ഡാളസിൽ 1954-ൽ നടന്ന കൊലപാതകം അമേരിക്കയെ നടുക്കിയ സംഭവമായിരുന്നു. കറുത്ത വർഗക്കാരനായ 19കാരൻ ടോമി ലീ വാക്കർ, 31കാരിയായ വെനീസ് പാർക്കറെ ബലാത്സംഗം ചെയ്ത ശേഷം കുത്തിക്കൊന്നുവെന്നായിരുന്നു കേസ്. പോലീസ് പിടികൂടിയ പ്രതിയെ, കോടതി നടപടികൾക്കുശേഷം 1956 മേയിൽ 21-ാമത്തെ വയസിൽ വധശിക്ഷയ്ക്കു വിധേയനാക്കി.
അതു ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധങ്ങളിലൊന്നാണെന്നും ടോമി ലീ വാക്കർ വംശവെറിയുടെ ഇരയായതാണെന്നും കാലം പിന്നീടു തെളിയിച്ചു. സത്യത്തെ വളച്ചൊടിക്കാം; വ്യാഖ്യാനിക്കാം, സംശയത്തിന്റെ നിഴലിൽ നിർത്താം, പക്ഷേ ഒരുനാൾ എല്ലാ മറകളും നീക്കി സത്യം പുറത്തുവരും..!
നീതിക്കു കാലഹരണപ്പെടാനാവില്ലെന്നും വാക്കറുടെ അറസ്റ്റും വിചാരണയും ശിക്ഷയും നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണെന്നും ഡാളസ് കൗണ്ടി കോടതി വ്യക്തമാക്കി. വംശീയ വിദ്വേഷവും തെറ്റായ തെളിവുകളും നിർബന്ധപൂർവം രേഖപ്പെടുത്തിയ മൊഴികളുമാണ് 21കാരൻ നേരിട്ട വലിയ അനീതിക്കു പിന്നിലെന്നു കോടതി നിരീക്ഷിച്ചു.
കൊലപാതകം നടന്ന 1953-ൽ 19 വയസ് മാത്രമായിരുന്നു വാക്കറുടെ പ്രായം. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയായിരുന്ന വെനീസ് പാർക്കറെ ഒരാൾ കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കൃത്യമായ തെളിവോ, സാക്ഷികളോ ഇല്ലാതിരുന്നിട്ടും ഒരു കറുത്തവർഗക്കാരനാണ് അക്രമിയെന്ന നിഗമനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ലഭിച്ച ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാക്കറെ പ്രതിയാക്കിയത്.
താൻ കുറ്റം ചെയ്തിട്ടില്ലെന്നും കൊലപാതകം നടന്ന സമയത്ത് ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നുവെന്നും വാക്കർ കോടതിയിൽ പറഞ്ഞു. വാക്കറിനു ജനിച്ചത് ആൺകുട്ടിയായിരുന്നു. വാക്കർ പറഞ്ഞതു ശരിയാണെന്ന് പത്തോളം പേർ കോടതിയിലെത്തി സാക്ഷിമൊഴി കൊടുത്തു.
എന്നാൽ ഇതൊന്നും കോടതി പരിഗണിച്ചില്ല. ക്രൂരമായ ചോദ്യം ചെയ്യലിനൊടുവിൽ പോലീസ് തയാറാക്കിയ കുറ്റസമ്മത മൊഴിയാണ് ശിക്ഷയ്ക്ക് ആധാരമായത്. പിന്നീട് അദ്ദേഹം ഈ മൊഴി പിൻവലിച്ചെങ്കിലും ഫലമുണ്ടായില്ല. വെള്ളക്കാരാണ് വിചാരണ നടത്തിയതും വിധിച്ചതും.
വാക്കർ കാലത്തിന്റെ തിശീലയ്ക്കു പിന്നിൽ മറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ഓർമകളിൽ നീതിനിഷേധത്തിന്റെ ഇരയായി വാക്കർ നീറിനിന്നു. വർഷങ്ങൾക്കിപ്പുറം, ഇന്നസെൻസ് പ്രോജക്റ്റും നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് കേസിലെ അട്ടിമറികൾ പുറത്തുവന്നത്.
കേസ് ഡയറിയിലെ വൈരുധ്യങ്ങളും വംശീയ വിവേചനവും അവർ തെളിവുകൾ സഹിതം കോടതിയിൽ ഹാജരാക്കി. തെളിവുകൾ പരിശോധിച്ച കോടതി വാക്കർ കുറ്റക്കാരനല്ലെന്നു വിധിക്കുകയായിരുന്നു. 70 വർഷം മുന്പ്; പോരാടാൻ ആരുമില്ലാത്തതുകൊണ്ട്, നീതി നിഷേധത്തിന്റെ ഇരയായി തൂക്കിലേറ്റപ്പെട്ട ആ ചെറുപ്പക്കാരൻ, ലോകനിയമചരിത്രത്തിലെ നീറുന്ന അധ്യായമായിരിക്കും, എന്നും!
വിധി പ്രഖ്യാപന വേളയിൽ കൊല്ലപ്പെട്ട വെനീസ് പാർക്കറുടെ മകനും തൂക്കിലേറ്റപ്പെട്ട വാക്കറുടെ മകൻ എഡ്വേർഡ് സ്മിത്തും കോടതിയിൽ സന്നിഹിതരായിരുന്നു. ഇരുവരും പരസ്പരം കെട്ടിപ്പിടിച്ച് ദുഃഖം പങ്കിട്ടു.
തന്റെ പിതാവ് നിരപരാധിയാണെന്ന് ലോകം മുഴുവൻ അറിഞ്ഞതിൽ ആശ്വാസമുണ്ടെന്ന് വാക്കറുടെ മകൻ പറഞ്ഞു. ഈ വിധി വാക്കറെ തിരികെ കൊണ്ടുവരില്ലെങ്കിലും ചരിത്രത്തിലെ വലിയൊരു തെറ്റു തിരുത്താൻ ഇതിലൂടെ സാധിച്ചുവെന്നാണു നിയമവിദഗ്ധരുടെ അഭിപ്രായം.
Tags : RacialInjustice SystemicRacism CivilRights HumanRights LegalHistory