ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം. നിയുക്ത മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ഒരു മണിക്കു ചേരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ഔദ്യോഗികമായി നേതാവിനെ തെരഞ്ഞെടുക്കും. അതിനു തൊട്ടുമുന്‍പായി പ്രഖ്യാപനം പ്രതീക്ഷിക്കുന്നു.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഖാർഗെയുടെ വസതിയിൽ നടത്തിയ മുക്കാൽ മണിക്കൂറിലേറെ നീണ്ട സുപ്രധാന ചർച്ചയ്ക്കു ശേഷമാണ് ഇന്നലെ നടത്താനിരുന്ന പ്രഖ്യാപനം നീട്ടിയത്. ഡൽഹിയിലാണോ, കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിലാണോ നേതാവിനെ പ്രഖ്യാപിക്കുകയെന്നതിൽ വ്യക്തതയില്ല. മുതിർന്ന നേതാവ് എ.കെ. ആന്റണിയെ നേരിട്ടു ടെലിഫോണിൽ വിളിച്ചു രാഹുൽ ഇന്നലെ അവസാനവട്ടം ചർച്ച നടത്തിയിരുന്നു. ഹൈക്കമാൻഡ് തീരുമാനത്തിന് ആന്റണി പൂർണപിന്തുണ അറിയിച്ചു.
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നലെ രാത്രിയോടെ ഉണ്ടായാൽ പ്രതിഷേധിക്കാനിടയുള്ള കോണ്‍ഗ്രസ് പ്രവർത്തകർക്കിടയിൽ നുഴഞ്ഞുകയറി തീവ്രവാദികൾ അക്രമം അഴിച്ചുവിട്ടേക്കുമെന്ന രഹസ്യവിവരത്തെ തുടർന്നാണു നാളത്തേക്കു പ്രഖ്യാപനം നീട്ടിയതെന്നാണു സൂചന. അക്രമങ്ങളും പരിധിവിട്ട പ്രതിഷേധങ്ങളുണ്ടായാൽ അത് വലിയ അപകടത്തിലേക്കുള്ള പോക്കാകും എന്നാണു നേതൃത്വം വിലയിരുത്തിയത്.
ഇന്നലെ വൈകുന്നേരം ഖാർഗെയും രാഹുലും നടത്തിയ ചർച്ചയ്ക്കുശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. ഇന്നലെ വൈകുന്നേരം 5.30ന് ഖാർഗെയുടെ വസതിയിലെത്തിയ രാഹുൽ ഗാന്ധി 6.20ന് മടങ്ങി. തുടർന്ന് രാത്രി 7.10ന് ജയ്റാം ഖാർഗെയുടെ വസതിക്കു പുറത്തെത്തിയാണ് പ്രഖ്യാപനം ഇന്നത്തേക്കു നീട്ടിയതായി അറിയിച്ചത്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലുള്ള ചർച്ചകൾ പൂർത്തിയായെന്നും മാധ്യമവിഭാഗം തലവനായ ജയ്റാം പറഞ്ഞു. വൈകുന്നേരം അഞ്ചു മുതൽ രാജാജി മാർഗിലെ ഖാർഗെയുടെ പത്തം നന്പർ വസതിക്കു മുന്പിൽ ദേശീയ, മലയാളം മാധ്യമപ്രവർത്തകർ കാത്തിരിക്കുകയായിരുന്നു.
കോണ്‍ഗ്രസ് എംഎൽഎമാരിലും പാർട്ടിയുടെ വിവിധ തലങ്ങളിലും കെ.സി. വേണുഗോപാലിനു ലഭിച്ച മേൽക്കൈ തള്ളാനാകില്ലെന്ന നിലപാടിലാണു രാഹുലും ഖാർഗെയുമെന്നാണു കരുതുന്നതെന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഡൽഹിയിൽ സൂചന നൽകി. എഐസിസിയുടെ പ്രഖ്യാപനം വരുന്നതുവരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
► ആകാംക്ഷയ്ക്ക് അറുതി
പത്തു ദിവസത്തിലേറെ നീണ്ട ആകാംക്ഷയ്ക്കും അഭ്യൂഹങ്ങൾക്കും സന്ദേഹങ്ങൾക്കും ചേരിതിരിഞ്ഞുള്ള പ്രചാരണങ്ങൾക്കും ഇന്നവസാനം. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളും മൂന്നു നേതാക്കൾ ചേരിതിരിഞ്ഞു നടത്തിയ, തെരുവിലേക്കു നീണ്ട, പോരുകളുമാണു പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നീട്ടിയത്. കോണ്‍ഗ്രസ് എംഎൽഎമാരുടെ അഭിപ്രായവും സംഘടനാതലത്തിലുള്ള പാർട്ടി നേതാക്കളുടെ അഭിപ്രായവും വ്യക്തമായ ഉടനെ നടത്താമായിരുന്ന പ്രഖ്യാപനമാണു സങ്കീർണമായ സ്ഥിതിവിശേഷം കണക്കിലെടുത്തു മാറ്റിയത്.
► മത, സാമുദായിക സമ്മർദങ്ങൾ പ്രശ്നമായി
മത, സാമുദായിക ശക്തികളുടെ സമ്മർദങ്ങൾക്കു വഴങ്ങിയാൽ കേരളത്തിൽ ബിജെപിക്ക് പെട്ടെന്നു വാതിൽ തുറന്നുകൊടുക്കുന്നതിനു തുല്യമാകുമെന്ന ആശങ്ക തീരുമാനത്തിന്റെ പ്രഖ്യാപനം നീട്ടാൻ കോണ്‍ഗ്രസ് നേതൃത്വത്തെ നിർബന്ധിതമാക്കി. മത, സാമുദായിക, വർഗീയ ശക്തികൾക്കു വഴങ്ങരുതെന്ന ഉറച്ച നിലപാടിലാണ് എഐസിസി നേതൃത്വം. വി.ഡി. സതീശന് അനുകൂലമായുണ്ടായ ജനവികാരത്തിനു പിന്നിൽ ചില ആസൂത്രിത ശ്രമങ്ങളുണ്ടായെന്ന സൂചനകളും പ്രതിസന്ധി രൂക്ഷമാക്കി.
മുഖ്യമന്ത്രിസ്ഥാനാർഥിയായോ പാർട്ടിയുടെ മുഖമായോ കേരള നേതാക്കളാരെയും ഉയർത്തിക്കാട്ടുന്നില്ലെന്നും ടീം യുഡിഎഫ് ആണെന്നും തെരഞ്ഞെടുപ്പിനുമുന്പേ കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. പിണറായി സർക്കാരിനെതിരായ ജനവികാരമാണ് യുഡിഎഫിന് അനുകൂലമായ തരംഗം സൃഷ്ടിച്ചതെന്നു കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. യോഗ്യരായ മൂന്നു നേതാക്കൾ ഒരേ പദവിക്കായി പരിഗണനയിലുണ്ടായിരുന്നതിനാലാണു നേതാവിനെ സൂചിപ്പിക്കേണ്ടതില്ലെന്നു ഹൈക്കമാൻഡ് തീരുമാനിച്ചത്.
എന്നാൽ, മുഖ്യമന്ത്രിയായി ആരെയാണു തെരഞ്ഞെടുക്കുകയെന്നു രാഹുലോ, ഖാർഗെയോ അടക്കം എഐസിസി നേതാക്കളിലാരും സൂചിപ്പിക്കുകപോലും ചെയ്യുന്നതിനു മുമ്പുതന്നെ കേരളത്തിൽ ചേരിതിരിഞ്ഞ് ഫ്ളക്സ് ബോർഡുകളിലൂടെയും പോസ്റ്ററുകളിലൂടെയും വാട്ട്സ്ആപ്, ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചാരണം തുടങ്ങിയിരുന്നു. വോട്ടെടുപ്പു കഴിഞ്ഞ് എംഎൽഎമാരുടെ അഭിപ്രായംപോലും തേടുന്നതിനു മുന്‍പേ തുടങ്ങിയ പ്രചരണത്തിനു പിന്നിൽ ചില സംഘടിത ഗ്രൂപ്പുകളുണ്ടാകാം.
പ്രവർത്തകരും പൊതുജനങ്ങളും സ്വമേധയാ പിന്തുണയ്ക്കുകയും പ്രതിഷേധിക്കുകയും ചെയ്തുവെന്ന വാദം, എല്ലാം നിർത്തിവയ്ക്കാൻ മൂന്നു നേതാക്കളും കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ ആഹ്വനം ചെയ്തതിനു പിന്നാലെ സ്വിച്ചിട്ടതുപോലെ എല്ലാ പ്രകടനങ്ങളും പ്രചാരണങ്ങളും നിർത്തിയതോടെ പൊളിഞ്ഞെന്ന് ഹൈക്കമാൻഡ് കരുതുന്നു. ആസൂത്രിതമല്ലെങ്കിൽ ഒരാഹ്വാനം കൊണ്ട് ഒറ്റയടിക്ക് സംസ്ഥാനത്താകെ സമാധാനം വരില്ലായിരുന്നു. ചേരിതിരിഞ്ഞുള്ള പ്രചാരണം വീണ്ടും തുടങ്ങിയതിനു പിന്നിലും തത്പരസംഘങ്ങളുണ്ടെന്നും നേതൃത്വം വിലയിരുത്തുന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കുമെന്ന് എഐസിസി അറിയിച്ചിരിക്കെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കെപിസിസി ആസ്ഥാനത്തു ചേരും. മുഴുവന്‍ എംഎല്‍എമാരോടും യോഗത്തിനെത്താന്‍ കെപിസിസി പ്രസിഡന്റ് നിര്‍ദേശിച്ചിട്ടുണ്ട്.
Tags : Chief Minister announcement today Congress KPCC