയച്ചും കുടിപ്പക തീര്‍ക്കാന്‍ ശ്രമിച്ചു.
സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരായ ഓപ്പറേഷന് തൂഫാന്റെ മറവില്‍ കൊച്ചിയില്‍ നടന്ന ഗുണ്ടകളുടെ സംഗമത്തെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഓപ്പറേഷന് തൂഫാൻ പോലെതന്നെ ഓപ്പറേഷന് ഗ്രിപ്പും ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗുണ്ടാലിസ്റ്റ് പുതുക്കിയിരിക്കുന്നത്.
Tags : Goons Kerala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash