Editorial Audio
ഒറ്റപ്പെട്ട പരാതികളുണ്ടായെങ്കിലും ഉയർന്ന പോളിംഗ് ശതമാനത്തോടെ കേരളം അതിന്റെ ജനാധിപത്യ ഉത്തരവാദിത്വം നിർവഹിച്ചിരിക്കുന്നു. അധികാരത്തിലെത്തുമെന്നു യുഡിഎഫും, ഭരണത്തുടർച്ചയെന്ന് എൽഡിഎഫും, തൂക്കുസഭയിൽ തങ്ങൾ നിർണായക ശക്തിയാകുമെന്ന് ബിജെപിയും അവകാശപ്പെട്ടു. ഈ പ്രതീക്ഷകളും അവകാശവാദങ്ങളുമൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ്. ജനമാകട്ടെ, ഒരു നിഗൂഢസ്മിതത്തോടെ പോളിംഗ് ബൂത്തുകളിലെത്തി അധികാരം പ്രകടിപ്പിച്ചു മടങ്ങിയിട്ടുണ്ട്. ജനാധിപത്യം മാത്രം ഉറപ്പുനൽകുന്ന ഭരണപങ്കാളിത്തമാണിത്. അതിന്റെ വിലയും മഹത്വവും തിരിച്ചറിഞ്ഞ്, തെരഞ്ഞെടുപ്പിനും രാഷ്ട്രീയത്തിനുമപ്പുറം രാഷ്ട്രനിർമാണം തുടരാനുള്ള സമയമാണ് ഇനിയുള്ളത്.
കേരളത്തിനൊപ്പം ആസാമിലും പുതുച്ചേരിയിലും ഇന്നലെ തെരഞ്ഞെടുപ്പ് നടന്നു. എല്ലായിടത്തും മികച്ച പോളിംഗായിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ ആസാമിലും പുതുച്ചേരിയിലും പോളിംഗ് ശതമാനം 85 കടന്നു. കേരളത്തിൽ സിപിഎം എന്നപോലെ ആസാമിൽ ബിജെപിയും മൂന്നാം വട്ടവും അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ അഞ്ചു വർഷം രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തിലുണ്ടായ തോൽവികളും വിജയങ്ങളുമെല്ലാം പ്രചാരണസമയത്ത് ചർച്ചയായി. ആരു വിജയിച്ചാലും തോറ്റാലും ജനാധിപത്യം തുടരണം.
ഇന്നലെ ചിലയിടങ്ങളിൽ കള്ളവോട്ടിനുള്ള ശ്രമങ്ങളും ഉന്തും തള്ളും ഉദ്യോഗസ്ഥരോടു തട്ടിക്കയറലുമൊക്കെയുണ്ടായി. കാസർഗോഡ് തൃക്കരിപ്പൂർ മണ്ഡലത്തിൽ വോട്ടെടുപ്പിനിടെ യുഡിഎഫ് വനിതാ ബൂത്ത് ഏജന്റിനു നേരേ നായ്ക്കുരണപ്പൊടി വിതറിയെന്ന പരാതി ഉയർന്നു. നാദാപുരം മണ്ഡലത്തിലെ വാണിമേലിൽ മറ്റൊരാളുടെ തിരിച്ചറിയൽ കാർഡുമായി എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കള്ളവോട്ട് ആരോപിച്ച് പിടികൂടി.
ചിറ്റൂരിൽ ഇടതു സ്ഥാനാർഥിക്കായി വോട്ടഭ്യർഥിച്ച് എൻഡിഎ സ്ഥാനാർഥിയുടെ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത് വിവാദമായി. പിന്നീട്, താനല്ല അതു ചെയ്തതെന്നു പറഞ്ഞ് എൻഡിഎ സ്ഥാനാർഥി ആ കുറിപ്പ് പിൻവലിക്കുകയായിരുന്നു. ഇതൊക്കെയുണ്ടെങ്കിലും പൊതുവെ ശാന്തമായിരുന്നു തെരഞ്ഞെടുപ്പ്. ചില ബൂത്തുകളിൽ സാങ്കേതിക കാരണങ്ങളാൽ പോളിംഗ് വൈകിയെങ്കിലും ജനം മണിക്കൂറുകൾ കാത്തുനിന്ന് വോട്ട് ചെയ്തു മടങ്ങിയതും ജനാധിപത്യബോധത്തിനു തെളിവായി.
