നടി ശ്രീലീല ഇനി ഡോക്ടർ ശ്രീലീല ആയും അറിയപ്പെടും. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരം അമ്മയുടെ പാത പിന്തുടർന്നാണ് ആരോഗ്യമേഖലയിലേയ്ക്കെത്തിയത്.
ശ്രീലീലയുടെ അമ്മ സ്വർണലത ഗൈനക്കോളജിസ്റ്റാണ്. കഴിഞ്ഞ വർഷമാണ് താരം എംബിബിഎസ് ബിരുദം പൂർത്തിയാക്കിയത്. ഇതിന്റെ ബിരുദദാനചടങ്ങ് കഴിഞ്ഞ ദിവസമാണ് നടന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
ശ്രീലീല ജനിച്ചത് അമേരിക്കയിലാണ്. തെലുങ്കാനയാണ് സ്വദേശം. കുട്ടിക്കാലത്ത് താരം സ്ഥിരമായി ഇന്ത്യയിലെത്തുമായിരുന്നു. പിന്നീട് വിദ്യാഭ്യാസം ബംഗളൂരുവിലാക്കി.
2017ൽ ‘ചിത്രാഗദ’ എന്ന തെലുങ്ക് സിനിമയിൽ ബാലതാരമായി അഭിനയത്തിൽ തുടക്കം കുറിച്ചു. 2019ൽ കന്നഡ സിനിമയായ കിസ്സിൽ നായികയായി. ‘ഭഗവന്ത് കേസരി, ‘ഗുണ്ടൂർകാരം’ സിനിമയിലൂടെ തെലുങ്കിലെ മുൻനിര താരമായി മാറി. ‘പുഷ്പ 2’വിലെ കിസിക് എന്ന പാട്ടിലെ ഐറ്റംഡാൻസോടെ നടി തരംഗമായി മാറി.
അഭിനയത്തിലും നൃത്തത്തിലും പഠനത്തിലും മാത്രമല്ല ശ്രീലീല കൈയടി നേടുന്നത്. വളരെ ചെറുപ്രായത്തിൽ തന്നെ ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളെ ദത്തെടുത്ത താരം ഇപ്പോൾ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ്.
2022 ഫെബ്രുവരിയിൽ വെറും 22 വയസുള്ളപ്പോഴാണ് ഗുരു, ശോഭിത എന്നീ രണ്ട് ഭിന്നശേഷിക്കാരായ കുട്ടികളെ ശ്രീലീല ദത്തെടുത്തത്. 2025 ഏപ്രിലിൽ അവർ ഒരു പെൺകുഞ്ഞിനെയും ദത്തെടുത്തു.