ചെന്താമര
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകകേസിൽ പ്രതി ചെന്താമര (62) യ്ക്ക് വധശിക്ഷ. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് കണ്ടെത്തിയാണ് വധശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം അംഗീകരിച്ച കോടതി പ്രതിഭാഗം ഉന്നയിച്ച വാദങ്ങളെല്ലാം തള്ളി. 20 ലക്ഷം രൂപ പിഴയും ഒടുക്കണം. ഇത് മരണപ്പെട്ട സുധാകരന്റെ മക്കളായ അതുല്യക്കും അഖിലയ്ക്കും നൽകണമെന്നും കോടതി വിധിച്ചു.
അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (നാല്) ജഡ്ജി കെന്നത്ത് ജോർജ് ആണ് വിധി പ്രസ്താവിച്ചത്. പ്രതി സമൂഹത്തിനു ഭീഷണിയാണെന്നും മാനസാന്തരത്തിന് സാധ്യതയില്ലെന്നും കോടതി കണ്ടെത്തി. പ്രതിക്ക് കൊലപാതകങ്ങൾക്കു ശേഷവും കുറ്റബോധം ഇല്ല. പ്രതി പുറത്തിറങ്ങിയാൽ വീണ്ടും കുറ്റകൃത്യം നടത്താൻ സാധ്യതയുണ്ട്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചാണ് പ്രതി വീണ്ടും കുറ്റകൃത്യം നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
2025 ജനുവരി 27 നാണ് തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 31 ന് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുന്നതിനിടയിൽ ജാമ്യത്തിലിറങ്ങിയാണ് ഇരട്ടക്കൊലപാതകം നടത്തിയത്. പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാറും പ്രതിക്കുവേണ്ടി ജേക്കബ് മാത്യുവും ഹാജരായി.
ചെന്താമരയുടെ ഭാര്യയും മകളും ഉപേക്ഷിച്ചുപോകാൻ കാരണം സജിതയാണെന്ന വിശ്വാസത്തിൽ സജിതയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൂടാതെ അന്ധവിശ്വാസവും കൊലപാതകത്തിന് പ്രേരണയായി.
ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയാക്കിയ ശേഷം പ്രതിയെ സംബന്ധിച്ചുള്ള നിയമസഹായവേദിയുടെ മിറ്റിഗേഷൻ റിപ്പോർട്ടിലും വാദം നടന്നിരുന്നു. തുർന്നാണ് ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റിയത്.
Tags : nenmara double murder Chenthamara Deepika DeepikaNewspaper BreakingNews NewsUpdate Headlines NewsFlash