രാജ്യത്തെ പിന്നോട്ടടിക്കുന്ന വർഗീയ ധ്രുവീകരണം, മതസൗഹാർദത്തിന്റെ മാതൃകാസ്ഥാനമായിരുന്ന കേരളത്തിലും ചെലവാക്കാനുള്ള പരീക്ഷണങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ശക്തമായെന്നു പറയാതെ വയ്യ. തദ്ദേശ, നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിലെല്ലാം ഇതിന്റെ ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്. ചില പാർട്ടികൾ നേരിട്ടു വർഗീയതയുടെ വ്യാപാരത്തിലാണെങ്കിൽ മറ്റു ചിലർ തീവ്രസംഘടനകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുകളുടെ രഹസ്യക്കച്ചവടത്തിലായിരുന്നു.
രാജ്യത്തെ മറ്റു പല മുഖ്യമന്ത്രിമാരെയും പിന്തള്ളി വർഗീയരാഷ്ട്രീയത്തിന്റെ കൊടിയേന്തുകയാണ് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മുസ്ലിംകൾക്കും ക്രൈസ്തവർക്കുമെതിരേ വിദ്വേഷം ചൊരിയുന്നതാണ് അധികാരം നേടാനും നിലനിർത്താനുമുള്ള കുറുക്കുവഴിയായി അദ്ദേഹം കണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് ബീഫ് ഒരു വിഷയമാക്കി അദ്ദേഹം വലിയ ധ്രുവീകരണത്തിനു മുതിർന്നു.
സ്വന്തം വീടുകളിലല്ലാതെ പുറത്ത് ബീഫ് കഴിക്കാൻ ഒരു തരത്തിലും അനുവദിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു ഭക്ഷണം തെരഞ്ഞെടുപ്പുവിഷയമാക്കുന്നത്ര വിവരക്കേട് ലോകത്ത് ഇന്ത്യയിലേയുള്ളൂ. അടിസ്ഥാനവിഷയങ്ങൾക്കും വികസനത്തിനുമപ്പുറം ഒരു വർഗീയസമൂഹത്തിൽ മാത്രം കൈയടി ലഭിക്കുന്ന ഇത്തരം തീരുമാനങ്ങളാണ് പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുകളിലെ മുഖ്യവിഷയം!
തെരഞ്ഞെടുപ്പിനുശേഷവും രാഷ്ട്രീയവും രാഷ്ട്രവും മുന്നോട്ടു പോകും. അതിന്റെ ഗതി പുരോഗമനപരമാകേണ്ടതും മതവർഗീയതയിൽനിന്നു ജനാധിപത്യത്തെ മോചിപ്പിക്കേണ്ടതും അതീവ പ്രാധാന്യമുള്ള കാര്യമായിരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തെ ഇപ്പോൾ നിർവചിക്കുന്നത് മതത്തിന്റെ സ്പന്ദമാപിനികളാലാണെന്ന യാഥാർഥ്യത്തെ ഇനി മറച്ചുവയ്ക്കുകയല്ല, അഭിസംബോധന ചെയ്യുകയാണു വേണ്ടത്. തെരഞ്ഞെടുപ്പ് കഴിയുകയും വോട്ടിന്റെ സമ്മർദമൊഴിയുകയും ചെയ്തതിനാൽ ഇനിയുള്ള ദിവസങ്ങളിലെങ്കിലും ഒത്തുചേർന്നു നവകേരളം കെട്ടിപ്പടുക്കാം.
Tags : Deepika Editorial election