ജോസഫ് ഔൺ, ഡോണൾഡ് ട്രംപ്
ബെയ്റൂട്ട്: അമേരിക്ക സന്ദർശിക്കുന്ന ലബനീസ് പ്രസിഡന്റ് ജോസഫ് ഔൺ നാളെ വൈറ്റ്ഹൗസിൽ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
തെക്കൻ ലബനനിലെ ഇസ്രേലി സേനാ പിന്മാറ്റത്തിനും ഹിസ്ബുള്ള നിരായുധീകരണത്തിനുമുള്ള പദ്ധതി അദ്ദേഹം ട്രംപിനു സമർപ്പിക്കുമെന്നാണു റിപ്പോർട്ട്.
രണ്ടു പതിറ്റാണ്ടിനിടെ അമേരിക്ക സന്ദർശിക്കുന്ന ആദ്യ ലബനീസ് പ്രസിഡന്റാണ് ഔൺ. ട്രംപുമായി അദ്ദേഹം മുഖാമുഖ കൂടിക്കാഴ്ച നടത്തുന്നതും ആദ്യമാണ്.
കഴിഞ്ഞമാസം 26ന് അമേരിക്കയുടെ മധ്യസ്ഥതയിൽ ലബനനും ഇസ്രയേലും തമ്മിലുണ്ടാക്കിയ ധാരണ നടപ്പാക്കാൻ ഇസ്രയേലിനുമേൽ സമ്മർദം ചെലുത്താൻ ട്രംപിനോട് ഔൺ ആവശ്യപ്പെടും.
ഹിസ്ബുള്ളയെ നേരിടാനായി തെക്കൻ ലബനനിൽ ഇസ്രേലി സേന അധിനിവേശം തുടരുകയാണ്. മേഖലയിലെ ആയിരക്കണക്കിനു ലബനീസ് പൗരന്മാർ പലായനം ചെയ്തിരുന്നു.
ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള വിശദമായ പദ്ധതിയും ഔൺ തയാറാക്കിയിട്ടുണ്ട്. ഇത് ട്രംപിനു കൈമാറും. അതേസമയം, നിരായുധീകരണം അംഗീകരിക്കില്ലെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുള്ളത്. ലബനൻ ഇസ്രയേലുമായി നേരിട്ടു ചർച്ച നടത്തുന്നതും ഹിസ്ബുള്ളയ്ക്കു സ്വീകാര്യമല്ല.
Tags : LebanesePresident meet Trump Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews