പോലീസ് വാഹനത്തിൽനിന്നു മദ്യക്കുപ്പി കണ്ടെടുത്തപ്പോൾ.
തൊടുപുഴ: ലോകകപ്പ് ഫുട്‌ബോള്‍ മത്സരം ബിഗ് സ്‌ക്രീനില്‍ വീക്ഷിക്കുന്ന സ്ഥലത്തു ഡ്യൂട്ടിക്കായി എസ്‌ഐ എത്തിയ പോലീസ് വാഹനത്തില്‍നിന്നു മദ്യക്കുപ്പി കണ്ടെത്തി. എസ്‌ഐയും പോലീസ് ഡ്രൈവറും മദ്യപിച്ചാണ് ഡ്യൂട്ടിക്കെത്തിയതെന്ന് ആരോപിച്ച് നാട്ടുകാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ തടഞ്ഞുവച്ചു.
കരിമണ്ണൂര്‍ എസ്ഐ റോയ് സുകുമാരന്‍, ഡ്രൈവര്‍ എന്നിവരെയാണ് തൊടുപുഴ മങ്ങാട്ടുകവലയില്‍ തടഞ്ഞു വച്ചത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. അര്‍ജന്‍റീന-സ്‌പെയിന്‍ ഫൈനല്‍ മത്സരം ബിഗ് സ്‌ക്രീനില്‍ വീക്ഷിക്കാനായി മങ്ങാട്ടുകവലയില്‍ വലിയ തോതില്‍ ഫുട്‌ബോള്‍ ആരാധകര്‍ തടിച്ചു കൂടിയിരുന്നു. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് വിവിധ സ്റ്റേഷനിൽനിന്നുള്ള പോലീസിനെയാണ് ഇവിടെ നിയോഗിച്ചത്. ഇതിനിടെയാണ് വാഹനത്തില്‍ മദ്യത്തിന്‍റെ ഗന്ധമുണ്ടെന്നും എസ്‌ഐയും ഡ്രൈവരും മദ്യപിച്ചതായും സ്ഥലത്തുണ്ടായിരുന്നവര്‍ ആരോപിച്ചത്.
ഇതോടെ എസ്‌ഐയെയും ഡ്രൈവറെയും യുവാക്കള്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. സംഭവമറിഞ്ഞ് തൊടുപുഴ സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ വാഹനത്തില്‍നിന്നു മദ്യക്കുപ്പികള്‍ കണ്ടെത്തി. തുടര്‍ന്ന് എസ്‌ഐയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധന നടത്തി. എന്നാല്‍, പ്രാഥമിക പരിശോധനയില്‍ ഇവര്‍ മദ്യപിച്ചതായി വ്യക്തമായിട്ടില്ലെന്ന് സിഐ പറഞ്ഞു. രക്തസാമ്പിള്‍ വിശദ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് എസ്പിയ്ക്കും ഡിവൈഎസ്പിക്കും റിപ്പോര്‍ട്ട് നല്‍കുമെന്ന് സിഐ സിജോ വര്‍ഗീസ് പറഞ്ഞു.
Tags : Police Liquor Idukki Deepika DeepikaNewspaper BreakingNews NewsUpdate Headlines FIFAWorldCup Football Soccer WorldCup2026