Viral
ഡാളസിൽ 1954-ൽ നടന്ന കൊലപാതകം അമേരിക്കയെ നടുക്കിയ സംഭവമായിരുന്നു. കറുത്ത വർഗക്കാരനായ 19കാരൻ ടോമി ലീ വാക്കർ, 31കാരിയായ വെനീസ് പാർക്കറെ ബലാത്സംഗം ചെയ്ത ശേഷം കുത്തിക്കൊന്നുവെന്നായിരുന്നു കേസ്. പോലീസ് പിടികൂടിയ പ്രതിയെ, കോടതി നടപടികൾക്കുശേഷം 1956 മേയിൽ 21-ാമത്തെ വയസിൽ വധശിക്ഷയ്ക്കു വിധേയനാക്കി.
അതു ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധങ്ങളിലൊന്നാണെന്നും ടോമി ലീ വാക്കർ വംശവെറിയുടെ ഇരയായതാണെന്നും കാലം പിന്നീടു തെളിയിച്ചു. സത്യത്തെ വളച്ചൊടിക്കാം; വ്യാഖ്യാനിക്കാം, സംശയത്തിന്റെ നിഴലിൽ നിർത്താം, പക്ഷേ ഒരുനാൾ എല്ലാ മറകളും നീക്കി സത്യം പുറത്തുവരും..!
നീതിക്കു കാലഹരണപ്പെടാനാവില്ലെന്നും വാക്കറുടെ അറസ്റ്റും വിചാരണയും ശിക്ഷയും നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണെന്നും ഡാളസ് കൗണ്ടി കോടതി വ്യക്തമാക്കി. വംശീയ വിദ്വേഷവും തെറ്റായ തെളിവുകളും നിർബന്ധപൂർവം രേഖപ്പെടുത്തിയ മൊഴികളുമാണ് 21കാരൻ നേരിട്ട വലിയ അനീതിക്കു പിന്നിലെന്നു കോടതി നിരീക്ഷിച്ചു.
കൊലപാതകം നടന്ന 1953-ൽ 19 വയസ് മാത്രമായിരുന്നു വാക്കറുടെ പ്രായം. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയായിരുന്ന വെനീസ് പാർക്കറെ ഒരാൾ കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കൃത്യമായ തെളിവോ, സാക്ഷികളോ ഇല്ലാതിരുന്നിട്ടും ഒരു കറുത്തവർഗക്കാരനാണ് അക്രമിയെന്ന നിഗമനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ലഭിച്ച ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാക്കറെ പ്രതിയാക്കിയത്.
താൻ കുറ്റം ചെയ്തിട്ടില്ലെന്നും കൊലപാതകം നടന്ന സമയത്ത് ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നുവെന്നും വാക്കർ കോടതിയിൽ പറഞ്ഞു. വാക്കറിനു ജനിച്ചത് ആൺകുട്ടിയായിരുന്നു. വാക്കർ പറഞ്ഞതു ശരിയാണെന്ന് പത്തോളം പേർ കോടതിയിലെത്തി സാക്ഷിമൊഴി കൊടുത്തു.
എന്നാൽ ഇതൊന്നും കോടതി പരിഗണിച്ചില്ല. ക്രൂരമായ ചോദ്യം ചെയ്യലിനൊടുവിൽ പോലീസ് തയാറാക്കിയ കുറ്റസമ്മത മൊഴിയാണ് ശിക്ഷയ്ക്ക് ആധാരമായത്. പിന്നീട് അദ്ദേഹം ഈ മൊഴി പിൻവലിച്ചെങ്കിലും ഫലമുണ്ടായില്ല. വെള്ളക്കാരാണ് വിചാരണ നടത്തിയതും വിധിച്ചതും.
വാക്കർ കാലത്തിന്റെ തിശീലയ്ക്കു പിന്നിൽ മറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ഓർമകളിൽ നീതിനിഷേധത്തിന്റെ ഇരയായി വാക്കർ നീറിനിന്നു. വർഷങ്ങൾക്കിപ്പുറം, ഇന്നസെൻസ് പ്രോജക്റ്റും നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് കേസിലെ അട്ടിമറികൾ പുറത്തുവന്നത്.
കേസ് ഡയറിയിലെ വൈരുധ്യങ്ങളും വംശീയ വിവേചനവും അവർ തെളിവുകൾ സഹിതം കോടതിയിൽ ഹാജരാക്കി. തെളിവുകൾ പരിശോധിച്ച കോടതി വാക്കർ കുറ്റക്കാരനല്ലെന്നു വിധിക്കുകയായിരുന്നു. 70 വർഷം മുന്പ്; പോരാടാൻ ആരുമില്ലാത്തതുകൊണ്ട്, നീതി നിഷേധത്തിന്റെ ഇരയായി തൂക്കിലേറ്റപ്പെട്ട ആ ചെറുപ്പക്കാരൻ, ലോകനിയമചരിത്രത്തിലെ നീറുന്ന അധ്യായമായിരിക്കും, എന്നും!
വിധി പ്രഖ്യാപന വേളയിൽ കൊല്ലപ്പെട്ട വെനീസ് പാർക്കറുടെ മകനും തൂക്കിലേറ്റപ്പെട്ട വാക്കറുടെ മകൻ എഡ്വേർഡ് സ്മിത്തും കോടതിയിൽ സന്നിഹിതരായിരുന്നു. ഇരുവരും പരസ്പരം കെട്ടിപ്പിടിച്ച് ദുഃഖം പങ്കിട്ടു.
തന്റെ പിതാവ് നിരപരാധിയാണെന്ന് ലോകം മുഴുവൻ അറിഞ്ഞതിൽ ആശ്വാസമുണ്ടെന്ന് വാക്കറുടെ മകൻ പറഞ്ഞു. ഈ വിധി വാക്കറെ തിരികെ കൊണ്ടുവരില്ലെങ്കിലും ചരിത്രത്തിലെ വലിയൊരു തെറ്റു തിരുത്താൻ ഇതിലൂടെ സാധിച്ചുവെന്നാണു നിയമവിദഗ്ധരുടെ അഭിപ്രായം.
Viral
ലക്നോ റെയിൽവേ ഡിവിഷനിൽ ലോക്കോ പൈലറ്റായ രാജേഷ് മീന നേരിടേണ്ടി വന്ന അങ്ങേയറ്റം അപമാനകരമായ അനുഭവം ഇന്ത്യൻ റെയിൽവേയിലെ ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് തീക്കൊളുത്തിയിരിക്കുകയാണ്.
പൈൽസ് സംബന്ധമായ ശസ്ത്രക്രിയയെത്തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്, തന്റെ ശാരീരികാവസ്ഥ ബോധ്യപ്പെടുത്താനായി മുതിർന്ന ഉദ്യോഗസ്ഥന്റെ മുന്നിൽ പാന്റൂരി കാണിക്കേണ്ടി വന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് പൊതുസമൂഹം കേട്ടത്.
ശസ്ത്രക്രിയ കഴിഞ്ഞ് മുറിവുകൾ ഉണങ്ങാത്തതിനാൽ വിശ്രമം അനിവാര്യമാണെന്ന് റെയിൽവേ മെഡിക്കൽ സംഘം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടും, ഔദ്യോഗികമായി അവധി നീട്ടിക്കിട്ടാൻ ആവശ്യമായ 'സിക്ക് മെമ്മോ' നൽകാൻ അധികൃതർ തയ്യാറാകാതിരുന്നതാണ് ഈ നാടകീയ സംഭവങ്ങളിലേക്ക് നയിച്ചത്.
ഫെബ്രുവരി മാസം അവസാന വാരം അനുവദിച്ച അവധി തീരാറായെങ്കിലും ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത വിധം മുറിവുകൾ അസ്വസ്ഥത ഉണ്ടാക്കിയതിനെ തുടർന്ന് രാജേഷ് മീന ചീഫ് ക്രൂ കൺട്രോളറെ സമീപിക്കുകയായിരുന്നു.
തന്റെ പക്കലുള്ള മെഡിക്കൽ രേഖകളും മരുന്നിന്റെ കുറിപ്പടികളും മുറിവിലെ കെട്ടുകളും കാണിച്ചിട്ടും ഉദ്യോഗസ്ഥൻ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന് പറയപ്പെടുന്നു.
രോഗാവസ്ഥയുടെ തീവ്രത വ്യക്തമാക്കാൻ മറ്റു മാർഗങ്ങളില്ലാതെ വന്നതോടെ, നിസഹായാവസ്ഥയിലായ ഈ തൊഴിലാളിക്ക് സഹപ്രവർത്തകരുടെ മുന്നിൽ വെച്ച് മുതിർന്ന ഉദ്യോഗസ്ഥന് മുൻപിൽ പാന്റഴിച്ച് കാണിക്കേണ്ടി വന്നു.
ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തിയ സഹപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെയും വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയും പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
റെയിൽവേയിലെ ഉദ്യോഗസ്ഥ ഭരണകൂടത്തിന്റെ ക്രൂരമായ സമീപനത്തിനെതിരെ ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ ശക്തമായ ഭാഷയിൽ പ്രതിഷേധിച്ചു.
കിലോമീറ്ററുകളോളം ട്രെയിൻ ഓടിക്കുന്ന ലോക്കോ പൈലറ്റുമാരോട് കാണിക്കുന്ന ഇത്തരം മനുഷ്യത്വരഹിതമായ പെരുമാറ്റം ഒട്ടും അംഗീകരിക്കാനാവില്ലെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കി.
മാനസികമായും ശാരീരികമായും തളർന്നുപോയ രാജേഷ് മീനയ്ക്ക് ഒടുവിൽ ഒരു ഗോത്രവർഗ സംഘടനയുടെ ഇടപെടലിനെത്തുടർന്നാണ് അവധി അനുവദിച്ചത്.
റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ഈ വിഷയത്തിൽ ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, ജീവനക്കാരുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിച്ച ഈ സംഭവം വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിമാറുമെന്നുറപ്പാണ്.
Viral
രാജസ്ഥാനിലെ ബാർമർ ജില്ലയിൽ നിന്നും പുറത്തുവന്ന മനസാക്ഷിയെ മരവിപ്പിക്കുന്ന ദൃശ്യങ്ങൾ വലിയ രീതിയിലുള്ള ജനരോഷത്തിന് കാരണമായിരിക്കുകയാണ്.
ബഖാസർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജാട്ടൺ കാ ബേര സർള ഗ്രാമത്തിൽ നടന്ന ഒരു പൊതു പരിപാടിക്കിടെയാണ് പ്രായമായ സ്ത്രീക്ക് നേരെ ക്രൂരമായ ആക്രമണം ഉണ്ടായത്.
ഗ്രാമവാസികൾ ഒത്തുചേർന്ന ആഘോഷത്തിൽ ഡിജെ സംഗീതത്തിനൊപ്പം സന്തോഷത്തോടെ നൃത്തം ചെയ്യുകയായിരുന്നു ആ വയോധിക. എന്നാൽ ആ സന്തോഷത്തിനിടയിലേക്ക് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലാണ് അക്രമം കടന്നുവന്നത്.
കൂട്ടത്തിനിടയിൽ നിന്ന് പെട്ടെന്ന് ഇറങ്ങിവന്ന ദീപറാം എന്ന യുവാവ്, യാതൊരു പ്രകോപനവുമില്ലാതെ നൃത്തം ചെയ്തുകൊണ്ടിരുന്ന സ്ത്രീയെ പിന്നിൽ നിന്ന് ആഞ്ഞു ചവിട്ടി താഴെയിടുകയായിരുന്നു.
ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ഈ അസ്വാഭാവികമായ ക്രൂരത കണ്ടുനിന്നവരെയെല്ലാം ഞെട്ടിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെ പടർന്നതോടെ അധികൃതർക്ക് നേരെ വലിയ സമ്മർദമുയർന്നു.
ഒരു വയോധികയോട് പൊതുമധ്യത്തിൽ കാണിച്ച ഈ ക്രൂരത അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്നും ഇത്തരം പ്രവർത്തികൾ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
സംഭവം വിവാദമായതോടെ ബഖാസർ പോലീസ് ഉടനടി ഇടപെടുകയും പ്രതിയായ ദീപറാമിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്ത്രീകളുടെ സുരക്ഷയെയും സമൂഹത്തിന്റെ മനോഭാവത്തെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഇന്റർനെറ്റിൽ നിറയുന്നത്.
ആക്രമണം വെറുമൊരു ക്രിമിനൽ കുറ്റം മാത്രമല്ലെന്നും, മുതിർന്നവരോടും സ്ത്രീകളോടും ഉള്ള ആദരവ് നഷ്ടപ്പെടുന്നതിന്റെ തെളിവാണിതെന്നും പലരും അഭിപ്രായപ്പെട്ടു.
നിലവിൽ പ്രതിക്കെതിരെ കർശനമായ നിയമനടപടികൾ ആരംഭിച്ചതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അക്രമത്തെ പ്രോത്സാഹിപ്പിക്കരുതെന്നും സമാധാന അന്തരീക്ഷം നിലനിർത്തണമെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.
Viral
നഷ്ടപരിഹാരത്തിനായി മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിൽ കർഷകർ നടത്തുന്ന സമരം വേറിട്ട പ്രതിഷേധ രീതികൾ കൊണ്ട് ശ്രദ്ധേയമാകുന്നു.
പങ്കാരി അണക്കെട്ട് പദ്ധതിക്കായി തങ്ങളുടെ കൃഷിഭൂമി വിട്ടുനൽകേണ്ടി വന്ന കർഷകരാണ്, വസ്ത്രങ്ങൾക്ക് പകരം ശരീരത്തിൽ വാഴയിലകളും തലയിൽ തേക്ക് ഇലകളും ധരിച്ച് ഭരണകൂടത്തിന് മുന്നിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി തുടരുന്ന നിസഹകരണ സമരങ്ങളുടെയും നിവേദനങ്ങളുടെയും തുടർച്ചയായാണ് ഗാന്ധിയൻ മാതൃകയിലുള്ള ഈ പുതിയ സമരമുറ അരങ്ങേറിയത്.
ഗ്രാമപ്രദേശങ്ങളിലെ ഭൂമി ഏറ്റെടുക്കുമ്പോൾ 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള വിപണി മൂല്യത്തിന്റെ ഇരട്ടി തുക നഷ്ടപരിഹാരമായി നൽകണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.
തങ്ങളുടെ ഉപജീവനമാർഗമായ മണ്ണ് നഷ്ടപ്പെടുമ്പോൾ അർഹമായ പ്രതിഫലവും പുനരധിവാസവും ഉറപ്പാക്കുന്നതിൽ അധികൃതർ കാട്ടുന്ന അലംഭാവമാണ് കർഷകരെ തെരുവിലിറക്കിയത്.
ഭരണഘടന ഉറപ്പുനൽകുന്ന മാന്യമായി ജീവിക്കാനുള്ള അവകാശവും സ്വത്തവകാശവും സംരക്ഷിക്കപ്പെടണമെന്നും, സുതാര്യമായ നടപടികളിലൂടെയല്ലാതെ ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ലെന്നും സമരത്തിന് നേതൃത്വം നൽകുന്ന ഡോ. രവികുമാർ പട്ടേൽ വ്യക്തമാക്കുന്നു.
സർക്കാർ തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ബോധപൂർവ്വം പിന്നോട്ട് പോകുകയാണെന്നും നീതി ലഭിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ സമരം കൂടുതൽ തീവ്രമാക്കുമെന്നുമാണ് സമരസമിതിയുടെ മുന്നറിയിപ്പ്.
അതേസമയം, ബുർഹാൻപൂർ ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി തുളസിറാം സിലാവത്ത് പ്രതിഷേധ സ്ഥലത്തെത്തുകയും കർഷകരുടെ പരാതികൾ ഗൗരവമായി പരിഗണിച്ചു വരികയാണെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.
എന്നിരുന്നാലും, വാഗ്ദാനങ്ങൾക്കപ്പുറം പ്രായോഗികമായ നടപടികൾ ഉണ്ടാകുന്നത് വരെ തങ്ങളുടെ അവകാശപ്പോരാട്ടം തുടരാനാണ് കർഷകരുടെ തീരുമാനം.
Viral
ലിംഗവിവേചനത്തിന്റെയും പുരുഷാധിപത്യത്തിന്റെയും ആഴം വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഹരിയാനയിലെ ജീന്ദ് ജില്ലയിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്.
പാരമ്പര്യം നിലനിർത്താൻ ഒരു ആൺകുട്ടി വേണമെന്ന അന്ധമായ വാശിയിൽ സ്വന്തം പങ്കാളിയുടെ ആരോഗ്യവും 10 പെൺമക്കളുടെ ഭാവിയും അവഗണിച്ച ഒരു കുടുംബത്തിന്റെ കഥയാണിത്.
വിവാഹം കഴിഞ്ഞ് നീണ്ട 19 വർഷങ്ങൾക്കിപ്പുറം 19 -ാമത്തെ കുഞ്ഞായി ഒരു ആൺകുട്ടി ജനിച്ചതോടെയാണ് ഈ വിഷയം ചർച്ചയാകുന്നത്.
ആൺകുട്ടിയെ കാത്തുള്ള ഈ നീണ്ട യാത്രയിൽ ഇതിനോടകം 10 പെൺകുട്ടികൾക്ക് ജന്മം നൽകിയ ഈ ദമ്പതികളുടെ ജീവിതസാഹചര്യങ്ങൾ കടുത്ത വിമർശനങ്ങളാണ് ഉയർത്തുന്നത്.
പ്രാദേശിക മാധ്യമങ്ങൾ ഈ അച്ഛനെ അഭിമുഖം ചെയ്തപ്പോൾ അമ്പരപ്പിക്കുന്ന ചില കാര്യങ്ങളാണ് വെളിപ്പെട്ടത്. തന്റെ മൂത്ത മകൾ 12-ാം ക്ലാസിലും രണ്ടാമത്തെ മകൾ 11-ാം ക്ലാസിലും പഠിക്കുകയാണെന്ന് പറഞ്ഞ ഇയാൾക്ക്, ബാക്കിയുള്ള എട്ട് പെൺമക്കളുടെ പേര് പോലും ഓർത്തെടുക്കാൻ സാധിച്ചില്ല.
സ്വന്തം മക്കളുടെ പേര് പോലും നിശ്ചയമില്ലാത്ത ഒരാൾ എന്തിനാണ് വീണ്ടും വീണ്ടും കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി.
ആൺകുട്ടിക്ക് വേണ്ടിയുള്ള ഈ ആർത്തിയിൽ സ്ത്രീ ശരീരം കേവലം ഒരു പ്രസവ യന്ത്രം മാത്രമായി മാറുന്ന കാഴ്ചയാണിവിടെ കാണുന്നത്.
മാത്രമല്ല, തുടർച്ചയായ പ്രസവങ്ങൾ സ്ത്രീയുടെ ആരോഗ്യത്തെ എത്രത്തോളം അപകടത്തിലാക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ സംഭവം.
പ്രസവം നടന്ന ആശുപത്രിയിലെ ഡോക്ടർമാരുടെ റിപ്പോർട്ട് പ്രകാരം അമ്മയുടെയും കുഞ്ഞിന്റെയും നില അതീവ ഗുരുതരമായിരുന്നു. ജനിച്ച സമയത്ത് കുട്ടിയുടെ ശരീരത്തിൽ വെറും അഞ്ച് ഗ്രാം രക്തം മാത്രമാണുണ്ടായിരുന്നത്.
നിലവിൽ ഇരുവരും മെഡിക്കൽ സഹായത്തോടെ ജീവൻ നിലനിർത്താൻ പോരാടുകയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ ഇത്രയധികം കുട്ടികൾ വളരുന്നത് അവരുടെ വിദ്യാഭ്യാസത്തെയും പോഷണത്തെയും ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
ഈ വാർത്ത പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾ നടക്കുകയാണ്. പലരും രൂക്ഷമായ ഭാഷയിലാണ് പിതാവിനെതിരെ പ്രതികരിക്കുന്നത്.
പെൺകുട്ടികളെ സാമ്പത്തിക ഭാരമായി കാണുകയും ആൺകുട്ടികളെ കുലത്തിന്റെ ഐശ്വര്യമായി കരുതുകയും ചെയ്യുന്ന കാലഹരണപ്പെട്ട ചിന്താഗതിയാണ് ഇതിന് പിന്നിലെന്നും, ഇത്തരം മാതാപിതാക്കളിൽ നിന്ന് കുഞ്ഞുങ്ങളെ സർക്കാർ സംരക്ഷിക്കണമെന്നും പലരും അഭിപ്രായപ്പെടുന്നു.
പെൺകുട്ടികൾ ജനിക്കുമ്പോൾ അവഗണിക്കുന്ന ഇതേ സമൂഹം തന്നെ, മാതാപിതാക്കൾക്ക് വാർദ്ധക്യത്തിൽ സംരക്ഷണവും പരിചരണവും നൽകാൻ പെൺകുട്ടികൾ വേണമെന്ന് ശഠിക്കുന്നത് ഇരട്ടത്താപ്പാണെന്നും വിമർശനങ്ങൾ ഉയരുന്നു.
ലിംഗസമത്വത്തെക്കുറിച്ച് നാം എത്രയൊക്കെ സംസാരിച്ചാലും ഉൾനാടൻ ഗ്രാമങ്ങളിൽ ഇപ്പോഴും ഇത്തരം അന്ധവിശ്വാസങ്ങളും വേർതിരിവുകളും ശക്തമാണെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.
Viral
മുംബൈയ്ക്ക് സമീപമുള്ള വിരാറിലെ യശ്വന്ത് നഗറിലുള്ള പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ഡി-മാർട്ട് ഔട്ട്ലെറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയ മുസ്ലിം യുവതിക്ക് നേരിടേണ്ടി വന്നത് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമുള്ള വിവേചനവും അതിക്രമവുമാണ്.
നളസോപ്പാര സ്വദേശിനിയായ യുവതി ഹിജാബ് ധരിച്ചു എന്ന കാരണത്താൽ ഒരു കൂട്ടം ആളുകൾ യുവതിയുടെ മതത്തെയും വസ്ത്രധാരണത്തെയും അധിക്ഷേപിച്ചുകൊണ്ട് സംസാരിക്കുകയും മുസ്ലിം ആയതുകൊണ്ട് അവിടെ നിൽക്കാൻ പാടില്ലെന്ന് ആക്രോശിക്കുകയും ചെയ്തു.
വാക്കേറ്റം രൂക്ഷമായതോടെ ഒരു സംഘം പുരുഷന്മാർ യുവതിയെ ബലാത്സംഗം ചെയ്യുമെന്ന് കടുത്ത ഭാഷയിൽ ഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു. അർദ്ധരാത്രി പിന്നിട്ടിട്ടും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്ന് യുവതി ആരോപിക്കുന്നു.
ഇതേത്തുടർന്ന് താൻ നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ട് യുവതി പുറത്തുവിട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയും വൻ ജനരോഷത്തിന് കാരണമാവുകയും ചെയ്തു.
തുടർന്ന് സാമൂഹിക പ്രവർത്തകനായ അഹമ്മദ് മേമൻ വിഷയത്തിൽ ഇടപെടുകയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പരാതിയിൽ നടപടി ഉറപ്പാക്കുകയും ചെയ്തു.
പ്രതിഷേധം ശക്തമായതോടെ ഡി-മാർട്ട് അധികൃതർ യുവതിയോട് ക്ഷമാപണം നടത്തി. ഇത്തരം വർഗീയ വിദ്വേഷങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
Viral
പൊതുവേദികളിൽ കലാപ്രകടനം നടത്തുന്ന സ്ത്രീകൾ നേരിടുന്ന അരക്ഷിതാവസ്ഥ വെളിപ്പെടുത്തുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഒരു പരിപാടിക്കിടെ സ്റ്റേജിൽ നിന്നും ഒരു പെൺകുട്ടിയെ ഒരു സംഘം യുവാക്കൾ ബലമായി ആൾക്കൂട്ടത്തിലേക്ക് വലിച്ചിഴയ്ക്കുന്ന വീഡിയോ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പെൺകുട്ടി പരമാവധി ചെറുത്തുനിൽക്കാൻ ശ്രമിക്കുന്നതും സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ട് അവളെ രക്ഷിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
ഈ സംഭവത്തിന്റെ കൃത്യമായ സ്ഥലം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സമാനമായ അതിക്രമങ്ങൾ മുൻപും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം ഹരിയാനയിൽ നൃത്ത പരിപാടിക്കിടെ ഉണ്ടായ ക്രൂരമായ മർദ്ദനമുൾപ്പെടെയുള്ള സംഭവങ്ങൾ ഇതിന് ഉദാഹരണമാണ്. ഇത്തരം ദൗർഭാഗ്യകരമായ സാഹചര്യങ്ങൾ ആവർത്തിക്കുന്നത് പൊതുയിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
പൊതു പരിപാടികളിലെ ക്രൗഡ് കൺട്രോൾ സംവിധാനങ്ങളുടെ പരാജയവും മതിയായ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവുമാണ് ഇത്തരക്കാർക്ക് വളമാകുന്നത്.
നിയമങ്ങൾ നിലവിലുണ്ടെങ്കിലും അവ കൃത്യമായി നടപ്പിലാക്കപ്പെടുന്നില്ലെന്നും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നില്ലെന്നും സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ വിമർശനം ഉന്നയിക്കുന്നു.
2025-ലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം നഗരങ്ങളിൽ താമസിക്കുന്ന സ്ത്രീകളിൽ നല്ലൊരു ശതമാനവും രാത്രികാലങ്ങളിലോ ആൾക്കൂട്ടത്തിനിടയിലോ തങ്ങൾ സുരക്ഷിതരല്ലെന്ന് കരുതുന്നുണ്ട്.
ആഘോഷങ്ങൾക്കിടയിൽ പോലും സ്ത്രീകൾക്ക് നേരെ അരങ്ങേറുന്ന ഇത്തരം അതിക്രമങ്ങൾ തടയാൻ കർശനമായ നിയമനടപടികളും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും അനിവാര്യമാണെന്ന് ഈ ദൃശ്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
Leader Page
ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചു ജയിലിലടയ്ക്കപ്പെട്ട രണ്ടു കന്യാസ്ത്രീമാർക്ക് ജാമ്യം ലഭിച്ച് ഒരാഴ്ച തികയുന്നതിനു മുന്പേയാണ് ഒഡീഷയിൽ മലയാളി കന്യാസ്ത്രീമാർക്കും പുരോഹിതർക്കും നേരേ ആക്രമണമുണ്ടായത്.
നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചാണ് ഒഡീഷയിലെ ബാലസോർ രൂപതയ്ക്കു കീഴിലുള്ള ഗംഗാധർ ഗ്രാമത്തിനു സമീപം എഴുപതോളം വരുന്ന ബജ്രംഗ്ദൾ പ്രവർത്തകർ മിഷണറിമാർക്കെതിരേ ആക്രമണം അഴിച്ചുവിട്ടത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിർബന്ധിത മതപരിവർത്തനത്തിനെതിരേയുള്ള നിയമം ആദ്യമായി പ്രാബല്യത്തിൽ കൊണ്ടുവന്നത് 1967ൽ ഒഡീഷയാണ്. നിയമം പ്രാബല്യത്തിൽ വന്ന് അരനൂറ്റാണ്ടിലധികമായിട്ടും സമീപകാലത്താണ് ഈ നിയമം ക്രിസ്ത്യൻ മിഷണറിമാരെ ആക്രമിക്കാനുള്ള പ്രധാനപ്പെട്ട ആയുധമായി മാറിയത്.
ഒഡീഷയിൽ പുരോഹിതരും കന്യാസ്ത്രീകളുമെന്നതു മതപരിവർത്തകരായും മതപരിവർത്തനമെന്നതു ക്രിസ്തീയ സഭയായും ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് ഈ മാസം ആറിനു ബജ്രംഗ്ദൾ പ്രവർത്തകരുടെ ആൾക്കൂട്ട ആക്രമണത്തിനിരയായ ജാലേശ്വർ ഇടവക വികാരി ഫാ. ലിജോ നിരപ്പേൽ ദീപികയോടു പറഞ്ഞു.
സംഘടിത ആക്രമണം
തനിക്കും ഫാ. ജോജോയ്ക്കും കന്യാസ്ത്രീമാർക്കും നേരേയുണ്ടായ അതിക്രമം ഫാ. ലിജോ നിരപ്പേൽ വിവരിച്ചു. ആക്രമണമുണ്ടായ അന്ന് ജാലേശ്വർ പള്ളിയിൽനിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ഗംഗാധർ ഗ്രാമത്തിൽ കുർബാന അർപ്പിക്കാൻ പോയതായിരുന്നു. 11 ക്രൈസ്തവ കുടുംബങ്ങളുള്ള ഗ്രാമത്തിൽ ഒരു വിശ്വാസിയുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ വീട്ടിൽ മരണമടഞ്ഞവർക്കുവേണ്ടിയുള്ള ആണ്ട്കുർബാന അർപ്പിക്കാനാണ് പോയത്. ജോഡ ഇടവക വികാരി ഫാ. ജോജോ വൈദ്യക്കാരനെയും രണ്ടു കന്യാസ്ത്രീമാരെയും ഒപ്പം കൂട്ടി ഡ്രൈവറോടൊപ്പം ജീപ്പിലായിരുന്നു യാത്ര. പ്രദേശവാസിയായ ഒരു സഹായിയും അവരോടൊപ്പം ബൈക്കിൽ സ്ഥലത്തേക്കെത്തി. കുർബാനയ്ക്കും പ്രാർഥനകൾക്കും ശേഷം രാത്രി ഒന്പതിനാണ് അവിടെനിന്നിറങ്ങിയത്.
അവിടെനിന്ന് അര കിലോമീറ്റർ മുന്നോട്ടു പോയപ്പോഴാണ് എണ്പതോളം പേർ ബൈക്കിൽ വന്ന് ഒരു ആൾവാസമില്ലാത്ത ഇടുങ്ങിയ സ്ഥലത്തുവച്ചു വഴി തടഞ്ഞത്. മുന്നിൽ ബൈക്കുമായി പോയ സഹായിയെ അവർ തടഞ്ഞുനിർത്തി അടിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ബൈക്ക് മറിച്ചിട്ടതിനു ശേഷം പൂർണമായും നശിപ്പിച്ചു. ഇതിനുശേഷം ഞങ്ങൾ വാഹനത്തിൽനിന്നു പുറത്തിറങ്ങിയപ്പോൾ അവർ മൊബൈലുകൾ ബലമായി കൈക്കലാക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തു.
ഞങ്ങൾ സഞ്ചരിച്ച വാഹനത്തിന്റെ ചില്ല് അടിച്ചുപൊട്ടിക്കാൻ നോക്കി. പ്രതിഷേധിക്കാൻ ശ്രമിച്ചപ്പോൾ അടിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. ‘ധർമഗുരു’ എന്നു പരിഹസിച്ചാണ് എന്നെ ഉപദ്രവിക്കാൻ തുടങ്ങിയത്. അര മണിക്കൂറോളം ആക്രമണം തുടർന്നു.
കന്യാസ്ത്രീകളെ ഉപദ്രവിക്കാത്തതിനാൽ അവർ അടുത്തുള്ള ഗ്രാമത്തിലേക്ക് ഓടിപ്പോയി. ആൾക്കൂട്ട വിചാരണയ്ക്കിടയിൽ ഓടിച്ചെന്നു കന്യാസ്ത്രീകളുടെ മൊബൈലിൽനിന്നാണ് ബാലേശ്വർ രൂപതയിൽ സംഭവം വിളിച്ചറിയിച്ചത്. ആക്രമണ വിവരം ഗ്രാമത്തിന്റെ പുറത്തേക്കെത്തിയത് ഇതോടെയാണ്. 30-35 മിനിറ്റ് കഴിഞ്ഞപ്പോഴാണ് പോലീസ് വന്നത്. മതപരിവർത്തനം നടക്കുന്നു എന്നാണ് അക്രമകാരികൾ പോലീസിനോടു പറഞ്ഞത്. എന്നാൽ, അപ്പോഴേക്കും അവിടേക്കെത്തിയ നാട്ടുകാർ മതപരിവർത്തനമൊന്നുമല്ല, ആണ്ടുകുർബാന ചൊല്ലാൻവേണ്ടിയാണ് ഞങ്ങളെ വിളിപ്പിച്ചതെന്ന് പോലീസിനോടു വിശദീകരിച്ചു. അക്രമിസംഘത്തിനൊപ്പമെത്തിയ മാധ്യമപ്രവർത്തകർ ഞങ്ങളുടെ വീഡിയോയെല്ലാം എടുത്തു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
മതപരിവർത്തനത്തിനു വന്ന പുരോഹിതരെയും കന്യാസ്ത്രീകളെയും ആളുകൾ തടഞ്ഞുവെന്നും പോലീസിനു കൈമാറിയെന്നുമുള്ള വാർത്തകളാണ് അവിടെയെല്ലാം പ്രചരിച്ചത്. പേരും വിവരങ്ങളുമെല്ലാം രേഖപ്പെടുത്തി സംഭവിച്ചതെന്താണെന്ന് എഴുതി നൽകിയതിനു ശേഷമാണ് പോലീസ് ഞങ്ങളെ വിട്ടയച്ചത്.
ക്രൈസ്തവർ ശത്രുക്കളെന്നു പ്രചാരണം
ആദിവാസി വിഭാഗങ്ങൾക്കിടയിലെ മതപരിവർത്തനം പ്രമേയമാക്കിയുള്ള "സനാതനി: കർമ ഹീ ധർമ' എന്ന ഒഡിയ സിനിമ ഈ വർഷമാണ് പുറത്തിറക്കിയത്. ഏതെങ്കിലുമൊരു ഗ്രാമത്തിൽ പുരോഹിതരോ കന്യാസ്ത്രീകളോ വന്നാൽ അടിച്ചോടിക്കുക എന്ന സന്ദേശമാണ് ആ സിനിമയിലൂടെ പ്രചരിക്കപ്പെടുന്നതെന്നു ഫാ. ലിജോ പറഞ്ഞു. മിഷണറിമാർക്കെതിരേയുള്ള പ്രശ്നങ്ങൾ പണ്ടു മുതലേ ഉണ്ടായിരുന്നെങ്കിലും ഈയിടയ്ക്കാണ് ഇങ്ങനെയുള്ള സംഭവവികാസങ്ങളെല്ലാം സംഘടിതമായി വർധിച്ചതെന്നും ഭൂമി കൈക്കലാക്കാൻ ക്രിസ്ത്യാനികൾ ശ്രമിക്കുന്നുവെന്നു പ്രചരിപ്പിച്ചു വിദ്വേഷം വളർത്താൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുരോഹിതർ അവിടെ നിലനിൽക്കുന്നതുതന്നെ മതപരിവർത്തനത്തിനാണെന്നുള്ള സന്ദേശമാണു ജനങ്ങളുടെ മനസിൽ സൃഷ്ടിച്ചിരിക്കുന്നത്. ഓഗസ്റ്റ് ആറിനു വൈദികർക്കു നേരേയുണ്ടായ ആക്രമണവും നിർബന്ധിത മതപരിവർത്തനമെന്നാരോപിച്ച് ആസൂത്രിതമായി സംഘടിച്ചു നടത്തിയതാണ്. പ്രാഥമികപരമായി ഹിന്ദു എന്ന സംവിധാനത്തിനു കീഴിൽ വരാത്ത ആദിവാസികളെ ഹിന്ദുത്വ അല്ലെങ്കിൽ സനാതന ധർമം എന്ന കുടക്കീഴിൽ കൊണ്ടുവരാനാണ് തീവ്ര ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നത്.
ഒന്നിക്കാൻ എതിരേയൊരു പൊതുശത്രു നിലനിൽക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിൽ സംസ്ഥാനത്ത് അത്തരമൊരു ശത്രുവിനെ സൃഷ്ടിക്കാനാണ് ബജ്രംഗ്ദൾ പോലെയുള്ള ശക്തികൾ ശ്രമിക്കുന്നത്. ശത്രുവിനെ നശിപ്പിക്കാൻ അവർ ദുരുപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് നിർബന്ധിത മതപരിവർത്തന നിരോധന നിയമം.