ആശീര്‍വാദം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കുന്നു.
പാലാ: മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആൻഡ് റിസര്‍ച്ച് സെന്ററിലെ അത്യാധുനിക സ്റ്റെം സെല്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ്, കാര്‍-ടി സെല്‍ തെറാപ്പി ചികിത്സാ എന്നിവയുടെ പ്രവര്‍ത്തനം ആരംഭിച്ചു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വാദം നിര്‍വഹിച്ചു.
നൂതന ഉപകരണങ്ങളോടെ നാല് ബഡോടു കൂടിയ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ് ആന്‍ഡ് കാര്‍-ടി സെല്‍ തെറാപ്പി സൗകര്യങ്ങളാണ് പ്രവര്‍ത്തനസജ്ജമായത്. സാധാരണക്കാര്‍ക്കും നാട്ടില്‍തന്നെ അത്യാധുനിക കാന്‍സര്‍ ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന ലക്ഷ്യം മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലൂടെ സാധ്യമായെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
രക്താര്‍ബുദങ്ങളും മറ്റ് ഗുരുതര രോഗാവസ്ഥകളും ചികിത്സിക്കുന്നതിനുള്ള നൂതന ചികിത്സാരീതികളില്‍ പ്രധാനപ്പെട്ടതാണ് പുതുതായി പ്രവര്‍ത്തനം തുടങ്ങിയ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് ആൻഡ് കാര്‍-ടി സെല്‍ യൂണിറ്റ്. സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റിലൂടെ രോഗം മൂലം കേടുപാടുകള്‍ സംഭവിച്ചതോ നശിച്ചുപോയതോ ആയ രക്തകോശങ്ങള്‍ നിര്‍മിക്കുന്ന സ്റ്റെം സെല്ലുകള്‍ക്ക് പകരം ആരോഗ്യമുള്ള സ്റ്റെം സെല്ലുകള്‍ നല്കുന്നു.
ഇതിലൂടെ ശരീരത്തിന് ആവശ്യമായ പുതിയ രക്തകോശങ്ങള്‍ ഉത്പാദിപ്പിക്കാനും പ്രതിരോധശേഷി പുനഃസ്ഥാപിക്കാനും സാധിക്കും. ലുക്കീമിയ, ലിംഫോമ, മള്‍ട്ടിപ്പിള്‍ മൈലോമ, അപ്ലാസ്റ്റിക് അനീമിയ തുടങ്ങിയ വിവിധ ഹെമറ്റോളജിക്കല്‍, ഓങ്കോളജിക്കല്‍ രോഗങ്ങള്‍ക്കും ചില സോളിഡ് ട്യൂമര്‍ കാന്‍സറുകള്‍ക്കും സ്റ്റെം സെല്‍ ട്രാന്സ്പ്ലാന്റേഷന് നിര്‍ണായക ചികിത്സയാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഈ ചികിത്സകള്‍ ലഭ്യമാണ്.കാര്‍-ടി സെല്‍ തെറാപ്പി ഒരു അത്യാധുനിക ഇമ്യൂണോ തെറാപ്പിയാണ്. രോഗിയുടെ സ്വന്തം ടി-കോശങ്ങളെ ജനിതകമായി മാറ്റം വരുത്തി കാന്‍സര്‍ കോശങ്ങളെ കൂടുതല്‍ കൃത്യമായി തിരിച്ചറിയാനും ചികിത്സിക്കാനും ഇത് ഉപകരിക്കുന്നു. ചികിത്സിക്കാന്‍ ബുദ്ധിമുട്ടുള്ള ചില കാന്‍സറുകള്‍ക്കു പോലും പുതിയപ്രതീക്ഷ നല്കുന്ന നൂതന ചികിത്സാരീതിയാണിത്.
പുതിയ യൂണിറ്റിന്റെ ആശീര്വാദച്ചടങ്ങില് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ആൻഡ് സിഇഒ ഫാ. മാത്യു തെക്കേല്‍, അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ.ജോസ് കീരഞ്ചിറ, ഫാ. ഡോ. ജോസഫ് കരികുളം, ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ഫാ. ഡോ. മാത്യു ചേന്നാട്ട്, ഫാ. മാത്യു തുരുത്തിപ്പള്ളില്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍കോമഡോര്‍ ഡോ. പോളിന് ബാബു, ഓങ്കോസയന്സസ് വിഭാഗം മേധാവി ഡോ. റോണി ബെന്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : BoneMarrow TransplantUnit MarSleeva CancerCare&ResearchCentre Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash