യുപി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്വാദി പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കിയപ്പോൾ.
ലക്നോ: യുപി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ വാഗ്ദാനങ്ങളുമായി സമാജ്വാദി പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി. തൊഴിൽ, വിദ്യാഭ്യാസം, കർഷകക്ഷേമം, സാമൂഹികനീതി, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം എന്നിവയ്ക്ക് മുൻഗണന നൽകിയാണ് പ്രകടനപത്രിക തയാറാക്കിയിരിക്കുന്നത്.
ഭരണഘടനാ ദിനമായ നവംബർ 26ന് പ്രകടനപത്രിക പുറത്തിറക്കാൻ തെരഞ്ഞെടുത്തത് ബിജെപി സർക്കാരിനെതിരായ രാഷ്ട്രീയ സന്ദേശമാണെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വ്യക്തമാക്കി. അച്ഛേ ദിൻ ഒരിക്കലും വന്നില്ലെന്നും എന്നാൽ ബുരേ ദിൻ അവസാനിക്കാറായെന്നും അദ്ദേഹം പരിഹസിച്ചു. അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് ബിജെപിക്ക് അറിയാമെന്നും അതുകൊണ്ടാണ് അവരുടെ ഭാഷയിൽ മാറ്റം വരുന്നതെന്നും അഖിലേഷ് പറഞ്ഞു.
അഞ്ച് വർഷത്തിനുള്ളിൽ 25 ലക്ഷം സർക്കാർ ജോലികൾ സൃഷ്ടിക്കുമെന്നാണ് എസ്പിയുടെ പ്രധാന വാഗ്ദാനം. മറ്റു മേഖലകളിലായി രണ്ട് മുതൽ മൂന്ന് ലക്ഷം വരെ യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുമെന്നും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ജോലി ലഭിക്കുന്നതുവരെ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 5,000 രൂപ സാമ്പത്തിക സഹായം നൽകും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽദിനങ്ങൾ 150 ആയി ഉയർത്തുന്നതിനൊപ്പം നഗര തൊഴിലുറപ്പ് പദ്ധതിയും നടപ്പാക്കും.
ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടികളും നിയമന-പൊതുപരീക്ഷകളിൽ സുതാര്യത ഉറപ്പാക്കലും പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രതിവർഷം 40,000 രൂപ സാമ്പത്തിക സഹായം നൽകുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപ വരെ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുന്നു.
ഗാർഹിക ഉപയോക്താക്കൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകും. കർഷകരുടെ കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളുമെന്നും 2028-ഓടെ ജാതി സെൻസസ് നടപ്പാക്കുമെന്നും പാർട്ടി വാഗ്ദാനം ചെയ്യുന്നു. പിന്നാക്കക്കാർ, ദളിതർ, ന്യൂനപക്ഷങ്ങൾ എന്നിവരുടെ സാമൂഹികനീതി ഉറപ്പാക്കാൻ പിഡിഎ സാമൂഹികനീതി കമ്മിഷൻ രൂപീകരിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
Tags : Indian Politics Uttar Pradesh Samajwadi Party Akhilesh Yadav Election Manifesto UP Assembly Elections